മലയാളികളില്‍ പലരും ഇപ്പൊള്‍ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ നിന്നും ലാപ്ടോപ്പിലേക്ക് കളം മാറ്റി ചവിട്ടുന്ന കാലമാണല്ലോ. പല വീടുകളിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ തൂക്കി വില്‍ക്കാന്‍ പാകത്തില്‍ വെച്ചിരിക്കുകയാണ്. ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ വാര്‍ത്ത‍കളില്‍ അരങ്ങു തകര്‍ക്കുന്നെങ്കിലും ഇവിടെ ഇപ്പോഴും രാജാവ്‌ ലാപ്ടോപ് തന്നെയാണ്. ഒരു അഞ്ചു വര്‍ഷത്തേക്ക് അങ്ങിനെ തന്നെ ആവാന്‍ ആണ് ചാന്‍സ്. എന്നാല്‍ ലാപ്ടോപ് ഉപയോഗിക്കുന്ന പലരും തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ഒരു ശ്രദ്ധയും ഇല്ലാതെ ആണ് അത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അത് എങ്ങിനെ ഉപയോഗിക്കണം എന്നൊന്നും പലര്‍ക്കും അറിയില്ല, ചിലര്‍ കിടന്നാവാം ഉപയോഗിക്കുന്നത്, മറ്റു ചിലരാവട്ടെ മടിയില്‍ വെച്ചും.

കൊണ്ടുനടക്കാനും, ഉപയോഗിക്കാനും ഉള്ള സൗകര്യം ആയിരിക്കാം എല്ലാരേയും ലാപ്ടോപ്പിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ടാബ്ലറ്റ് കമ്പ്യൂട്ടറുകളിലേക്ക് എത്താത്തത് അവയുടെ ഒടുക്കത്തെ വിലയും ആവാം. വില കുറഞ്ഞവയില്‍ ഉള്ള അവിശ്വാസവും ആവാം. എന്നാല്‍ ഈ സൗകര്യങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങള്‍ ആരും ഓര്‍ത്തുനോക്കാറില്ല. സ്ഥിരമായി ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ശരിയായുള്ള ഇരുത്തം അല്ലാത്തത് കാരണം നടുവേദന, കൈകാലുകളില്‍ ഉണ്ടാവുന്ന കടച്ചില്‍, ഇടതു കൈക്കുണ്ടാവുന്ന സ്വാധീന കുറവ്, കഴുത്തിലുണ്ടാവുന്ന ഉളുക്ക് അങ്ങിനെ നീണ്ട നിര തന്നെയുണ്ട് ഈ ടെക്കികള്‍ക്ക് പിറകെ.

ഇങ്ങനെ ഉണ്ടാവുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു രോഗം ആണ് കൈത്തണ്ടകളിലെ ഞരമ്പുകളില്‍ ഉണ്ടാവുന്ന ക്ഷതം. കാര്‍പല്‍ ടണല്‍ സിന്‍ഡ്രം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം കുറച്ചു ഗുരുതരം ആണ്. ഇതുണ്ടാവുന്നവര്‍ക്ക് കുറച്ചു കഴിഞ്ഞാല്‍ വിരലുകളുടെ ചലന ശേഷി തന്നെ നഷ്ട്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നു ഇതിനെ കുറിച്ച് പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കാരോലിനയിലെ സ്‌കൂള്‍ ഓഫ് മെഡിലിനിലെ പ്രൊഫസറായ കെവിന്‍ കാര്‍നെയ്‌റോ വ്യക്തമാക്കുന്നു.

അത് കൂടാതെ ലാപ്ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യുല്‍പാദന ശേഷി വരെ നഷ്ട്ടപ്പെടാന്‍ ചാന്‍സ് ഉണ്ടെന്നാണ് പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. വയര്‍ലെസ്സ്‌ ഉള്ള ലാപ്ടോപ്പ് ആണെങ്കില്‍ ഇതിന്റെ തോത് കൂടുമെന്നും പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ അത് 90 ഡിഗ്രിയില്‍ ആയിരിക്കണമെന്നും നമ്മുടെ കണ്ണിനു നേരെ ആയിരിക്കണം മോണിറ്റര്‍ ലെവല്‍ എന്നും ഉണ്ട്. കൂടാതെ ഇരിക്കുമ്പോള്‍ 90ഡിഗ്രിയില്‍ കാല്‍മുട്ടുകള്‍ മടക്കിവച്ച് നല്ല ഇരിപ്പിടത്തില്‍ ഇരുന്ന് തല നേരെ വച്ച് ഉപയോഗിക്കാവന്ന രീതിയില്‍ മേശമേലോ മറ്റോ വച്ചുമാത്രം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കാരോലിനയിലെ സ്‌കൂള്‍ ഓഫ് മെഡിലിനിലെ പ്രൊഫസറായ കെവിന്‍ കാര്‍നെയ്‌റോ വ്യക്തമാക്കുന്നു.

Advertisements