Theju P Thankachan
സപ്പോസ് ഞാൻ കാരണം നാളെ എന്റെ ഒരു കൂട്ടുകാരന്റെ കല്യാണമോ അല്ലെങ്കിൽ പെണ്ണ് കാണലോ മുടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായാൽ ജീവിതത്തിൽ എനിക്ക് മനസ്സമാധാനം കിട്ടില്ല. കുറ്റബോധം അടിച്ച് ചത്ത് പോകും ഞാൻ.
അപ്പോഴാണ് സിനിമയിലെ കഥാപാത്രങ്ങൾ ആണെങ്കിൽ കൂടിയും തല്ലുമാലയിലെ വികാസിന്റെയും വസീമിന്റെയുമൊക്കെ ഒരു മനക്കട്ടി ഓർത്ത് അത്ഭുതം തോന്നുന്നത്. വസീം കാരണം ആണ് സത്യത്തിൽ വികാസിന്റെ പെണ്ണുകാണൽ മുടങ്ങുന്നത്. അതും പോരാഞ്ഞിട്ട് വഴീക്കൂടെ പോണ അടിയും ഭേഷാ കിട്ടി. പൊതുവേ ഉള്ളൊരു സിനിമാ ശീലം വെച്ച് ഈ ഒരു കാരണം പറഞ്ഞു സുഹൃത്തുക്കൾ തമ്മിൽ വഴക്ക് ഉണ്ടാവും എന്നൊക്കെയാണ് പ്രതീക്ഷിച്ചത്. പക്ഷേ ഈ ടീമിന് കല്യാണം ഒന്നും ഒരു വിഷയമേയല്ല. കിട്ടിയ അടി തിരിച്ചു കൊടുക്കുക,തമ്മിൽ തമ്മിലുള്ള വൈബ് നഷ്ടപ്പെടാതെ സൂക്ഷിക്കുക,ഒഴുക്കിനനുസരിച്ചു നീങ്ങുക എന്നതിൽ കവിഞ്ഞുള്ള ഗൗരവം ഒന്നും ഇവർ അഞ്ചുപേർക്കും ഇല്ല.
ഇടികൂടി തുടങ്ങിയത് കൊണ്ടാവണം ഇവരുടെ ഗ്യാങ് അടിപിടി വളരെ പേഴ്സണൽ ആയിട്ടെടുക്കുന്നത്. കണ്ണീക്കണ്ട ഇടത്തൊക്കെ നടക്കുന്ന എല്ലാ ഇടിയിലും കേറി ഇടപെടുന്ന ജംഷിയാണ് ഈ കൂട്ടത്തിലെ ഇടിപ്രേമി. ബാക്കിയുള്ളവർക്ക് അതിപ്പോ നായകൻ വസീമിനാണെങ്കിൽ പോലും അവനവനെ അല്ലെങ്കിൽ സ്വന്തം ഗ്യാങിനെ ബാധിക്കുന്ന ഇടിയിൽ പങ്കെടുക്കണം എന്നേയുള്ളൂ. അന്യോന്യമുള്ള ഈ ഇടിച്ചേർച്ച ഇവരുടെ ഇടയിലുള്ള ബോണ്ടിനെ എത്രമാത്രം ദൃഢപ്പെടുത്തി എന്നുള്ളതിന്റെ തെളിവാണ് കാറിനുള്ളിലെ പ്രതീക്ഷിക്കാതെ കിട്ടിയ ഇടിനേരം.
ആ അൽപ സമയം അവർ ആസ്വദിച്ച് ഇടികൂടുന്നുണ്ട്. വസീമിന്റെ കല്യാണമാണ് അലമ്പുണ്ടാക്കരുത് എന്നുള്ള തലേദിവസത്തെ വാക്ക് ഒക്കെ ഇവർ ക്ഷണനേരം കൊണ്ടു മറന്നു. എന്നിട്ട് റെജിയേയും കൂട്ടരെയും തിരിച്ചടിച്ചിട്ടേ ഇനി കല്യാണം പോലും കഴിക്കുന്നുള്ളൂ എന്ന വികാസിന്റെ വാക്ക് അവർ ഓർത്തെടുത്തു.
വസീം ആകട്ടെ കരിയറിലെ ബെസ്റ്റ് അടിക്ക് തിരഞ്ഞെടുക്കുന്ന വേദി സ്വന്തം കല്യാണപ്പന്തൽ ആണ്. താൻ കാരണം മുടങ്ങിപ്പോയ വികാസിന്റെ വിവാഹാലോചനയ്ക്ക് പകരം സ്വന്തം കല്യാണപ്പുര തന്നെ അടിയാഘോഷത്തിനുള്ള വേദിയാക്കി. മനസ്സ് നിറഞ്ഞ് രാജന്റെ തല തല്ലിപ്പൊളിക്കുന്ന വികാസിനെ കണ്ടപ്പോ വസീമിന് ആശ്വാസം തോന്നിക്കാണണം.
കൂട്ടുകാർക്ക് മറ്റെന്തിനേക്കാളും വിലകല്പിക്കുന്ന നമ്മളിൽ പലർക്കും ഉണ്ടായിരുന്നത് പോലത്തെ ഒരു രസികൻ ഫ്രണ്ട്ഷിപ്. ഗ്യാങിലെ ഓരോരുത്തരുടെയും കയ്യിലിരിപ്പ് കാരണം മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ കിട്ടുന്ന പണി പിന്നീട് അവസരം വരുമ്പോ തിരിച്ചടിച്ച് പ്രശ്നം “കോംപ്ലിമെന്റ്സ്” ആക്കുന്ന ഫ്രണ്ട്ഷിപ്. കിട്ടിയതും കൊണ്ടതുമായ അടി ടാലി ആക്കാൻ മറക്കാത്ത ഫ്രണ്ട്ഷിപ്. കഥയുടെ ഏറ്റവും വലിയ സൗന്ദര്യം എന്ന് പറയുന്നത് സൗഹൃദവികാസത്തിന് വസീമും കൂട്ടരും തുറന്നിടുന്ന സാധ്യതയാണ്. ഒറ്റത്തല്ലിലൂടെ റെജി അവരുടെ സുഹൃത്തായി മാറി. ബീവിയെ തിരിച്ചുവിളിക്കുന്നതിന് കൂടെച്ചെല്ലാൻ മാത്രം അടുപ്പമുണ്ടാകുന്നു അവർ തമ്മിൽ. നാളെ ഇനി ഈ ഗ്യാങിലെ പുതിയ അഡ്മിറ്റ് ചിലപ്പോ ഒമേഗ ബാബു ആയിരിക്കാം. കാരണം അടി തുടങ്ങുന്നതേയുള്ളൂ. കഥാന്ത്യം എന്നൊക്കെ പറയുമ്പോലെ ഇടിഅന്ത്യം എന്താവും എന്ന് അറിയില്ല. ഇടിച്ച് തന്നെ അറിയണം.
തല്ലുമാല പ്രസക്തമാവുന്നത് അതിന്റെ form കാരണം മാത്രമാണ് എന്നൊരു തോന്നൽ പടം തീയേറ്ററിൽ കണ്ടപ്പോൾ തോന്നിയിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സിൽ ഓരോ തവണ കാണുമ്പോഴും അതിലെ തിരക്കഥയുടെ കരുത്ത് കൂടുതലായി ബോധ്യപ്പെട്ടു. സിനിമയുടെ ടെക്സ്ചറിനുള്ള അത്ര തന്നെ പ്രാധാന്യം നമ്മളെയെല്ലാം ഹുക്ക് ചെയ്യുന്നതിൽ തല്ലുമാലയുടെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഉണ്ട്. തല്ലുമാല തല്ലിക്കയറുന്നത് നമ്മിലെ സൗ”ഹൃദയ”ങ്ങളിലേക്കാണ്. തല്ലിജയിക്കുന്നത് പഴഞ്ചൻ സിനിമാരീതികളെയാണ്. തല്ലിത്തോൽപ്പിക്കുന്നത് ഈ വർഷം റിലീസ് ചെയ്ത മറ്റെല്ലാ തീയേറ്റർ അനുഭവങ്ങളും ചേർന്ന് സമ്മാനിച്ച കിക്കിനെയാണ്.
#ലോലലോലലോല