Theju P Thankachan

തീർത്തും സാധാരണ സാഹചര്യങ്ങളിൽനിന്ന് പോലും സന്തോഷവും ഉല്ലാസവും കണ്ടെത്താൻ മനസ്സിനെ പ്രേരിപ്പിക്കുന്ന വികാരമാണ് പ്രണയം. ഒരു സവിശേഷാവസ്ഥയാണ് അത്. അത് കൊണ്ടാണ് പ്രണയിതാക്കൾക്ക് പരസ്‌രപമുള്ള ഇഷ്ടം എത്ര പറഞ്ഞാലും മതിവരാത്തതും എപ്പോഴും തമ്മിൽ കണ്ടുകൊണ്ടിരിക്കാനും തോന്നുന്നത്. പ്രണയകാലത്ത് നിങ്ങളുടെ മനസ്സൊരിക്കലും നിശ്ചലമല്ല;അത് മറ്റേയാളുമായി നിരന്തരം വിശേഷം പങ്കുവെച്ചുകൊണ്ടിരിക്കും..

ഉറക്കത്തിൽ പോലും ഉള്ളം നിത്യോന്മേഷത്തിൽ തന്നെ. ഈയൊരു പ്രഭയെയാണ് വിരഹം കെടുത്തിക്കളയുന്നത്. ഇനിയൊരു ജ്വലനത്തിനോ പ്രകാശനത്തിനോ സാധ്യതയില്ലാത്തവിധം ഉള്ളിലെ തീയ്ക്ക് മണ്ണിട്ടുകളയുന്നു, വേർപിരിഞ്ഞ പ്രണയിതാക്കളുടെ മനം. നിരഞ്ജനെന്ന പ്രണയപ്പെയ്ത്തിൽ നനഞ്ഞ് തളിർത്ത് പൂത്ത അഭിരാമിയെന്ന തരിശ്. ആ പ്രേമവളർച്ചയുടെ ഹൃദയത്തിനാണ് അപ്രതീക്ഷിതമായി വിരഹശരം കൊണ്ട് കുത്തേൽക്കുന്നത്. ആ മുറിവേറ്റ് നീലിച്ച മനസ്സും കരുവാളിച്ച മുഖവുമായാണ് ആമി, മധ്യവേനലവധിയിലേയ്ക്ക് ബസ്സിറങ്ങുന്നത്.

കനത്ത വിരക്തിയും നിരാശയും കണ്ണീരും ചുമക്കുന്ന അഭിരാമിയെ ആണ് ബെത്ലഹേമിലെ ഫാം ഹൗസ്സിലേക്ക്, രവി സ്വീകരിക്കുന്നത്. എന്നാൽ ആമിക്ക് ആഥിത്യമരുളുന്നത് കരയാൻ സ്വാതന്ത്ര്യം ഇല്ലാത്ത, അവളുടെ ചിരി നിർലോഭം പ്രതീക്ഷിക്കുന്ന, അനാഥത്വമെന്ന അവസരത്തെ മുതലാക്കാൻ മുതിരുന്ന വീടും വീട്ടുകാരുമാണ്. ആ വീട്ടിലെ അന്തേവാസിയായി ആ പെണ്കുട്ടി അന്ന് മുതൽ മരണത്തെ കാത്തിരിക്കയാണ്;ഒന്ന് നിരഞ്ജന്റെ..മറ്റേത് തന്റെ തന്നെ. അനേകം ബന്ധുജങ്ങൾ ചുറ്റിനുമുള്ളപ്പോൾ പോലും കഠിനമായ അശരണത്തം അനുഭവിക്കുന്ന ആമി,അത് മറയ്ക്കാൻ ശ്രമിക്കുന്നത് കാലങ്ങൾ ആയി താൻ അണിയുന്ന അത്യാനന്ദപ്രവാഹിണി എന്ന മൂടുപടത്തിലൂടെയാണ്. ആ മുഖംമൂടി അണിയാൻ അവളെ ശീലിപ്പിച്ചതും ആ കൂട്ടുകുടുംബം തന്നെയാണ്.

പക്ഷേ ആ ശീലക്കേടിന്റെ ഫലമായി ആമി ആ മുഖപടത്തെ ഇഷ്ടപ്പെട്ടു തുടങ്ങി.അതവളുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി. ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായി യഥാർത്ഥ അഭിരാമിയെ കണ്ടതും അറിഞ്ഞതും നിരഞ്ജൻ മാത്രമായിരിക്കും. ആ കാമുകൻ കൊലമരത്തിലേക്ക് നടന്ന്കയറുന്നത് കാണാൻ ആണ് അഭിരാമി ജീവിച്ചിരിക്കുന്നത്. എന്നാൽ അത്രയും വലിയ അരക്ഷിതാവസ്ഥയിലും ആമിക്ക് തന്റെ വീട്ട് വിദൂഷക പട്ടം അണിയാതെ നിവൃത്തിയില്ല. കാരണം ബാക്കിയുള്ളവരെ രസിപ്പിക്കുന്ന കുസൃതി കാണിക്കേണ്ടതിന്റെ അധിക ബാധ്യത അവൾക്കുണ്ട്.

സ്വന്തം കുട്ടികളെ അറിയാനോ മനസ്സിലാക്കാനോ മുതിരാത്ത കുടുംബം എന്ന കണ്ണടഞ്ഞ, കണ്ണടച്ച കൂട്ടത്തിന്റെ ക്ലാസിക് ഉദാഹരണം ആണ് ആമിയുടെ വീട്. കൂടെക്കൂടുന്ന ഏതെങ്കിലുമൊരു കസിന് പറയാൻ സാധിക്കുമോ താൻ അഭിരാമിയെ അറിഞ്ഞ നല്ല ഒരു സുഹൃത്ത് ആണെന്ന്.. എന്തിന് വാത്സല്യം വാരിച്ചൊരിയുന്ന കേണൽ മുത്തശ്ശന് അവകാശപ്പെടാൻ കഴിയുമോ ദത്തുപുത്രിയായ തന്റെ പേരമകളുടെ വിഹ്വലതകളെ അറിയാൻ ശ്രമിച്ചിട്ടുണ്ടെന്ന്..കഴിഞ്ഞിട്ടില്ല ഇവർക്കാർക്കും ആമിക്ക് കരയാനുള്ള തോളൊരുക്കാൻ.. ഒരു നിമിഷാർദ്ദം കൊണ്ട് കണ്ണ് തുടച്ച്, മുഖത്തെ പ്രദോഷം മായ്ച്ച്, ഡെന്നീസിന്,മുത്തശ്ശിക്ക്,പെങ്ങന്മാർക്ക് കാണാൻ ഒരു ഞൊടിയിടയിൽ മുഖത്ത് നിറചിരി പലവുരു തൂകിയ, അഭിരാമി എന്ന നിത്യദുഃഖിതയായ നായികയെ അവതരിപ്പിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വേണമെങ്കിൽ മഞ്ജു വാരിയരെ മലയാളസിനിമാലോകത്ത് അടയാളപ്പെടുത്താം. ആളുന്ന പ്രക്ഷുബ്ധതയിൽ നിന്ന് അപാരമായ ശാന്തതയിലേക്ക്,മുഖപ്രസാദത്തിലേയ്ക്ക് കൂടുമാറുന്ന അഭിരാമിക്ക് വഴിപിരിയലിന്റെ തീവ്രവേദനയിൽ ഉഴലുന്ന, ഉഴറുന്ന എല്ലാ പ്രണയിതാക്കളുടെയും മുഖമാണ്.

എന്നാൽ സ്വന്തം വീട്ടുകാർക്ക് ആമി എന്നത് നിർന്നിമേഷയായ ഒരു ചിരിച്ചിത്രം മാത്രമാണ്. അവളിലെ സത്യത്തെ അറിഞ്ഞത് നിരഞ്ജൻ. കരച്ചിലിന് കൂട്ട് നിന്നതും അതിനാൽ മറുപാതിയായി മാറിയതും ഡെന്നിസ്. നിരഞ്ജന്റെ മനസ്സിൽ,അയാളോടൊപ്പം മരിച്ചുപോയ, കോളേജിൽ മാത്രം നിലനിന്നിരുന്ന ഒരഭിരാമിയുണ്ട്. അവൾ അയാൾക്ക് മാത്രം ചിരപരിചിതയായിരുന്നു. ഹ്രസ്വമായ പ്രണയകാലത്തിനുള്ളിൽ നിരഞ്ജൻ അറിഞ്ഞ അഭിരാമി എന്ന പെണ്കുട്ടി ഒരുപക്ഷേ ഡെന്നീസിന് പോലും അന്യയായിരിക്കും. ഇതൊരു പുതിയ പ്രണയം. മറ്റേത് കഴിഞ്ഞുപോയെന്നാലും അമരത്വം പ്രാപിച്ച വേറൊരു പ്രണയം.
രണ്ട് കാമുകന്മാരും വെവ്വേറെ രീതികളിൽ അനുഭവിച്ചറിഞ്ഞ അഭിരാമി.നിത്യകാമിനി.

നിരഞ്ജൻ തഴുകിയ ഉൾമുറിവുകൾ ഇനി ഡെന്നിസിന് സ്വന്തം. കൊണ്ടുനടന്നിരുന്ന, രവിയിൽ നിന്നുപോലും മറച്ചുപിടിച്ചിരുന്ന അയാളുടെ തീരാക്കുരിശുകൾ ഇനി അഭിരാമി ഏറ്റുവാങ്ങി കടപുഴക്കിയെറിയും. ബെത്ലഹേമിലെ തണുപ്പ്പോലെ പ്രണയം അവരിലേക്ക് അടിച്ചുകയറും. വിഷാദത്തിന് വിലക്കുള്ള വീട്ടിൽ നിന്ന് മുക്തയായ ആമി ഇനി സ്വസ്ഥമായി ഇരുന്ന് ചോദ്യങ്ങളെ നേരിടേണ്ടി വരാതെ സ്വതന്ത്രയായി വിലപിക്കും;നിരഞ്ജനെയോർത്ത്.

അവൾ കരഞ്ഞ് തീരാൻ ഡെന്നിസ് കാത്തുനിൽക്കും. വൈകാരികതകളെ അതർഹിക്കുന്ന ബഹുമാനത്തോടെ നേരിടാൻ അനാഥത്വത്തിലൂടെ ശീലിച്ച രണ്ട് പേരെ ഒന്നിപ്പിച്ചു എന്ന ചാരിതാർഥ്യത്തിന്റെ നന്മയും കൊണ്ട് ആമിയുടെ കുടുംബം തിരികെപ്പോകട്ടെ. അഭിരാമിയെ അറിയാൻ, അവളുടെ കഴിഞ്ഞകാലത്തെ അറിയാൻ,ചിരിക്ക് പിറകിൽ അവളൊളിപ്പിച്ച അനേകായിരം ആർത്തനാദങ്ങളെ കേൾക്കാനുള്ള ജനാധിപത്യബോധം ഇനിയുള്ള ഓരോ വരവിലും അല്പാല്പമായി ആ കുടുംബം ആർജ്ജിക്കട്ടെ.

Leave a Reply
You May Also Like

ഒരു സിനിമയ്ക്കുവേണ്ടി രണ്ടുകഥകൾ പറയാനെത്തിയ ലോഹിയുടെ രണ്ടുകഥയും മോഹൻലാൽ എടുത്ത കഥ, അതൊക്കെ ഏതു സിനിമകൾ ആയെന്നു അറിയേണ്ടേ ?

സനൽകുമാർ പദ്മനാഭന്റെ ഒരു കുറിപ്പാണിത്. ഒരുകാലത്തു മോഹൻലാൽ എന്ന നടൻ തിരഞ്ഞെടുക്കുന്ന വേഷങ്ങൾ എത്രമാത്രം ജനപ്രിയമായിരുന്നു.…

വെട്രിമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വിടുതലൈ-ഭാഗം 1’ ZEE5-ൽ റിലീസ് ചെയ്തു

വെട്രിമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വിടുതലൈ-ഭാഗം 1’ ZEE5-ൽ റിലീസ് ചെയ്തു സൂരിയെ നായകനാക്കി…

സാരിയുടുത്തു ഹെവി വര്‍ക്കൗട്ട് ചെയുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

പൊതുവെ സ്ത്രീപുരുഷ ഭേദമന്യേ ജിമ്മിൽ വർക്ഔട്ട് ചെയുന്നത് ടീഷർട്ടും ട്രാക് സ്യൂട്ടും ഒക്കെ അണിഞ്ഞായിരിക്കും. ഒരർത്ഥത്തിൽ…

മനസിന്റെ വന്യവഴികൾ – റോഷാക്ക് – A MUST WATCH MOVIE

മനസ്സിന്റെ വന്യവഴികൾ (റോഷാക്ക് – A MUST WATCH MOVIE) Santhosh Iriveri Parootty നിസാം…