Theju P Thankachan
മോണോലോഗുകൾ കൂടുതലായി ഉപയോഗിച്ചാണ് തളത്തിൽ ദിനേശന്റെ പല പ്രശ്നങ്ങളെയും തിരക്കഥാകൃത്ത് കാണികളിലേക്ക് എത്തിക്കുന്നത്. ഇതിന് കാരണം ദിനേശന്റേത് വളരെ പ്രത്യേകതകളുള്ള പാത്രസൃഷ്ടി ആയത് കൊണ്ടാണ്.
സ്ഥിരമായി വീട്ടുകാരാൽ പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നയാളാണ് ഈ കഥയിലെ നായകൻ. കാര്യപ്രാപ്തിയില്ലാത്തവനും കഴിവില്ലാത്തവനും ആണ് താൻ എന്ന് ദിനേശന്റെ അമ്മയും സഹോദരിയും അയാളെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
സ്വന്തം കല്യാണക്കാര്യത്തിൽ പോലും ദിനേശന്റെ അഭിപ്രായങ്ങൾക്ക് തളത്തിൽ ഫാമിലി യാതൊരു പരിഗണനയും കൊടുക്കുന്നില്ല. പ്രൈവസിക്ക് പോലും സ്വന്തവീട്ടിൽ ദിനേശന് അവകാശമില്ല. മദ്ധ്യവയസ്സെത്തിയ മകനെ സ്വതന്ത്രനായി വിടാനോ അവന്റെ താൽപര്യങ്ങളെ കേൾക്കാനോ പോലും ദിനേശന്റെ അമ്മ തയാറാവുന്നില്ല. വർഷങ്ങളായി കുറ്റപ്പെടുത്തലും അവഗണനയും മാത്രം തൊടുത്ത ആ വീട് ദിനേശനിൽ നിന്ന് അവന്റെ അഭിമാനബോധത്തെ കവർന്നെടുക്കുന്നു. അങ്ങനെ അയാളിൽ സെല്ഫ് ഡൗട്ട് ഉടലെടുക്കുന്നു.
സമപ്രയാക്കാരായ ചങ്ങാതിമാരില്ലാത്ത, സ്വന്തം വ്യക്തിത്വത്തിൽ തൃപ്തനല്ലാത്ത, അസ്തിത്വത്തെക്കുറിച്ച് സന്ദേഹമുള്ള ദിനേശൻ എന്ന വ്യക്തി അങ്ങനെ രൂപപ്പെടുന്നു. സ്വന്തം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരുമില്ലാത്ത ദിനേശന് ആകെ ബാക്കിയുള്ളത് സ്വന്തം വിവേചനബുദ്ധിയാണ്. അതാണ് പോസ്റ്റിൽ ആദ്യം സൂചിപ്പിച്ച മോണോലോഗുകൾ ആയി പുറത്ത് വരുന്നത്. പക്ഷേ സെൽഫ് എസ്റ്റീമു് നഷ്ടപ്പെട്ട ഒരാളുടെ അപഗ്രഥനശേഷിക്ക് ന്യൂനതകളുണ്ട്.
അതുകൊണ്ടാണ് സ്വന്തവ്യക്തിത്വമെന്ന സത്യത്തെ മറച്ചുവെച്ച് ഭാര്യയുടെ മുൻപിൽ പൊക്കമുള്ളവനായും വെളുത്ത മോഹൻലാലായുമൊക്കെ മാറാൻ ദിനേശൻ ശ്രമിക്കുന്നത്. കാരണം അവനവന്റെ കാരക്റ്ററിനെയാണ് ആദ്യം ഉൾക്കൊള്ളേണ്ടതും അംഗീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്ന വസ്തുത ദിനേശന് അറിയില്ല. അങ്ങനെ ശീലിക്കാൻ ആ വീടും സമൂഹവും അയാളെ പഠിപ്പിച്ചിട്ടില്ല.
പാരന്റിങിലെ പാളിച്ചകൾ, അപരബഹുമാനം ഇല്ലായ്മ,സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റം, ഡെയ്റ്റിങ്ങിനെ പറ്റി അവബോധമില്ലാത്തത്, ഫ്രീ വില്ലിനെ കുറിച്ച് പൗരന്മാർ ബോധവാന്മാർ ആവാത്തത്, ലിംഗഭേദമന്യേ ഓരോ മനുഷ്യനും ബോഡിലി ഒട്ടോണോമി എക്സർസൈസ് ചെയ്യാത്തത് മൂലമുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ പാട്രിയർക്കലായ സകല കുഴപ്പങ്ങളെയും വടക്കുനോക്കിയന്ത്രം ഒറ്റയടിക്ക് നേരിടുന്നു. ദിനേശന്റെ അടിസ്ഥാന പ്രശ്നത്തെയാണ് പടം അതിന്റെ തുടക്കം മുതൽക്കേ അഡ്രസ്സ് ചെയ്യുന്നത്.
എന്നാൽ വളർന്ന് മരമായിക്കഴിഞ്ഞ അയാളിലെ രോഗത്തെ മാത്രമാണ് പലരും കണ്ടതെന്ന് തോന്നുന്നു. ഉത്ഭവത്തെയും ഗ്രോത്തിനെയും എംഫസൈസ് ചെയ്യാൻ ആണ് പക്ഷേ എഴുത്തുകാരൻ ആഗ്രഹിച്ചത്. സെൽഫ് റെസ്പെക്റ്റ് ഇല്ലാത്ത ദിനേശൻ മറ്റൊരാളെ,അയാളുടെ തീരുമാനങ്ങളെ, അയാളുടെ ഭൂതകാലത്തെ എങ്ങനെ റെസ്പെക്റ്റ് ചെയ്യണമെന്നാണ്. തീവ്രമായ ശോഭേച്ഛ പ്രകടിപ്പിക്കുമ്പോഴും ഭാര്യയിൽ നിന്ന് ദിനേശൻ പ്രതീക്ഷിക്കുന്നത് ഭയഭക്തിബഹുമാനമാണ്.
കാരണം ബഹുമാനത്തെക്കുറിച്ചുള്ള ദിനേശന്റെ കൺസെപ്റ്റ് അത്തരത്തിലുള്ളതാണ്. ആധിപത്യം സ്ഥാപിക്കുന്ന എല്ലാവരോടും ദിനേശന് ഭയം കലർന്ന ബഹുമാനമാണ്. ഈയൊരു സ്നേഹ,ബഹുമാന-തലമേ ഭാര്യാഭർതൃ ബന്ധത്തിലും പാടുള്ളൂ എന്നതാണ് അയാളുടെ തെറ്റിദ്ധാരണ. അനിയനെ പേടിപ്പിക്കാൻ ശ്രമിക്കുന്നത് ഭാര്യ തന്നെയും പേടിക്കും എന്ന് കരുതിയിട്ടാണ്. അനിയനെ പാടുന്നതിൽ നിന്ന് ദിനേശൻ വിലക്കുന്നത് എന്തെങ്കിലും ഒരു സ്കിൽസെറ്റ് സ്വന്തമായുള്ള ആണുങ്ങളിലേക്ക് മാത്രമേ പെണ്കുട്ടികൾ ആകൃഷ്ടരാകൂ എന്ന് കരുതുന്നത് മൂലമാണ്.ഇത്തരം ചിന്താഗതിയും വെച്ച് കൊണ്ടു പ്രണയിക്കാൻ തുനിയുന്ന ആണുങ്ങൾ നമ്മുടെയിടയിൽ ഇന്നുമുണ്ട്. ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ നിന്ന് മനസ്സിലാക്കേണ്ടത് ശോഭ ആരുമായും അവിഹിത വേഴ്ചയിൽ ഏർപ്പെടുന്നില്ല എന്ന സത്യം, അത് മാത്രം ദിനേശൻ അംഗീകരിച്ചു എന്നുള്ളതാണ്. അതല്ലാതെ അയാളുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റമൊന്നും വരുന്നില്ല.
കാരണം പാട്രിയാർക്കി രൂപപ്പെടുത്തിയെടുത്ത കാഴ്ചപ്പാടുകൾ ഒറ്റ രാത്രി കൊണ്ട് മാറിപ്പോവില്ല..അതിന് അടിവേരിനെ അറിഞ്ഞുള്ള ചികിത്സ ആവശ്യമാണ്. ഒരു പുരുഷാധിപത്യ സമൂഹം സ്ത്രീകളുടെയെന്ന പോലെ പുരുഷന്മാരുടെ മനസികാരോഗ്യത്തെയും ആക്രമിക്കും എന്ന തിരിച്ചറിവ് ഉണ്ടാവുന്നതും ഒരു കഥയിലൂടെ ആ സത്യത്തെ വിളിച്ചുപറയാനുമൊക്കെ ഒരു ജീനിയസ്സിന് മാത്രമേ സാധിക്കൂ.
പാട്രിയർക്കിയെ ശ്രീനി അടുത്തറിഞ്ഞിട്ടുണ്ട്. കൃത്യമായി മനസ്സിലാക്കിയിട്ടുമുണ്ട്.അതുകൊണ്ട് എവിടെ കൊള്ളിച്ചെഴുതണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തതയുണ്ട്. മാനുഷികവികാരങ്ങളെ പറ്റി എഴുതപ്പെട്ടിട്ടുള്ളതും പറയപ്പെട്ടിട്ടുള്ളതുമായ ഒരുപാട് വാചകങ്ങൾ ഈ ലോകത്തുണ്ട്. എന്നാൽ അതിലേറ്റം മഹത്തരമായത് പരസ്പര ബഹുമാനത്തെക്കുറിച്ചുള്ളതാണ്. അതിപ്രകാരമാണ് : ഗിവ് റെസ്പെക്റ്റ് ആൻഡ് ടെയ്ക് റെസ്പെക്റ്റ്.സ്നേഹമല്ല ബഹുമാനമാണ് വലുത്. ശ്രീനിവാസന് അത് നന്നായറിയാം.