അഞ്ചു ദശാബ്ധങ്ങൾ കൊണ്ട് ഒരു മേഖലയിലും ചൈനയെ മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല

161

Thekke Unni Sreedharan

ചൈനീസ് പട്ടാളക്കാരേക്കാൾ കിറുകൃത്യം 30% ആത്മവിശ്വാസം ഇന്ത്യൻ ആർമിക്കാണെന്ന മനോരമത്തള്ളും വായിച്ചു, വീട്ടിൽ ടീവിക്ക്‌ മുന്നിലിരുന്ന്‌ ”വിക്കറ്റ് എണ്ണി” ആദരാഞ്ജലികൾ അർപ്പിച്ചു രസിക്കുന്ന വിഡ്ഢികളോടാണ്…,

“അമിത ദേശീയതയും രാജ്യസ്നേഹവും വിളമ്പുന്ന മാധ്യമപ്രവർത്തകരും രാജ്യസ്നേഹം നിറച്ച സ്ലൈഡുകൾ കൊണ്ടു പ്രൊഫൈൽ നിറക്കുന്നവരോടും ഒരൊറ്റ അഭ്യർത്ഥനയെ ഉള്ളൂ. ദയവായി എരിതീയിൽ എണ്ണ ഒഴിക്കരുത്. പട്ടാളക്കാരും മനുഷ്യരാണ്. യന്ത്രങ്ങളല്ല. അവരും കുടുംബവും മക്കളും മാതാപിതാക്കളും ഒക്കെയുള്ള സാധാരണ മനുഷ്യരാണ്. നിങ്ങൾ ഒക്കെ തള്ളുന്നതുപോലെ അവർ ദേശാഭിമാനം വിജൃംഭിച്ചിട്ടു തോക്കെടുത്തു പട്ടാളത്തിൽ ചേർന്നവരല്ല, മറിച്ചു ജീവിക്കാൻ ഒരു തൊഴിൽ, -മാന്യമായി ശമ്പളം ലഭിക്കുന്ന ഒരുതൊഴിൽ എന്ന ആഗ്രഹത്താൽ മാത്രം പട്ടാളത്തിൽ ചേർന്നവരാണ് അവരിൽ ഭൂരിപക്ഷവും. അല്ലാതെ ദേശസ്നേഹം എന്ന കോമഡി സിനിമക്കായി ടെറിറ്റോറിയൽ ആർമിയിൽ ചേർന്ന് കേണലും മേജറുമൊക്കെ ആകുന്നപോലെയുള്ള ”കളികളല്ല”.

ജനസംഖ്യയുടെ മുപ്പതു ശതമാനത്തിനുമേൽ ആളുകൾ ദാരിദ്ര്യരേഖക്ക് താഴെകഴിയുന്ന, പട്ടിണിയും, പ്രാരാബ്ധങ്ങളും നിറഞ്ഞ സാധാരണ കുടുംബങ്ങളിൽ നിന്ന്, ഒരു നല്ലജീവിതം സ്വപ്നം കണ്ടു പട്ടാളറിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിൽ പൊരിവെയിലിൽ വരിനിന്നും, പി എസ് സി പരീക്ഷ എഴുതുന്നത്പോലെ റിക്രൂട്ട്മെന്റ് ടെസ്റ്റുകൾ എഴുതിയുമൊക്കെ നിയമനം നേടുമ്പോൾ മുഖത്തൊരു ആശ്വാസം ഉണ്ടാകും. ജീവിതം ഒരു കരക്ക്‌ അടുപ്പിക്കാനാകുമല്ലോ എന്ന ആശ്വാസം. ആ ആശ്വാസത്തിന് മുന്നിൽ യുദ്ധവും അപകട ഭീതിയും മരണവുമൊക്കെ പുറകോട്ടു മാറി നിൽക്കുന്നതാണ്. പക്ഷെ പ്രിയപ്പെട്ടവർ ബാരക്കുകളിലേക്കു പോയ്ക്കഴിയുമ്പോൾ ബാക്കിയുള്ളവർക്ക് ആധിയും വ്യാധിയുമാണ് കൂട്ട്. അതിർത്തിയിൽ പുകയുന്ന ഓരോ ഷെല്ലും ബോംബുമൊക്കെ ഈ മനുഷ്യരുടെ നെഞ്ചിൽ കോരിയിടുന്ന തീക്ക് നമ്മുടെ ദേശസ്നേഹത്തേക്കാൾ ചൂടുണ്ട്. അവരുടെ കണ്ണീരിനു നമ്മുടെ വികാരത്തള്ളിച്ചയേക്കാൾ ഉപ്പും കടുപ്പവുമുണ്ട്.!!

യുദ്ധം എന്നും പരാജയങ്ങൾ മാത്രമേ ലോകത്തു സൃഷ്ടിച്ചുള്ളു. കൂടുതൽ നാശം വരുത്തുന്നവനെ വിജയി ആയി പ്രഖ്യാപിക്കുന്ന ഗെയിം മാത്രമാണ് യുദ്ധം. ആത്യന്തികമായി അത് മാനവികതയുടെ തോൽവിയാണു. ജീവൻ നഷ്ടപ്പെടുന്ന പതിനായിരങ്ങളും, ജീവിതം നഷ്ടപ്പെടുന്ന ലക്ഷങ്ങളും, അഭയാർത്ഥി കളും, ദാരിദ്ര്യവും, രോഗവുമൊക്കെയാണ് അതിന്റെ ബാക്കി പത്രം. മുതലാളിത്തത്തിന്റെ -സാമ്രാജ്യ മോഹങ്ങളുടെ ഉപോല്പന്നമാണ് യുദ്ധം. ആഭ്യന്തര പരാജയങ്ങളെ മറച്ചുപിടിക്കാനും, ദേശസ്നേഹം എന്ന സെന്റിമെന്റൽ ഭീഷണിവഴി ആഭ്യന്തര ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള ടൂൾ കൂടിയാണ് ചിലർക്ക് യുദ്ധം. ചരിത്രാതീത കാലത്തേക്കൊന്നും പോകണ്ട ഉദാഹരണങ്ങൾക്ക്!

മോണിക്ക ലെവിൻസ്‌സിയുടെ ലൈംഗിക ആരോപണങ്ങളിൽ വൈറ്റ്ഹൗസ് ആടി ഉലഞ്ഞപ്പോൾ, ബില് ക്ലിന്റൺ ഇറാക്കിലേക്ക് മിസൈൽ അയക്കുകയാണ് ആദ്യം ചെയ്തത്. സമാനമായ രീതിയിൽ ഒരു കാർഗിൽ യുദ്ധം 1999 ലും, ദുരൂഹമായ പുൽവാമ ആക്രമണം കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് തൊട്ടു മുൻപ് നടന്നതും സംഘ് പരിവാർ ഭരണകാലത്തു നടന്ന അട്ടിമറികളാണ്. ഇപ്പോൾ മുച്ചൂടും തകർന്ന സാമ്പത്തിക രംഗവും, കോറോണയെ നേരിടുന്നതിലുൾപ്പെടെ സംഭവിക്കുന്ന ഭരണ പരാജയങ്ങളും ഒക്കെ മറച്ചു പിടിക്കാൻ യുദ്ധം ഒരു അനിവാര്യത ആക്കുന്ന ചാണക്യതന്ത്രങ്ങൾക്ക് തലവെച്ചു കൊടുക്കരുത്.!

രാജ്യം അതിഭീകരമായ ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക മേഖല അതിന്റെ ഏറ്റവും രൂക്ഷമായ തകർച്ചയിലാണ്. അത് കോവിഡിന് ശേഷമുണ്ടായ പ്രതിസന്ധിയല്ല. കോവിഡിന് മുൻപ് തന്നെ രണ്ടും മൂന്നും തവണ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചും, ചരിത്രത്തിൽ ആദ്യമായി സെൻട്രൽ ബാങ്കിന്റെ റിസേർവ് പിൻവലിക്കുകയുമൊക്കെ ചെയ്തു ചത്തകുതിരക്കു ഓക്സിജൻ കൊടുക്കുന്ന പണിയാണ് ഇപ്പോഴും നടത്തുന്നത്. എന്നിട്ടും ആ പാക്കേജുകളുടെ അൾട്ടിമേറ്റ് ബെനഫിഷ്യറി ഈ നാട്ടിലെ സാധാരണക്കാരനല്ല. ഒരു ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരും, ബിസിനസ്സ്കാരും മാത്രം. നാം കെട്ടിപ്പൊക്കിയ വികസന പരികല്പനകളെ മുഴുവൻ അക്ഷരാർത്ഥത്തിൽ നിഷേധിച്ച കാഴ്‌ചകളായിരുന്നു ഈ കോവിഡ് കാലത്തു നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തിൻറെ തെരുവീഥികളിലൂടെ ആയിരക്കണക്കിന് തൊഴിലാളികളാണ് കിലോമീറ്ററുകൾ താണ്ടി നടന്നത്. ഒരു കോടതിയും അവരുടെ അടിയന്തിര സഹായത്തിനെത്തിയില്ല. ഒരു ഗവൺമെന്റിനും അവരെ സഹായിക്കാനായില്ല. അതായിരുന്നു നമ്മുടെ പൊള്ളയായ വികസനവാദം. തെരുവുകളിൽ ആളുകൾ മരിക്കുന്ന അവസ്ഥയിലേക്കും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമൊക്കെ ലോകം കണ്ടതാണ്. ഈ പരാജയങ്ങളുടെയും പഴികളുടേയുമൊക്കെ പാപഭാരം മറക്കാൻ ജനതയുടെ മുന്നിൽ മറ്റൊരു അതിർത്തിസംഘർഷം അടിച്ചേൽപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം.!!

ലോകത്തെ എമേർജിങ് എക്കോണമിയിൽ ഏറ്റവും മുന്നിലാണ് ചൈന. ആയുധ ബലം കൊണ്ടോ, സാങ്കേതിക മികവ് കൊണ്ടോ, സാമ്പത്തിക ശക്തികൊണ്ടോ ഒന്നും നമുക്ക് അവരെ മറികടക്കാൻ ആവില്ല!!! അത് യാഥാർഥ്യമാണ്. അത് ഇന്ത്യൻജനത ഉൾക്കൊള്ളണം. 1962 ലെ യുദ്ധം നമുക്ക് നഷ്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. അന്നത്തേക്കാളും നശീകരണ ശേഷിയുള്ള ആയുധങ്ങൾ ഇരുപക്ഷത്തും ഉണ്ട് എന്നത് മാത്രമാണ് അതിൽ നിന്നും വ്യത്യസ്തമായി ഇന്നുള്ളത്.! അഞ്ചു ദശാബ്ധങ്ങൾ കൊണ്ട് ഒരു മേഖലയിലും ചൈനയെ മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അന്നത്തേക്കാൾ ആൾനാശം ഇരു ഭാഗത്തും കൂടും എന്നല്ലാതെ ഈ യുദ്ധ സാഹചര്യങ്ങൾക്കോ ഫലങ്ങൾക്കോ ഒരു മാറ്റവും ഉണ്ടാവില്ല.!!

മനോരമ പത്രമൊക്കെ തള്ളുന്നതുപോലെ മാനസികമായി ഇന്ത്യക്കു മുൻ‌തൂക്കം എന്നൊക്കെ പറയുന്നത് വെറുതെ ഒരലങ്കാര വാക്ക് മാത്രമാണ്. ഏതെങ്കിലും റിട്ടയേർഡ് പട്ടാളക്കാരനെ കൊണ്ട് നാലു വരി എഴുതിച്ചു സർക്കുലേഷൻ കൂട്ടണം എന്നല്ലാതെ ഈ ഗിമ്മിക്കുകൾക്കു പിന്നിൽ മറ്റ് താല്പര്യങ്ങളൊന്നുമുണ്ടാവില്ല. രാജ്യസ്നേഹം ഇവർക്കൊക്കെ ഒന്നാന്തരം വില്പനച്ചരക്കാണല്ലോ. ISRO ചാരക്കേസും, ലവ് ജിഹാദും ഐസിസ് റിക്രൂട്മെന്റും ഒക്കെ നമ്മൾ കണ്ടതല്ലേ.

ഇനിയിപ്പോൾ മുഖ്യ ധാരയിൽ നിൽക്കാൻ മത്സരിച്ചു യുദ്ധത്തെ അനുകൂലിച്ചും, ദേശ സ്നേഹവും പട്ടാളക്കാരുടെ വീരമൃത്യുവിനെ ആഘോഷിച്ചും വാർത്തകളും പോസ്റ്റുകളും ഫ്ലക്സുകളും കൊണ്ട് സോഷ്യൽ മീഡിയയും നാട്ടിന്പുറങ്ങളും നിറയും. മത- രാഷ്ട്രീയ സംഘടനകൾ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തും. ഷോ ഓഫുകളുടെ പെരുമഴക്കാലം ആയിരിക്കും. ഈ യുദ്ധം ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്നവർ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. ചെങ്കൊടിയും, കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നനവുംവരെ പ്രൊഫൈലിൽ വെച്ചിട്ടുള്ള ആളുകൾ വരെ തിരിച്ചടിക്കണം എന്ന് നില വിളിക്കുകയാണ്. അവരോടൊക്കെ പറയാനുള്ളത്, വയലൻസ് അല്ല പരിഹാരം. ചർച്ചയാണ് അഭികാമ്യം. സമാധാനപരമായ അയൽപക്കബന്ധം വഴിമാത്രമേ നമ്മുടെ രാജ്യത്തിന് നിലനില്പുണ്ടാകൂ!. ലോകത്തു ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്ന പത്തു രാജ്യങ്ങളുടെ പട്ടികയിൽ, ഇന്ത്യ നിലനിൽക്കേണ്ടത് ആയുധ ഉത്പാദക രാജ്യങ്ങളുടെ ആവശ്യമാണ്. അമേരിക്കൻ- യൂറോപ്പ്യൻ രാജ്യങ്ങളുടെ ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളാണ്. അവരുടെ വികസന അജണ്ടയാണ് അശാന്തി വിളയുന്ന ഏഷ്യൻ രാജ്യ അതിർത്തികൾ. ലക്ഷം കോടിക്ക് മുകളിലാണ് പ്രതിരോധ ബജറ്റിനായി നാം ചെലവിടുന്നത്. താരതമ്യേന തുറന്ന അതിർത്തികൾ ഉള്ള യൂറോപ്യന് രാജ്യങ്ങളുടെ സാമ്പത്തിക ഉണർവിന്റെയും വികസനങ്ങളുടെയും കാരണം, ഇതിൽ നിന്നും വ്യക്തമല്ലേ.?!

കോടിക്കണക്കിനു രൂപ ആയുധ ഇടപാടുകൾക്കു കമ്മീഷനായി കിട്ടുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കാൻ ഒരു രാഷ്ട്രീയക്കാരനും തയ്യാറാവുന്നില്ല. അത് ദേശസ്നേഹം നാഴികക്ക് നാൽപതു വട്ടം വിളമ്പുന്ന സംഘ്പരിവാർ ആണെങ്കിലും. കാലാവധി കഴിയുന്നതുകൊണ്ടു ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന വെടിയുണ്ടകളുടെയും ഷെല്ലുകളുടേയുമൊന്നും കണക്കുകൾ നാം ആരും ചോദിക്കാറില്ല. ഒരു മാധ്യമങ്ങളും അതേക്കുറിച്ചെഴുതാറുമില്ല. പക്ഷെ അവയുടെ വാങ്ങൽപ്രക്രിയ എന്നും തുടർന്നുകൊണ്ട് ഇരിക്കും. കാരണം തൊട്ടപ്പുറത്ത് ചൂണ്ടികാട്ടാൻ കുറച്ചു ശത്രുക്കൾ നമുക്ക് വേണം. നാം ബോധപൂർവ്വം അവയെ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങൾക്ക് ചിലവാക്കുന്ന ഈ ഭീമമായ തുകയുടെ പകുതി മാറ്റിവച്ചാൽ, ഈ നാട്ടിൽ വിദ്യാസമ്പന്നരായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും, സാങ്കേതിക സർവ്വകലാശാലകളും ആരംഭിക്കാം. രാജ്യത്തെ കുടിവെള്ളക്ഷാമം പരിവഹരിക്കാം, കുട്ടികളുടെ പോഷക ആഹാരകുറവ് പരിഹരിക്കാം. ആത്യന്തികമായി അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിത നിലവാരം ഉയർത്താം.!!

വിദ്യാഭ്യാസവും, ഉയർന്ന ചിന്തയുമുള്ള ഒരു സമൂഹം ഉണ്ടായാൽ ഒരു രാജ്യത്തിൻറെ പുരോഗതിയുടെ ആദ്യ പടി കടക്കാൻ നമുക്ക് സാധിക്കും. പക്ഷെ സങ്കുചിത രാഷ്ട്രീയ- സാമ്പത്തിക അജണ്ടകൾ ഉള്ളവർ അതൊരിക്കലും ചെയ്യില്ല. കാർഗിൽ യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ ശവപ്പെട്ടിയിൽ പോലും കമ്മീഷൻ അടിച്ച ടീംസാണ് ഭരിക്കുന്നതെന്നോർക്കണം.!

ഈ യുദ്ധവെറിയുടെ സമയത്തെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ചു നാം ചർച്ച ചെയ്യണം. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നു ഉറക്കെ പറയണം. ഒരു ശരാശരി രാജ്യത്തിൻറെ സമ്പൂർണ ബജറ്റിനേക്കാൾ കൂടിയ തുക പ്രതിരോധത്തിനു മാത്രം ചിലവിട്ടു വിഭവങ്ങൾ കൊള്ളയടിക്കുന്ന ഈ കള്ളനും പോലീസും കളി നിർത്തണമെന്ന്, നാം നമ്മുടെ അയൽപക്ക രാഷ്ട്രങ്ങളിലെ ജനങ്ങളോടും സംവദിക്കണം. ആ ഭീമമായതുക രാജ്യത്തെ ജനങ്ങളുടെ നന്മക്കുപയോഗിക്കുവാൻ അധികാരികളിൽ സമ്മർദ്ദം നടത്തുന്ന ഒരു ജനത ലോകമെങ്ങും ഉയർന്നു വരണം. ഓർക്കുക, വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കക്കുള്ളിൽ ആയിരുന്നു ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾ നടന്നത്.!!

ചേതനയറ്റ ജവാന്റെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞു ഒദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുമ്പോൾ ദേശസ്നേഹം നിറയുന്നത് കാഴ്‌ചക്കാരന്റെ മനസിൽ മാത്രമാണ്. അവന്റെ പ്രിയപ്പെട്ടവർക്ക് അത്തരം വാഴ്ത്തുപാട്ടുകളിൽ അഭിരമിക്കാനാവില്ല. നഷ്ടം അവർക്കു മാത്രമായിരിക്കും. ജീവിതം അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ അവർ മാത്രമായിരിക്കും. നിങ്ങൾ എന്ത്തന്നെ പകരം കൊടുത്താലും അതൊന്നും നഷ്ടപ്പെടുന്ന ആ സ്നേഹസാന്നിദ്ധ്യത്തിനു പകരമാവില്ല.!

ഇനിയും യുദ്ധം ചെയ്യണം എന്ന് ദേശസ്നേഹം വിജൃംഭിച്ചു നിങ്ങള്ക്ക് തോന്നുന്നെങ്കിൽ, പ്രിയ സുഹൃത്തേ, സംഘ്പരിവാറിനൊപ്പം അണിചേർന്നു അതിർത്തിയിലേക്കു എത്രയും വേഗം നിങ്ങൾ നീങ്ങണം. മണിക്കൂറുകൾക്കുള്ളിൽ സജ്‌ജമാകാൻ കഴിയുന്ന സേനയാണ് RSS എന്ന് അവരുടെ നേതാവ് കഴിഞ്ഞ വര്ഷം പറഞ്ഞിരുന്നു. അതുകൊണ്ടു കുറുവടിയും ചാണകവും, ഗോമൂത്രവും ശൂലവുമൊക്കെയായി നിങ്ങൾ അതിർത്തികളിലേക്കു നീങ്ങുക.!

ഈ നാട്ടിലെ സാധാരണക്കാരന്, അത്താഴ പട്ടിണിക്കാരന് യുദ്ധം വേണ്ട. സമാധാനം മതി. യുദ്ധം സൃഷ്ടിക്കുന്ന അഭയാര്ഥികളും, അവരുടെ പാലായനങ്ങളും ഒക്കെ കഥപോലെ മാത്രം വായിച്ചിട്ടുള്ള നമുക്ക് അതിന്റെ ഭീകരത മനസ്സിലാവില്ല. ഈ കോവിഡ് കാലത്തു ലോക്കഡൗണിൽ നാമനുഭവിച്ച അസ്വാതന്ത്ര്യം അസഹനീയമായി തോന്നിയിരുന്നുവെങ്കിൽ — അതിന്റെ നൂറിരട്ടി ദുരിതവും, പട്ടിണിയും, ക്ഷാമവും, കരിഞ്ചന്തയും, മരണങ്ങളും, അക്രമങ്ങളും ഒക്കെ ഒരു മഹാമാരി പോലെ ആഞ്ഞടിക്കുന്ന യുദ്ധകാലം നമുക്ക് അഞ്ചു ദശാബ്ദങ്ങൾക്കിടയിൽ ഓർമയിൽ ഇല്ലാത്തതുകൊണ്ടാണ് ആ ഭീകരത മനസിലാവാത്തത്.

ആഭ്യന്തര യുദ്ധങ്ങളിലും, വിദേശ അക്രമണങ്ങളിലും സർവ്വവും നഷ്ടപ്പെട്ടു അഭയാര്ഥികളായും പുതിയ ജീവിത കെട്ടിപ്പടുക്കാനുമായി വന്നിട്ടുള്ള പലരെയും കണ്ടിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ കേട്ടിട്ടുമുണ്ട്. അതുകൊണ്ടു നമുക്ക് ദുരിതവും ദുരന്തങ്ങളും മാത്രം സമ്മാനിക്കുന്ന മറ്റൊരു യുദ്ധം വേണ്ട!!!”