ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ചിന്തിക്കുവാനുള്ള ജോലി ഒഴിവായിക്കിട്ടുന്നു

81

Thekke Unni Sreedharan

യോഗയെ കുറിച്ച് പ്രൊഫ. എം.എൻ.വിജയൻ പറഞ്ഞത് കാണുക.

ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ചിന്തിക്കുവാനുള്ള ജോലി ഒഴിവായിക്കിട്ടുന്നു. വിശ്വസിക്കുന്നത് എന്തോ അതാണ് സത്യം എന്നുള്ളത് വളരെ പഴകിയ, ക്രിസ്തുവിന് മുമ്പു ജീവിച്ചിരുന്ന യവനബുദ്ധിജീവികളുടെ ഒരു സിദ്ധാന്തമാണ്. അങ്ങനെ വിശ്വസിക്കുവാൻ ശ്രമിച്ച യവനന്മാർക്ക് അബദ്ധത്തിലെങ്കിലും ചിന്തയുടെ വഴിയിൽ ചെന്നു ചാടാതിരിക്കുവാൻ കഴിയാതെ പോയി.എന്നാൽ ഇന്ന് ധ്യാന യോഗത്തിലും വിശ്വാസത്തിലും ജീവിതം കഴിക്കുന്നവർക്ക് ചിന്തിക്കാതിരിക്കാൻ വേണ്ടുന്ന വിദഗ്ധ പരിശീലനം ലഭിച്ചിരിക്കുന്നു.

മനുഷ്യ പ്രവർത്തനത്തിൽ വെച്ച് ഏറ്റവും പരിശുദ്ധമായത് ശ്വസനക്രിയയാകയാൽ ശ്വസന പ്രവർത്തനത്തിലേക്ക് ചുരുങ്ങുക എന്നതാണ് സത്യത്തിലേക്കുള്ള വഴി എന്നു കരുതിയ പ്രാചീനന്മാരുടെ പുത്തൻ പതിപ്പുകൾക്ക് രക്തമില്ലാത്ത ധമനികളാണുണ്ടായിരുന്നത് എന്ന് പതിനാറാം നൂറ്റാണ്ടിലെ ഒരു പാശ്ചാത്യചിന്തകൻപറയുന്നു.മറ്റൊന്നും ചെയ്യാതെ ഇരിക്കാൻ കഴിയുന്ന അവസ്ഥയാണ് യോഗം. ഇരിക്കാനുള്ള രീതികൾ യോഗത്തിലുണ്ട്. ഇത്തരം ആസനങ്ങളിൽ കുടി Kerala writer: M. N. Vijayanനമുക്കു മോക്ഷം കണ്ടെത്താം എന്നു പറയുന്നവർ ഒരു വലിയ ഫാസിസ്റ്റ് വലയിയിലാണ് ചെന്നുപെട്ടിരിക്കുന്നത്. നാം നൂറ്റാണ്ടിന്റെ നവോത്ഥാന പ്രവർത്തനം കൊണ്ട് വിമോചിതമായിട്ടുള്ള കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ നിശ്ചലമാക്കുവാൻ ശ്വസനക്രിയയുടെ മെറ്റാഫിസിക്സിന് കഴിയുന്നു. ഒന്നും ചെയ്യാതിരിക്കുന്നതിനെ നാം ആർട്ട് ഓഫ് ലിവിംഗ് എന്നു വിളിക്കുകയും ഒന്നും ചെയ്യാതിരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി നാം ഒരുപാടു സ്ഥലം കണ്ടെത്തുകയും സ്ഥലം അങ്ങനെയുള്ള ചർച്ചകൾ നടത്താൻ വേണ്ടിയുള്ളതാണ് എന്നു തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.

പട്ടിണി പിടിപെട്ട ആദിവാസിയെയും ദളിതനെയും കർഷകനെയും പാർപ്പിക്കാൻ വേണ്ട സ്ഥലം നമ്മുടെ കൈവശമില്ലെന്നും നമ്മുടെ സ്ഥലം യോഗത്തെയും ധ്യാനത്തെയും കുറിച്ചു ചർച്ച ചെയ്യാനുള്ള താണെന്നും നാം മനസ്സിലാക്കിയിരിക്കുന്നു.അതു കൊണ്ട് കർഷകനും തൊഴിലാളിയും ദളിതനും ആദിവാസിയും സംസ്കരിക്കപ്പെടാൻ സ്ഥലംലഭിക്കാത്തവണ്ണം ചരിത്രത്തിൽ ഇല്ലാത്തവരും മരിച്ചവരുമാണെന്ന് ശ്വസനക്രിയയ്ക്ക വേണ്ടിനീക്കിവെക്കപ്പെട്ട സ്ഥലത്തിരുന്നു കൊണ്ട് നാംപ്രഖ്യാപിക്കുന്നു. ഇങ്ങനെയുള്ള ശ്വസന ക്രിയയിലൂടെ നാം ബുദ്ധിയില്ലായ്മയുടെ സ്ഥലത്തിന്റെ അധികാരികളായിത്തീരുന്നു.എന്തിനെക്കുറിച്ചാണോ നാം ചിന്തിക്കേണ്ടത് അതിനെക്കുറിച്ച് ചിന്തിക്കാതെയിരിക്കാനും എന്തിനെക്കുറിച്ചാണോ നാം ദുഃഖിക്കേണ്ടത്അതിനെക്കുറിച്ച് ദുഃഖിക്കാതിരിക്കാനുംഎന്തിനാണോ നാം സ്ഥലം കണ്ടെത്തേണ്ടാത്തത് അതിനു സ്ഥലം കണ്ടെത്താനും നാം ശീലിച്ചിരിക്കുന്നു.

അത് കൊണ്ട് ആദിവാസിയെക്കുറിച്ച്, ദളിതനെക്കുറിച്ച്, സ്ത്രീയെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച്, ഇടത്തരക്കാരനെക്കുറിച്ച്, തൊഴിലാളിയെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ വേണ്ട പരിശീലനം നമുക്കു ലഭിച്ചിരിക്കുന്നു.ശ്വസനക്രിയയുടെ മെറ്റാഫിസിക്സിൽ പ്രവൃത്തിയെടുത്തു കൊണ്ടിരിക്കുമ്പോൾ പട്ടിണി മരണങ്ങളെയും ആത്മഹത്യകളെയും കുറിച്ച് അറിയാതിരിക്കാൻ നമുക്കു കഴിയുന്നു.ഇത് ഒരു രാഷ്ട്രീയ കഴിവാണ്. ഇതിനെയാണ്നാം ആർട്ട് ഓഫ് ലിവിംഗ് എന്നു വിളിക്കുന്നത്.പട്ടിണി പിടിപെട്ടു മരിക്കുന്നതും മരിക്കാനിരിക്കുന്നതും നമ്മളല്ല എന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കഴിവ് വികസിപ്പിച്ചെടുക്കാൻ നമുക്കു കഴിയുന്നത്. മരിച്ചു പോവാൻ മാത്രമല്ല ജീവിച്ചു പോവാനും ബുദ്ധിയുടെ ആവശ്യമില്ല എന്നാണ് വിശ്വാസം നമ്മളെ പഠിപ്പിക്കുന്നത്.

പ്രൊഫ. എം.എൻ.വിജയൻ
2001_ൽ എഴുതിയത്