Theju P Thankachan
വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ വഴിയരികിലെ തട്ട്കടയിൽ നിന്ന് ചായയും പഴംപൊരിയും അകത്താക്കുക എന്നതാണ് ലോകമലയാളിയുടെ ഇനിയും മാറിയിട്ടില്ലാത്ത പതിവുകളിൽ ഒന്ന്. സായാഹ്നങ്ങളിൽ മാത്രം പൊന്തിവരുന്ന പൊരിക്കടകളുടെ ചുറ്റിനും കോർപറേറ്റ് ഐഡിയും തൂക്കി ചായയും ബജ്ജിയും ഗോൾഡുമായി നിൽക്കുന്ന സൗഹൃദക്കൂട്ടങ്ങൾ രസമുള്ളൊരു കാഴ്ചയാണ്. ഇത്തരക്കാരെയും അവർ തേടിച്ചെല്ലാറുള്ള ചായക്കടകളെയും സിനിമകൾ കാലങ്ങളായി അടയാളപ്പെടുത്താറുണ്ട്.
ഡ്രഗ് ഡീൽ ഉറപ്പിക്കാനും പോലീസുകാർക്ക് വിവരം തിരക്കാനും ഒളിച്ചോട്ടം മുതൽ പാരവെയ്പ്പ് വരെ പ്ലാൻ ചെയ്യാനും ചായക്കടകൾ വേദിയാകാറുണ്ട്. അതുപോലെ റൊമാൻസിന് സാക്ഷിയാകാനും ചായക്കടകൾക്ക് പറ്റിയിട്ടുണ്ട്. അത് പക്ഷേ ആദ്യം പറഞ്ഞ സംഗതികളെപ്പോലെ ചായക്കടക്കാരൻ കൂടി ഉൾപ്പെടുന്ന ഇൻക്ലൂസിവ് പരിപാടിയല്ല. റൊമാൻസ് എന്നത് തീർത്തും എക്സ്ക്ലൂസിവ് ആണ്. അതുകൊണ്ടു തന്നെ കമിതാക്കൾ ചായക്കടയുടെ വിശാലതയിലും ഒരു പ്രൈവറ്റ് സ്പേസ് കണ്ടെത്തും. ആ സ്വകാര്യതയിൽ അവർ രണ്ട് ചായക്ക് അപ്പുറവുമിപ്പുറവും ഇരുന്ന് സല്ലപിക്കും.
മാത്തനും അപ്പുവും ചേർന്ന് ചായ കുടിക്കുന്ന രംഗമുണ്ട് “മായാനദി”യിൽ. ചൂരൽക്കിടക്കയിൽ ചമ്രംപടിഞ്ഞിരുന്ന് മാത്തന് ചിയേഴ്സ് പറഞ്ഞാണ് അപ്പു ചായകുടിച്ചു തുടങ്ങുന്നത്. “നേര”ത്തിൽ മാത്യുവും ജീനയും തങ്ങളുടെ ഇഷ്ടം തുറന്നു സമ്മതിച്ചതിന് ശേഷം ആദ്യമായി വർത്തമാനം പറയുന്നത് ഒരു ചായക്കടയുടെ പുറത്ത് കുറേ പലഹാരങ്ങളുടെ നടുക്ക് ഇരുന്നാണ്. ഈ ചായകുടി റൊമാൻസിലൂടെ പല കമിതാക്കളും അനുഭവിക്കുന്ന സാമ്പത്തിക പരാധീനതയുടെ പ്രശ്നം കൂടി ഒഴിഞ്ഞ് പോകുന്നുണ്ട്. ചുറ്റാൻ പോകാൻ റ്റൂ വീലറോ കാറോ അഫോഡ് ചെയ്യാൻ പറ്റാത്ത കപ്പിളിന് ഒരനുഗ്രഹമാണ് ചായക്കടകൾ. പത്ത് രൂപയ്ക്ക് ചായ കിട്ടും. ഏഴ് രൂപ മുതൽക്ക് കടിയും. ഡെയിലി വില കൂടുന്നത് കാരണം പെട്രോളടിക്കാൻ മാറ്റിവെച്ചിരിക്കുന്ന പൈസയും കൂടിയിട്ട് ഈരണ്ട് ഉള്ളിവട വീതം വാങ്ങിക്കഴിക്കാം എന്ന് കാമുകീകാമുകന്മാർ വിചാരിച്ചാൽ അവരെ തെറ്റ് പറയാനൊക്കില്ല.
ഈവക പ്രണയപ്രശ്നങ്ങളെയെല്ലാം ഒറ്റയടിക്ക് സ്ക്രീനിലെത്തിച്ച പാട്ടാണ് നാടോടിക്കാറ്റിലേത്. അതുവരെ രാധയോടും അമ്മയോടും ഇരന്നു വാങ്ങിച്ച അരി വേവിച്ച് ചോറുണ്ടോണ്ടിരുന്ന ദാസൻ പണിക്ക് പോയി കിട്ടിയ കാശു കൊണ്ട് വിയർപ്പാറ്റി നിന്ന് ചായയും വടയും കഴിക്കുകയാണ്. പണിയെടുത്തുണ്ടാക്കിയ പൈസ കൊണ്ട് കാമുകൻ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് നോക്കി നിൽക്കുകയാണ് രാധ. രാധയെ കണ്ട സെക്കൻഡിൽ ദാസൻ ഒന്ന് സ്റ്റക്ക് ആകുന്നുണ്ട്. പെട്ടെന്ന് സമനില വീണ്ടെടുക്കുന്ന അയാൾ രാധയെ കൈകാട്ടി വിളിക്കുന്നു.
ആ വിളിയിൽ നിറയെ പ്രണയമുണ്ട്. സ്വന്തം അമ്മ ജീവിച്ചിരുന്നപ്പോൾ അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്നതിലുള്ള വേദന പോലും നിമിഷനേരം കൊണ്ട് ദാസന്റെയുള്ളിലൂടെ കടന്ന് പോയിരിക്കാം. ഓർക്കണം അമ്മയുടെ വിയോഗവാർത്ത ദാസൻ ആകെ പങ്കുവെച്ചത് രാധയോടാണ്. അതുകൊണ്ടു തന്നെ രാധയ്ക്ക് എന്തെങ്കിലും വാങ്ങി നൽകുക എന്നതിലൂടെ തന്റെ പ്രണയം തന്നെയാണ് ദാസൻ ആ പെണ്കുട്ടിക്ക് ഓഫർ ചെയ്യുന്നത്.
കേൾക്കുമ്പോൾ സില്ലി ആയി തോന്നാമെങ്കിലും പ്രണയിക്കുന്ന ആളിന് ഭക്ഷണം വാങ്ങി നൽകുക എന്നത് അവരുടെയിടയിൽ ഉണ്ടാവാൻ പോവുന്ന റിലേഷൻഷിപ്പിനെ പോസിറ്റീവ് ആയി ബാധിക്കാൻ തക്ക ശേഷിയുള്ള ഒരു ജെസ്ചർ ആണ്. “നീ കഴിച്ചോ” എന്ന ഒറ്റച്ചോദ്യം കേൾവിക്കാരിക്ക് നൽകുന്ന ആശ്വാസം എത്ര വലുതാണ് എന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കണം.അങ്ങനെ ദാസന്റെ ആ വിളി സ്വീകരിക്കാൻ മടിച്ച് രാധ നിൽക്കുകയാണ്. കാരണം സ്ത്രീകൾക്ക് വഴിക്കടകൾ എന്നും അന്യമായിരുന്നു എന്നത് തന്നെ. അച്ഛൻ മരിച്ചതിന് ശേഷം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും രാധയെ മറ്റൊരു പുരുഷൻ ചായ കുടിക്കാനായി ക്ഷണിക്കുന്നത്.അച്ഛനെ നഷ്ടപ്പെട്ട രാധ.അമ്മ മരിച്ച ദാസൻ.റൊമാൻസിന്റെ ഇടയിൽ മരണത്തിന്റേതായ ഒരു അദൃശ്യതലം.
പ്രണയം എഴുതുന്ന കാര്യത്തിൽ ശ്രീനിവാസനെ വെല്ലാൻ ഇനിയൊരാൾ ജനിക്കണം.!കൈമുട്ടിൽ പിടിച്ചു വലിക്കുന്ന ദാസന്റെ നിർബന്ധത്തിന് മുന്നിൽ വഴങ്ങുന്ന രാധ . വലത് കയ്യിൽ ചൂട് ചായ വാങ്ങി ദേവിക്ക് നൽകുന്ന ദാസൻ. അങ്ങേയറ്റത്തെ ജാള്യതയോടെ,പകപ്പോടെ ദാസൻ വാങ്ങി നൽകിയ പലഹാരത്തിന്റെ ഒരറ്റത്ത് നിന്ന് ശ്രദ്ധയോടെ,ചെറുതായി കടിച്ച് തുടങ്ങുന്ന,കഴിച്ച് തുടങ്ങുന്ന രാധ.സ്വന്തം ചായക്കപ്പിൽ മുങ്ങിക്കിടക്കുന്ന കടി അങ്ങനെത്തന്നെ അകത്താക്കുന്ന ദാസൻ.അവർക്കിടയിൽ മൊട്ടിടുന്ന പ്രണയം. പ്രണയത്തുടക്കവും പ്രണയത്തുടർച്ചയും ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരു ഗാനരംഗവും തൽക്കാലം ഓർത്തെടുക്കാനാവുന്നില്ല. വീട്ടുമുറ്റത്ത് ഇരുന്ന്,കടൽത്തീരത്തും ഫുട്പാത്തിലൂടെയുമെല്ലാം നടന്ന്, അമ്മിക്കല്ലിന്റെ അടുത്ത് നിന്നുമൊക്കെ ദാസനും രാധയും വർത്തമാനം പറയുകയാണ്.
തമ്മിലുള്ള സിങ്ക് സെറ്റ് ആക്കുകയാണ്.അങ്ങനെ അവർ തമ്മിൽ പ്രണയത്തിലാവുകയാണ്. ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് സ്വപ്നം കാണുകയാണ്. ആളുകൾ തമ്മിൽ ആവശ്യത്തിന് സംസാരിച്ചാൽ മാത്രമേ അവർക്കിടയിൽ സൗഹൃദവും തുടർന്ന് പ്രണയവും ഉടലെടുക്കുകയുള്ളൂ എന്ന് കാണിച്ചു തരുന്ന പാട്ടാണ് വൈശാഖ സന്ധ്യേ.! നല്ല പ്രണയത്തേക്കാൾ ആരോഗ്യകരമായ മറ്റൊന്നും മനുഷ്യന് സ്വന്തമാക്കാനില്ലീ ലോകത്ത് എന്ന് തോന്നിപ്പോകും ഈ പാട്ട് കേൾക്കുമ്പോഴെല്ലാം.ഉള്ളിൽ പ്രണയമുള്ള, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു.!