ബോബി സഞ്ജയ്മാരുടെ ഒന്നിനും കൊള്ളാത്തവർ – ആര്യൻ ജോൺ ജേക്കബ് – മുംബൈ പോലീസ്

Theju P Thankachan

ആ രാത്രി അയാൾ ഏറെ കരഞ്ഞിട്ടുണ്ടാകണം. പുതുവർഷപ്പിറവി ആഘോഷിക്കാൻ എത്തിയവരുടെ മുൻപിൽ പരിഹാസ്യനായതായിരിക്കണം മുഖത്തേറ്റ അടിയേക്കാളേറെ അയാളെ വേദനിപ്പിച്ചിട്ടുണ്ടാവുക. അതെ, അയാൾക്ക് നൊന്തു. മറ്റാരും കാണാതെ ഉള്ളിലെ സങ്കടം അയാൾ കരഞ്ഞു തീർത്തു. എപ്പോഴത്തെയും പോലെ. ഇതയാൾക്ക്‌ പുതിയ അനുഭവമല്ല. ഇതിനു മുൻപും ഇങ്ങനെ പ്രതികരിച്ചേ അയാൾക്ക് ശീലമുള്ളൂ.

കൂട്ടുകാർക്കിടയിൽ കോമാളി വേഷം ചാർത്തിക്കൊടുക്കപ്പെട്ടപ്പോഴും, അവരോടൊപ്പം മത്സരിച്ച് ഏറ്റവും പിന്നിലായിപ്പോയപ്പോഴും, അവർക്കിടയിലുണ്ടാകുന്ന കൊച്ചു കൊച്ചു വഴക്കുകൾ അവസാനിക്കുമ്പോൾ അതിന്റെ സന്തോഷമെന്നോണം, ആഘോഷമെന്നോണം കൂട്ടത്തിലെ ഏറ്റവും പാവത്താനായിപ്പോയതിന്റെ പേരിൽ അവരുടെ കയ്യിൽ നിന്ന് തന്നെ അടി വാങ്ങിക്കൂട്ടിയപ്പോഴും, തോളിൽ കയ്യിട്ടുകൊണ്ട് “ഞങ്ങൾക്കിങ്ങനെയൊക്കെ ചെയ്യാൻ നീയല്ലേടാ ഉള്ളൂ” എന്നൊരു ന്യായീകരണത്തിന്റെ ബലത്തിൽ, ഇതും സൗഹൃദത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കാനും ആശ്വസിപ്പിക്കാനും അവർ ശ്രമിച്ചപ്പോഴുമെല്ലാം അയാൾ കരയുക മാത്രം ചെയ്തു. കരച്ചിലടക്കാൻ അയാൾ പഠിച്ചത് അവരുടെയിടയിൽ വച്ചാവണം. അയാളുടെ കരച്ചിൽ പക്ഷേ, ആരും കണ്ടില്ല. വർഷങ്ങൾക്കിപ്പുറം ആ പുതുവർഷ രാത്രിയിലെ മദ്യസേവയ്ക്കിടയിൽ വച്ച് അടി കൊണ്ടപ്പോഴും, ആൾക്കൂട്ടത്തിന് മുന്നിൽ നിന്നുകൊണ്ട് കരയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. അയാളെ എന്നോ മടുത്ത്‌ വഴി പിരിഞ്ഞുപോയ പഴയ സുഹൃത്തുക്കൾക്ക് അയാൾ “തിരിച്ച്‌ തല്ലാൻ ആമ്പിയറില്ലാത്ത ഒരുത്തൻ” മാത്രമായിരുന്നു; അന്നാ രാത്രി അയാൾക്ക്‌ വേണ്ടി പകരം ചോദിക്കാൻ പോയ ആന്റണി മോസ്സസ്സിനും.
അയാൾ… ‘ആര്യൻ ജോൺ ജേക്കബ്’

“ഇതെപ്പോ തീരുമെടോ?” എന്ന്‌ തീരെ താല്പര്യമില്ലാതെയും തികഞ്ഞ അവഞ്ജയോടും കൂടി ചോദിച്ചുകൊണ്ട് വണ്ടി പരിശോധനയ്ക്ക്‌ വരുന്ന, ചെയ്യുന്ന ജോലിയോട് ഒരു ശതമാനം പോലും കൂറ് പുലർത്താത്ത, inefficient ആയൊരു പോലീസ് ഓഫീസറായാണ് ആര്യൻ ജോൺ ജേക്കബിനെ ചിത്രത്തിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് തന്നെ. “ശനിയാഴ്ചയല്ലേ സർ.. ഇത് നേരം വെളുക്കും.. സാർ വേണേൽ വണ്ടിക്കകത്തേയ്ക്ക്..” എന്ന്‌ മറുപടി പറയുന്ന subordinates-നും, ആദ്യ കാഴ്ച്ചയിൽ തന്നെ അയാൾ ഒരലസനാണെന്ന തോന്നലുണ്ടാവാൻ തുടങ്ങിയിരിക്കണം. മദ്യപിച്ചു വന്നവരെ തന്ത്രപരമായി നേരിടാനാവാതെ ഒരു വലിയ പ്രശ്നവും ചാർജെടുത്ത ആദ്യ ദിവസം തന്നെ ആര്യൻ ഉണ്ടാക്കിവെയ്ക്കുന്നു.
“ചെല്ലുന്നിടത്തെല്ലാം വില കൂട്ടിത്തരുന്നൊരു പ്രീമിയം സ്റ്റാറ്റസ് സിംബൽ” അയാൾ പറയുന്നത്‌ പോലെ, മറ്റുള്ളവരുടെ മുന്നിലെ സ്വന്തം ‘വില’യെ കുറിച്ച്‌ സാധാരണയിലധികം ബോധവാനായ ഒരാളായിരുന്നു ആര്യനെന്ന തോന്നലാണ് ഈ കുറിപ്പിനാധാരം.
”ഒരു നല്ല പോലീസ് ഓഫീസർ എങ്ങനെയായിരിക്കണം..?? എനിക്കറിയുകയുമില്ല..”
സ്വന്തം കുറവുകളെ കുറിച്ച്‌ നോട്ട്ബുക്കിലെ ഫിറോസ് അഹമ്മെദിന്റേതിന് സമാനമായൊരു തുറന്നു പറച്ചിൽ. കഴിവില്ലാത്തവനാണ് താനെന്നത് ആര്യനെ ആകുലപ്പെടുത്തുന്നേയില്ല. മറിച്ച്, മറ്റുള്ളവർക്ക് തന്നെ കുറിച്ചുള്ള മതിപ്പ്, ഒരുതരം obsession ആയി മാറുന്നൊരു അവസ്ഥ. ചിത്രം പുരോഗമിക്കുന്തോറും അതിന്റെ ആഴവും പരപ്പും കൂടിവരുന്നത് പോലെ തോന്നി..!!

എന്ന് മുതലാണ് ആര്യന് ആന്റണിയോട് അടുപ്പം തോന്നി തുടങ്ങിയത് ?? ചാർജെടുത്ത ദിവസം തന്നെ തന്റെ എടുത്തു ചാട്ടം കൊണ്ട് സംഭവിച്ച പ്രശ്നത്തിന് ആന്റണി നേരിട്ട് വന്ന് പരിഹാരം കണ്ട അന്ന്. “Raat abi bhi baki hain.. Daaru piya chalein..” എന്ന്‌ പറഞ്ഞു ഫർഹാനോടൊപ്പം കള്ളു കുടിക്കാൻ അയാളെ ക്ഷണിച്ച അന്ന്, സ്വന്തം അച്ഛന് തന്നിൽ പ്രതീക്ഷയില്ലെന്ന്, മതിപ്പില്ലെന്ന് ആന്റണി നേരിട്ട് കണ്ടു മനസ്സിലാക്കിയ അന്ന്.. ഒടുവിൽ ആ രാത്രി അവസാനിക്കുന്നതിന് മുൻപ്, സുപ്പീരിയറുൾപ്പടെ രണ്ട് പുതിയ സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിന്റെ പേരിൽ ആന്റണിയുടെ തന്നെ ഫ്ലാറ്റിൽ വെച്ച് ഒരു പെഗ് കൂടെ കൂടുതൽ കഴിച്ച അന്ന്. ആ രാത്രിയാവണം ആര്യന് ആന്റണിയോട് അടുപ്പം തോന്നുന്നത്. ഈ സുഹൃത്ത് മുൻപ് പരിചയപ്പെട്ടവരെ പോലെയല്ലെന്ന് ആര്യന് മനസിലായിട്ടുണ്ടാവുക, അയാൾക്കുവേണ്ടി, രണ്ടാമതൊന്ന് ചിന്തിക്കുക പോലും ചെയ്യാതെ ആന്റണി തിരിച്ചു തല്ലാൻ മുതിർന്ന ആ പുതുവർഷ രാവിലാവണം.

ആര്യനൊരു People pleaser ആയിരുന്നു എന്ന വാദം ഞാൻ മുന്നോട്ടു വെക്കുകയാണ്. ലളിതമായി പറഞ്ഞാൽ, എന്തിനുമേതിനും ചുറ്റുമുള്ളവരുടെ അംഗീകാരം തേടുന്നവർ. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ മടിയും പേടിയുമുള്ളവർ. ആത്മ വിശ്വാസം തീരെയുണ്ടാവാറില്ല ഇവർക്ക്. ലഭിക്കുന്ന അംഗീകാരങ്ങളിൽ (അതെത്ര ചെറുതായാലും), ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നതിന്റെ പതിന്മടങ്ങു സന്തോഷം കണ്ടെത്തും ഇക്കൂട്ടർ. “People pleaser syndrome” എന്നാണ് പറയപ്പെടുന്നതെങ്കിലും ഇതൊരസുഖമല്ല മറിച്ച് ഒരുതരം മനസികാവസ്ഥയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പക്ഷം. അതുകൊണ്ടുതന്നെ ചികിത്സയുമില്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ കേന്ദ്രീകൃതമായിരിക്കും ഇത്തരക്കാരുടെ മനസ്സ്.

തന്റെ ഭാഗത്തു നിന്ന് “പറ്റില്ല” എന്ന്‌ പറയേണ്ടി വന്നാൽ ഉണ്ടാകാൻ പോകുന്ന പൊല്ലാപ്പുകളെ കുറിച്ചോർത്തു വ്യാകുലരായിരിക്കുമിവർ. ഒരു “No” പറയേണ്ടി വന്നാൽ തങ്ങൾക്കിടയിലുള്ള ബന്ധം താറുമാറാകുമോ എന്ന സാധാരണയിൽ കവിഞ്ഞ ഉൽക്കണ്ഠയിലായിരിക്കും ഇവർ. ഒരാളുടെ വ്യക്തിത്വം തകരാൻ, അയാൾ മാനസികമായി തളരാൻ ഈയൊരവസ്ഥ ധാരാളം. Depression-ലേക്ക് ആണ് മിക്ക പീപ്പിൾ പ്ളീസീർമാരും ഒടുക്കം ചെന്നെത്തുക. മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ളത്, മറ്റുള്ളവരുടെ അപ്പ്രൂവൽ തേടി സ്വന്തം സന്തോഷത്തെ തന്നെ ഇല്ലാണ്ടാക്കുക എന്ന ലക്ഷണത്തിനാണ് (Symptom). ആര്യനിൽ ഇത് വേണ്ടുവോളം കാണാം. അതെങ്ങനെയെന്ന് കൂടുതൽ വ്യക്തമാക്കാം.

ഓരോന്നായി കൊഴിഞ്ഞുപോകുമ്പോഴും, സുഹൃത്തുക്കൾ തന്നെയായിരുന്നു ആര്യന്റെ ഏറ്റവും വലിയ ദൗർബല്യം. എങ്ങനെയൊക്കെ ചേർത്തു പിടിക്കാൻ നോക്കിയിട്ടും അയാളെയൊഴിവാക്കിയ സുഹൃത്തുക്കളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആന്റണി മോസ്സസ്സിന്റെ പെരുമാറ്റം. ആര്യന്റെ തന്റെ വാക്കുകൾ കടമെടുത്താൽ “എന്റെ കുറവുകളെപ്പോലും സഹിച്ചു കൂടെ നിന്ന എന്റെ സുഹൃത്ത്.”
നിർത്താതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ത്രികോണം സങ്കൽപ്പിക്കുക. ആ ത്രികോണത്തിന്റെ മൂന്ന് അറ്റങ്ങളിലൊന്നു ആര്യന്റെ പപ്പയാണെന്നും, മറ്റൊന്ന് കാമുകി റബേക്കയും മൂന്നാമത്തേതിൽ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ വന്നും പോയുമിരിക്കുന്ന അയാളുടെ സുഹൃത്തുക്കളുമാണെന്നും വിചാരിക്കുക. അങ്ങനെയാണെങ്കിൽ ആ ത്രികോണത്തിനുള്ളിലാണ് ആര്യൻ എന്ന People pleaser-ന്റെ ജീവിതം. എങ്ങോട്ടു തിരിഞ്ഞാലും ഈ മൂന്ന് പേരെ മാത്രമേ അയാൾ കാണുന്നുള്ളൂ. അവരുടെ സന്തോഷം മാത്രമാണ് അയാളുടെ ലക്ഷ്യം. അതിനുള്ളിൽ നിന്ന് അയാൾക്കൊരു മോചനവുമില്ല. പുതുതായി ജീവിതത്തിലേക്ക് കടന്നുവന്ന അതിഥി റബേക്കയെ കൂടെ ഇമ്പ്രെസ്സ് ചെയ്യുക എന്ന ചിന്തയായിരുന്നിരിക്കണം ആര്യന്റെ മനസ്സ് നിറയെ. ഈ മൂന്ന് പേരുകൾക്കുമിടയിൽ നിന്ന് അയാൾ അനുഭവിക്കുന്നത് വല്ലാത്തൊരു മാനസിക പിരിമുറുക്കമാണ്. പക്ഷേ ആര്യൻ അത് തിരിച്ചറിയുന്നു പോലുമില്ല.

ആര്യൻ എന്ന വ്യക്തി exist ചെയ്യുന്നത് പോലും ഈ മൂന്ന് പേർക്ക് വേണ്ടിയിട്ടാണ്. ഇതിനിടയിൽ ഹൈദരാബാദിലേക്ക് തിരിക്കുന്നതിനുമുമ്പ് തന്റെ പപ്പയോടു ആ പാവം പരിഭവം പറയുന്നുമുണ്ട്: “എന്റെ ambitions-ന്‍റെ ലിസ്റ്റിൽ ഒരിക്കൽ പോലുമില്ലാതിരുന്ന പോലീസ് ജോലി എന്റെ തലയിൽ എടുത്ത് വെച്ചു തന്നതിന്റെ after effects”. അതെ, after effects. ആ വഴിതിരിച്ചുവിടൽ തന്നെയായിരുന്നിരിക്കണം ആര്യൻ എന്ന വ്യക്തിയുടെ പതനത്തിനു തുടക്കമിട്ടത്. അയാൾക്ക്‌ തന്റെമേൽ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയത്, വീട്ടുകാർ അവരുടെ ഇഷ്ടങ്ങൾ അയാളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയ അന്നു മുതലായിരിക്കണം.
ചെറിയ പ്രായത്തിൽ തന്നെയുള്ള ബോഡിങ് സ്കൂൾ ജീവിതവും അമ്മയുടെ മരണവും അയാളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കണം. അതുവരെ ഭ്രൂണാവസ്ഥയിലായിരുന്ന People pleaser traits അയാളിൽ മുളപൊട്ടുന്നതും വളരുന്നതും ഹൃദയത്തിലും തലച്ചോറിലും ഒരുപോലെ വ്യാപിച്ചു ഒടുവിൽ അയാളുടെ ബോധമനസ്സിനെ തന്നെ കീഴ്പ്പെടുത്തുന്നതും, ഐപിഎസ് പഠന, പരിശീലന നാളുകളിലായിരിക്കണം. ഈ മാറ്റമാവാം ചെയ്യുന്ന എല്ലാ കാര്യങ്ങളും തെറ്റിപോകുന്ന അവസ്ഥയിലേക്ക് ആര്യനെ കൊണ്ടെത്തിച്ചത്. ഒരു പറിച്ചുനടലിന്റെ after effects.

ഒരു പീപ്പിൾ പ്ലീസർ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ ആഴം ആര്യൻ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുണ്ടാവുക തന്റെ പിതാവിന്റെ അടുത്ത് നിന്നാവണം. ഒരു പോലീസുകാരനായിരുന്നിട്ട്‌ കൂടി അയാൾ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് അയാളുടെ പിതാവിനെ ചൊടിപ്പിച്ചിരിക്കാം. കൂടാതെ നല്ല നിലയിലെത്തി നിൽക്കുന്ന ആദ്യത്തെ മകനെ വെച്ചു താരതമ്യം ചെയ്തു നോക്കിയാൽ ഒരു ഐപിഎസ് കാരനായി എന്നതൊഴിച്ചാൽ പറയത്തക്ക നേട്ടങ്ങളൊന്നും തന്നെ ആര്യൻ സ്വന്തമാക്കിയിരുന്നില്ല. ആര്യൻ അങ്ങനെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ തന്നെ അവയൊന്നും തന്നെ വിജയം കണ്ടിട്ടുണ്ടാവാനിടയില്ല എന്ന്‌ വേണം കരുതാൻ.

ഒരു സുഹൃത്തിനെ വീട്ടിൽ കൊണ്ടു വന്ന് പരിചയപ്പെടുത്താൻ നേരം മുഖം തിരിച്ചിരുന്നാൽ, അത് ഒരു പിതാവിന് സ്വന്തം മകനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. അതുവരെ ആർക്കും വേണ്ടാതിരുന്ന തനിക്കു വേണ്ടി, വളരെ കുറച്ചു നേരത്തെ പരിചയത്തിന്റെ പേരിൽ ജീവൻ പണയം വെക്കാൻ വരെ തയ്യാറായ ആന്റണിയെ തന്റെ പിതാവ് അപമാനിച്ചത് അയാളെ ഉലച്ചു കളഞ്ഞു. ആന്റണിയെ അതെങ്ങനെ ബാധിച്ചു എന്നതിനേക്കാളേറെ, ആര്യനെ വിഷമിപ്പിച്ചത് തന്റെ വീട്ടുകാർക്ക് തന്നെ തീരെ മതിപ്പില്ലെന്നുള്ള സത്യം ആന്റണി അറിയുമോ എന്നതോർത്തായിരിക്കണം. ആ ചിന്തയാണ് ആര്യനെന്ന പീപ്പിൾ പ്ലീസറെ ഒരുതരം പിരിമുറുക്കത്തിൽ കൊണ്ടെത്തിക്കുന്നതും, ആ രാത്രി തന്നെ അയാളെ ആന്റണിയുടെ മുൻപിൽ കൊണ്ടു ചെന്നു മാപ്പ്‌ പറയിക്കുന്നതും.

ആ സീൻ അവസാനിക്കുന്നത്, ഫർഹാനെ നോക്കി “അപ്പൊ നാളെ നമ്മൾ സാറിന്റെ വീട്ടിലാണോ കൂടുന്നത്?” എന്ന ആര്യന്റെ ചോദ്യത്തോടെയാണ്. ഒരു പോലീസ് ഓഫീസറിൽ നിന്ന് അത്തരമൊരു ചോദ്യം പ്രതീക്ഷിക്കാത്ത ആന്റണിയും ഫർഹാനും ആര്യന്റെ ആ പക്വതയില്ലായ്മയെ പൊട്ടിച്ചിരിച്ചുകൊണ്ട് തള്ളിക്കളയുന്നു. ഇതുപോലുള്ള ചെറിയ ഡീറ്റെയ്ൽസിലൂടെ, ആര്യൻ ഓർക്കാനിഷ്ടപ്പെടാത്ത അയാളുടെ കഴിഞ്ഞ കാലവും, സ്വഭാവ സവിശേഷതകളും ഒന്നിനും കൊള്ളാത്തവന്റെ നിഷ്കളങ്കതയുമെല്ലാം ബോബി സഞ്ജയ്മാർ വരച്ചിടുന്നുണ്ട്..!!
‘ചെക്ക് മേറ്റ്’നു തൊട്ടു മുൻപ് വരെയുള്ളൊരു ചെസ്സ് കളിയുടെ എല്ലാ അനിശ്ചിതത്വങ്ങളും സങ്കീർണതകളും മുംബൈ പോലീസ് പ്രേക്ഷകന് സമ്മാനിക്കുന്നു. ആ കളിയിൽ രാജാവിന്റെ കുപ്പായം സ്വയമെടുത്തണിഞ്ഞ ആന്റണി മോസ്സസ് നടത്തിയ ഏറ്റവും സമർത്ഥമായൊരു കരുനീക്കമായിരുന്നു ആര്യന്റെ മരണം. മലയാള സിനിമ സാക്ഷ്യം വഹിച്ച പഴുതടച്ച കൊലപാതക രീതികളിൽ ഏറ്റവും മികച്ചത്. കളിയുടെ അവസാനം, പ്രതിയോഗിക്കെതിരെ വാളോങ്ങിയ രാജാവ് കണ്ടത് മുൻപിൽ ഒരു കണ്ണാടിയും അതിൽ തന്റെ തന്നെ പ്രതിഫലനവും. ചെക്ക് മേറ്റ് എന്ന അനിവാര്യതയ്ക്കുശേഷം കളിക്കളം ശൂന്യം. വിജയിയോ പരാജിതനോ ഇല്ല. രാജാവ് ചമയങ്ങളഴിച്ചു വെച്ചപ്പോൾ അയാൾക്ക് പ്രതിനായകന്റെ രൂപം, തിരിച്ചറിവ്.

ഫിറോസ് അഹമ്മദും (ചിത്രം : നോട്ട്‌ ബുക്ക്‌) ആര്യൻ ജോൺ ജേക്കബും ഒന്നിനും കൊള്ളാത്തവരാണ് തങ്ങളെന്ന ചിന്ത വച്ചുപുലർത്തുന്നു. അതുവരെ കോൺഫിഡൻസ് ലെവൽ സീറോ ആയിരുന്ന ഫിറോസിനാകട്ടെ, അപ്രതീക്ഷിതമായ സസ്പെൻഷനിലൂടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സാധിക്കുന്നു. ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ കിട്ടുന്നൊരു ധൈര്യമാവണം ഫിറോസിനെ നയിച്ചിട്ടുണ്ടാവുക. എന്നാൽ ആര്യന്റെ സ്ഥിതി നേരെ വിപരീതം ആണ്. ചിത്രത്തിലുടനീളം അയാളെ വെല്ലുവിളിക്കുന്ന ഒന്നും തന്നെയില്ല. അയാൾ ഒരു ക്രൈസിസും നേരിടേണ്ടി വരുന്നുമില്ല. റബേക്കയിൽ നിന്നല്ലാതെ മറ്റെവിടെ നിന്നും അയാൾക്ക്‌ സ്നേഹവും ബഹുമാനവും ലഭിക്കുന്നുമില്ല (സ്വന്തം വീട്ടിൽ നിന്നുപോലും).
വെറുമൊരു നൈറ്റ്‌ പട്രോളിങ്ങിന്‍റെ സമയത്തുള്ള എൻകൗണ്ടറിലൂടെ എത്രമാത്രം ദുർബലനാണ് താനെന്ന് അയാൾ പോലുമറിയാതെ ഫർഹാനും ആന്റണിക്കും കാണിച്ചുകൊടുത്തു. ഒരു പീപ്പിൾ പ്ലീസറുടെ ശാപമാണത്. മറ്റുള്ളവരുടെ മുൻപിൽ എത്തുമ്പോൾ താൻ എന്തൊക്കെയോ ആണെന്ന് പറയാനും ചെയ്യാനും ശ്രമിക്കുകയും, അങ്ങനെ self respect നഷ്ടപ്പെടുകയും ചെയ്യുന്നു. Self esteem നഷ്ടപ്പെട്ടാൽ ഒരാൾ മരിച്ചതിനു തുല്യമാണെന്ന് വേണം ആര്യൻ കടന്നു പോകുന്ന അവസ്ഥ കണക്കിലെടുക്കുമ്പോൾ കരുതാൻ.

ഒരു ചെറിയ ഉദാഹരണം പറയാം. എയർപോർട്ടിൽ നിന്ന് യാത്ര പറയാൻ നേരം, ആര്യനെ നോക്കി, ഫർഹാൻ ആന്റണിയോട് ആവശ്യപ്പെടുകയാണ് : “ഇവനെ നോക്കിക്കോണം”. ഒരാണിനെ സംബന്ധിച്ചിടത്തോളം സ്വയം വെറുപ്പുണ്ടാവാൻ ആ ഒരു പറച്ചിൽ മതിയാവും. ഒരേ റാങ്കിലുള്ള രണ്ട് ഓഫീസർമാർ. കൂടാതെ സുഹൃത്തുക്കളും. യാത്രയയക്കാൻ വന്ന സുപ്പീരിയർ “തന്നെ ശ്രദ്ധിക്കണം” എന്നാണ് മറ്റേയാളോട് പറയുന്നത്. വിഷമം പുറത്ത്‌ കാണിക്കാനറിയാത്ത ആര്യൻ ഇതും ഉള്ളിലടക്കുന്നു എന്ന്‌ വേണം കരുതാൻ. മൂന്ന് പേരുടെ കൂട്ടത്തിൽ മറ്റു രണ്ടുപേർ ഒട്ടും ബഹുമാനിക്കാത്തത് തന്നെ. വിലകല്പിക്കാത്തതു തന്നെ. ഏറ്റവും കൂടുതൽ സിമ്പതി ചൊരിയുന്നതും തന്റെ നേരെ. ചിത്രം പുരോഗമിക്കുന്തോറും ആര്യനെന്ന വ്യക്തി ചുരുങ്ങി ഇല്ലാതാവുകയാണ്. പുതുവർഷ രാത്രിയിൽ തന്നെ തല്ലിയവരെ തിരിച്ചു ഒന്നും ചെയ്യാനാവാത്തതിൽ അയാളുടെ self-esteem തകർന്നില്ലാതാവുകയാണ്. എന്നിട്ടും ഒരു നോട്ടം കൊണ്ട് പോലും തന്നെ വേദനിപ്പിക്കാതെ അവരെ തിരിച്ചു തല്ലാൻ വിളിച്ചു കൊണ്ടുപോകുന്ന ആന്റണിയോട് ഒരുതരം ഭ്രാന്തമായ സ്നേഹവും ബഹുമാനവുമായിരുന്നിരിക്കണം ആര്യന്.

ആന്റണി തനിക്ക് അവകാശപ്പെട്ട ഗാലന്ററി അവാർഡ് ആര്യന് നേരെ വെച്ചു നീട്ടിയത് ഭയം കൊണ്ടാവണം. ആര്യനെ പോലൊരാളിൽ അയാൾ ഒരിക്കലുമൊരു പങ്കാളിയെ പ്രതീക്ഷിച്ചിരിക്കാൻ വഴിയില്ല. മാത്രവുമല്ല, ആ അംഗീകാരം തന്നിലേക്ക് വന്നു ചേർന്നാൽ തന്റെ ഐഡന്റിറ്റി പുറത്താകുമോ എന്നയാൾ ഭയപ്പെട്ടിരിക്കണം. ഒരു അവാർഡ് ജേതാവിന്റെ കരിയറിനെക്കുറിച്ചൊരു സ്റ്റോറി ചെയ്യാൻ സമർഥ്യമുള്ളൊരു journalist നിയോഗിക്കപ്പെട്ടാൽ, തന്നെ പോലെ കുപ്രസിദ്ധനായൊരോഫീസറുടെ കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു മാധ്യമ പ്രവർത്തകൻ ഇറങ്ങിച്ചെല്ലാൻ തുനിഞ്ഞാൽ അയാളുടെ രഹസ്യം പുറത്താകും എന്നത് ആന്റണിയെ വളരെയധികം ഭയപ്പെടുത്തിയിരിക്കണം. ലൈംലൈറ്റിൽ വരാൻ അയാളൊരിക്കലും താല്പര്യപ്പെട്ടിരുന്നില്ല. ഹൈദരാബാദ് നഗരത്തിലെ പഴകി ദ്രവിച്ച ആ കെട്ടിടത്തിനുള്ളിൽ നിന്നുകൊണ്ട് മൂന്ന് കുറ്റവാളികളെ വകവരുത്താൻ അയാളെടുത്തത് നിമിഷങ്ങൾ മാത്രം. അതിനുള്ളിൽ അയാളുടെ മനസ്സ് കാതങ്ങൾ സഞ്ചരിച്ചു ഒരു തീരുമാനത്തിലെത്തിയിരുന്നു. ഫലമോ..?? ആര്യൻ ജോൺ ജേക്കബ് രാജ്യത്തെ ധീരനായ പോലീസ് ഓഫീസർ.. ആന്റണി മോസ്സസ് എന്ന പോലീസ് ക്രിമിനലിന്റെ കുശാഗ്രബുദ്ധി..!!
ആന്റണി ഒരു ഹോമോ സെക്ഷ്വൽ ആണെന്നറിയുമ്പോൾ ആര്യന്റെയുള്ളിലുണ്ടാവുന്നത് ഉന്മാദത്തിനും മേലെയുള്ള ഒരാവസ്ഥാവിശേഷമാണ്. ആദ്യമായി തനിക്കൊരാളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരിക്കുന്നു. ഇതുവരെ മറ്റുള്ളവരുടെ മുൻപിൽ താൻ ചെറുതായതുപോലെ, ഇതാ തന്റെ മുൻപിൽ ഒരാണ് പേടിച്ച്‌ തല കുമ്പിട്ട് നിൽക്കുന്നു. ജീവിതത്തിൽ ഒരുപാട് നാളുകൾക്കുശേഷം ആര്യൻ ഒരിത്തിരി ആത്മ വിശ്വാസം ആർജ്ജിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് തെല്ലും ജാള്യതയില്ലാതെ ആന്റണിയുടെ മുൻപിൽ തല ഉയർത്തി പിടിച്ചു നേർക്ക് നേരെ നിന്ന് സംസാരിച്ചപ്പോഴായിരിക്കണം. എന്നാൽ ആന്റണി തന്റെ കോളറിന് പിടിച്ചു പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന നിമിഷങ്ങളിൽ ആര്യൻ ഇല്ലാതാവുകയാണ്. തന്നെ ശാരീരികമായി മാത്രമല്ല, വേണമെങ്കിൽ മാനസികമായും ആർക്കും നിമിഷനേരം കൊണ്ട് കീഴ്‌പ്പെടുത്താം എന്നയാൾ വിചാരിക്കുകയാണ്. ജീവിതത്തിൽ ആദ്യമായി എതിരെ നിൽക്കുന്നയാൾ “എന്ത്‌ വിചാരിക്കും” എന്നതിനെ കുറിച്ചോർത്ത്‌ ഉൽകണ്ഠപ്പെടാതെ സംസാരിക്കാൻ ഒരവസരം കിട്ടിയതാണ്.

അതിനുള്ള ധൈര്യവും സംഭരിച്ചതാണ്. എന്നാൽ ഉറ്റ സുഹൃത്തിന്റെ ഭാവമാറ്റം ആര്യനെ തകർക്കുകയാണ്. നേരത്തെ പറഞ്ഞല്ലോ, അയാളുടെ വിധിയാണത്. എന്തിനേക്കാളും സുഹൃത്തുക്കളെ സ്നേഹിച്ച ആര്യന് ആന്റണിയുടെ വിഷമം താങ്ങാൻ കഴിയുന്നതായിരുന്നില്ല. അയാളുടെ കണ്ണിലെ തീ ആര്യനെ തളർത്തിക്കളഞ്ഞു. ആ രാത്രി ആന്റണി അനുഭവിച്ചതിന്റെ ആയിരം ഇരട്ടി വേദന ആര്യൻ അനുഭവിച്ചിരിക്കാം. ആരും കേൾക്കാതെ ഉറക്കെയുറക്കെ അയാൾ കരഞ്ഞിരിക്കും. പിറ്റേന്ന് റബേക്കയുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോഴും അയാൾക്ക്‌ സ്വസ്ഥത കിട്ടിയിരുന്നില്ല. ഈ ലോകത്ത്‌ തന്നെ ബഹുമാനിക്കുകയും, പേടിക്കുകയും തന്നെ നഷ്ടപ്പെടുന്നതിൽ വിഷമിക്കുകയും ചെയ്യുന്ന ഒരാളുണ്ടെങ്കിൽ അത് റബേക്ക മാത്രമായിരിക്കുമെന്നു അയാൾ വിശ്വസിച്ചിരുന്നു. ആ ഒറ്റ രാത്രി കൊണ്ട് തന്നെ ആന്റണിയുടെ മനസ്സിൽ നിന്ന് തന്നെ താൻ പുറത്തായി എന്നും ആര്യൻ വിശ്വസിച്ചിരിക്കണം.
അയാളുടെ വിശ്വാസം ശരിയായിരുന്നു. അയാളെ ഈ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞയക്കാൻ തീരുമാനമെടുത്തിരുന്നു ആന്റണി. തന്നെ മാത്രം പ്രണയിക്കുന്ന റബേക്കയ്ക്ക് മുന്നിൽ ആര്യൻ തന്റെ സങ്കടങ്ങൾ എല്ലാം ഇറക്കി വെയ്ക്കുകയാണ്. ഒന്നിനും കൊള്ളാത്തവനാണ് താനെന്നറിഞ്ഞാലും തന്നെ വിട്ടുപോകില്ലെന്ന് ഉറപ്പുള്ള റബേക്കയോട് അയാൾ പറയുന്നത് റബേക്കായേക്കാൾ കൂടുതലായി അയാൾ സ്നേഹിച്ചിരുന്ന ആന്റണിയെ കുറിച്ചായിരുന്നു. തന്റെ കൂടെ ചിലവഴിക്കാൻ സമയം മാറ്റിവെച്ചതിന്, തന്നെ സഹായിച്ചതിന്, സംരക്ഷിച്ചതിന്, സ്നേഹിച്ചതിന്… എല്ലാറ്റിനും അയാൾ ആന്റണിയോട് നന്ദി പറയുകയാണ്. ആ നിമിഷങ്ങളിൽ അയാളിലെ സത്യസന്ധതയറിയാവുന്ന റബേക്ക അയാളെ കൂടുതൽ ഇഷ്ടപ്പെടുകയാണ്. അയാളുടെ ഓരോ തുറന്ന് പറച്ചിലും അവർക്കിടയിലുള്ള അടുപ്പം കൂട്ടി. ആര്യനെന്ന ഒന്നിനും കൊള്ളാത്തവന്റെ ആത്മാർത്ഥതയെ, നന്മയും നേർമയുമുള്ള മനസ്സിനെ, എല്ലാം റബേക്ക അടുത്തറിഞ്ഞു. ഇത്തവണയും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ആര്യൻ കരഞ്ഞു. ജീവിതത്തിൽ ആദ്യമായി ഒരാൾ ആര്യനെ അറിഞ്ഞു. റബേക്ക, അവൾ മാത്രം..!!

തങ്ങളുടെ മറ്റെല്ലാ ചിത്രങ്ങളിലുമുള്ള ഒന്നിനും കൊള്ളാത്തവരെ ബോബി സഞ്ജയ്മാർ മരിക്കാനനുവദിച്ചില്ല. പകരം അവരിലെ കുറവുകൾ കണ്ടെത്താൻ അവർക്ക്‌ മുന്നിൽ പുതിയ വഴികൾ തുറന്നിട്ടു. അവർക്കു വെല്ലുവിളികൾ സൃഷ്ടിച്ചു. അവരിൽ വാശി നിറച്ചു. മറ്റുള്ളവരുടെ മുൻപിൽ നിന്ന് കരയാനവരെ വിട്ടു.. പുറമേ ദുർബലരാണെങ്കിലും ഉള്ള് കൊണ്ട് ശക്തരാണെന്നവരെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അറിവില്ലായ്മയുടെ വിടവിൽ ജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊടുത്തു. അസ്തമയത്തിന് മുന്നിൽ തോൽക്കാതെ ഉദയം വരെ ക്ഷമിക്കാൻ അവരെ പഠിപ്പിച്ചു. ചെറിയ തിരുത്തലുകളിൽ നിന്ന് വലിയ ശരികളിലേക്ക് അവരെയെല്ലാം നയിച്ചു. എന്നിട്ടെന്തേ ആര്യനിതൊന്ന് പോലും നിങ്ങൾ ബാക്കി വെച്ചില്ല..?? അയാളെക്കൊണ്ടെന്തേ നിങ്ങൾ എതിരാളികളെ അടിയറവ് പറയിപ്പിച്ചില്ല..?? എന്തേ അയാൾക്ക് മാത്രം നിങ്ങൾ ജീവിക്കാൻ പോലുമൊരവസരം കൊടുക്കാതിരുന്നത്..?? എന്തേ അയാൾക്ക് മാത്രം ഈ ഭ്രാന്തിൽ നിന്ന് നിങ്ങളൊരു മോചനം കൊടുത്തില്ല..?? ആര്യന്റെ വേദനകളും ഈ സംശയങ്ങളോടൊപ്പം ബാക്കിയാവുകയാണ്..!!

ഫർഹാനാ ഹസ്‌തദാനം സ്വീകരിക്കുകയായിരുന്നു. സീനിയർ ഓഫീസറുടെ അഭിനന്ദനം. കേസന്വേഷണം ഭംഗിയായി അവസാനിപ്പിച്ചതിന്. ഓർമ്മകളെയെല്ലാം കശക്കിയെറിയാൻ സാധിച്ചെങ്കിലെന്ന് ആഗ്രഹിച്ചുകൊണ്ടാണയാൾ ഇപ്പോൾ ഓരോ ദിവസവും തിരികെ വീട്ടിലേക്ക് ചെല്ലുന്നത്; ജീവിതം തുടരാൻ പ്രത്യേകിച്ചു കരണങ്ങളൊന്നുമിനി അയാൾക്ക് ബാക്കിയില്ലല്ലോ..!!
ആന്റണി പ്രാർത്ഥനയിലാണ്. ഓർമ്മകൾ തിരികെ വരരുതേ എന്നാവും. ജയിലറയ്ക്കുള്ളിൽ തിരി കത്തിക്കുന്നതിന് അയാൾക്ക് വിലക്കില്ല; വല്ലപ്പോഴുമൊരു സിഗരറ്റ് വലിക്കുന്നതിനും..പഴയ ഐ.പി.എസ്.കാരനല്ലേ എന്ന പരിഗണന. ആക്സിഡന്റ് അയാൾക്ക് സമ്മാനിച്ച ഇടത്‌ കണ്ണിലെ ചുവപ്പ് നേർത്തില്ലാതായിരിക്കുന്നു.നിറയെ വയലറ്റ് പൂക്കളുള്ളൊരു കൊച്ചു ബൊക്കെ റബേക്കയാ കല്ലറയ്ക്കു മുകളിൽ വെച്ചു. തന്നെ നോക്കി “ethics” എന്ന് വിളിച്ചു ചിരിക്കുന്ന ആര്യന്റെ സ്വരം.. ആര്യനണിയിച്ച മോതിരത്തിനുമേൽ അവളുടെ ഒരുതുള്ളി കണ്ണുനീർ വീണുതൂങ്ങി.

അന്വേഷണങ്ങൾ എല്ലാം പാതിവഴിയിൽ നിലച്ച്‌ ഈ കുറിപ്പ് ഇവിടെ അവസാനിക്കുകയാണ്. ആന്റണി മോസ്സസ് ഐപിഎസ്സിലേക്കുള്ള ദൂരം ഏറി വരുന്നത്‌ പോലെ. എത്ര കയ്യെത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടും അയാൾ കുതറി മാറുന്നു. എങ്കിലും ആര്യൻ ഉറങ്ങിയോ എന്നറിയാൻ അയാൾ എന്നും ആ സെമിത്തേരിയിൽ വരാറുണ്ടാവണം. ഇന്നുമയാൾ അവിടെയുണ്ട്, യൂണിഫോമിൽ.. അതെ.. റബേക്കയ്ക്കു പിറകിൽ, അവളറിയാതെ.. ആര്യന്റെ നെഞ്ചുതുളച്ചൊരാ ബുള്ളറ്റ് കടന്നു പോയപ്പോൾ ഊറിചിരിച്ചത്‌ പോലെ ഇന്നിതാ വീണ്ടും.. എന്റെ മുന്നിലുള്ള കടലാസ്സു കൂമ്പാരത്തിൽ മഷിക്കറുപ്പ് പടർന്നുകയറുന്നു..
അക്ഷരങ്ങളെല്ലാം അവ്യക്തമാവുന്നതിനു മുൻപ് സെമിത്തേരിക്കെതിർവശമുള്ള പള്ളിയിൽ നിന്നൊരു ബൈബിൾ വചനം മുഴങ്ങിക്കേട്ടു ;
“സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല..!!”

Leave a Reply
You May Also Like

ബോളിവുഡ് കാത്തിരുന്ന ‘അനിമല്‍’ നാളെ എത്തുന്നു

ബോളിവുഡ് കാത്തിരുന്ന ‘അനിമല്‍’ നാളെ എത്തുന്നു ബോളിവുഡ് സിനിമാലോകം ആകാംശയോടെ കാത്തിരിക്കുന്ന അനിമല്‍ നാളെ ഇന്ത്യയൊട്ടാകെയുള്ള…

“മുപ്പതോളം സിനിമകൾ ചെയ്തിട്ടും എടുത്ത് പറയാവുന്ന ഒരു സിനിമ പോലും അദ്ദേഹത്തിന്റെ ഫിൽമോഗ്രാഫിയിൽ ഇല്ലെന്നാണ് വാസ്തവം” കുറിപ്പ്

Vani Jayate ഏതാണ്ട് മുപ്പതോളം ഫീച്ചർ ഫിലിമുകളാണ് വി കെ പ്രകാശ് മലയാളം മുതൽ മറാത്തി…

വീണ്ടും രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ, ഒറ്റനോട്ടത്തിൽ രശ്മികയുടേത് എന്ന് തോന്നിക്കുന്ന വീഡിയോ വൈറൽ

രശ്‌മിക മന്ദാനയുടെ പേരിൽ വീണ്ടും ഡീപ് ഫേക്ക് വിഡിയോ എത്തിയിരിക്കുന്നു. വീഡിയോ ഇതൊനൊടകം വൈറലായിക്കഴിഞ്ഞു. വിഡിയോ…

നല്ല പടങ്ങളെ അവഗണിച്ചും മോശം സിനിമകളെ പാൻ ഇന്ത്യൻ എന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നതാണ് മോളിവുഡിന്റെ രീതി

Unni Krishnan ക്വാളിറ്റി കണ്ടന്റുകൾ നല്ല പ്രൊമോഷൻ കൊടുത്തു വൈഡ് റിലീസ് ചെയ്യുന്നതിൽ മോളിവുഡ് ഇന്ത്യയിൽ…