Theju P Thankachan
ഷാറൂഖ് ഖാൻ ആഷിഖ് അബുവുമായി ഒരു പടം ചെയ്യുന്നു എന്ന വാർത്തകൾ പുറത്ത് വന്നത് 2019ൽ ആണ്. ഷാറൂഖിന്റെ അവസാന റിലീസ് പുറത്തിറങ്ങി രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു ആ സംഭവം. കലാപരമായ കോളാബറേഷന്റെ അതിരുകൾ ഇല്ലാതാവുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ആ കണ്ടുമുട്ടൽ. അതായത് മലയാള സിനിമയിൽ ജോലി ചെയ്യുന്ന ഒരു സംവിധായകന് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിനെ അയാളുടെ വസതിയിൽ പോയി കാണാനും ഒരു കഥ പറയാനും സാധിച്ചു. ഇങ്ങനെ സംഭവിച്ചതിന് പിന്നിൽ രണ്ട് സാധ്യതകൾ ആണുള്ളത്.
തുടരെത്തുരെ പരാജയങ്ങൾ ഏറ്റുവാങ്ങിയ ഷാറൂഖ്, ഇന്ത്യയിൽ ഇന്നേറ്റവും നല്ല സിനിമകൾ എടുക്കുന്ന സംവിധായകരിൽ ഒരാളെ അങ്ങോട്ട് അപ്രോച്ച് ചെയ്തു( ഏതാണ്ട് അതേ സമയത്ത് വെട്രിമാരനും ഷാറൂഖിനെ വീട്ടിൽ പോയി കണ്ടിരുന്നു). എന്നിട്ട് നല്ല സബ്ജെക്റ്റ് വല്ലതും ഉണ്ടെങ്കിൽ പറയാൻ ആവശ്യപ്പെട്ടിരിക്കും. ഇനി രണ്ടാമത്തെ ഓപ്ഷൻ. ആഷിഖ് അബു ഷാറൂഖിനെ അങ്ങോട്ട് ബന്ധപ്പെട്ടിരിക്കണം;കഥ പറയാൻ വേണ്ടി.
അതെന്ത് തന്നെയായാലും ആ കണ്ടുമുട്ടൽ നടന്നു. ആഷിഖ്,ശ്യാം പുഷ്കരൻ,ഷാറൂഖ് ഖാൻ എന്നിവർ തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടത്തി. കുറച്ച് ഫോൺകോളുകൾ, അല്ലെങ്കിൽ അഞ്ചോ ആറോ ഇമെയിൽ സന്ദേശങ്ങൾ പിന്നെ മുംബൈക്ക് രണ്ട് ഫ്ലൈറ്റ് ടിക്കറ്റ്.സംഗതി ക്ലീൻ. ഡെസ്പറേഷന്റെ വക്കിൽ എത്തിയ ഷാറൂഖ് ഖാന് സ്വയം രക്ഷപ്പെടാൻ മലയാളം,തമിഴ് ഭാഷകളിലെ സംവിധായകരെ സമീപിക്കേണ്ടതായി വന്നു. ഒരു തട്ടുപൊളിപ്പൻ പടം ആയിരുന്നു വേണ്ടിയിരുന്നതെങ്കിൽ ഷാറൂഖിന് കുമ്പളങ്ങി നൈറ്റ്‌സ് എഴുതിയ ആളെയോ വൈറസ് എടുത്ത സംവിധായകനെയോ ആവശ്യമില്ല.
ഫോർമുല പടങ്ങൾ എടുക്കാൻ കപ്പാസിറ്റി ഉള്ള ആളുകൾ ബോളിവുഡിൽ ഇഷ്ടം പോലെയുണ്ട്. അപ്പോൾ പ്രശ്നം ക്വാളിറ്റി തന്നെയെന്ന് വ്യക്തം. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിന്റെ അടുത്ത വലിയ റീലീസുകളിൽ ഒന്നിന്റെ സംവിധായകൻ അറ്റ്ലീ ആണ്. നായിക നയൻതാര.വില്ലൻ വിജയ് സേതുപതി. സംഗീതം അനിരുദ്ധ്. അതായത് പണി നടക്കണമെങ്കിൽ സൗത്തിന്റെ പോലും സഹായം ചോദിക്കേണ്ടി വരുമെന്ന് എ ആർ റഹ്മാന് നേരെ വരെ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ ഹിന്ദിക്കാർക്ക് പോലും മനസ്സിലായി. ഇത്രയും വലിയ ഒരു വിപ്ലവം ഇന്ത്യൻ സിനിമയിൽ ഇന്ന് നടന്ന് കൊണ്ടിരിക്കുന്നു.
അപ്പോഴാണ് മോഹൻലാലിനെ പോലൊരു സൂപ്പർസ്റ്റാർ ടെക്നീഷ്യൻസിന് ഒരു പഞ്ഞവുമില്ലാത്ത കേരളത്തിൽ ഇരുന്ന്കൊണ്ട് ആര്ടിസ്റ്റിക് ആയി യാതൊരു മേന്മയുമില്ലാത്ത സംവിധായകർക്കും എഴുത്തുകാർക്കും മാത്രം നിരന്തരം ഡേറ്റ് കൊടുക്കുന്നത്. പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഒരു ഫേസ്ബുക് സുഹൃത്ത് പറഞ്ഞത് ബേസിൽ ജോസഫും മിഥുൻ മാനുവൽ തോമസും അടക്കമുള്ള സംവിധായകർ പൂർത്തിയായ സ്ക്രിപ്റ്റുമായി മോഹൻലാലിനെ കത്തിരിക്കുകയാണ് എന്നാണ്. പക്ഷേ മോഹൻലാലിനെ ഒന്ന് കാണാൻ പോലും അസൂയാവഹമായ ട്രാക്ക് റെക്കോര്ഡ് സ്വന്തം പേരിലുള്ള ഈ സംവിധായകർക്ക് കഴിയുന്നില്ല എന്നാണ് പ്രസ്തുത സുഹൃത്ത് നേരിട്ടറിഞ്ഞ വിവരം.
സൽമാൻ ഖാന്റെ ഗോഡ്ഫാദറിനെ ആ പടത്തിന്റെ പകുതി ചെലവ് പോലുമില്ലാത്ത കന്താര മലർത്തിയടിക്കുന്നതിന് ഇന്ത്യ മുഴുവൻ സാക്ഷ്യം വഹിക്കുകയാണ്. അപ്പോഴാണ് മോഹൻലാൽ എന്ന, രാജ്യം കണ്ട ഏറ്റവും മികച്ച നടൻ സാധ്യതകളുടെ ഒരു വൻകടലിന് നേരെ കണ്ണടയ്ക്കുന്നത്. ഷാറൂഖിനെ വെച്ച് സിനിമ ചെയ്യാൻ ആളുകൾ തിക്കിത്തിരക്കുന്ന അവസ്ഥയൊന്നും ബോളിവുഡിൽ ഇല്ല. കാരണം അയാളേക്കാൾ മികച്ച നടന്മാർ അവിടെയുണ്ട്. ഷാറൂഖ് ഇല്ലാതെയും ഒരു ബ്ലോക്ബസ്റ്റർ ഉണ്ടാക്കാനൊക്കെ അവർക്ക് കഴിയും.
എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി. മോഹൻലാലിനെക്കാൾ വലിയ ഒരു റെവന്യൂ ജെനറേറ്റർ മലയാള സിനിമയിൽ വേറെ ഇല്ല. അത് രാജാവിന്റെ മകന്റെ കാലം മുതൽക്കേ അങ്ങനെയാണ്. കഴിവുള്ള അണിയറപ്രവർത്തകരുടെ ബാഹുല്യം കണ്ട് ഞെട്ടി ഇവിടെയുള്ള നടന്മാർ അവർക്ക് വേണ്ടി സ്വയം മോഡിഫൈ ചെയ്ത് അപ്ഡേറ്റഡ് ആയി നിൽക്കാൻ ശ്രമിക്കുന്ന കാലത്താണ് മോഹൻലാലിന്റെ ഈ തണുപ്പൻ നയം.
ഒന്ന് മനസ്സുവെച്ചാൽ മോഹൻലാലിന് മൊണെറ്ററി ബെനിഫിറ്റ് ഈസി ആയി ഉണ്ടാക്കാവുന്നതേയുള്ളൂ എന്നതാണ് സത്യം. കഴിവുള്ള ഡയറക്റ്റർമാർക്ക് ഡേറ്റ് കൊടുക്കുക. ആശിർവാദ് തന്നെ നിർമാണവും ഏറ്റെടുക്കുക. നാളെ ദിലീഷ് പോത്തൻ-മോഹൻലാൽ-ആശിർവാദ് സിനിമാസ് എന്നോ ഖാലിദ് റഹ്മാൻ-മോഹൻലാൽ-ആശിർവാദ് എന്നോ ഒരു പ്രഖ്യാപനം ഉണ്ടായാലുള്ള ഇമ്പാക്റ്റ് എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ആക്‌സസിബിലിറ്റി ആണ് പ്രശ്നം എന്നാണ് മോഹൻലാലിന്റെ അടുത്ത് കഥ പറയാൻ ചെന്ന അനുഭവത്തെ പറ്റി ചോദിച്ചപ്പോൾ സിബി മലയിൽ പറഞ്ഞത്. ആ ബ്ലോക്ക് മാറണം. അങ്ങനെ സംഭവിക്കട്ടെ. എന്ന് മോഹൻലാൽ-ലിജോ പടത്തിനായി കാത്തിരിക്കുന്ന ഒരു കട്ട ലാലേട്ടന് ഫാൻ.
ബിത്വ മോൺസ്റ്റർ കണ്ടില്ല.