അഖില സായൂജ് സംവിധാനം ചെയ്‌ത ഷോർട്ട് മൂവിയാണ് ‘Then We Met ‘ . ഈ ചെറിയ സിനിമ ഭാര്യാഭർത്താക്കന്മാരും കാമുകീകാമുകന്മാരും നിർബന്ധമായും കണ്ടിരിക്കണം . ജീവിതം എന്നാൽ എടുത്താൽ പൊങ്ങാത്ത മൂന്നക്ഷരം അല്ല. അതിന്റെ മൂന്നു അക്ഷരങ്ങളെ പരസ്പരം ചേർത്തു തന്നെ നിർത്താൻ നിങ്ങൾ ചെയ്യേണ്ടത് എന്താണ് ? അതും എടുത്താൽ പൊങ്ങാത്ത ഉത്തരങ്ങളല്ല .

പി.പി.രാമചന്ദ്രന്‍ എന്ന കവിയുടെ ലളിതം എന്ന കവിത നോക്കൂ.

“ഇവിടെയുണ്ടു ഞാന്‍ എന്നറിയിക്കുവാന്‍
മധുരമാമൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയെട്ടാല്‍ മതി
ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍ ചൂടുമാത്രം മതി
ഇതിലുമേറെലളിതമായ്‌ എങ്ങനെ
കിളികളാവിഷ്‌ക്കരിക്കുന്നു ജീവനെ!”

നാം പലതും വെട്ടിപ്പിടിക്കാൻ നെട്ടോട്ടം ഓടുമ്പോൾ നഷ്ടപ്പെടുത്തുന്ന ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? സ്നേഹത്തോടെയുള്ള ഒരു സ്പർശം, ഒരു തലോടൽ, ഒരു ചുംബനം…ഇങ്ങനെയുള്ളവ തികച്ചും ചെറിയ കാര്യങ്ങൾ എന്നാണു നാം കരുത്താറുള്ളത് എന്നാൽ ഇതൊക്കെ ആഗ്രഹിക്കുന്നവർക്ക് അതൊന്നും അത്ര നിസാരമല്ല. രണ്ടുവഴിയിലേക്ക് പിരിഞ്ഞു പോകുമ്പോൾ അറിയുന്ന ആ ഏകാന്തതയുണ്ടല്ലോ … ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് അത് സമ്മാനിക്കുന്നത്. പിന്നെയൊരു തിരിച്ചു നടത്തം അസാധ്യം തന്നെയാകുന്നു . ഇന്നലെ വനത്തിന്റെ പച്ചപ്പിനെ അവഗണിച്ച നിങ്ങൾ നാളെ സ്നേഹത്തിന്റെ ഓക്സിജൻ അന്യമായി പരവേശത്തോടെ പച്ച തേടുന്നത് മരുഭൂമികളിൽ ആയിരിക്കും.

Then We Met നു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

എന്റെ ചില ചങ്ങാതിമാരുടെ തന്നെ ജീവിതാനുഭവങ്ങൾ ഒട്ടേറെ കണ്മുന്നിലുണ്ട്. സുദൃഢമായി പ്രണയിച്ചു ജീവിതം തുടങ്ങിയ അവർ ഇന്ന് പരസ്പരം പിരിഞ്ഞു രണ്ടു ദിശകളിൽ ആണ്. എന്താണ് നേടിയത് , എന്താണ് നഷ്ടപ്പെടുത്തിയത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ‘ലോകം മുഴുവന്‍ നേടിയാലും ആത്മാവിനെ നഷ്ടമായാല്‍ എന്ത് പ്രയോജനം ‘ അല്ലെ ?

അഖില സായൂജിന്റെ ഈ സൃഷ്ടി ഒരു കവിതയാണ്… അങ്ങനെ പറയാൻ കാരണം അതിലെ കാവ്യപരമായ അംശവും ആത്മാവും കാരണം തന്നെ. വരികൾക്കിടയിലെ ദുർഗ്രഹതപോലെ വായിച്ചെടുക്കാൻ പാകത്തിൽ അവർക്കിടയിൽ മൗനത്തിന്റെ വലിയ ഇടവേളകൾ ഉണ്ട്. പൂരിപ്പിക്കാൻ സാധിക്കാതെ ആ ഇടവേളകൾ നീണ്ടുനീണ്ടു പോകുമ്പോൾ പൊട്ടിക്കരച്ചിലുകൾ നൽകുന്ന പശ്ചാത്താപബോധങ്ങളെ പരിഹസിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

നിങ്ങൾ ജീവിക്കേണ്ടത് ജീവിതത്തിനു വേണ്ടിയാണ് , പണത്തിനോ സമ്പത്തിനോ വേണ്ടിയല്ല. നിങ്ങളുടെ തിരക്കുകൾ നിങ്ങളുടെ അസാന്നിധ്യങ്ങൾ ആണ് ചിലർക്ക് സമ്മാനിക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം ഉണ്ടാകുന്ന ഒരു സമയത്തു നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാചാലതകൾ അന്തരീക്ഷത്തിൽ പാഴ്വാക്കുകളായി വിലയം പ്രാപിച്ചാൽ ഉത്തരവാദി നിങ്ങൾ മാത്രമാണ്. അസാന്നിധ്യങ്ങൾ പൂരിപ്പിക്കപ്പെടണം …. സാന്നിധ്യങ്ങൾ സന്തോഷപൂർണ്ണവും പ്രണയസുരഭിലവുമാക്കണം .. അവിടെ ജീവിതം അതിന്റെ ഏറ്റവും മഹത്തായ മാധവ മാസം ആഘോഷിക്കും.

ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയ കലാകാരന്മാർക്ക് എല്ലാവിധ അഭിനന്ദനങ്ങളും

**

സംവിധായിക അഖിലാ സായൂജ് ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ പഠിച്ചത് എഞ്ചിനിയറിങ് ആണ് . ഒരു എഞ്ചിനിയർ ആയിട്ടാണ് വർക്ക് ചെയ്തുകൊണ്ടിരുന്നത് . പിന്നെ അത്യാവശ്യം എഴുത്തും ഉണ്ട്. 2018 മുതൽ ഷോർട്ട് ഫിലിം മേഖലയിലും റൈറ്റിംഗും ഒക്കെ ആയി ഉണ്ട് . ഇതിനു മുൻപ് ‘മകൾ’ എന്ന ഒരു ഷോർട്ട് മൂവി ചെയ്തിട്ടുണ്ടായിരുന്നു. അടുത്ത പ്രോജക്റ്റ് ആയി സിനിമ ചെയ്യണം എന്ന ആഗ്രഹമാണ് . തത്കാലം ഷോർട്ട് മൂവീസ് ഇനി പ്ലാൻ ചെയ്യുന്നില്ല. സിനിമയ്ക്കുള്ള ചില ഒരുക്കങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് . സംവിധാനവും മറ്റും സ്വയം പഠിച്ചെടുക്കുന്നതാണ്. എഴുതുമ്പോഴും നമ്മൾ ഒരാളുടെ കൂടെ പ്രസന്റ് ചെയ്യുമ്പോഴും അത് അവർക്കു ഉൾക്കൊള്ളാൻ കഴിയുന്നു എന്നതാണ് ഫസ്റ്റ് നമ്മുടെ സ്റ്റെപ്പ്. ഞാനൊരു സ്റ്റോറി പറഞ്ഞു കൊടുക്കുമ്പോൾ അവർക്കതു ഉൾക്കൊള്ളാൻ സാധിക്കുന്നു. അതാണ് ഫാസ്റ്റ് ഇൻസ്പയർ ആയിട്ട്ള്ള പോയിന്റ്. പിന്നെ ലിറിക്സ് ഒക്കെ എഴുതാറുണ്ട്. രമേശ് പിഷാരടി ചേട്ടൻ അഭിനയിച്ച NO WAY OUT എന്ന സിനിമയ്ക്ക് വേണ്ടി ലിറിക്സ് കൊടുക്കാൻ പറ്റി . ചിത്രച്ചേച്ചി ആണ് ആ പാട്ട് പാടിയിട്ടുള്ളത്. അതാണ് ഏറ്റവും വലിയ സന്തോഷം . ചിത്രച്ചേച്ചിയുമായി വീഡിയോ കോളിൽ സംസാരിക്കാൻ പറ്റി. എന്റെ ലൈഫിൽ വലിയ സന്തോഷമാണ് അതൊക്കെ നൽകിയത്.

‘Then We Met ‘നെ കുറിച്ച്

ഈ ഷോർട്ട് മൂവിയെ കുറിച്ച് പറയുകയാണെങ്കിൽ.. വിവാഹം കഴിച്ചവർ ആയാലും പ്രണയിക്കുന്നവർ അയാലും … അടുത്തുണ്ടായിട്ടും ഇല്ലാത്ത ഒരു അവസ്ഥയുണ്ടല്ലോ..പരസ്പരം കെയർ കൊടുക്കാൻ സാധിക്കാത്ത അവസ്ഥ . സ്നേഹം വളരെ ഉണ്ടാകാം എന്നാൽ അത് പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ . വിവാഹബന്ധങ്ങളിൽ ആണ് ഇത് വളരെ കൂടുതൽ ഉണ്ടാകുന്നതു. ഇപ്പോഴത്തെ കാലത്തു പിരിയുക എന്ന സംഗതി വളരെ കൂടുതൽ കാണുന്നുണ്ട്. രണ്ടുപേർക്കു ഒത്തുപോകാൻ കഴിയുന്നില്ല എങ്കിൽ… പരസ്പരം സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുകയാണെങ്കിൽ.. പിരിയുക തന്നെ വേണം. അങ്ങനെയൊരു റൈറ്റ്സ് വച്ചുകൊണ്ടു മാത്രമേ ഞാൻ സംസാരിക്കുകയുള്ളൂ.

പക്ഷെ ചില സാഹചര്യങ്ങളിൽ അവർക്കു സ്നേഹം ഉണ്ടാകും … നല്ല കെമിസ്ട്രി ഒകെ ഉണ്ടാകും പക്ഷെ അവർ തിരിച്ചറിയുന്നില്ല. അതിന്നത്തെ ഫാസ്റ്റ് ലൈഫിന്റെ ഒരു പ്രത്യേകതയാണ്. അതിപ്പോൾ ജോലി, ബിസിനസ് ഒക്കെ കൊണ്ടാകും. അവർ തമ്മിൽ മൈഡ് ഫോർ ഈച്ച് അദർ ഒക്കെ ആയിരിക്കാം, പക്ഷെ അത് ഐഡന്റിഫൈ ചെയ്യാൻ സാധിക്കുന്നില്ല. അങ്ങനെ ബന്ധങ്ങൾ അവർ പോലും അറിയാതെ വിട്ടുപോകുന്ന അവസ്ഥയുണ്ടാകും. വിട്ടുപോയതിനു ശേഷമാണ് ഇത്രവലിയ ഒരു ദുരന്തം ജീവിതത്തിൽ സംവിച്ചതായി അവർ മനസിലാക്കുന്നത് .

ആശയം മനസിലേക്ക് വന്നത്

ഈ ഒരു കൺസപ്റ്റ് ഞാൻ കുത്തിയിരുന്ന് എഴുതിയത് ഒന്നുമല്ല..പെട്ടന്നാണ് ഇത് മനസ്സിൽ വരുന്നത്. കഷ്ടപ്പെട്ട് കഥയും ക്ളൈമാക്‌സും ഉണ്ടാക്കുന്ന രീതിയല്ല എന്റേത്. . ഞാൻ ത്രെഡ് എഴുതുകയാണ് ആദ്യം ചെയുന്നത് .. സീൻ റ്റു സീൻ ആയി മനസിലുള്ളത് എഴുതുകയാണ് ചെയ്യുന്നത്. കഥാപാത്രങ്ങൾ വളരെ ഇമോഷണൽ ആയി പറഞ്ഞ ഡയലോഗുകൾ അടക്കം മനസിലേക്ക് വരികയാണ്. അവിടെ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില ചെറിയ സംഭവങ്ങൾ ഒക്കെ ഉണ്ടാകാം. നമ്മുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിച്ചതാകും , മറ്റു പലരുടെയും ജീവിതത്തിൽ പല ദിവസം സംഭവിച്ചതായിരിക്കും. അങ്ങനെ അവർ പിരിയാൻ കാരണമാകും.

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് നമ്മൾ പരസ്പരം പരാതികളായി പറയും..നമ്മളത് സോൾവ് ചെയ്യും . പക്ഷെ പലരുടെയും ലൈഫിൽ ഇത് സോൾവ് ചെയ്യപ്പെടുന്നില്ല. ആദ്യമൊക്കെ പരസ്പരം പറയുന്നത് പിന്നെ പറയണ്ടാകും പിന്നെ പിരിയും. ഇത്തരം കാര്യങ്ങളൊക്കെ ഞാൻ എഴുതി നോക്കി ഹസ്ബന്റിനെ വായിച്ചുകേൾപ്പിക്കുമ്പോൾ അത് കൊള്ളുന്നുണ്ട്. അത് ആർക്കും റിലേറ്റ് ചെയ്യാൻ പറ്റും എന്ന് മനസിലായി .

ഇതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള വേർപിരിയലിന് കാരണം സ്നേഹത്തിന്റെ കുറവല്ല , സ്നേഹത്തിന്റെ കൂടുതൽ ആണ് അവർക്കു . അതോ ഒരു ഘട്ടത്തിൽ അവർ പരസ്പരം മനസിലാക്കാതെ വരുന്നു. അവിടെ അവരുടെ ഈഗോ ഉണർന്നു പ്രവർത്തിക്കുന്നു. ഈഗോ തുടങ്ങിക്കഴിഞ്ഞാൽ ഉറപ്പായും ആ ബന്ധം ഇല്ലാതാകും. ഒക്കെ കഴിഞ്ഞിട്ടാകും മനസിലാകുന്നത് എത്രത്തോളം മിസ് ചെയുന്നു എന്ന്.

Then We Met നു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അഭിനേതാക്കൾ

നായകവേഷം ചെയ്ത Jojo , പുള്ളിയൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന മൂവിയിൽ ഒരു നല്ല വേഷം ചെയുന്ന ആളാണ് ജോജോ. നേരത്തെ ജോജോയെ എനിക്കറിയാമായിരുന്നു. എന്റെ സുഹൃത്താണ് പുള്ളി. ഒട്ടും കഷ്ടപ്പെടാതെ ഫിക്സ് ചെയ്ത ഒരു അഭിനേതാവാണ് ജോജോ. പിന്നെ നായികാവേഷം ചെയ്ത Alenblesseena Alexanderനെ തിരഞ്ഞെടുത്തത് ഫേസ്ബുക്ക് വഴിയായിരുന്നു .നമ്മുടെ എഡിറ്റർ വഴി കിട്ടിയ കോൺടാക്റ്റ് ആയിരുന്നു. അഭിനേതാക്കൾക്കായി ഒരു വർക്ക് ഷോപ്പ് രണ്ടുദിവസം കൊടുത്തിരുന്നു. രണ്ടുപേരെയും ആ കാരക്ടർ ആക്കി മാറ്റുക എന്ന ടാസ്ക് ഉണ്ടായിരുന്നു.

ചെറിയ ഫെസ്റ്റുകളിൽ അയച്ചിരുന്നു. ‘മകൾ’ ചെയുമ്പോൾ ഞാൻ ഫെസ്റ്റിവൽ ചിന്തിച്ചിരുന്നു. എന്നാൽ ഇത് വലിയ വലിയ ഫെസ്റ്റുകളിൽ കൊടുക്കാൻ പറ്റിയില്ല. ഇതിന്റെയൊക്കെ ഒരു ലക്‌ഷ്യം എന്നത് പബ്ലിക്കിലേക്കു കൊടുക്കാം ആരെങ്കിലും ഇത് കണ്ടിട്ട് ഇസ്‌പിരേഷൻ ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ. അതൊക്കെയാണ് ഞാൻ ആഗ്രഹിച്ചത്.

Then We Met

Writer & Director : Akhila Sayooj
Producer : Opzfonz Entertainments
DOP : Rahul C Vimala
Editor : Rajeesh Gopi
Editing Studio : Redmax Studio calicut
Background Scoring : Jishnu thilak & Ajith Prakash
Scoring/Music Studio : Melomaniac , Edappally
Singers : Abhijith Thankachan
Archana preman
Track -Vocal. : Lisa Antony
Guitar : Ritvik Valsan
Flute : Nikhil K.V Aynoor
DI : Sujith Sadashivan
DI Studio : Action Frames Media
Camera Assistant : Abi E-one ads, Bridhin
Make-up. :. Reshma Akhil
Assistant Directors : Febin Martin , Althaf Naushad , Praveen S
Vivek V Varrier
Sound Design : Arjun R Mohan & Joyal james
Publicity Design : Arun Das
Stills. : Sayooj P.S
Narration. : Gayathri S, Prayaga
Casting : Jojo Jose ,

Alenblesseena Alexander, LakshmiPriya

 


You May Also Like

മിന്നൽ മുരളി വീണ്ടും പുതിയ ഭാവത്തിൽ

മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. ടൊവിനോ തോമസും…

സാക്ഷാൽ ടോം ക്രൂയിസ് ജാക്കിചാൻ എന്നിവർ വരെ ഷാരൂഖ് ഖാൻ ന്റെ പിന്നിൽ, ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യക്കാരൻ

ലോകത്തു ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഇന്ത്യൻ ജനതയുടെ അഭിമാനമായ ഷാരൂഖ് ഖാൻ. ഭൂമിയിൽ 400…

തിരിച്ചു വരവിലെ ആദ്യ പരാജയം

തിരിച്ചു വരവിലെ ആദ്യ പരാജയം. ????GladwinSharun 50% ഒക്കുപ്പൻസിയിൽ നെഗറ്റീവ് റിവ്യൂ വന്ന കാവൽ പോലും…

കോഴിക്കോട്ടെ ഒരു തീയേറ്ററിന് മുൻപിലെ ഗൃഹാതുരത്വമുണർത്തിയ കാഴ്ച

രോഹിത് കെ പി പണ്ടൊക്കെ മൈക്ക് സെറ്റിലൂടെ വിളിച്ചു പറഞ്ഞും സിനിമാക്കഥയുടെ രത്നചുരുക്കം അച്ചടിച്ച നോട്ടീസുകൾ…