സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

0
1203

lynnwood-used-autos

രാജ്യത്തെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണി മുമ്പെങ്ങും ഇല്ലാത്തത്ര വളര്‍ച്ച നേടി കഴിഞ്ഞു. ഇടത്തരം കുടുംബങ്ങള്‍ എല്ലാം ഒരു കാര്‍ വാങ്ങിയാല്‍ കൊള്ളാം എന്നാഗ്രഹിക്കുന്നവരാണ്. പുതിയ കാര്‍ വാങ്ങാന്‍ ശേഷി ഇല്ലാത്തതിനാല്‍ സെക്കന്റ് ഹാന്‍ഡ് കാറുകളാണ് അവര്‍ക്ക് പ്രീയം . അത്തരത്തില്‍  സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ

1 വണ്ടിയുടെ ആര്‍ സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ് മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്റെ സഹായം തേടുക.

2 ഫോം 29,30 ഇവ പരിശോധിച്ചു യധാര്‍ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാധാരണയായി ഒപ്പ് വെട്ടി ഒട്ടിക്കുന്ന രീതിയും ഉണ്ട്. ഇതിനാല്‍ ഒപ്പില്‍ വല്ല കൃത്രിമത്വവും ഉണ്ടോ എന്ന് അന്വേഷിക്കുക.

3 വാഹനത്തിന്റെ ഉടമസ്ഥന്‍ മരിച്ചു പോയിട്ടുണ്ടെങ്ങില്‍ മൂന്നു മാസത്തിനുള്ളില്‍ തഹസില്‍ദാരില്‍ നിന്ന് അവകാശ സര്‍ട്ടിഫികേറ്റ് ( വാഹനത്തിന്റെ ഉടമസ്ഥാവകാശം വെക്തമാക്കുന്നത്  ) വാങ്ങണമെന്ന നിയമമുണ്ട്. അവകാശ സര്‍ട്ടിഫികേറ്റില്‍ ഒന്നിലധികം പേര്‍ അവകാശികളായിട്ട് ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ഒരാളിന്റെ പേരില്‍ അവകാശം എഴുതി കൊടുക്കണം.ഇങ്ങനെ അല്ലെങ്ങില്‍ അവകാശികളായിരുന്ന മറ്റുള്ളവര്‍ക്ക് നിങ്ങള്‍ വാങ്ങുന്ന വാഹനത്തില്‍ അവകാശം ഉണ്ടായിരിക്കും.

4 ഇന്‍ഷുറന്‍സ് ആരുടെ പേരിലായിരുന്നാലും അത് വാഹനം വാങ്ങുന്ന ആളിന് മാറ്റി കിട്ടും. നഷ്ട പരിഹാരം നിങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപെട്ട് നിങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം.

5 വണ്ടിയെ കുറിച്ച് അറിയാന്‍ വിദഗ്ധനായ ഒരാളുടെ സഹായം തേടുക. വിദഗ്ധനായ ഒരാള്‍ക്ക് മൂന്നു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ തന്നെ വണ്ടിയെക്കു റിച്ച് ഏകദേശ ധാരണ ഉണ്ടാകും. സംശയമുള്ള ഭാഗങ്ങള്‍ തുറന്നു പരിശോദിക്കണം.

6 അപരിചിതരില്‍ നിന്നും കഴിവതും വണ്ടി വാങ്ങരുത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ വിശ്വസ്തരായ ആള്‍ക്കാരില്‍ നിന്നോ മാത്രം വാങ്ങുക.

7 വാങ്ങാന്‍ പോകുന്ന വാഹനത്തിന്റെ ഡോകുമെന്റുകള്‍ അതതു ആര്‍ ടി ഒ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത് നല്ലതാണ്. വാഹനത്തിന്റെ വിശ്വാസ്യത ബോധ്യപ്പെടാന്‍ അത് സഹായിക്കും.

8 സമയമില്ലാത്തതുകൊണ്ട് കാറുകള്‍ വങ്ങേണ്ട ഉത്തരവാദിത്വം മറ്റാരെയും ഏല്‍പിക്കരുത്. ആരെയും അന്ധമായി വിശ്വസിക്കാന്‍ പാടില്ല.

9 വാഹനം വാങ്ങുമ്പോള്‍ അതിന്റെ സാങ്കേതിക മേന്മ, നിയമപരമായ ഉടമസ്ഥാവകാശം ഇവക്കു പ്രാധാന്യം കൊടുക്കുക. ഈ രണ്ടു കാര്യങ്ങളും കൃത്യമായി അറിഞ്ഞാല്‍ വാഹനം വാങ്ങിക്കാന്‍ ഉറപ്പിക്കാം.

10 വില തീരുമാനിക്കുമ്പോഴും ശ്രദ്ധിക്കണം. വിലപേശുന്നതില്‍ മടി കാട്ടരുത്.