Theju P Thankachan
ആണുങ്ങൾ നന്നാവാൻ അവരെപ്പിടിച്ചു കെട്ടിക്കുന്ന ഒരേർപ്പാട് ഉണ്ട് നാട്ടിൽ. ഉത്തരവാദിത്തം ഇല്ലാത്തവരും എടുത്തുചാട്ടക്കാരുമായ ആണ്മക്കളുടെ തലതിരിവ് നേരെയാക്കി എടുക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി മാതാപിതാക്കൾ ചെയ്യുന്നൊരു പരിപാടി.കാര്യഗൗരവം ഉള്ളവരായിരിക്കും മിക്ക പെണ്‍കുട്ടികളും എന്ന ലോകമലയാളി പൊതുബോധം കാരണം ആണ് തന്തതള്ളമാർ സ്വന്തം ആണ്മക്കളെ ഏതെങ്കിലും ഒരു പെണ്ണിന്റെ ഉത്തരവാദിത്തം ആക്കിമാറ്റുന്നത്.
“വീണ്ടും ചില വീട്ടുകാര്യങ്ങളി”ലെ തലതെറിച്ച സന്താനമായ റോയിയെ കെട്ടാൻ ചക്രവർത്തിനിമാരുടെ മക്കളെ പ്രതീക്ഷിച്ചിരിക്കുന്നുണ്ട് അയാളുടെ അമ്മ. ഒരു യോഗ്യതയും ഇല്ലാത്ത സ്വന്തം മകന് എല്ലാം തികഞ്ഞ ഒരു പെണ്ണിനെ അന്വേഷിക്കുന്ന മലയാളി പാരന്റിങിലെ കുഴപ്പം. പോസ്റ്റിൽ ആദ്യം സൂചിപ്പിച്ച പോലൊരു ആൺചെറുക്കൻ ആണ് ഈ കഥയിലെ നായകൻ. ആ കഥാപാത്രം നേരെയാവുന്ന പ്രക്രിയയാണ് ഈ പടത്തിന്റെ കാതൽ.
പക്ഷേ നായകനായ റോയിയുടെ ഉള്ളിലുള്ളത് നന്നാവണം എന്ന ആഗ്രഹമല്ല. ജോലി ചെയ്ത് ജീവിക്കണം എന്ന തോന്നൽ പോലും അയാൾക്കുണ്ടാവുന്നത് പിന്നീടാണ്. റോയിയുടെ ഉള്ള് നിറയെ ഭാവനയാണ്. ആ പെൺകുട്ടിയോടുള്ള അടങ്ങാത്ത പ്രണയമാണ്. കിട്ടുന്ന സമയം മുഴുവൻ ഭാവനയുമായി ചിലവഴിക്കണം എന്ന ആഗ്രഹം മാത്രം ഉള്ളിലുള്ള ഒരു പാവം ടിപ്പിക്കൽ കാമുകൻ;പാവം എന്നുദ്ദേശിച്ചത് അയാളിലെ കാമുകനെയാണ് അല്ലാതെ റോയി എന്ന വ്യക്തിയെ അല്ല. കല്യാണം എന്ന ആണിനെ നന്നാക്കിയെടുക്കൽ പരിപാടിയിലെ അപകടം റോയി-ഭാവന റിലേഷനിൽ ഇല്ല. കാരണം വിവാഹം എന്ന തീരുമാനത്തിൽ എത്തുന്നതിന് മുൻപേ തന്നെ പ്രണയം റോയിച്ചനിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിരുന്നു.
ജീവിതത്തിലിന്നേവരെ ഒരു ബുദ്ധിമുട്ട് അറിയാൻ നിങ്ങളെന്നെ അനുവദിച്ചിട്ടുണ്ടോ എന്ന് അപ്പന്റെ മുഖത്ത് നോക്കി റോയി ചോദിക്കാൻ തുനിയുന്നതിന് കാരണം അയാളുടെയുള്ളിലെ പ്രണയമാണ്.തന്നെപ്പോലെ ഉത്തരവാദിത്തങ്ങൾ ഇല്ലാത്ത ഒരാളല്ല ഞാൻ എന്ന ഭാവനയുടെ ഒട്ടും സുഖകരമല്ലാത്ത പരാമർശം പോലും റോയിയിലെ കാമുക ഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. കാരക്ടറും,തന്റേടവും, കാഴ്ച്ചപ്പാടും ഉള്ളൊരു പെണ്ണിനെ പരിചയപ്പെട്ട് കഴിയുമ്പോൾ തോന്നുന്ന, ആദരവും അത്ഭുതവുമെല്ലാം കൂടിച്ചേർന്ന, തനിക്കും ഇതെല്ലാം സ്വായത്തമാക്കണം എന്നുള്ള ആഗ്രഹം കൂടി ഇടകലർന്ന അതിസുന്ദരമായൊരു പ്രണയം; ഒരു വ്യക്തിത്വവുമില്ലാത്ത റോയിക്ക് ഭാവനയോട് തോന്നുന്ന പ്രണയം.
ഉടുത്ത് മാറാൻ തുണിയൊന്നും എടുത്തില്ലല്ലോ എന്ന് ആശങ്കാകുലനാകുന്ന റോയിയുടെ നേരെ പുത്തൻ വസ്ത്രങ്ങൾ എടുത്ത് നീട്ടുന്ന ഭാവനയുടെ ദീർഘവീക്ഷണം കണ്ട് അയാൾ ഞെട്ടുന്നുണ്ട്. തനിക്കില്ലാതെ പോയല്ലോ ഈ കാര്യക്ഷമത എന്നോർത്ത് റോയി ചൂളുന്നുണ്ട്. ഈ സംഭവത്തിൽ നിന്നാണ് അയാളിലെ അധ്വാനി ഉരുത്തിരിയുന്നത്. അങ്ങനെ പ്രണയം അയാളെ പണിയന്വേഷിക്കാൻ പറഞ്ഞയക്കുകയാണ്. ശ്രദ്ധിക്കണം.. ഭാവന പറഞ്ഞിട്ടല്ല മറിച്ച് സ്വന്തം ആഗ്രഹപ്രകാരമാണ് റോയി ജോലി തേടിയിറങ്ങുന്നത്. പ്രണയം ഉണർത്തിവിടുന്ന റോയിയുടെ ഉള്ളിലെ അടുത്ത വികാരം വാശിയാണ്. ആ വാശി നൽകിയ ധൈര്യത്തിന്റെ ബലത്തിലാണ് തനിക്ക് അവകാശപ്പെട്ട വസ്തു,റോയി തിരികെ അപ്പന് എഴുതിക്കൊടുക്കുന്നത്. ജോലി ചെയ്ത് കുടുംബം പോറ്റാൻ ആവും എന്ന തോന്നൽ അയാളിൽ രൂഢമൂലമായതിന്റെ തെളിവാണത്. ഓർക്കണം.. ഭാവനയുടെ സാനിധ്യമോ സ്വാധീനമോ അല്ല മറിച്ച് പ്രണയം റോയിയെ ശക്തനാക്കിയതിന്റെ സൂചനയാണ് അയാളുടെ വാശി.
സാഹചര്യം കണ്ടറിഞ്ഞ് ഭാവന റോയിയുടെ ഓരം ചേർന്ന് നിൽക്കുന്നത് അയാളുടെ പെങ്ങളുടെ വിവാഹത്തിന്റെ അന്നാണ്. ശ്രദ്ധിക്കണം..അന്ന് മാത്രമാണ് ഭാവന,തന്റെ ഭർത്താവിന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടുന്നത്. അത് തകർന്നു നിൽക്കുന്ന തന്റെ പങ്കാളിയോടുള്ള ആ പെണ്‍കുട്ടിയുടെ സ്നേഹത്തിന്റെ ആഴവും സത്യസന്ധതയും ആത്മാർത്ഥതയും വെളിവാക്കുന്നു. “ആത്മാവിലെരിയുന്ന തീയണയ്ക്കൂ” എന്നും “ആരുമില്ലാത്തവർക്ക് അഭയം നൽകും കരുണ്യമെന്നിൽ ചൊരിയേണമേ” എന്നെല്ലാം പാടുന്നത് റോയിയുടെ തന്നെ മനസ്സാണ്. ഉള്ളിലെ സങ്കടങ്ങളെയും അരക്ഷിതബോധത്തെയുമെല്ലാം മറികടക്കാൻ അയാളെ സഹായിക്കുന്നത് ഭാവനയോട് തോന്നിയ പ്രണയമാണ്. ലോഹിതദാസ് എഴുതിയതിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന സ്ത്രീ കഥാപാത്രം. കാരണം ഭാവനയെ കല്യാണം കഴിക്കുന്നതിന്റെ അന്ന് പോലും തുടർന്ന് എങ്ങനെ ജീവിക്കണം എന്ന കാര്യത്തിൽ റോയിക്ക് വ്യക്തതയുണ്ടായിരുന്നില്ല. ദിശാബോധവും കാഴ്ചപ്പാടുമെല്ലാം അയാളിൽ സ്വയം രൂപപ്പെടുന്നതാണ്. അതൊന്നും ഭാവനയുടെ സംഭാവനയല്ല.
തറവാട്ട് മുറ്റത്ത് വെച്ച് തന്നെ അവഹേളിച്ചതിന് സമാധാനം പറയാൻ ആണ് കല്യാണം കഴിഞ്ഞ് റോയിയോട് ഭാവന ആദ്യമായി ആവശ്യപ്പെടുന്നത് പോലും. അത്രയും അഭിമാനബോധമുള്ള ആ പെണ്‍കുട്ടിയുടെ വിൽ പവർ കണ്ടാണ് റോയി ഷോക്ക് ആവുന്നത്. കാമുകിയുടെ ഈ പ്രത്യേകതകൾ കണ്ടാണ് റോയി അവരെ ഇഷ്ടപ്പെട്ടതും. ഭർത്താവിനെ തന്റെ വഴിക്ക് കൊണ്ടുവരാനല്ല മറിച്ച് ഭാവനയുടെ റേഞ്ചിലേക്ക് ഉയരാൻ വേണ്ടിയിട്ടാണ് റോയിയുടെ നിരന്തര പരിശ്രമം. പ്രൊപ്പോസ് ചെയ്യുന്ന റോയിയെ ഭാവന വിശേഷിപ്പിക്കുന്നത് പോലും ഭീരു എന്നും പാവം എന്നുമൊക്കെയാണ്..കൂടാതെ ഈ എടുത്തുചാട്ടത്തോട് സഹതാപം തോന്നുന്നുവെന്നും… ആ തുറന്ന് പറച്ചിൽ കേൾക്കുമ്പോഴാണ് സത്യത്തിൽ റോയിയുടെ പ്രണയം ദൃഢമാവുന്നത് തന്നെ. കാരണം റോയി എന്ന കാശുകാരന്റെ മുഖത്ത് നോക്കി അന്നുവരെ ആരും അയാളൊരു വെറും വാഴയാണെന്നുള്ള സത്യം വിളിച്ചു പറയാൻ മുതിർന്നിരുന്നില്ല… പള്ളിയിലെ പെമ്പിള്ളേരുടെ മുൻപിൽ താനൊരു ഹീറോയാണെന്ന് ധരിച്ചു നടന്നിരുന്ന റോയി വെറുമൊരു പാഴാണെന്നുള്ള കാര്യം ആദ്യം അയാളോട് തുറന്ന് പറയുന്നത് ഭാവനയാണ്. അത്രയും സെൽഫ് അവെയർ ആയൊരു പെണ്‍കുട്ടിയെ ഓരോ തവണ കാണുമ്പോഴും റോയി അത്ഭുതം കൊണ്ട് വിടരുന്നുണ്ട്. പടം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും ഭാവന എതിരെ വരുന്ന ഓരോ തവണയും റോയിയുടെ കണ്ണുകളിലെ തിരയിളക്കം.
വിവാഹത്തിന് മാത്രമേ തന്റെ മകനെ മാറ്റാൻ കഴിയൂ എന്ന കൊച്ചുതോമയുടെ കണക്ക് കൂട്ടൽ തെറ്റായിരുന്നു. എന്തെന്നാൽ സീരിയസ് ആവാൻ റോയിയെ പ്രേരിപ്പിച്ച ഘടകം അയാളുടെ ഉള്ളിലെ പ്രണയമായിരുന്നു. മടിയും പിള്ളകളിയും എല്ലാം മാറ്റി വെച്ച് അയാൾ പ്രണയിക്കാൻ തീരുമാനിച്ചു. നാടകം കഴിഞ്ഞ് ഓട്ടോയിൽ കയറി പോകുന്ന ഭാവനയെ നോക്കി കൈവീശി കാണിക്കുന്ന റോയിയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് കാണാം. ചുരുങ്ങിയ സമയം കൊണ്ട് ജീവിതത്തോട് ഒരു താൽപര്യവും തോന്നാതിരുന്ന ഒരാളെ കരയിച്ചു കളയാൻ സാധിച്ചെങ്കിൽ ആ പ്രണയം എത്ര ഉദാത്തവും തീവ്രവും ആഴമേറിയതുമായിരിക്കണം.! അതെ… ആളുകളെ നവീകരിക്കുന്ന കാര്യത്തിൽ പ്രണയത്തിന്റെയത്ര ശക്തി മറ്റൊരു വികാരത്തിനുമില്ല.!