Theju P Thankachan

പെൺകുട്ടികളെ എങ്ങനെ ഇമ്പ്രെസ് ചെയ്യാം എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ പറഞ്ഞു പോകുന്ന കൂട്ടത്തിൽ ഗൗതം മേനോൻ ആൺകുട്ടികളെ പറ്റി പറയുന്ന ഒരു കാര്യമുണ്ട്..

നമ്മക്ക് താൻ എല്ലാരെയും പുടിക്കുമേ!

അതായത് ഒരുവിധപ്പെട്ട ആൺകുട്ടികളുടെ എല്ലാം മനസ്സിൽ പെട്ടെന്ന് തന്നെ പ്രണയം തോന്നിത്തുടങ്ങുമെന്ന്..

അത് സത്യമാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും..

ധൂം സീരീസിലെ അലി എന്ന കഥാപാത്രത്തെ ഓർമ്മ വരുന്നു. ഏത് പെൺകുട്ടിയെ മീറ്റ് ചെയ്താലും അലിയുടെ മനസ്സിൽ ലഡു പൊട്ടും. ഒറ്റയടിക്ക് പുള്ളിയുടെ മനസ്സിൽ ആ പെൺകുട്ടി അയാളുടെ ഭാര്യയാകും.. അവരൊന്നിച്ചു ബൈക്കിൽ പോകും..
അപ്പൊ തന്നെ അവർക്ക് കുട്ടികളും ഉണ്ടാവും.. സുഖം സന്തോഷം.

ഇതേ പോലൊരു രംഗം നാടോടിക്കാറ്റിലും കാണാം.. രാധയോട് പ്രണയം തോന്നിത്തുടങ്ങിയ നാളുകളൊന്നിൽ ദാസൻ കാണുന്ന സ്വപ്നം. ദാസനും രാധയും ഒരു കൊച്ചുവീടും അവരുടേതായ നേരങ്ങളും.. ഭാര്യയ്ക്ക് താൻ പൊട്ടു തൊട്ട് കൊടുക്കുന്നത്.. മകനെ ഷൂസ് ഇടീക്കുന്നത്.. സകുടുംബം ചേതകിൽ കേറി പോകുന്നത്.. കുറഞ്ഞ സമയം കൊണ്ട് ദാസൻ കെട്ടിപ്പടുക്കുന്ന സ്വപ്നമനോഹര ലോകം.
ഇങ്ങനെ പ്രണയം തുറന്ന് പറയുന്നതിന് മുൻപ് തന്നെ ഉണ്ടാക്കിയെടുക്കുന്ന ആയിരം പ്ലാനുകൾ എല്ലാം ചിലപ്പോ പ്രൊപ്പോസ് ചെയ്യാൻ നേരം പൊളിഞ്ഞ് വീണേക്കാം എന്ന് പല പയ്യന്മാരും ആലോചിക്കാറേയില്ല. പ്രേമിക്കുന്നയാളിന്റെ ഉള്ളറിയുന്നതിന് മുൻപേ തന്നെ മനസ്സിൽ ഒറ്റയ്ക്കൊരു പ്രണയഗൃഹം ഉണ്ടാക്കി അതിൽ കഴിയുന്നവർ.

പ്രാഞ്ചിയേട്ടനിലെ സി ഈ ഫ്രാൻസിസ് ഇത്തരമൊരു പ്രശ്‌നത്തിൽ പെട്ട് വശംകെട്ടുപോകുന്നൊരു ആളാണ്. പത്മശ്രീ വന്നതിന് ശേഷമാണ് കുറഞ്ഞത് പത്ത് പതിനഞ്ച് വർഷമെങ്കിലും ആയി ആള് കേറാതെ ഒഴിഞ്ഞു കിടന്ന അയാളുടെ ഹൃദയത്തിൽ ഒരു പൂ വിരിഞ്ഞ പോലത്തെ അനുഭൂതിയുണ്ടാവുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് പത്മശ്രീ അയാളുടെ ഭവനം മോടിപിടിപ്പിക്കുന്നത്.പ്രണയം പ്രവേശിച്ചിട്ടില്ലാത്ത അയാളുടെ മനസ്സിലുള്ളത് പോലത്തെ പൊട്ടും പൊടിയും സ്നേഹരാഹിത്യത്തിന്റെ മാറാലയും എല്ലാം വാരി ദൂരേക്കളയുന്നത്.

ഓമന പോയതിന് ശേഷം ഒട്ടും കളർഫുൾ അല്ലാതിരുന്ന പ്രാഞ്ചിയേട്ടന്റെ മനസ്സിനും വീടിനും, പത്മശ്രീ, പുത്തൻ അനുരാഗത്തിന്റെ നിറമുള്ള വെള്ള പെയിന്റടിക്കുന്നത്. ഒന്നിനും വേണ്ടിയല്ലാതെ വെറുതെ ഇരുന്ന് സംഗീതം കേൾക്കാൻ വേണ്ടി പിയാനോ വാങ്ങിക്കൊണ്ടു കൊടുക്കുന്നത്. ഇതിനെല്ലാം പുറമേ പ്രാഞ്ചിയുടെ ഔട്ട്ഡേറ്റടായ ഡ്രെസ്സ് സെൻസിലും കേറി പത്മശ്രീ കൈ വയ്ക്കുന്നു. വട്ടക്കണ്ണടയ്ക്ക് പകരം ചതുര ഫ്രയിമിന്റെ പുത്തൻ ലുക്കുള്ള ഗ്ലാസ്സ്. സാധാ സിൽക്ക് ഷർട്ടിന് പകരം കിടിലൻ കുർത്ത. പ്രാഞ്ചിയുടെ ചുറ്റും ആകെമൊത്തം പ്രണയത്തിന്റേതായ ഒരാമ്പിയൻസ്. അപ്പോഴാണ് അടുത്ത ട്വിസ്റ്റ്!

പത്മശ്രീക്ക് ഒരു പ്രേമബന്ധത്തിൽ താൽപര്യമില്ല.. പോരാത്തതിന് തന്നെ പ്രൊപ്പോസ് ചെയ്യാത്തതിന് പുള്ളിക്കാരി പ്രാഞ്ചിയേട്ടനോട് നന്ദി പറയുകയും ചെയ്യുന്നു. എന്നിട്ട് ആ പെൺകുട്ടി അവിടുന്ന് ഇറങ്ങിപ്പോകുന്നു.
ഇനി പ്രാഞ്ചിയേട്ടൻ എന്ത് ചെയ്യും!?
പുള്ളി ആ കുർത്തയുടെ പുതുമ ഉപേക്ഷിക്കും. എന്നിട്ട് പഴയ സിൽക്ക് ഷർട്ടിലേക്ക് മടങ്ങിപ്പോകും. വടിവൊത്ത കണ്ണട ഊരിക്കളയും. പകരം ദൂരെ മാറ്റിവെച്ച സ്വർണ്ണ നിറമുള്ള കണ്ണട എടുത്ത് വെച്ച് പഴയ കാഴ്ചകൾ കാണും.

പക്ഷേ അതുകൊണ്ട് മാത്രം മതിയാകുമോ.. പത്മശ്രീ മിനുക്കിയെടുത്ത പുതിയ വീടിനോട് അയാളെങ്ങനെ മുഖം തിരിക്കും.. അവർ സ്വന്തം കൈകൊണ്ടടിച്ച പെയിന്റ്മണം അയാളെങ്ങനെ ഒഴിവാക്കും.. പ്രണയസ്വപ്നം പങ്കുവെച്ച ഈയപ്പനോട് അയാളിനിയെങ്ങനെ സ്വന്തം ജാള്യത മറച്ചുവെയ്ക്കും. ഇങ്ങനെ ചുറ്റിനുമുള്ള ഒരായിരം കാര്യങ്ങൾ വന്ന് നിരന്ന് നിന്ന് പ്രാഞ്ചിയെ അയാൾക്ക് നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചോർമ്മിപ്പിക്കും. ഒന്ന് മോഹിപ്പിച്ചിട്ട് അവളാ പോയി എന്ന നേടുവീർപ്പിലുണ്ട് അയാളുടെ എല്ലാ വിഹ്വലതകളും.

സിനിമയിൽ ക്ലൈമാക്സ് ആകുമ്പോഴേക്ക് പ്രാഞ്ചിക്ക് തന്റെ കാമുകിയെ തിരിച്ചുകിട്ടും.എന്നാൽ ജീവിതത്തിലോ! അവിടെ സിനിമയല്ല.. റിയാലിറ്റി മാത്രമേയുള്ളൂ..ഒറ്റയ്ക്ക് കണ്ട പ്രണയക്കിനാവിനെ മറക്കാൻ ശ്രമിച്ചാൽ അതിന് നമ്മളെ അനുവദിക്കാത്ത ഒരുകൂട്ടം കാര്യങ്ങൾ. പ്രാഞ്ചി എന്നെന്നേക്കുമായി അഴിച്ചുവെച്ച ഗ്ലാസ്സ് പോലെ, ഊരിമാറ്റിയ കുർത്ത പോലെ തിരിച്ചുകിട്ടാത്ത പ്രണയത്തെയും മറക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് നിരാശരായ എത്രയോ കാമുകീകാമുകന്മാർ സ്വപ്നം കണ്ടിരിക്കണം!

You May Also Like

ആവശ്യമുള്ള സമയത്താണ് ലോകേഷ് ഇവരെ വെച്ചുള്ള സിനിമകൾ ചെയ്തത്

Arsha Pradeep കാർത്തി , വിജയ് , കമൽ ഹാസ്സൻ …ഇവരുടെ കരിയറിൽ ശരിക്കും ആവശ്യമുള്ള…

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ജൂനിയർ എൻടിആറിനൊപ്പം തന്റെ ദക്ഷിണേന്ത്യ അരങ്ങേറ്റത്തെക്കുറിച്ച് ജാൻവി കപൂർ

സംവിധായകൻ കൊരട്ടാല ശിവയുടെ വരാനിരിക്കുന്ന ചിത്രത്തിൽ ആർആർആർ താരം ജൂനിയർ എൻടിആറിനൊപ്പം ജാൻവി കപൂർ അഭിനയിക്കുന്നതായി…

ഗ്ലാമർ വസ്ത്രങ്ങളിൽ സുന്ദരിയായി എസ്തർ അനിൽ

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ…