പബ്ലിക് വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു.
176 total views

ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഹാക്കര്‍മാരുടെ വിഹാരകേന്ദ്രമാണ്. ആളുകളുടെ അറിവില്ലായ്മ മുതലെടുത്ത് അവര്‍ പാസ്സ്വേര്‍ഡ്കളും മറ്റ് സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്തേക്കാം. അതുകൊണ്ട് ഇനി ഇത്തരം പബ്ലിക് വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ പിടിക്കുന്നത് നന്നായിരിക്കും.
നിങ്ങള്‍ സുരക്ഷിതരല്ല എന്ന് അറിയുക: ഒരു പബ്ലിക് വൈ ഫൈ ഹോട്ട്സ്പോട്ടില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അതേ നെറ്റ്വര്ക്കില് തന്നെ ഒരു പക്ഷെ ഒരു ഹാക്കറും ഉണ്ടായേക്കാം. അയാള്‍ക്ക് നിങ്ങള്‍ നെറ്റ്വര്‍ക്കിലൂടെ കൈമാറുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
സെക്യൂരിറ്റി സോഫ്റ്റ്വെയറുകള് ഉപയോഗിക്കുക: നിങ്ങളുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സെക്യൂരിറ്റി സോഫ്റ്റ്വെയര് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ഇന്‍കമിംഗ് കണക്ഷനുകള്‍ ഫയര്വാള് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുക.
നിങ്ങളുടെ പാസ്സ്വേര്‍ഡ് സംരക്ഷിക്കുക: ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന എന്തും ചോര്‍ത്താനായി കീലോഗര്‍ എന്ന സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ കഴിയും. പാസ്സ്വേര്‍ഡുകളും ഇതുപയോഗിച്ച് ചോര്‍ത്താനാകും. അതുകൊണ്ട് ലാസ്റ്റ്പാസ് പോലെയുള്ള ഒരു പാസ്സ്വേര്‍ഡ് മാനേജര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
എല്ലായ്പ്പോഴും എന്‍ക്രിപ്റ്റഡ് കണക്ഷന് ഉപയോഗിക്കുക: https ഉള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നാം കൈമാറുന്ന വിവരങ്ങള്‍ കോഡ് ചെയ്യപ്പെട്ടതിനാല്‍ അത് രഹസ്യമയിരിക്കും. പക്ഷെ എല്ലാ വെബ്സൈറ്റുകളും https ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി https everywhere എന്ന ബ്രൌസര്‍ ആഡ്ഓണ്‍ ഉപയോഗിക്കാം.
ഉപയോഗിക്കുന്ന നെറ്റ്വര്‍ക്കിന്റെ പേര് ശ്രദ്ധിക്കുക: മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്താനായി ഹാക്കര്‍മാര്‍ ഒരുപക്ഷെ ഒരു വ്യാജനെറ്റ്വര്‍ക്ക് ഉണ്ടാക്കിയേക്കാം. അതുകൊണ്ട് നിങ്ങള്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ നെറ്റ്വര്‍ക്ക് ആണെന്ന് ഉറപ്പുവരുത്തുക.
ശ്രദ്ധിക്കുക, ബുദ്ധി ഉപയോഗിക്കുക: എല്ലാ പബ്ലിക് നെറ്റ്വര്‍ക്കുകളെയും സുരക്ഷിതമല്ലാത്ത നെറ്റ്വര്‍ക്കുകളായി വീക്ഷിക്കുക. മാത്രമല്ല ബാങ്കിംഗ്, ഷോപ്പിംഗ് പോലെയുള്ള കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാതിരിക്കുക. നിങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ വൈ ഫൈയിലും പങ്കുവെക്കാതിരിക്കുക.
ദയവായി അഭിപ്രായങ്ങള്‍ താഴെരേഖപ്പെടുത്തുക
177 total views, 1 views today
