Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

പണ്ടൊക്കെ വാഷിംഗ് മെഷീൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ പിൻതിരിപ്പിക്കുന്ന ഒന്നായിരുന്നു ‘കല്ലിൽ കുത്തി അലക്കുന്നതുപോലെ ഒന്നും ചെളി പോകില്ല ‘ എന്നത്. സംഗതി ശരിയാണ്‌. ഏത് അത്യാധുനിക വാഷിംഗ് മെഷീൻ ഉപയോഗിച്ചാലും കല്ലിൽ കുത്തി അലക്കുന്നതുപോലെ ചെളി പോകില്ല. പ്രത്യേകിച്ച് കോളറിലും മറ്റുമൊക്കെ പറ്റിപ്പിടിച്ചത്. പക്ഷേ അക്കാലത്ത് ഒരേ വസ്ത്രങ്ങൾ തന്നെ നിരവധി ദിവസങ്ങൾ ഉപയോഗിച്ചതിനു ശേഷം മാത്രം അലക്കുന്നതിനാൽ അത്രയധികം അഴുക്കും ചെളിയും വസ്ത്രങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ മധ്യ വർഗ്ഗത്തിന്റെ ജീവിത നിലവാരം ഉയർന്നതോടെ ജീൻസ് ഒഴികെയുള്ള വസ്ത്രങ്ങൾ ഒന്നിൽ കൂടുതൽ ദിവസങ്ങളിൽ ഉപയോഗിക്കുന്നവർ കുറവായിരിക്കും ചിലരാകട്ടെ ഒരേ ദിവസം തന്നെ രണ്ടും മൂന്നു വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നവരും. ഈ സാഹചര്യത്തിൽ അലക്കലിനു വാഷിംഗ് മെഷീൻ ഒരനുഗ്രഹം തന്നെയാണ്‌. വാഷിംഗ് മെഷീൻ വാങ്ങാൻ പോകുമ്പോൾ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട് ഏത് തരം വാങ്ങണമെന്ന്. പ്രധാനമായും രണ്ട് തരം വാഷിംഗ് മെഷീനുകൾ ആണല്ലോ ഉള്ളത് സെമി ഓട്ടോമാറ്റിക്കും ഫുള്ളി ഓട്ടോമാറ്റിക്കും. ഇതിൽ ഫുള്ളി ഓട്ടോമാറ്റിക്കിനു രണ്ട് ഉപ വിഭാഗങ്ങൾ – ഫ്രണ്ട് ലോഡിംഗും ടോപ്പ് ലോഡിംഗും. പിന്നെ തുണിയുടെ തൂക്കത്തിനനുസരിച്ച് 5 കിലോ മുതൽ മുകളിലേക്ക് ഉള്ള ഉപ വിഭാഗങ്ങളും.

👉 ഈ മൂന്നു വിഭാഗങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ബഡ്ജറ്റ് പരിമിതമാണെങ്കിൽ മറ്റൊന്നും ആലോചിക്കാതെ സെമി ഓട്ടോമാറ്റിക്കിലേക്ക് പോകുന്നതായിരിക്കും നല്ലത്. കാരണം 5000 മുതൽ 10000 രൂപ വരെയുള്ള റേഞ്ചിൽ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ ലഭ്യമാണ്‌. സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകളുടെ ഘടന വളരെ ലളിതമായതിനാൽ പൊതുവേ തകരാറുകൾ വളരെ കുറവായിരിക്കും. വാഷിംഗിനായും സ്പിന്നിംഗിനായും പ്രത്യേകം ടബ്ബുകൾ ഉള്ള മോഡലുകൾ മാത്രമേ ഇപ്പോൾ വിപണിയിൽ സെമി ഓട്ടോമാറ്റിക് വിഭാഗത്തിൽ ഇറങ്ങാറുള്ളൂ. സെമി ഓട്ടോമാറ്റിക് മെഷീൻ വാങ്ങാൻ അത്രയധികം റിസർച്ച് നടത്തേണ്ട കാര്യങ്ങളൊന്നുമില്ല. എങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കുമെന്ന് മാത്രം. തുരുമ്പ് പിടിക്കാത്ത ബോഡി ആയാൽ നന്നായിരിക്കും. പിന്നെ എലി കയറാതിരിക്കാനുള്ള സംവിധാനങ്ങളൊക്കെ എല്ലാ നിർമ്മാതാക്കളും ഉറപ്പ് നൽകുന്നുണ്ടെങ്കിലും എലികൾക്ക് അതൊന്നും ഒരു തടസ്സമാകാറില്ല എന്നതാണ്‌ വാസ്തവം. മറ്റുള്ള ഫീച്ചറുകളൊക്കെ പൊതുവേ പരസ്യ വാചകങ്ങൾ മാത്രമായിരിക്കും. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ തകരാറിലായാൽ നന്നാക്കിയെടുക്കുക ലോക്കൽ മെക്കാനിക്കുകൾക്ക് പോലും എളുപ്പമുള്ള കാര്യമാണ്‌. സ്പെയർ പാർട്സുകളൊക്കെ മിക്കതും ജനറിക് ആയതിനാൽ ഒന്ന് കിട്ടിയില്ലെങ്കിലും മറ്റൊന്ന് വച്ച് ഒപ്പിക്കാനാകും. സെമി ഓട്ടോമാറ്റിക്കിൽ കറങ്ങുന്ന ഭാഗമായ അജിറ്റേറ്റർ രണ്ടു തരത്തിലുള്ള മോഡലുകൾ ഉണ്ട് ഒന്ന് ഒരു കുറ്റി പോലെ നടുവിൽ പൊങ്ങി നിൽക്കുന്നതും താഴെ പതിഞ്ഞിരിക്കുന്ന ഡിസ്ക് പോലെയുള്ളതും. ഇത് രണ്ടും തമ്മിൽ പ്രായോഗിക തലത്തിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. പരസ്യ വാചകങ്ങൾക്കപ്പുറം അതിലൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. പിന്നെ സ്പിൻ മോട്ടോറിന്റെ RPM ഒന്ന് നോക്കിയാൽ നന്നായിരിക്കും. കാരണം കൂടുതൽ ഉള്ളവ വേഗത്തിൽ കറങ്ങും അതനുസരിച്ച് ഉണക്കലിന്റെ ഗുണവും കൂടും. സെമിയുടെ ചില ഗുണങ്ങളും ദോഷങ്ങളും അക്കമിട്ട് പറയാം

✔ഗുണങ്ങൾ:

1. ലളിതമായ ഘടന. പ്രവർത്തനം. വൈദ്യുത ഉപഭോഗവും വെള്ളത്തിന്റെ ഉപഭോഗവും താരതമ്യേന കുറവ്
2. വെള്ളം തുടർച്ചയായി ആവശ്യമില്ല.
3. പരിപാലനച്ചെലവ് കുറവ്. വിലക്കുറവ്

✖ദോഷങ്ങൾ

1. അലക്ക് മുതൽ ഉണക്കൽ വരെയുള്ള ഘട്ടങ്ങൾക്കിടയിൽ ഇടപെടലുകൾ ആവശ്യമായി വരുന്നു.
2. ശരിയായ രീതിയിൽ എർത്ത് ചെയ്യാതിരുന്നാൽ ഓൺ ചെയ്തു വച്ചതിനു ശേഷമുള്ള ഇടപെടലുകൾ അപകടം ക്ഷണിച്ചു വരുത്തുന്നു. ഇത് ഏത് തരത്തിലുള്ള വാഷിംഗ് മെഷീനുകൾക്കും ബാധകമാണെങ്കിലും ഫുള്ളി ഓട്ടോമാറ്റിക്കിൽ ഓൺ ചെയ്തതിനു ശേഷമുള്ള ഇടപെടലുകൾ കുറവായതിനാൽ അപകട സാദ്ധ്യതകൾ താരതമ്യേന കുറയുന്നു എന്നേ ഉള്ളൂ.

ഫുള്ളീ ഓട്ടോമാറ്റിക്കിന്റെ കാര്യം വരുമ്പോൾ വാങ്ങണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതിന്റെ പ്രധാന ഘടകം വില തന്നെയാണ്‌. 10000 രൂപയ്ക്ക് മുകളിലേക്ക് നോക്കിയാൽ മതി. തുണിയിട്ട് സ്വിച്ച് അമർത്തിയാൽ അലക്കി സ്പിൻ ചെയ്ത് എടുക്കുന്നതു വരെ തിരിഞ്ഞ് നോക്കേണ്ടതില്ല എന്നതാണ്‌ പ്രധാന ആകർഷണീയത. അലക്കിന്റെ ഗുണനിലവാരം നോക്കിയാൽ സാധാരണ സെമി ഓട്ടോമാറ്റിക് മെഷീനും ടോപ് ലോഡിംഗ് ഫുള്ളി ഓട്ടോമാറ്റിക് മെഷീനും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ആധുനിക ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ ഫീച്ചറുകളുടെ അതിപ്രസരമാണ്‌. അതിനൊക്കെ ഓരോ കമ്പനിക്കാർ ഓരോ പേരിട്ട് വിളിച്ച് പരസ്യം ചെയ്യും. തുണിയുടെ തൂക്കം, വെള്ളത്തിന്റെ അളവ്, വാഷിംഗ് സമയം സ്പിന്നിംഗ് സമയം ഇതൊക്കെ സ്വയമേവ പ്രോഗ്രാമുകൾക്കനുസരിച്ച് തീരുമാനിക്കപ്പെടുന്നു എന്നതാണ്‌ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെയെല്ലാം അടിസ്ഥാനപരമായ സവിശേഷത. തുണിയിലെ അഴുക്കൊക്കെ സ്വയം മനസ്സിലാക്കി അതിനനുസരിച്ച് അലക്കിയെടുത്തു

തരുമെന്നൊക്കെയുള്ള പരസ്യങ്ങളിൽ കാര്യമൊന്നുമില്ല. ഇളം ചൂടുവെള്ളത്തിൽ അലക്കിയാൽ തുണികൾ ഒന്നു കൂടീ വൃത്തിയാകുമെന്നതിനാൽ ചില ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകളിൽ വെള്ളം ചൂടാക്കാനുള്ള സംവിധാനം കൂടി നൽകിയിട്ടുണ്ടാകും. നല്ല തണുപ്പുള്ള കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് ഫുള്ളി ഓട്ടോമാറ്റിക് ആയിരിക്കും കൂടുതൽ അനുയോജ്യം. കാരണം തണുത്തുറഞ്ഞ കാലാവസ്ഥയിൽ തുണികൾ വാഷ് ടബ്ബിൽ നിന്നും സ്പിൻ ടബ്ബിലേക്ക് മാറ്റുന്നതുപോലെയുള്ള ജോലികൾ ഇവിടെ ആവശ്യമായി വരുന്നില്ല. ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡിംഗ് മെഷീനുകളൂടെ ഗുണങ്ങളും ദോഷങ്ങളും ഒന്ന് പരിശോധിക്കാം

✔ഗുണങ്ങൾ

1. അലക്കലിനിടയിൽ കയ്യാങ്കളിയുടെ ആവശ്യമില്ല.
2. വിവിധ അലക്കൽ മൊഡുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ചൂടുവെള്ളം ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്.
3. സെമി ഓട്ടോമാറ്റിക് മെഷീനുകളെ അപേക്ഷിച്ച് വലിപ്പം കുറവായിരിക്കും.

✖ദോഷങ്ങൾ

1. വിലക്കൂടുതൽ ആണ്‌.
2. സങ്കീർണ്ണമായ ഘടന. റിപ്പയറിംഗ് എളുപ്പമല്ല. ഓരോ മോഡലിനും അതനുസരിച്ചുള്ള കണ്ട്രോൾ

ബോഡുകൾ ഉള്ളതിനാൽ ജനറിക് ബോർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. പല മോഡലുകളിലും കണ്ട്രോൾ ബോഡുകൾ വാട്ടർ പ്രൂഫ് ആക്കാനായി മോൾഡ് ചെയ്യപ്പെട്ടവയായതിനാൽ റിപ്പയറിംഗ് നടക്കില്ല ബോർഡ് റീപ്ലേസ്‌‌മെന്റ് മാത്രമേ നടക്കാറുള്ളൂ.

3. അത്യാവശ്യം മർദ്ദം ഉള്ല വെള്ളം അലക്കൽ പ്രക്രിയയിൽ ഉടനീളം ലഭ്യമായിരിക്കണം.
4. വെള്ളം / വൈദ്യുതി ചെലവുകൾ സെമി ഓട്ടോമാറ്റിക്കിനേക്കാൾ കൂടുതൽ.

അടുത്തത് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾ ആണ്‌. അലക്കലിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഏറ്റവും നല്ലത് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾ ആണ്‌. സ്വാഭാവികമായി കല്ലിൽ കുത്തി അലക്കുന്ന ഒരു എഫക്റ്റ് ഇതിൽ ഉണ്ടാകുന്നു എന്നതിനാൽ നന്നായി അഴുക്ക് പോകുന്നു. തുണികൾ നാശമാകാനുള്ള സാദ്ധ്യതകളും ഫ്രണ്ട് ലോഡീംഗിൽ കുറവാണ്‌. മറ്റു ഫീച്ചറുകളെല്ലാം ടോപ് ലോഡിംഗ് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടേതിനു സമം തന്നെ. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം

✔ഗുണങ്ങൾ

1. ഏറ്റവും മെച്ചപ്പെട്ട അലക്ക്. തുണികളൂടെ ഈടിനെ അധികം ദോഷകരമായി ബാധിക്കുന്നില്ല.
2 സ്ഥലം കൂറച്ച് മതി. ഫ്രണ്ട് ലോഡിംഗ് ആയതിനാൽ റാക്കുകളിലും മോഡുലാർ കിച്ചനുകളിലുമൊക്കെ സ്ഥാപിക്കാൻ കഴിയും.
3. ഊർജ്ജ ഉപഭോഗവും വെള്ളത്തിന്റെ ഉപഭോഗവും ടോപ് ലോഡിംഗിനേക്കാൾ മെച്ചപ്പെട്ടത്. \
4. ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീനുകളേക്കാൾ വൈബ്രേഷൻ കുറവ്.

✖ദോഷങ്ങൾ

1. വില വളരെ കൂടുതൽ
2. ഭാരം താരതമ്യേന വളരെ കൂടുതലാണ്‌.
3. തുണികൾ നിറയ്ക്കാനും എടുക്കാനും നടുവ് വളയ്ക്കേണ്ടീ വരുകയോ ഇരിക്കുകയോ വേണ്ടി വരുമെന്ന അസൗകര്യം.
4. വാഷിംഗ് തുടങ്ങിക്കഴിഞ്ഞാൽ ഇടയ്ക്ക് തുറക്കാൻ പറ്റില്ല. ഇടയ്ക്ക് തുണികൾ ഇടാനോ നീക്കം ചെയ്യാനോ കഴിയില്ല (ചില കമ്പനികളൂടെ മോഡലുകളിൽ ഒഴിച്ച്)

പൊതുവേ പറഞ്ഞാൽ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ബഡ്ജറ്റ് അൽപം ഒന്ന് കൂട്ടീ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾ വാങ്ങുന്നതായിരിക്കും നല്ലത്. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ വാങ്ങുമ്പൊൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വിൽപ്പനാനന്തര സേവനം തന്നെയാണ്‌. അതും വീട്ടിൽ വന്നു റിപ്പയർ ചെയ്തു തരുന്ന തരത്തിലുള്ള വിൽപ്പനാനന്തര സേവനം. അതിനാൽ പ്രാദേശികമായി നല്ല സർവീസ് സെന്റർ ഉള്ള കമ്പനികളൂടെ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Leave a Reply
You May Also Like

എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് മോഡിന്റെ ഉപയോഗം ?

എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് മോഡിന്റെ ഉപയോഗം

കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്

കേരള പോലീസ് പേജിൽ പങ്കുവച്ച പോസ്റ്റ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ…

എല്ലാം ഓട്ടോമാറ്റിക് ആവുമ്പോഴുള്ള വെല്ലുവിളികൾ

എല്ലാം ഓട്ടോമാറ്റിക് ആവുമ്പോഴുള്ള വെല്ലുവിളികൾ അറിവ് തേടുന്ന പാവം പ്രവാസി ഓരോ തവണ ഓപ്പറേറ്ററുള്ള ലിഫ്റ്റിൽ…

നിങ്ങളുടെ അശ്ലീല വീഡിയോ വരുമ്പോൾ ! എന്താണ് ഡീപ് ഫേക്ക് ടെക്‌നോളജി ?

എന്താണ് ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ? നിങ്ങളുടെ മുന്നിൽ നിങ്ങൾ അഭിനയിക്കാത്ത നിങ്ങളുടെ ഒരു…