പുരുഷന്മാർ എങ്ങനെ ആയിരിക്കണം എന്നതിന് നമ്മുടെ നാട് സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ഒരു ടെംപ്ലെയ്റ്റുണ്ട്. ആ ചട്ടക്കൂടിനകത്ത് നിൽക്കാൻ മടിക്കുന്ന ആണുങ്ങൾക്ക് ഈ സമൂഹത്തിൽ ജീവിച്ചു പോകാൻ വലിയ പാടാണ്. അങ്ങനെ ചെയ്യാത്തവരെ ആളുകൾ ഉപദ്രവിക്കും എന്നൊന്നുമല്ല പറഞ്ഞു വരുന്നത്..പക്ഷേ താങ്ങാൻ പറ്റാവുന്നതിന്റെ അപ്പുറത്തെ ക്യാറ്റ്കോളിംഗാവും അവർ പിന്നെ നേരിടേണ്ടി വരിക.
ശരീരഭാഷയിൽ തുടങ്ങി അവരുടെ വീട്ടുകാരെ വരെ അവഹേളിക്കുന്ന രീതിയിൽ അസഹ്യമായ പരിഹാസം. മറ്റ് വിഷയങ്ങളിൽ ഒന്നും “ട്രിഗേഡ്” ആവാത്ത ആളുകൾ പലരും “ഉശിരൻന്മാരല്ലാത്ത” ആണുങ്ങളെ കണ്ടാൽ സ്വന്തം നില മറന്ന് അവരെ ആക്ഷേപിക്കുന്നതിന് പലതവണ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സാമൂഹികമായ ഈ ഒറ്റപ്പെടുത്തലിന്റെ ഇരയാണ് താനെന്ന് ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് സലിം ഒക്കെ പരസ്യമായി പറഞ്ഞു കഴിഞ്ഞതാണ്.
അത് എങ്ങാനും ഇനി റിയാസിന്റെ ഗെയിം പ്ലാൻ ആണോയെന്ന് ആർക്കും സംശയത്തിനിട നൽകാത്ത വിധത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വീഡിയോസിന് താഴെ വരുന്ന കമന്റ്‌സ്. കൂടാതെ അദ്ദേഹത്തെ കുറിച്ചുള്ള പൊതുജനാഭിപ്രായം രേഖപ്പെടുത്തിയ കേരളജനതയുടെ ഭാഷയും ശ്രദ്ധിക്കുക. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ പോലും അദ്ദേഹം ആക്രമിക്കപ്പെടുന്നുണ്ട്. ആ ഷോയിൽ വന്ന് റിയാസ് പറഞ്ഞത് പലതും പൊതുസമൂഹത്തിന് സ്വീകര്യമല്ലാതാവുന്നതിന്റെ പ്രധാന കാരണം അവർക്ക് റിയാസിന്റെ വ്യക്തിത്വത്തെ അതായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാൻ പറ്റുന്നില്ല എന്നുള്ളതാണ്.
ഇവരുടെ കണ്ണിൽ കൈക്കരുത്തില്ലാത്ത, വാഹനമോടിക്കാൻ അറിയാത്ത, കരയുന്ന, പേടിയുള്ള ആണുങ്ങൾ എല്ലാം ആണത്തമില്ലാത്തവർ ആണ്. ആണുങ്ങൾക്കിടയിൽ തന്നെ ഈ വിവേചനം നേരിടേണ്ടി വരുന്ന ആൺകുട്ടികൾക്ക് സ്വന്തം വീടിനുള്ളിൽ പോലും തങ്ങൾ നേരിടുന്ന ഈ ദൈന്യാവസ്ഥ തുറന്ന് പറയാൻ സാധിക്കാറില്ല. കാരണം തുറന്ന് സംസാരിച്ചു തുടങ്ങുമ്പോഴേക്ക് ഇവരിൽ പലരും അറിയാതെ പിടിവിട്ട് കരഞ്ഞു പോകും.
അപ്പോൾ വീട്ടിനുള്ളിൽ ഇരിക്കുന്നവർ തങ്ങളുടെ മക്കളുടെ അവസ്ഥയെ കേൾക്കാൻ മറന്നു പോകും.എന്നിട്ട് കരച്ചിൽ നിർത്താൻ ആവശ്യപ്പെടും.. ആണുങ്ങൾ കരയാൻ പാടില്ല എന്ന് ഓർമ്മിപ്പിക്കും.. കൃത്യമായ ശ്രോതാവിനെ നഷ്ടപ്പെടുന്നതോടെ ഈ ആണുങ്ങൾ എല്ലാം കരച്ചിൽ നിർത്തും;അതിന്റെ കൂടെ പറച്ചിലും.! പിന്നെ അവരീ സങ്കടങ്ങൾ എല്ലാം കൂട്ടിപ്പിടിച്ചു ജീവിച്ചു തുടങ്ങും.. ഇക്കൂട്ടത്തിൽ അനുഗ്രഹീതരായ ചിലർക്ക് മാത്രം ജീവിതത്തിൽ ചിലപ്പോൾ പ്രണയിക്കാനുള്ള അവസരം ലഭിക്കും..
കേൾക്കാനും പറയാനുമൊരു കാമുകിയെ കിട്ടും. ഈ പ്രേമസൗഭാഗ്യത്തിൽ അവർ തങ്ങളുടെ സങ്കടങ്ങളിറക്കി വയ്ക്കും. ട്രോമ നേരിടേണ്ടി വന്ന ആളാണ് കാമുകിയെങ്കിൽ പിന്നെ പറയുകയും വേണ്ട.. കെട്ടിപിടിച്ചു നിലവിളിക്കാനും അന്യോന്യം കണ്ണീർ തുടയ്ക്കാനും കഴിയുക എന്ന മഹാഭാഗ്യം അവിടെ സംഭവിക്കും. രണ്ട് മനസ്സുകളിലെ മുറിവുകൾ ഒന്നിച്ചുണങ്ങും.
ബേബിയുടെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടുന്ന കുമ്പളങ്ങി നൈറ്റ്സിലെ ബോബി ആദ്യമായിട്ടാണ് ജീവിതത്തിൽ കരയുന്നതെന്ന് തോന്നിപ്പോകും.വീർപ്പുമുട്ടലിന്റെ ഒരു പ്രയാസമാണ് അവന്റെയുള്ളിൽ.രംഗ് ദേ ബസന്തിയിലെ ദൽജീത്, ഉള്ളിൽ എത്ര വേദനയും കൊണ്ടാണ് ജീവിച്ചത് എന്നത് കാമുകിയുടെ മടിയിൽ കിടന്ന് അയാൾ അലറിക്കരയുന്നത് കാണുമ്പോൾ മാത്രമാണ് പ്രേക്ഷകന് മനസ്സിലാവുന്നത്. പാട്രിയാർക്കി എത്ര വിദഗ്ധമായാണ് കയ്യൂക്കുള്ളവനെ,അവനെ മാത്രം, സമൂഹത്തിന്റെ താഴോട്ട് പോക്കിന്റെ വാതിൽപ്പടിയിലെ കാവലേല്പിച്ചിരിക്കുന്നത്.
ദൗർബല്യത്തിന്റെ നേർത്ത ഒരു ലക്ഷണം പോലും ദൃശ്യമാവുന്നത് ഏതൊരാണിലായാലും ശരി അവനെ മാറ്റിനിറുത്തുക, കൊല്ലാതെ കൊന്നേക്കുക, കീറിപ്പറിച്ചേക്കുക എന്നൊക്കെ വിളംബരം ചെയ്തിരിക്കുന്നത്. അതുകൊണ്ട് പുരുഷാധിപത്യത്തെ ചെറുക്കാൻ ആണത്തമില്ലാത്തവർ ഒരുമിച്ചേ മതിയാകൂ.. ബോബിയെപ്പോലെ അശക്തർ, തങ്ങളുടെ കാമുകിമാരുടെ മുന്നിൽ തുടർന്നും കരഞ്ഞലിഞ്ഞേ മതിയാകൂ..
അല്ലെങ്കിലും കാമുകിയുടെ മടിയിൽ കിടന്ന് കരയുന്നതിനോളം റൊമാന്റിക് ആയിട്ട് മറ്റെന്താണുള്ളത്…
റിയാസ് അവൻ പറയുമ്പോലെ അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദത്തെ ആംപ്ലിഫൈ ചെയ്തുകൊണ്ടേയിരിക്കട്ടെ..
മനുഷ്യരെ കൊല്ലാൻ വിഷം വെച്ച് തക്കം പാർത്തിരിക്കുന്ന പാട്രിയാർക്കിയെ ആദ്യം നമുക്ക് വെളിച്ചത്ത് കൊണ്ടുവരാം.. എന്നിട്ട് അതിനെ നഗരികാണിക്കാം..അപമാനം എന്തെന്ന് അതുമറിയട്ടെ.. എന്നിട്ട് മാത്രം നമുക്കതിനെ ചുട്ടെരിക്കാം.. ആണത്തവും പെണ്ണത്തവും അവിടെ എരിഞ്ഞടങ്ങട്ടെ..മനുഷ്യത്വം മാത്രം നീണാൾ വാഴട്ടെ…
To see my writings click the hashtag below.