Theju P Thankachan
ഒരു മിസ്കോൾ കാരണമാണ് കാർത്തിക്കും ജെസ്സിയും തമ്മിൽ പിരിഞ്ഞതെന്നത് ഒരു സത്യമാണ്. ആ മിസ്കോളിന് പക്ഷേ പ്രണയത്തിന്റെ പൊന്നുംവിലയുള്ളത് കൊണ്ടാണ് കാർത്തിക് അത് എടുക്കാതിരുന്നത്. അങ്ങേത്തലയ്ക്കൽ കാർത്തിക്കിനെ കാത്തിരുന്നത് അയാളുടെ ജീവനായിരുന്ന പ്രേമഭാജനം ജെസ്സി. ഇപ്പുറത്ത് അയാളെ പിടിച്ചുനിർത്തിയത് അയാളുടെ ഏറ്റവും വലിയ പ്രതീക്ഷയായ, അയാളെ ജീവനോടെയിരുത്തുന്ന,ജീവനില്ലാത്ത അയാളുടെ പാഷൻ;സിനിമ.
പ്രണയം എന്നും പാഷനേറ്റായ മനുഷ്യരുടെ, പ്രത്യേകിച്ച് സിനിമാക്കാരുടെ, ഉയിരെടുത്ത ചരിത്രമേയുള്ളൂ.സിനിമയെ വർഷങ്ങളോളം മനസ്സിലിട്ട് താലോചിച്ച്,പരിപാലിച്ച്, പ്രണയിച്ച് വളർത്തിക്കൊണ്ട് വരുന്നതിന്റെ ഇടയിൽ എപ്പോഴോ അവരെ തേടി ജെസ്സിയെ പോലുള്ള പ്രേമശാപങ്ങളോ പ്രേമശല്യങ്ങളോ കയറി വരും. സിനിമയോടുണ്ടായിരുന്ന പത്ത് വർഷത്തെ പ്രണയായുസ്സിന്റെ തീവ്രതയും പരപ്പുമൊക്കെ ചിലപ്പോ വെറും മുപ്പതോ നാല്പ്പതോ ദിവസം കൊണ്ട് ഒരു പെണ്കുട്ടിയോട് തോന്നും. അത്രയ്ക്കുണ്ട് പ്രണയത്തിന്റെ ശക്തി.
സിനിമാകുതുകികൾ ആശ്ചര്യപ്പെട്ട് പോകും ഹ്രസ്വകാലം കൊണ്ട് ജെസ്സിമാരോട് തങ്ങൾക്ക് തോന്നിയ അടുപ്പത്തെക്കുറിച്ചോർത്ത്. എന്നാൽ വഴി തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടം വരും, സിനിമയെ ഉപാസിക്കുന്ന കാർത്തിക്മാർക്കും അവരെ പ്രേമിക്കുന്ന പാവം ജെസ്സിമാർക്കും. പെൺകുട്ടികൾ കുറേ കൂടെ പ്രാക്റ്റിക്കൽ ആണെന്ന് തോന്നും ഇത്തരം സാഹചര്യങ്ങളെ അവർ ഡീൽ ചെയ്യുന്നത് കാണുമ്പോൾ. കാരണം ഈ നശിച്ച പുരുഷാധിഷ്ഠിത സമൂഹത്തിൽ നിന്ന്കൊണ്ട് പാഷൻ പെർസ്യൂ ചെയ്യാൻ അവർക്ക് പലപ്പോഴും കഴിയാതെ പോകും. കലാപരമായ താല്പര്യം ഉള്ള ഒരുത്തൻ ആണ് കാമുകൻ എങ്കിൽ പറയുകയും വേണ്ട.
അതുകൊണ്ട് വേദനയോടെയാണെങ്കിലും അവർ കൂടുതൽ കൺവീനിയന്റ് ആയ മറ്റൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരും. കരഞ്ഞ് തളർന്ന് കാർത്തിക്കിനെ പോലുള്ള സംവിധാന,രചനാ മോഹികൾ ശ്വാസം കഴിക്കാൻ സിനിമയിലേക്ക് തന്നെ തിരികെ പോകും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തങ്ങളെ സ്നേഹിക്കുന്ന സിനിമയിലേക്ക് അവർ വീണ്ടും ചെന്ന്ചേരും. സിനിമയോ പ്രണയമോ എന്ന കാര്യത്തിൽ ആണുങ്ങൾക്ക് പലപ്പോഴും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം വരാറുണ്ടെന്ന് തോന്നാറില്ല.ഓരോ തവണയും സിനിമ അവരുടെ പ്രയോറിറ്റിയെ ടോപ്പ് ചെയ്തുകൊണ്ടിരിക്കും. കാരണം സിനിമയെന്നാൽ അവസാനിക്കാത്ത സ്വാതന്ത്ര്യമാണ്.
സിനിമാമോഹികളായ മിക്ക ആണുങ്ങളും ആത്യന്തികമായി സ്വാതന്ത്ര്യപ്രേമികളാണ്. എന്നാൽ അത്ര തന്നെ താല്പര്യവും ഇഷ്ടവും പരിഗണനയും അവർക്ക് തങ്ങളുടെ കാമുകിമാരോടുമുണ്ട്. നിന്നേക്കാളും ഇഷ്ടം എനിക്ക് എന്നും സിനിമയോടായിരിക്കും എന്ന് പ്രണയിനിമാരോട് പറഞ്ഞിട്ടുള്ള എത്രയോ പയ്യന്മാരുണ്ട്. ആ പറച്ചിലിന്റെ അകത്ത് പ്രേമസ്വാതന്ത്ര്യത്തിൽ നിന്നുയരുന്ന ജനാധിപത്യബോധത്തിന്റേതായ സത്യസന്ധമായൊരു സൗന്ദര്യമുണ്ട്.
സിനിമയോട് കാണിക്കുന്ന അതേ കമ്മിറ്റ്മെന്റ് ഇത്തരക്കാരുടെ പ്രണയത്തിലും പ്രതിഫലിക്കും. പ്രണയവും പാഷനും അത്രെയേറെ ഇഴചേർന്നതാണ്. എന്നാൽ കല ഒരാളുടെ,ഒരണിന്റെ പാഷൻ ആയി മാറുമ്പോൾ അവന് തന്റെ പ്രണയത്തെ കൈയ്യൊഴിയേണ്ടതായി വരും. അത് നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നമാണ്. കാരണം പ്രണയിച്ച് നടന്ന് ഒന്ന് സ്റ്റേബിൾ ആയതിന് ശേഷം കെട്ടാൻ നിർഭാഗ്യവശാൽ പെണ്കുട്ടികളുടെ വീടും സമൂഹവും അവരെ അനുവദിക്കില്ല. എതിർത്ത് നിൽക്കാൻ ശ്രമിച്ചാൽ കുടുംബക്കാരുടെ വക ഗിൽറ്റ് ട്രിപ്പിങ് വേറെ.
ആമ്പിള്ളേർക്ക് പിന്നെ ഉത്തരവാദിത്തത്തിന്റെ സീൻ ഇല്ലാത്തത് കൊണ്ട് അവർ റിബെൽ കളിച്ച് നടക്കും. ചിലപ്പോ സിനിമയെടുക്കും. അപ്പോഴും തൊട്ടടുത്ത് ഉണ്ടായിട്ടും കാമുകിയെ ഒന്ന് കൈനീട്ടി വിളിച്ച് വാടീ നമുക്ക് കല്യാണം കഴിക്കാം എന്ന് പറയാൻ പറ്റിയില്ലല്ലോ എന്നോർത്തുള്ള സങ്കടം ഉള്ളിലിങ്ങനെ കല്ലിച്ച് കിടക്കും. ആ പെങ്കൊച്ചിനെ, ആഴമുള്ള പ്രണയത്തിനെ അവർ തങ്ങളുടെ സിനിമയിലെ കഥാപാത്രമാക്കും. അത്രയേ വിധിയുള്ളൂ എന്നോർത്ത് നെടുവീർപ്പിടും.
സുഖമുള്ളതെങ്കിലും ഈ നശിച്ച സിനിമാപ്രാന്ത് ഇല്ലായിരുന്നെങ്കിൽ എനിക്കവളെ കിട്ടുമായിരുന്നല്ലോ എന്നോർത്ത് ആരെയെന്നില്ലാതെ പ്രാകും. തൊട്ടടുത്ത നിമിഷം അയ്യോ സിനിമയില്ലെങ്കിൽ ഞാനില്ലല്ലോ എന്റെ ഉള്ളില്ലല്ലോ എന്നിലെ വിരുത് തെളിയിക്കാനുള്ള മാർഗ്ഗമില്ലല്ലോ എന്ന് ആശങ്കപ്പെട്ട് അടുത്ത സ്ക്രിപ്റ്റിനുള്ള വട്ടം കൂട്ടും. സിനിമാക്കാരന്റെ ജീവിതം അവസാനിക്കാത്ത ഡിലെമ്മകളുടേതാണ്.
**