‘അയാളും ഞാനും തമ്മിൽ’ – ‘മഹേഷിന്റെ പ്രതികാരം’ ചില ‘അടി’ താരതമ്യങ്ങൾ
Theju P Thankachan
അടി കിട്ടി നന്നാവുന്ന കഥാപാത്രങ്ങൾ സിനിമകളിൽ ധാരാളം ഉണ്ട്. മഹേഷ് ഭാവന അതിനൊരു ക്ലാസിക് ഉദാഹരണമാണ്. രണ്ട് “അടി”കൾ സിനിമയിലെ മഹേഷിന് കിട്ടുന്നു;ആദ്യത്തേത് ജിംസന്റെ കയ്യിൽ നിന്ന്. തല്ലുമാലയിൽ വസീം പറഞ്ഞത് പോലെ “ഈഗോക്ക് കൊള്ളണ അടി”.! അത് തിരിച്ചു കൊടുത്താൽ തീരും.. അതിനാണ് മഹേഷ് തയ്യാറെടുക്കുന്നതും..അപ്പോഴാണ് നിനച്ചിരിക്കാതെ ആദ്യത്തേതിനേക്കാൾ കനത്ത ഒരടി മഹേഷിന് മേൽ വന്ന് വീഴുന്നത്. സൗമ്യ കൊടുത്ത ഊക്കനൊരടി.!
അതിന്റെ വേദന മാറ്റാൻ ആണ് മഹേഷിന് കൂടുതൽ പണിപ്പെടേണ്ടി വരുന്നത്. കരഞ്ഞുകൊണ്ടാണ് മഹേഷ് ആ അടിയോർമ്മയിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നത്. ദിവസങ്ങളുടെ ഇടവേളയിൽ ജീവനും ജീവിതത്തിനും ഭീഷണി ആകേണ്ടി വരുന്ന തരത്തിലുള്ള രണ്ടുഗ്രനടികൾ കിട്ടി നന്നായിപ്പോവുന്ന വേറെ ഒരു നായകൻ ആണ് രവി തരകൻ. അത് പക്ഷേ അയാളെ തീർത്തും നവീകരിക്കുന്ന തരത്തിലുള്ള ഭീകരനടികൾ ആയിരുന്നു. ആദ്യത്തെ അടി വരുന്നത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു; പ്രകാശിൽ വെച്ച് മഹേഷിന്റെ മുണ്ടഴിഞ്ഞുപോയ പോലെ ഒരു നേരത്ത്. ഒരു പോലീസുകാരൻ മൂലം രവിക്ക് സൈനുവിനെ നഷ്ടപ്പെടുന്നു. എന്നാൽ സൈനു ‘മഹേഷി’ലെ സൗമ്യയെപ്പോലെയല്ല. പുള്ളിക്കാരി റിസ്ക് എടുക്കാൻ തയ്യാറായി നിന്നിരുന്ന ഒരു കാമുകിയായിരുന്നു. മതവും ചുറ്റുപാടുകളെയുമെല്ലാം മറികടന്ന് രവിയോടൊപ്പം ജീവിക്കാൻ താല്പര്യപ്പെട്ടിരുന്നയാളായിരുന്നു.
സൗമ്യയെപ്പോലെ ധൈര്യമില്ലാത്തവളായിരുന്നില്ല സൈനു. അതുകൊണ്ടു തന്നെ സൈനു എന്ന നഷ്ടത്തിനെ രവിക്ക് മറ്റൊന്നിനെയും വെച്ച് റീപ്ലേസ് ചെയ്യാൻ ആവില്ല. അതുകൊണ്ട് തന്നെ ആ അടി ഇരിപ്പതാണ്. മഹേഷിന്റെ ജിംസിയെപ്പോലെ “ബെറ്റർ ഓപ്ഷ”നുള്ള സാധ്യതകൾ രവിക്ക് മുൻപിൽ ഇല്ല. കാരണം രവിയെ സംബന്ധിച്ചു സൈനു ആയിരുന്നു “ദി ബെസ്റ്റ്”.!
സൈനുവിനെ ഇല്ലാതാക്കിയ അതേ “അടി”യൻ ആണ് രവിയുടെ മുൻപിൽ വീണ്ടും വന്ന് നിന്ന് മകളുടെ ജീവന് വേണ്ടി കേഴുന്നത്. ആ അടിവഴിയാണ് കറങ്ങിത്തിരിഞ്ഞു രവിയിലെ കരിയറിസ്റ്റിനെയും മനുഷ്യസ്നേഹിയെയും രൂപപ്പെടുത്തുന്നത്.മഹേഷിന്റെയുള്ളിലെ ഫോട്ടോഗ്രാഫറുടെ ജനനം പോലെ. രവിയും മഹേഷും പെയ്നിലൂടെ തങ്ങളുടെ പർപ്പസ് കണ്ടെത്തുന്നവരാണ്. എന്നാൽ മഹേഷിന്റെ മുറിവ് ജിംസിയുടെ വരവോടെ ഉണങ്ങിപ്പോയി. പക്ഷേ രവിക്ക് വേദനയെന്നാൽ ജീവിതമരുന്നാണ്.
അയാളെ ഒരു നല്ല ഭിഷഗ്വരൻ ആക്കിയതിന് പിന്നിൽ അയാളുടെ കോളേജ് പ്രണയത്തിന് വലിയ റോളുണ്ട്. വർഷങ്ങൾ പിന്നിട്ടിട്ടും ഹാർട്ട്ബ്രെയ്ക്ക് ഇന്നും ഉള്ളിൽ കൊണ്ട് നടക്കുന്ന ആമ്പിള്ളേർക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്നത് കൊണ്ടാവണം റിഡെമ്പ്ഷൻ ഹോസ്പിറ്റലും സൈനുവുമൊക്കെ പടം ഇറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷവും അവരെ വേദനിപ്പിക്കുന്നത്. പ്രണയിച്ച് അടി കിട്ടി വേദനിച്ചു നന്നാവാൻ വേണ്ടിക്കൂടിയാവണം രവി അവരുടെ പ്രിയപ്പെട്ട കാമുകൻ ആയിത്തന്നെ ഇരിക്കുന്നതും.