Theju P Thankachan
കഥകൾ ഉരുത്തിരിയുന്നത് എങ്ങനെയെന്ന ആലോചന കുറെയേറെ നാളുകളായി കൂടെയുണ്ട്. വായനയിലൂടെ കഥ ജനിക്കുമെന്ന് പറഞ്ഞു പലരും. അനുഭവങ്ങൾ കഥകളെ ഉരുവാക്കുമെന്നും കേട്ടിട്ടുണ്ട്. ഈ പ്രക്രിയയെ കൂടുതൽ മനസ്സിലാക്കാൻ വേണ്ടിയാണ് എഴുത്തുകാരെ കേൾക്കാൻ തുടങ്ങിയത്. പലരും അവരെഴുതിയനെ പറ്റി പറയുന്നത് കേട്ടു. എന്നാൽ അതിന് പിന്നിലെ വികാരത്തെ കുറിച്ചു പറഞ്ഞു കേട്ടില്ല. പ്രോസസ് എന്താണ് എന്നതായിരുന്നില്ല അന്വേഷിച്ചത്. റീസൺ എന്താണ് എന്നതാണ്.
ആത്മപ്രകാശനം അഥവാ എക്‌സ്പ്രഷൻ എങ്ങനെ ചെയ്യുന്നു എന്നതല്ല അതിന് കാരണമായ ഇമോഷൻ, ആ ഇമോഷനെ എക്‌സ്പ്രസ് ചെയ്യാൻ സഹായിക്കുന്ന ടൂളുകൾ എന്നിവയെ കുറിച്ചായിരുന്നു അന്വേഷണം. അങ്ങനെ തുടങ്ങിയ അന്വേഷണത്തിലാണ് “ചരിത്രം എന്നിലൂടെ”യിലെ ഡെന്നിസ് ജോസഫിൽ എത്തിയത്. വായനയെ പറ്റിയും അത് തനിക്ക് കഥകൾ കൊണ്ടു തന്നതിനെ പറ്റിയുമൊക്കെ അദ്ദേഹം ആ പ്രോഗ്രാമിൽ പറയുന്നുണ്ട്. എങ്കിൽ ഏത് കല്പിത കഥയോ പത്രവാർത്തയോ അല്ലെങ്കിൽ നോൺ ഫിക്ഷനോ വായിച്ചിട്ടായിരിക്കും അദ്ദേഹത്തിന്റെ ഉള്ളിൽ എഫ്.ഐ.ആർ പോലൊരു കഥ മുളപൊട്ടിയത് എന്ന് ആശ്ചര്യപ്പെടാൻ തുടങ്ങി. കാരണം പൊളിറ്റിക്‌സും ക്രൈമും ആധാരമാക്കി അദ്ദേഹമെഴുതിയ മറ്റ് സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു എഫ്.ഐ.ആറിന്റെ കഥാതന്തു.
ലോക്കൽ ബിസിനസ്സ് മാത്രം നടത്തുന്ന ഒരാൾ ഇന്ത്യൻ ആർമിയിലെ ഒരു ഉന്നതനെ ഉപയോഗിച്ചു ആർമിക്ക് വേണ്ടി ഉണ്ടാക്കുന്ന ആയുധങ്ങൾ തീവ്രവാദികൾക്ക് മറിച്ചു വിൽക്കുന്നതും ഇത് സിനിമയിലെ നായകനായ ഒരു ഐ പി.എസ് ഓഫീസർ അറിയുന്നതും തുടർന്ന് വില്ലനെ നശിപ്പിക്കുന്നതുമാണ് കഥ. എന്നാൽ ഈ കഥയിലെ വില്ലനിലേക്ക് നായകൻ എത്തുന്നതും അയാൾ യഥാർത്ഥത്തിൽ ചെയ്യുന്നതെന്ത് എന്ന് കണ്ടെത്താൻ അയാളെ സഹായിക്കുന്ന കുറെ സംഭവങ്ങൾ, അതിലെ യാദൃശ്ചികതകൾ ഒടുക്കം സത്യത്തിന്റെ വലുപ്പത്തിനെ അയാൾ നേരിടുന്നതുമൊക്കെ അസാധാരണ പാടവത്തോടെയാണ് കഥാകൃത്ത് അവതരിപ്പിച്ചിട്ടുള്ളത്. കഥയിൽ കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയവും അവരുടെ ഘടകകക്ഷികൾക്ക് ഭരണത്തലവന്മാരുടെ മേലുള്ള സ്വാധീനവും കുഴൽപ്പണവും അഴിമതിയും അങ്ങനെ ഒരുപാട് വിഷയങ്ങളും ഈ സിനിമ ചർച്ച ചെയ്യുന്നു.
എന്നാൽ ഒരു പ്രേക്ഷകനെന്ന നിലയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആദ്യം പറഞ്ഞ ആംസ് ഡീൽ ആണ്. അതിന് കാരണം വെറും സിനിമാക്കഥ എന്നതിനപുറത്ത് മറ്റൊരു വലിയ തലം, പ്രവചനസ്വഭാവത്തിന്റെയൊരു മനോഹരതലം അതിനുണ്ട് എന്ന് തോന്നിയത് കൊണ്ടാണ്. കോളിളക്കം സൃഷ്ട്ടിച്ച റഫാൽ അഴിമതിയെ കുറിച്ചു എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.. ആ അഴിമതിയുടെ ഏറ്റവും മുഖ്യഭാഗമെന്ന് പറയുന്നത് നൂറ്റി ഇരുപത്തിയാറ് പോർവിമാനങ്ങൾ വാങ്ങിക്കാൻ വേണ്ടി രണ്ടായിരത്തി പന്ത്രണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന യു.പി.എ സർക്കാർ ഫ്രഞ്ച് ഗവണ്മെന്റുമായി ഉണ്ടാക്കിയ കരാറിലെ വിമാനങ്ങളുടെ എണ്ണം രണ്ട് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാർ വെട്ടി മുപ്പത്തിയാറാക്കി എന്നുള്ളതാണ്.
സേനയുടെ ഉപയോഗത്തിന് വേണ്ടി കൊണ്ടു വന്ന ഇന്ത്യൻ ആർമിയുടെ വാഹനത്തിലെ മുഴുവൻ ആധുനിക ആയുധങ്ങളും റ്റി.ആൻഡ് സി (ടെസ്റ്റഡ് ആൻഡ് സർട്ടിഫൈഡ്) ക്ലീയറൻസ് ഉള്ളവയല്ല എന്ന കള്ളം പറഞ്ഞു ആർമിയിലെ അഴിമതിക്കാരനായ ഒരു ഉന്നതോദ്യോഗസ്ഥൻ അവ തിരികെ വാങ്ങുന്നതും തുടർന്ന് മറ്റൊരു ക്രിമിനലിന്റെ സഹായത്തോടെ തീവ്രവാദ ഗ്രൂപ്പുകൾക്ക് അത് മറിച്ചു വിൽക്കാൻ പ്രസ്തുത ഉദ്യോഗസ്ഥൻ ശ്രമിക്കുന്നത് ഒരു പട്ടാളക്കാരൻ അറിയുന്നതും അത് പുറംലോകത്തെ അറിയിക്കാൻ അയാൾ ശ്രമിക്കുന്നതും ആണ് എഫ്.ഐ.ആർ എന്ന സിനിമയുടെ സംഗ്രഹം. റഫാൽ ഡീലിലെ അഴിമതികൾ രണ്ടാണ്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് പോർവിമാനങ്ങളുടെ വില കുറയ്ക്കാതെ എന്നാൽ വിമാനങ്ങളുടെ എണ്ണം യഥാർത്ഥത്തിൽ തന്നെ കുറച്ചു (തൊണ്ണൂറു വിമാനങ്ങൾ ആണ് എണ്ണത്തിൽ വ്യത്യാസം) എന്നതാണ്. ബാക്കി വരുന്ന പണം സർക്കാരിന്റെ കീശയിൽ. ഇനി രണ്ടാമത്തെ അഴിമതി. അതിനെ പറ്റി പറയുന്നതിന് മുൻപായി സിനിമാ തിരക്കഥയിലെ കുറച്ചു കാര്യങ്ങൾ വിശദീകരിക്കാൻ ഉണ്ട്.
സായികുമാറിന്റെ ലാൻസ്നായിക് ശിവറാം ആണ് സേനയ്ക്ക് കിട്ടേണ്ട യഥാർത്ഥ ആയുധങ്ങൾ മറ്റെങ്ങോട്ടോ പോകുന്നുണ്ടെന്നും ഉപയോഗയോഗ്യമല്ലാത്ത, വെടിക്കാത്ത തോക്കുകൾ ആണ് പകരം ആർമിയുടെ കൈവശം എത്തുന്നതെന്നുമുള്ള വസ്തുത ആദ്യം തിരിച്ചറിയുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ പല ഉന്നതരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദി ഹിന്ദു പോലുള്ള സത്യാന്വേഷണ സ്വഭാവം മുറുകെ പിടിക്കുന്ന പത്രങ്ങൾ റഫാൽ അഴിമതി വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു തുടങ്ങി. സംഭവം ചർച്ചയായി. സിനിമയിലെയും യഥാർത്ഥ ലോകത്തിലെയും വിസിൽബ്ലോവേഴ്സിന്റെ റോൾ ശിവറാമിനും രാഷ്ട്രബോധമുള്ള പത്രമാധ്യമങ്ങൾക്കും സ്വന്തം.
റഹീം ഹാജി എന്ന രാഷ്ട്രീയ നേതാവിന്റെ കൊലപാതകം അന്വേഷിക്കാൻ ആണ് കഥാനായകനായ മുഹമ്മദ് സർക്കാർ സിനിമയിലേക്ക് വരുന്നത്. മുന്നോട്ട് പോകുന്ന വഴിയിൽ സംശയം തോന്നുന്ന ഒരു ക്രിസ്ത്യൻ ആശ്രമാന്തേവാസിയായ സ്ത്രീയെ ചോദ്യം ചെയ്യാനുള്ള അനുവാദത്തിന് വേണ്ടിയാണ് സിനിമയിലെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവ് സമ്മാനിക്കുന്ന പൗലോസച്ഛനിലേയ്ക്കും (കരമന) ആ കഥാപാത്രം നടത്തിക്കൊണ്ടു പോകുന്ന ലെയ്ത്തിലേക്കും മുഹമ്മദ് സർക്കാർ എത്തുന്നത്.
കഥയിൽ പൗലോസച്ഛൻ ഒരു നിരപരാധി ആണ്. തന്റെ ലെയ്ത്തിൽ ഉണ്ടാക്കിയെടുക്കുന്നത് വ്യാജ എ. കെ ഫോർട്ടി സെവന് വേണ്ടിയുള്ള കോമ്പണെന്റ് ആണെന്ന് അയാൾ അറിയുന്നില്ല. ഇനി നമുക്ക് അച്ഛനെയും അയാളുടെ നിഷ്കളങ്കതയെയും ഇവിടെ വിടാം. പകരം അയാളെ ഈ ഓർഡർ ഏൽപ്പിക്കുന്ന വില്ലന്റെ ചിന്തയിലേക്ക് പോകാം; അതിലൂടെ റഫാൽ വിഷയത്തിലെ രണ്ടാമത്തെ അഴിമതിയിലേയ്ക്കും.
ഡാസോ ഏവിയേഷൻ എന്ന ഫ്രഞ്ച് കമ്പനിക്ക് ആയിരുന്നു പോർവിമങ്ങളുടെ നിർമ്മാണക്കരാർ. അവരുടെ ടെക്നോളജി ട്രാൻസ്ഫറിലൂടെ ഭാവിയിലെ വിമാന നിർമ്മാണം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ എച്ച്. എ. എല്ലിന് നൽകാനും കരാറിൽ വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ബിജെപി അവരുടെ ഇഷ്ടക്കാരനായ അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് ഡിഫെൻസ് ലിമിറ്റഡ് എന്ന, യുദ്ധവിമാന നിർമ്മാണത്തിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത കമ്പനിക്ക് റഫാൽ വിമങ്ങളുടെ നിർമ്മാണ ചുമതല പതിച്ചു നൽകി..!!
പൗലോസച്ഛൻ ഒരുപക്ഷേ കഥയിലെ വില്ലനായിരുന്നെങ്കിൽ ആ കഥാപാത്രവും അംബാനിയും ആയിട്ടുള്ള സാമ്യം കുറേ കൂടെ എവിഡെന്റ് ആയേനെ. ഒരു ലേയ്ത്തിനെ റിലയൻസ് എന്ന ഭീമനുമായി താരതമ്യം ചെയ്യുകയല്ല. അനിൽ അംബാനി അറിഞ്ഞുകൊണ്ട് ഒരു ക്രൈമിന് കൂട്ടനിൽക്കുന്നു. സിനിമയിലെ പൗലോസച്ഛൻ അത് അറിയാതെയും.
ഒരു ക്രൈം, അതിന്റെ സ്വഭാവം, അതിനെ പൊതുജന സമക്ഷത്ത് കൊണ്ടുവരൽ എന്നിവയൊക്കെ കഴിഞ്ഞു. ഇനി ബാക്കിയുള്ളത് കുറ്റവാളികളും മോട്ടീവുമാണ്.ഗിരിധർ ബറുവ എന്ന ആർമി കമാൻഡർ ആണ് ശിവറാമിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലെ വില്ലൻ. അല്ലെങ്കിൽ അയാളെ മാത്രമേ ശിവറാം കാണുന്നുള്ളൂ. അതിനപ്പുറത്തെ കുറ്റകൃത്യങ്ങളുടെ അതിബൃഹത്തായ ലോകം കാണാൻ അയാൾക്ക് കഴിയുന്നില്ല. എന്നാൽ ഗിരിധറിനെ നിയന്ത്രിക്കുന്ന, ശിവറാമിന് അറിയാത്ത, ഒരു തലവനുണ്ട്. അയാളാണ് എല്ലാത്തിനും പിന്നിൽ.
“ലോകം മുഴുവൻ സൈന്യം സിവിലിയൻ ഭരണം പിടിച്ചടക്കുന്നത് കണ്ട് ഇവിടെയും അങ്ങനെ ഒന്ന് വരണം എന്ന് കരുതിയ ഒരു ഓട്ടോക്രാറ്റ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാന വില്ലൻ. പ്രധാന മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അയാൾക്കും മുകളിൽ നിന്ന് കൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഒരാളെ നമുക്ക് ഓർമ്മയുണ്ടാകും. അയാളാണ് എല്ലാ ചരട് വലികളുടെയും പിന്നിൽ. ഗിരിധർ ബറുവ വെറും പാവ മാത്രമാണ്. കിംഗ്‌മേക്കർ മറ്റൊരാളാണ്. അമിത് ഷാ. ശരിക്കും അയാളാണിന്ന് രാജ്യം ഭരിക്കുന്നത്. പ്രധാന മന്ത്രി, അദ്ദേഹം സ്വയം സ്വയം വിശേഷിപ്പിക്കുന്നത് പോലെ വെറും സേവകൻ മാത്രം.
ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരൻ സമ്മാനിച്ച സാമ്യതകളിൽ ഒരല്പം വ്യത്യാസമുള്ളത് വില്ലന്മാരുടെ പേരുകൾക്ക് മാത്രം. റിയൽ ലൈഫിലെ രണ്ടാം വില്ലനായ പ്രധാന മന്ത്രിയുടെ പേരും സിനിമയിലെ “സിവിലൈസ്ഡ് ബീസ്റ്റ്” ആയ പ്രധാന വില്ലന്റെയും ആദ്യ പേരുകൾ.
നരേന്ദ്ര!!.. ഒന്ന് മോദിയും മറ്റേത് ഷെട്ടിയും. രസകരമായ, തീർത്തും സ്വാഭാവികമായ, കാലം അതീവ വിസ്മയത്തോടെ കണ്ട് നിൽക്കുന്ന ഒരു യാദൃശ്ചികത. ഇതെഴുതി വെച്ച അതികായനെ, ഡെന്നിസ് ജോസഫിനെ ഹൃദയം കൊണ്ട് നമിക്കുന്നു.