Theju P Thankachan

പ്രധാന കഥാപാത്രത്തെ മാത്രം പിന്തുടരുന്ന സിനിമകളെല്ലാം തുറന്ന് വയ്ക്കുന്നത് ഒരൊറ്റ വാതായനം മാത്രമാണ്. പുനർവായനയ്ക്കുള്ള സാധ്യതകൾ താരതമ്യേന കുറവായിരിക്കും അത്തരം സിനിമകളിൽ. കാരണം അതൊരാളിന്റെ മാത്രം പക്ഷത്ത് നിന്ന്കൊണ്ട് ചുറ്റുമുള്ളതിനെ നോക്കിക്കാണുന്ന രസക്കുറവാണ്. പല കാഴ്ച്ചപ്പാടുകളിലൂടെ ഒരേയിടത്തേക്ക് തന്നെ നോക്കുമ്പോൾ സ്വാഭാവികമായ ഡ്രാമ അവിടെ സംഭവിച്ചോളും. കാരണം ഈ നോട്ടങ്ങളുടെയെല്ലാം ഉടമകൾ ബ്ലാക്കും വൈറ്റും ഗ്രേയുമാവാം.

 

 

അങ്ങനെ വിവിധ സ്വഭാവക്കാരായ പ്രധാന കഥാപാത്രങ്ങൾ ഒരുപാട് പേർ വന്ന് ഒരു സായാഹ്നത്തിലൊത്ത് കൂടുന്നിടത്താണ് “ജാനേമൻ” സംഭവിക്കുന്നത്. യാദൃശ്ചികഥയെന്ന പ്ലോട്ട് ഡിവൈസിനെ അതിന്റെ എല്ലാ ചാരുതയോടും കൂടി അവതരിപ്പിച്ചൊരു സിനിമ കൂടിയാണ് ജാനേമൻ. കാരണം ഇട്ടിച്ചൻ മരിച്ചത് മറ്റേതെങ്കിലുമൊരു ദിവസത്തിലായിരുന്നെങ്കിൽ ജാനേമന്നിലെ ഡ്രാമ സംഭവിക്കില്ല.

 

അല്ലെങ്കിൽ പിറന്നാളാഘോഷിക്കാൻ സമ്പത്തിന്റെ വീടിന് പകരം ഏതെങ്കിലുമൊരു റിസോർട്ട് തിരഞ്ഞെടുക്കാൻ ഫൈസലിന് തോന്നിയിരുന്നുവെങ്കിൽ വലിയവീട്ടിൽ സാവിത്രിയുടേത് കോലാഹലങ്ങൾ ഒന്നുമുണ്ടാക്കാത്തൊരു സാധാരണ മരണമായി കടന്നു പോയേനെ. അങ്ങനെ കുറേയേറെപ്പേർ വളരെ യാദൃശ്ചികമായി ജനന-മരണ മുഖങ്ങളിലേക്ക് ഘട്ടം ഘട്ടമായി കടന്ന് വരുന്നതും അവിടെയുടലെടുക്കുന്ന സംഘർഷാവസ്ഥയുടെ സത്യസന്ധമായ ആവിഷ്കാരവുമാണ് ജാനേമൻ. ബെർത്ത്ഡേയാഘോഷത്തിന് ഇടയ്ക്ക് സംഭവിക്കുന്ന മരണവും തുടർന്നുണ്ടാകുന്ന പിറവിയുടെയുമൊക്കെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഭൂമികയിലേക്ക് വണ്ടി കേറി വരുന്ന കഥാപാത്രങ്ങളിൽ ഏറ്റവും കൗതുകം നിറഞ്ഞതാണ് കന്യാസ്ത്രീയായ സാറാമ്മയുടേത്.

 

സാറാമ്മ എല്ലാ അർത്ഥത്തിലും ഇട്ടിച്ചന്റെ മകളാണ്. ആര് പറഞ്ഞാലും കേൾക്കാത്ത പട്ടാളക്കാരന്റെ സ്വഭാവം അങ്ങനെ തന്നെ തന്നിലേക്ക് പകർത്തിയ മകൾ. അതുകൊണ്ടാണ് ഇട്ടിച്ചൻ പലയാവർത്തി വിളിച്ചിട്ടും സാറാമ്മ അയാളുടെയടുത്തേക്ക് ചെല്ലാതിരുന്നത്. അതിന് സാറാമ്മയ്ക്ക് പറയാനുണ്ടായിരുന്ന ന്യായം തനിക്ക് മറ്റ് പല തിരക്കുകളും ഉണ്ടായിരുന്നു എന്നതാണ്.

ഈ സിനിമയുടെ അടിസ്ഥാനം ഇരിക്കുന്നത് തന്നെ സ്വന്തം ശരികൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയ ഒരു പറ്റം മനുഷ്യരുടെ മുകളിലാണ്. സന്യാസിനിയായ സാറാമ്മയ്ക്ക് മനുഷ്യരെ ശുശ്രൂഷിക്കുന്നതിലാണ് താല്പര്യം. അതുകൊണ്ട് തന്നെ അപ്പനും സഹോദരങ്ങളുമെങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് അവർ വറീഡായിരുന്നില്ല. അവർക്ക് സ്വന്തം ജോലിയിൽ മാത്രം ആയിരുന്നു ശ്രദ്ധ. അങ്ങനെ ജീവിക്കുന്ന ഒരാളുടെ നേർക്കാണ് ഏതോ ഒരു ബന്ധുക്കാരി സ്ത്രീ ഇരുന്ന്കൊണ്ടു “വീട്ടീന്ന് തുടങ്ങണ്ടേ സാറാമ്മേ ആതുരസേവനം..??” എന്ന മര്യാദകേട് ചോദിക്കുന്നത്. സ്വന്തം വീട്ടുകാരെ നോക്കിയില്ല എന്ന ഉണ്ടയില്ലാ വെടിയിലൂടെ ആ സ്ത്രീ ക്യാൻസൽ ചെയ്തു കളയുന്നത് സാറാമ്മയുടെ പ്രൊഫെഷണൽ ലൈഫിന്റെ മുഴുവൻ മെറിറ്റിനെയുമാണ്.

 

സാറാമ്മയുടേത് വളരെയധികം ഡിമാൻഡിങ് ആയൊരു ജോലിയാണ്. വികാരത്തിന്റെ പുറത്ത് അതെല്ലാം വിട്ട് പോരണം എന്ന് പുറത്ത് നിന്ന് ഇതിനെ നോക്കിക്കാണുന്ന ഒരാൾക്ക് പറയാൻ എളുപ്പമാണ്. ആ വിവരമില്ലായ്മയെ, ഇൻസെൻസിറ്റിവിറ്റിയെ, അതിർവരമ്പുകളെ ബഹുമാനിക്കാനറിയാത്ത ഗർവ്വിനെയെല്ലാം മറ്റുള്ളവരുടെ ജീവിതത്തിൽ കേറി അനാവശ്യം പറയുന്ന ഒരു സ്ത്രീയുടെ രൂപത്തിൽ ഒരു കസേരയിൽ കൊണ്ടിരുത്തിയിട്ടുണ്ട് എഴുത്തുകാരൻ. വിവരക്കേടിന്റെ ആ സ്ത്രീ രൂപത്തെ പുറത്ത് ചാടാതെ പിടിച്ചുവച്ച വലിയൊരു പൊട്ടിത്തെറിയുടെ മുഴുവൻ ക്രൗര്യവും ഉൾക്കൊണ്ടൊരു നോട്ടത്തിലൂടെ ഓടിച്ചുവിടുന്നുണ്ട് ഇട്ടിച്ചന്റെ പെങ്ങൾ.

ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട സീനാണത്. ഓർത്തുപോകുന്നത് അപരന്റെ തീരുമാനങ്ങളെ മാനിക്കാൻ അറിയാത്ത ഒരായിരം കഥാപാത്രങ്ങളെപ്പറ്റിയാണ്. ഇഷ്ടപ്പെട്ടയാളിനെ വിവാഹം കഴിച്ചത് കൊണ്ട് മകനെ, മകളെ മോശക്കാരായി കണ്ട, അവനല്ലെങ്കിലവൾ അതുവരെയും ചെയ്ത എത്രയോ നല്ലകാര്യങ്ങളെ മുഴുവനായി ക്യാൻസൽ ചെയ്യുന്ന,അവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അച്ഛൻ,അമ്മ,ബന്ധുജന കഥാപാത്രങ്ങൾ.

 

പൊതുപ്രവർത്തനത്തിനിറങ്ങുന്നതിന് മുൻപ് വീട് നന്നാക്കിയില്ല, വീട്ടുകാരെ നോക്കിയില്ല,നാട്ടുനടപ്പിനെ വകവെച്ചില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് രാഷ്ട്രീയാഭിരുചികളെ കള്ളക്കരച്ചില് കൊണ്ട് നിർദ്ധയം കരിയിച്ചു കളയുന്ന കുടുംബമെന്ന ഏകാധിപത്യബോധം. ഇത്തരക്കാരുടെ കണ്ണിൽ ഗാന്ധിജിയൊക്കെ ഒരു മോശം അച്ഛനും ഭർത്താവും മകനും മാത്രമായിരിക്കും.

അദ്ദേഹം അത്യധികം സ്നേഹബഹുമാനങ്ങളോടെ കണ്ട സ്വാതന്ത്ര്യം എന്ന അതിമഹത്തായ സത്യത്തെയാണ്, “കുടുംബം” അതിന്റെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കുന്നത്. അങ്ങനെയുള്ളൊരു സൊസൈറ്റിയിലേക്കാണ്, സ്വാതന്ത്ര്യക്കൊതി മൂത്ത ഒരുപറ്റം മനുഷ്യരുടെ കഥയുമായി ജാനേമൻ വരുന്നത്. ഉറ്റവരുടയവരെയെല്ലാം വെറുപ്പിച്ചുകൊണ്ട് അങ്ങേയറ്റത്തെ സ്വാതന്ത്ര്യബോധത്തോടെ മലയിറങ്ങുന്ന ഇട്ടിച്ചൻ.

കാനഡയിലെ മഞ്ഞുവീഴുന്ന താഴ്വരകളെ മറികടന്ന്, കനത്ത ഏകാന്തതയെയും മറികടന്ന് ആൾക്കൂട്ടം തരുന്ന സ്നേഹസ്വാതന്ത്ര്യത്തിലേക്ക് പറന്നിറങ്ങാൻ കാത്തിരിക്കുന്ന ജോയ്മോൻ.ഒരു രാത്രിയുടെ അത്ര പോലും നീളത്തിൽ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ വാപ്പയുടെ അനുവാദം വാങ്ങേണ്ടിവരുന്നൊരു ഗതികേടിൽ നിന്ന് പറന്നകലാൻ ഊഴം പാർത്തിരിക്കുന്ന ഫൈസൽ.
തൊട്ട് അയ്യൽവ്വക്കത്തെ മരിപ്പിലനുശോചനം അറിയിക്കാനുള്ള സ്വന്തം അമ്മയുടെയും അനിയത്തിയുടെയും സ്വാതന്ത്ര്യത്തെ പോലും കവരുന്ന മകൻ. അതിനവന് അധികാരം നൽകിയതും അവന്റെ പേരും ഒന്ന്തന്നെ : സമ്പത്ത്.!!

 

ഇറങ്ങിപ്പോകാൻ അപ്പനുള്ള അതേ അധികാരം തന്നെ തന്നിഷ്ടം കാണിക്കുന്നതിൽ തനിക്കുമുണ്ടെന്ന് വിശ്വസിക്കുന്ന മോനിച്ചൻ. വാറ്റ് ചാരായം നൽകുന്ന ധൈര്യമാണ് അവനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം.

ഇങ്ങനെ പല ആംഗിളുകളിലൂടെ സ്വാതന്ത്ര്യത്തെ നിർവചിക്കുന്ന മനുഷ്യർ കൂട്ടുചേരുന്നതും കൂട്ടിമുട്ടുന്നതുമാണ് ജാനേമൻ. ഒരു രാത്രിയുടെ പിറവിക്കും അറുതിക്കുമിടയിൽ രണ്ട് വീടുകൾക്കുള്ളിലായി പ്രണയം പൊറുതി തുടങ്ങുന്ന മനോഹര കഥ. സാവിത്രിയുടെയും ഇട്ടിച്ചന്റെയും മരണാനന്തര ജീവിതകഥ. മരിക്കുമ്പോൾ കൂട്ടുപോകാൻ പ്രണയമതൊന്ന് മാത്രമേ ഉയിരോടെ ബാക്കിയുണ്ടാകൂ എന്ന് ചിരിപ്പിച്ചു കരയിക്കുന്ന സിനിമാക്കഥകളിലെ അത്ഭുതകഥ – ജാനേമൻ.

Leave a Reply
You May Also Like

ദീക്ഷിത് ഷെട്ടി ദക്ഷിണേന്ത്യന്‍ സിനിമയിലെ സുമുഖനായ നായകന്‍

ദീക്ഷിത് ഷെട്ടി ദക്ഷിണേന്ത്യന്‍ സിനിമയില്‍ സുമുഖനായ നായകന്‍ സ്വാമി പ്രേമസരസ്വതി. പ്രശസ്ത കന്നട തെലുങ്ക് താരം…

തല്ലുമാലയുടെ വിജയം ടോവിനോ ഒരുപാട് കാലമായി ഡിസേർവ് ചെയ്ത എന്നാൽ നീങ്ങി പോയൊരു വിജയമാണ്

Vidhya Vijay തല്ലുമാലയുടെ വിജയം ടോവിനോ ഒരുപാട് കാലമായി ഡിസേർവ് ചെയ്ത എന്നാൽ നീങ്ങി പോയൊരു…

കമൽ ഇനി ഒന്നാമത്, ഒന്നാം നിര സൂപ്പര്‍താരങ്ങളുടെ കളക്ഷനുകളെ പിന്നിലാക്കി കമലിന്റെ പടയോട്ടം

ഉലഗനായകൻ കമൽ ഹാസന്റെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് മാറിയിരിക്കുകയാണ് വിക്രം എന്ന സിനിമ. രജനികാന്ത്, വിജയ്, അജിത്ത്…

സൗന്ദര്യം കണ്ട് ആരാധകരായവരെ അഭിനയചാതുര്യം കൊണ്ടു കൂടി വശീകരിക്കുന്ന മൃണാൾ

Arun Paul Alackal ‘സീതാരാമ’ത്തിലെ ഏറ്റവും ആകർഷകമായ ഒരു ഘടകം ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാൾ…