Theju P Thankachan
ആത്മാവിഷ്കാരമെന്ന സത്യസന്ധതയുടെ ന്യായം നിരത്തിയാൽ പോലും മറികടന്ന് ചെല്ലാൻ പാടില്ലാത്ത ടൈപ്പ് ടെറിട്ടറികളുണ്ട് അവതരണരീതിയിൽ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതായത് ചില പാറ്റേണുകൾ പിന്തുടർന്നാൽ മാത്രമേ സാധനം വിറ്റ്പോവൂ എന്ന്..!! ആദ്യമേ വിപണി കീഴടക്കിയ വമ്പന്മാർ വാഴുന്നിടത്ത് ഒരു പുതിയ പ്ലെയർക്ക് സാധ്യതകൾ കുറവാണ് എന്ന്.. മേൽപ്പറഞ്ഞത് എല്ലാം മുഴുവൻ മാർക്കറ്റിനെയും കൈപ്പിടിയിലാക്കിയ,ഇപ്പോൾ കാട് ഭരിച്ചു കൊണ്ടിരിക്കുന്ന പഴയ സിംഹങ്ങൾ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ വാചകങ്ങളാണ്. ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. എല്ലാക്കാലത്തും തരംഗങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ച് പുതിയ ട്രെൻഡുകൾ മാറിമറിഞ്ഞു വരികയും ചെയ്തിരുന്നു. പറഞ്ഞുവന്നത് പക്ഷേ ട്രെൻഡ്സെറ്റേഴ്സിനെ പറ്റിയാണ്. സ്റ്റൈൽ മാറ്റിപ്പിടിക്കുന്നവർ. ആർക്കും പിടികൊടുക്കാത്തവർ.
തല്ലുമാല ഒരു ട്രെൻഡ്സെറ്റർ ആണ്. പേസിങ്ങിലും കഥപറച്ചിലിലും ഈ ടീം പരീക്ഷിച്ച അതിനൂതനതകൾ മുൻമാതൃകകൾ ഇല്ലാത്തതാണ്. അതിലും കൗതുകകരം,സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞതുപോലെ, “നമ്മുക്കൊരിക്കലും പിടിക്കാൻ പറ്റില്ല” എന്ന സംഗതിയാണ്. തല്ലുമാല സെറ്റ് ചെയ്ത ടെക്സ്ച്ചറൽ സൗന്ദര്യം ഇനി എത്ര ചലച്ചിത്രകാരന്മാരെ ആകർഷിക്കുമെന്നും പ്രചോദിപ്പിക്കുമെന്നുമൊക്കെ അറിയാൻ ആകാംക്ഷയുണ്ട്. എത്ര പേർ ട്രെന്റിന് പിറകെ പോയി സിനിമകൾ ചെയ്യും.തല്ലുമാലയിലേത് പോലെ പരീക്ഷണപ്പരിധികൾ ലംഘിക്കാൻ, സ്വതന്ത്രതയുടെ അതിരുകൾ ഭേദിക്കാൻ,നിയന്ത്രണങ്ങൾ കവച്ചുവെച്ച് സിനിമ ചെയ്യാൻ എത്ര പേര് തയ്യാറാവും..ഇറങ്ങിയ അന്നുമുതൽ പടത്തിന് കൈവന്നിരിക്കുന്നത് ഇരുധ്രുവങ്ങളിൽ നിലകൊള്ളുന്ന അഭിപ്രായങ്ങളാണ്. ചിലർക്ക് സിനിമ ഇഷ്ടപ്പെട്ടതേയില്ല. വേറെ പലരും പറഞ്ഞത് മലയാളത്തിൽ ഇതുവരെ കാണാത്തൊരു ഭംഗിക്കൂടുതൽ ഈ സിനിമയ്ക്കുണ്ടെന്നും. ട്രെൻഡിനെ പൊളിച്ച് ട്രെൻഡ് ഉണ്ടാക്കുന്നവർ എല്ലാം കേൾക്കുന്ന അതേ അഭിപ്രായം.
ഓർമ്മവരുന്നത് ഇംതിയാസ് അലിയുടെ “തമാശ” യ്ക്ക് കിട്ടിയ സ്വീകരണമാണ്. ആ സിനിമയെക്കുറിച്ച് ഇന്നും ആളുകൾ ഇരുചേരികളിൽ ആണ്. വിരുദ്ധഭിപ്രായങ്ങൾ ആണ് ഇപ്പോഴും “തമാശ” കണ്ടവർ പറയുന്നത്. നല്ല കാര്യം. തല്ലുമാല യുടെ ഗതിയെന്താവുമെന്ന് അറിയാൻ സമയം കൊടുക്കാം. ഒരേ സമയം ആസ്വദിക്കപ്പെടാനും പരിഹസിക്കപ്പെടാനുമുള്ള യോഗം ഉണ്ടാവുന്നതും രസമാണ്. എന്തായാലും വ്യക്തിപരമായി തമാശയും തല്ലുമാലയും ഫേവറൈറ്റുകൾ ആണ്.
Thallumala gave me that kinda high which Vikram and KGF2, two theatre experiences that worked big time, combined was not able to give! What a freaking treat the movie is!!