Theju P Thankachan
സംഭവിച്ച് അധികം നേരം ആകുന്നതിന് മുൻപ് ആ നടന്ന കാര്യത്തെ ഓർത്തെടുക്കാൻ വേണ്ടി ഒരു കാരക്ടറിനെ ഒരു കസേരയിൽ കൊണ്ടിരുത്തി മുഴുവൻ മോഹൻലാൽ ഫാന്സിന്റെയും കൈയ്യടി മുരളി ഗോപി മേടിച്ചെടുത്തത് മൂന്ന് വർഷങ്ങൾക്ക് മുൻപ് ലൂസിഫറിലൂടെയാണ്. ഗുണ്ടകൾ എല്ലാവരെയും സ്റ്റീഫൻ കൊന്ന് തീർത്തത് അലോഷി ബോബിക്ക് റിപ്പോർട്ട് ചെയ്യുന്ന സീൻ. ഈ നരേഷൻ ഒഴിവാക്കി മോഹൻലാലിന്റെ അടി മാത്രം കാണിച്ചാലും പടത്തിന് ഒന്നും സംഭവിക്കില്ല. പക്ഷേ കൈയ്യടിയുടെ കനം കുറയും. കാരണം ഒന്നിൽ ബിൽഡപ്പുണ്ട്. മറ്റേതിലതില്ല. ഫസ്റ്റ് ഡേ പടം കാണാൻ,അതും ലാലേട്ടന്റെ പടം കാണാൻ ആളുകൾ വന്നിരിക്കുന്നതേ ഈ ഇമ്പാക്റ്റിന് വേണ്ടിയാണ്.
ഇവിടെ തിരക്കഥാകൃത്തിനെ പ്രശംസിക്കേണ്ടത് പൾസറിഞ്ഞുള്ള അയാളുടെ എഴുത്തിന്റെ പേരിൽ മാത്രമല്ല;ആ എഴുത്ത് നൂതനമായത് കൊണ്ട് കൂടിയാണ്. വ്യക്തിപരമായി ലൂസിഫറിലെ ഏറ്റവും രസമുള്ളതായി തോന്നിയ സീൻ പക്ഷേ ഇതല്ല. അത് വേറൊന്നാണ്.വിഷയം അതല്ല. ആദ്യം പറഞ്ഞ, ഒരു സംഗതി നടന്ന് വളരെ കുറച്ച് നേരത്തിന് ശേഷം ആ പരിപാടിയിൽ നേരിട്ടിടപെട്ട കുറച്ച് ആളുകൾ അതേ സംഭവത്തിനെ ഓർത്തെടുക്കുന്ന ഒരു സീനിനെക്കുറിച്ചും, ആ സീൻ ആ സിനിമയിലെ തന്നെ ഏറ്റവും മികച്ചതായി തോന്നിയതിനെ കുറിച്ചുമാണ്.
തല്ലുമാലയിലെ പാർക്കിങ് ലോട്ട് ബ്രോൾ.! വസീമും കൂട്ടരും അടിക്കാൻ ഒരുങ്ങി നിന്നതിന് ശേഷം നമ്മൾ കാണുന്നത് ആരോ ഒരാളെ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ നിന്ന് ഇറക്കുന്നതാണ്. അതായത് അടി നടന്ന് കഴിഞ്ഞു. ഈ കാണുന്നത് അതിന്റെ ബാക്കിയാണ്. റെജി ഹോസ്പിറ്റലിൽ കേറി കേസൊഴിവാക്കാൻ പറയുമ്പോഴെല്ലാം നടന്ന അടിയുടെ ചൂടിനെ ഓർമ്മിപ്പിക്കുന്നത് പോലെ പശ്ചാത്തലത്തിൽ കാർ ലോക്കിന്റെ അപശബ്ദം(വസീമും റെജിയും എപ്പോഴെല്ലാം കണ്ടുമുട്ടുന്നോ അപ്പോഴെല്ലാം ഈ അടിശബ്ദം അവരുടെ കൂടെയുണ്ട്) മുഴങ്ങും.
പിന്നീട് ചൊറയൊഴിവാക്കി തിരിച്ച് പോകുന്ന വസീമും കമ്പനിക്കാരും കാറിലിരുന്ന് കിട്ടിയ അടി ഓർത്തെടുക്കുകയാണ്. അതിന് കൂട്ടായി കാണുന്ന നമ്മളെ കൂടെ എരികേറ്റാനെന്ന പോലെ വിഷ്ണു വിജയ് യുടെ ഗ്രഡ്ജ് എന്ന ബിജിഎമ്മും. ഓരോരുത്തരും തങ്ങൾ നേരിട്ട അപമാനത്തിന്റെ തിളപ്പിലാണ്.
രാജന്റെ ഇടി ഓർക്കുമ്പോ വികാസിന്റെ തല തന്നെ താഴ്ന്ന് പോകുന്നുണ്ട്. ആറ്റുനോറ്റ് അവധിക്ക് വന്ന വസീമിനെ കാത്തിരിക്കുന്നത് ആളൊഴിഞ്ഞ ഒരു തീന്മേശയും ഉമ്മയുടെ അവഗണനയും.
രാജേഷും ജംഷിയും തങ്ങളുടെ ഗരാഷിൽ ഓരോ കുപ്പി ബീയറുമായി ഉള്ള് തണുപ്പിക്കാനുള്ള ശ്രമത്തിലാണ്. അടികൊണ്ട് കണ്ണ് കലങ്ങിപ്പോയ സത്താറിന്റെ മാനസികവസ്ഥയെ പറ്റി കൂടുതൽ എന്താണ് പറയേണ്ടത്..?
വളരെ കുറച്ച് സമയം എടുത്ത് ഒന്ന് വളഞ്ഞു മൂക്ക് പിടിച്ച കഥാകൃത്തുക്കളായ അഷ്റഫ് ഹംസയും പരാരിയും ചേർന്ന് നമുക്ക് സമ്മാനിക്കുന്നത് ഒരു ഡ്രീം സീക്വൻസ്. ഖാലിദ് റഹ്മാന്റെ വിഷ്വൽ സെൻസും കൂടി ചേരുമ്പോൾ കാറിനുള്ളിലെ തല്ലോർമ്മ ആ കഥയുടെ മർമ്മപ്രധാനമായ ട്രിഗറിങ് പോയിന്റ് ആയി മാറുന്നു.ഉള്ളടക്കം കൊണ്ട് മാത്രമല്ല തല്ലുമാല ശ്രദ്ധേയമാവുന്നത്. അതിന്റെ സംവിധാന മികവ് കൊണ്ട് കൂടിയാണ്. പോയവർഷത്തെ ഏറ്റവും ഭീകരൻ തീയേറ്റർ എക്സ്പീരിയൻസിനെ കുറിച്ച് എത്രയെഴുതിയിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.