അഹിന്ദുവായ തഹസിൽദാറെ ഹിന്ദു ഐക്യവേദി അംഗീകരിക്കല്ലായിരിക്കും, സർക്കാരും വിട്ടുവീഴ്ച ചെയ്യണോ ?

75

തിരുവനന്തപുരത്തെ തഹസിൽദാർ നിയമനത്തെ കുറിച്ചാണ്. കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയനോ അതോ ഹിന്ദുത്വവാദിയായ കെ സുരേന്ദ്രനോ? നവോത്ഥാന ജനാധിപത്യ കേരളം എന്ന് മുതലാണ് മനുസ്മൃതിയിലധിഷ്‌ഠിതമായ രാജഭരണകാലത്തേക്ക് മടങ്ങിയത്..? അഹിന്ദുവായ ഒരു തഹസിൽദാർ പത്മനാഭ സ്വാമി ക്ഷേത്ര പരിധിയിൽ പെടുന്ന തിരുവനന്തപുരം താലൂക്കോഫീസിൽ ഉണ്ടാകാൻ പാടില്ലെന്ന തിട്ടൂരം സവർണ്ണ സാംസ്‌കാരിക ദേശീയത എന്ന ലക്‌ഷ്യമുള്ള ഹിന്ദു ഐക്യവേദിക്കുണ്ടാകും

എന്നാൽ അതിന് വഴങ്ങി കൊടുക്കുന്ന സർക്കാർ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നത് പ്രശ്നമാണ് … ആചാരം തെറ്റിച്ചാൽ പെണ്ണുങ്ങളെ രണ്ടു കൊല്ലം ജയിലിൽ അടക്കും എന്ന് കരട് നിയമം നിർമ്മിച്ച ഊള പ്രതിപക്ഷവും ഹിന്ദുത്വയുടെ തിട്ടൂരങ്ങൾക്കു വഴങ്ങുന്ന ഭരണകൂടവും തമ്മിൽ എന്താണ് വ്യത്യാസം….? മനുഷ്യരെ വേർ തിരിക്കുന്ന ഓരോ മതാചാരങ്ങളും ഹിന്ദുത്വയിലേക്കുള്ള ഊടു വഴികളാണ് എന്ന് തിരിച്ചറിയാത്തവരല്ലല്ലോ കമ്മ്യൂണിസ്റ്റുകാർ.നിങ്ങൾ മറ്റാരുടെ ചരിത്രം മറന്നാലും നിങ്ങളുടെ ചരിത്രവും പ്രത്യയ ശാസ്ത്ര ബാധ്യതയും മറക്കരുത് ഇടതുപക്ഷമേ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവച്ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള തഹസീല്‍ദാര്‍ സ്ഥാനത്തേക്ക് അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. ആചാര വിവാദം ഉയര്‍ത്തിക്കാട്ടി ഹിന്ദുഐക്യവേദി പ്രതിഷേധിച്ചതിന് പിന്നാലെ തിരുവനന്തപുരം തഹസീല്‍ദാര്‍ എം അന്‍സാരിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുന്നു

നവരാത്രി ആഘോഷച്ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കും പങ്കെടുക്കേണ്ട തഹസീല്‍ദാര്‍ ഹിന്ദുതന്നെയാകണമെന്ന ഹിന്ദു ഐക്യവേദിയുൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യപ്രകാരമാണ് മാറ്റം ഉണ്ടായത്. തഹസീല്‍ദാരെ നിയമിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് സ്ഥലം മാറ്റം. പത്മനാഭസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങിനായി വേട്ടക്കുളം ഒരുക്കേണ്ടത് തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണെന്നും ആറാട്ടിന് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം.

അഹിന്ദു തഹസീല്‍ദാറെ നിയമിക്കുന്നത് ആചാരലംഘനമാകുമെന്നും ഐക്യവേദി പറഞ്ഞിരുന്നു. ഫെബ്രുവരി നാലാം തീയതിയാണ് ഇദ്ദേഹത്തെ തഹസീല്‍ദാരായി നിയമിച്ചിരുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 105 റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് അന്‍സാരി തിരുവനന്തപുരത്ത് തഹസീല്‍ദാരാകുന്നത്. ചാര്‍ജെടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തെ വീണ്ടും നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റി റവന്യൂ കമ്മീഷന്‍ ഉത്തരവിറക്കുകയായിരുന്നു.