Theju P Thankachan
കുറച്ചു നാൾ മുൻപ് തംസ് അപ്പ് ഒരു പരസ്യമിറക്കിയിരുന്നു. കിടിലൻ ഒരെണ്ണം. ഷാറൂഖ് ഖാൻ ആണ് ആ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. മുടി നീട്ടിവളർത്തി, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളിൽ നിന്നും നിരങ്ങി നീങ്ങിയും അവിശ്വസനീയമായ മെയ്വഴക്കത്തോടെ ആ അമ്പത്താറുകാരൻ തകർത്താടുകയാണ്.ശീതളപാനീയത്തിന്റെ റീച്ച് കൂട്ടാൻ വേണ്ടിയാണോ അതോ കിംഗ് ഖാന്റെ തിരിച്ചു വരവിന് കളമൊരുക്കാൻ ആണോ പരസ്യമെടുത്തതെന്ന് തോന്നിപ്പോകുന്ന വിധത്തിലുള്ള ചിത്രീകരണം.! അത്രയും ടെക്നിക്കലി പെർഫെക്റ്റ്. അവസാനം ഒരു ഗോഗിൾസും വെച്ച് ഇന്ത്യയിൽ മറ്റൊരു നടനും അവകാശപ്പെടാൻ ഇല്ലാത്ത അത്രയും സ്വഗോടെ,കയ്യിലൊരു തോക്കുമായി എസ് ആർ കെ നടന്നടുക്കുന്നത് കാണുമ്പോൾ തീയേറ്ററിലൊരാരാധിക കണ്ണ് നിറഞ്ഞിരുന്നു കയ്യടിക്കുന്നുണ്ട്.
പ്രിയനടൻ തിമിർത്താടുന്നത് കാണുമ്പോൾ കരഞ്ഞു പോകണമെങ്കിൽ അയാൾ എത്രയധികം ഇവിടെയുള്ള മനുഷ്യരെ സ്വാധീനിച്ചിരിക്കണം..എന്തുമാത്രം നമ്മളയാളെ സ്നേഹിച്ചിരിക്കണം. റൊമാന്റിക് നായകനിൽ നിന്ന് ആക്ഷൻ ഹീറോയിലേക്ക് ഷാറൂഖിനെ മോചിപ്പിച്ച പരസ്യചിത്ര സംവിധായകന് നൂറ് നന്ദി.മരംചുറ്റി പ്രേമിക്കുന്നതിനിടയിൽ ഷാറൂഖിലെ ഫൈറ്ററെ ഇവിടെയുള്ള സംവിധായകർ ഉപയോഗിക്കാൻ മറന്ന് പോയിരുന്നു. രണ്ടായിരത്തിന് ശേഷം ആകെ പറയാനുണ്ടായിരുന്നത് ഒരു മേ ഹൂ നാ മാത്രം. ആ പടത്തിലും പക്ഷേ വില്ലന്‍ ഉള്ള അത്രയും ചടുലമായ ആക്ഷൻ സീക്വൻസ് ഷാറൂഖിന് ലഭിച്ചിരുന്നില്ല. പോരാത്തതിന് അത് റൊമാൻസിനും ഫാമിലി ഇമോഷനും പ്രാധാന്യമുള്ള ചിത്രവും. പിന്നെ പറയാനുള്ള ഒരേയൊരു പരിപൂർണ്ണ ആക്ഷൻ പാക്കേജ് പടം രണ്ടായിരത്തി ഒന്‍പതിൽ പുറത്ത് വന്ന ഡോൺ ആയിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും സെക്സിയസ്റ്റ് ഗ്യാങ്സ്റ്റർ സിനിമ. ആക്ഷന്‍ യോജിച്ച തരത്തിലുള്ള ഒരു കോൾഡ് ബ്ലഡഡ് ക്രിമിനൽ നായക കഥാപാത്രം.ആ സിനിമയിൽ ഷാറൂഖ് ചെയ്തു ഫലിപ്പിച്ച നാല് അത്യുഗ്രൻ ആക്ഷൻ സീക്വന്‍സുകൾ ഉണ്ട്. ഇൻട്രോയിലും ക്ലൈമാക്സിലും പിന്നെ പടം അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് അർജുൻ രാംപാലുമായിട്ടുള്ള ഒരു ഫൈറ്റും ഇന്റർവെലിന് മുൻപ് ദീപികയുമായിട്ടുള്ള ഒരെണ്ണവും. എത്ര നാളാണ് ഒരതുല്യ നടനെ,സംഘട്ടന രംഗങ്ങളിൽ അയാൾക്ക് കൊണ്ടുവരാൻ സാധിക്കുന്ന അനുപമമായ മികവിനെ,സംവിധായകർ ഉപയോഗിക്കാതെ വിട്ടുകളഞ്ഞത് എന്ന് ഓരോ തവണ ഡോൺ കാണുമ്പോഴും തോന്നും.
ഇന്നിപ്പോ പത്താൻ ട്രയ്ലർ പുറത്തിറങ്ങിയിട്ടുണ്ട്. പറയത്തക്ക മികവോ കാണുന്നവരെ ത്രസിപ്പിക്കുന്നതായ ഒന്നും തന്നെയുമില്ല അതിൽ.എങ്കിലും ഷാറൂഖ് അക്ഷൻ ചെയ്യുന്നത് കാണാൻ വല്ലാത്ത കൊതി. സിനിമ ആവറേജ് ആയാൽ പോലും സ്ക്രീനിൽ അയാൾ അടി കൂടുന്നത് കാണാൻ തീരാത്ത ആഗ്രഹം.! തംസ് അപ്പിലെ പരസ്യത്തിലെ പോലെ ഷാറൂഖ് സ്വാഗ് കണ്ട് കരയാൻ ഇവിടെ ഞാനടക്കമുള്ള വലിയൊരു ആരാധവൃന്ദം കാത്തിരിക്കുന്നുണ്ട്. കാരണം അയാൾ ഞങ്ങൾക്ക് വെറുമൊരു നടനും സൂപ്പർസ്റ്റാറും മാത്രമല്ല.. കരയുന്ന ഞങ്ങളെപോലുള്ളവരെ “ലോലർ” എന്ന് വിളിക്കുന്നവരുടെ മുൻപിൽ തലയുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുന്ന പ്രതിഭാസം കൂടിയാണ്.!