തിരുവനന്തപുരത്തിന്റെ ഭക്ഷണസംസ്കാരത്തെ പുച്ഛിച്ച തീറ്റ വ്ലോഗർക്ക് തിരുവനന്തപുരംകാരുടെ പൊങ്കാല

319

തിരുവനന്തപുരത്തിന്റെ ഭക്ഷണസംസ്കാരത്തെ പുച്ഛിച്ച തീറ്റപ്പണ്ടാരം വ്ലോഗർക്ക് തിരുവനന്തപുരംകാരുടെ പൊങ്കാല

ശിവകുമാർ അമ്പലത്തറ

“തിരുവനന്തപുരത്തെ ആൾക്കാർക്ക് ചീപ്പ് ആയിട്ടുള്ള ഫുഡ് എത്ര വൃത്തികെട്ട സ്ഥലത്തു നിന്ന് കഴിച്ചാലും വലിയ കോണ്ടിറ്റി കിട്ടണം ,കുറേ കഴിക്കണം എന്നേയുള്ളൂ. ഇവിടുന്നൊക്കെ ഫുഡ് കഴിക്കാൻ പേടിയാ പിന്നെ കുറെ സർക്കാർ ജീവനക്കാരാ ഏറെയും അവർക്ക് എപ്പോഴും വലിയ ഹോട്ടലുകളിൽ നിന്ന് കഴിക്കാൻ വരുമാനവും ഇല്ലല്ലോ അതുകൊണ്ടാകും ഇവിടെ ഒരു ആളു പോലും ഇല്ല.”

ഒരു ജില്ലയെ ആകമാനം അവഹേളിക്കുന്ന, സർക്കാർ ജീവനക്കാരെന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന ഈ വാക്കുകൾ ഒരു ഫുഡ്വ്ലോഗറുടേതാണ്. മൃണാൾ ദാസ് എന്ന ഫുഡ് ബ്ലോഗർ തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ആളൊഴിഞ്ഞ റെസ്റ്റാറന്റിലെ മൂലയിൽ ഇരുന്ന് വീഡിയോ ചെയ്ത് ഷെയർ ചെയ്തത് ആത്മാഭിമാനമുള്ള നമ്മുടെ സ്വന്തം തിരുവനന്തപുരം നിവാസികൾ ഏറ്റുപിടിച്ചു ധാർമ്മിക രോഷം നിറയെ ചൊരിയുന്നുണ്ട് .അതുകൊണ്ട് തന്നെ പപ്പനാവന്റെ സ്വന്തം പ്രജയായ എനിക്ക് മൃണാളിനോട് ചിലത് ചോദിക്കാനുണ്ട്.

Image result for മൃണാൾ തിരുവനന്തപുരം ഭക്ഷണംഎന്തേ മൃണാൾ ദാസാ നിങ്ങളെ തിരുവനന്തപുരത്തെ പൗരാവലി ക്ഷണിച്ചോ ഒരു സർട്ടിഫിക്കറ്റ് ബ്ലോഗി വിടാൻ ? ജന്മനാട് / സ്വദേശം എന്നൊക്കെ പറഞ്ഞാൽ അത് പെറ്റമ്മയ്ക്കു സമമാണെന്നു നിങ്ങൾക്കറിയാമോ? നാടുനീളെ മുന്തിയ ഫൈവ് സ്റ്റാറിലും , മറ്റ് പിരിവു കിട്ടുന്നിടത്തും ഒക്കെ ഫുഡ് ബ്ലോഗ് ചെയ്ത് യാതൊരു നിലവാരവും ഇല്ലാത്ത സ്ഥാപനങ്ങളിൽ പോലും ആളെ കൂട്ടിക്കൽ പണി നടത്തുന്ന താങ്കൾക്ക് അത് മനസ്സിലാകണമെന്നില്ല .

വിവാദമായ വീഡിയോ

കേരളമൊട്ടാകെ മൃഷ്ടാന്നം ഭുജിച്ച് രുചിച്ച് നടന്നപ്പോൾ ഇങ്ങ് തിരോന്തോരത്ത് മാത്രം എന്തേ ആ ബിസിനസ്സിൽ ആരും പ്രതീക്ഷിച്ച വിളിച്ചു കാണില്ല അല്ലേ? അതിന്റെ കെറുവും ഗർവ്വുമാണ് ഒടുവിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മൂലയ്ക്കു പോയിരുന്ന് ഒരു നാട്ടാരെ മുഴുവൻ കയറി അടിച്ചാക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചത്.

തിരുവനന്തപുരത്തുള്ളവരെ ആറ്റിറ്റ്യൂട് പഠിപ്പിച്ച് ഫൈവ് സ്റ്റാറുകളിലെ ഒഴിഞ്ഞു കിടക്കുന്ന കാലികസേരകൾ നിറച്ചു കൊടുക്കാമെന്നും ഏറ്റു ഫൈവ് കോഴ്സ് ലഞ്ച് ഓസിനു കഴിക്കുന്നത് തന്റെ അല്പത്തരം. ഒരു ദേശത്തെ നാട്ടുകാരെയും ,അവിടുത്തെ ഭക്ഷണശാലകളെയും ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ ഏതോ ഒരുവൻ വിവരക്കേടു വിളിച്ചു പറഞ്ഞ് എന്ന് വച്ച് ഇളകി വീഴുന്നതല്ല ഒരുതിരുവനന്തപുരം നിവാസിയുടെയും അഭിമാനവും ,അന്തസ്സും ,
തറവാടിത്തവും ദൃണാളേ!

പിന്നെ അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുടപിടിക്കും എന്ന പോലെ ഫൈവ് സ്റ്റാറും , സെവൻ സ്റ്റാറും ഒക്കെ നിത്യേന ഭക്ഷണം കഴിക്കാനായി നമ്മുടെ തിരുവനന്തപുരം നിവാസികൾ ഉപയോഗിക്കാറില്ല .അവരുടെ മാന്യമായ ഭക്ഷണശീലവും ,ഇവിടുത്തെ പേരു കേട്ട വിവഭസമൃദ്ധമായ രുചികൂട്ടുകൾ വിളമ്പുന്ന നൂറുകണക്കിന്ന് ഭക്ഷണശാലകളുടെ ക്രഡിബിലിറ്റിയും ,പൊതുജനങ്ങൾ നല്കിയിട്ടുള്ള അംഗീകാരവും ഒക്കെ വിലയിരുത്തിയാണ്.

തിരുവനന്തപുരത്ത് നിലവാരമുള്ള വിവിധ രുചികളുള്ള ഭക്ഷണമൊരുക്കുന്ന എല്ലാ ഹോട്ടലുകളിലും സംസ്ഥാനത്തെ ഏതൊരു ജില്ലയിലേക്കാളും ഒരു പക്ഷേ തിരക്കും കൂടുതൽ തന്നെയാകും കാരണം ഭക്ഷണ കാര്യത്തിൽ ഇവിടുള്ളവർ കാശ് നോക്കാറില്ല , അത് സർക്കാർ ജീവനക്കാർ ആയാലും ശരി , ഇവിടുത്തെ ചുമട്ടു തൊഴിലാളി ആയാലും .. അവർ പോലും നിത്യേന’ ഒരു നേരം ഭക്ഷണത്തിനായി അഞ്ഞൂറു രൂപയിലധികം ചിലവാക്കുന്ന പല പ്രമുഖ ഹോട്ടലുകളും ഇവിടെയുണ്ട് ‘

ഇത് തിരുവനന്തപുരം തന്നെയാ സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണ് ..കണ്ടു നിറഞ്ഞവർ ..
ഉണ്ട് നിറഞ്ഞവർ .ഈ നാട്ടിൽ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ഏതു നാട്ടുകാരനും വന്ന് ഹോട്ടലുകൾ തുടങ്ങാം .മറ്റു കച്ചവടങ്ങളും ചെയ്യാം .ആരെയും ആതിഥ്യമര്യാദയോടെ മാത്രം സ്വീകരിക്കുന്ന അവർക്ക് സുരക്ഷ ഒരുക്കുന്ന നാടാണ് ഈ പപ്പനാവന്റെ സ്വന്തം തിരോന്തരം. ഏതു നല്ല കാര്യങ്ങളെയും ,
ന്യായമായ കാര്യങ്ങളെയും തെക്കനും ,
വടക്കനും എന്ന് വേർതിരിക്കാതെ ,
നാടും, വീടും ,ദേശവും ഒക്കെ മറന്ന് പ്രോത്സാഹിപ്പിക്കുന്ന നാട് ! അതാണ് തിരുവനന്തപുരം ..

Image result for മൃണാൾ തിരുവനന്തപുരം ഭക്ഷണംഅഞ്ചുരൂപയ്ക്കും , ഏഴു രൂപയ്ക്കും നല്ല നിലവാരമുള്ള ചായയും
ചെറുകടികളും സുഭിക്ഷമായി കിട്ടുന്ന നാട് കേരളത്തിൽ ഇന്ന് തിരുവനന്തപുരം മാത്രം ..
വ്യത്യസ്ഥമായ വിവിധ തരം നാവിൽ രുചിയൂറുന്ന ഫ്രഷ് ആയ വൃത്തിയും ,വെടിപ്പും ,ശുചിത്വവും ഉള്ള ഭക്ഷണ ശാലകൾ അനേകമുള്ള നാടും കേരളത്തിൽ തിരുവനന്തപുരം തന്നെ….
അതോടൊപ്പം മറ്റു ജില്ലകളിലെ നിലവാരമുള്ള ഭക്ഷണശാലകളെയും ഞാൻ ഓർക്കുന്നു ,

മറ്റു ജില്ലകളിലെ പോലെ ഇവിടെയും ചുരുക്കം ചില ഹോട്ടലുകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകശാലകൾ കാണുകയും ,നഗരസഭ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട് .
ഏതൊരു കാര്യത്തിലും ഒരു നാടിനെയും നാട്ടാരെയും മുഴുവൻ അടച്ചാക്ഷേപിച്ചല്ല ഒരു അഭിപ്രായ പ്രകടനം പരസ്യമായി നടത്താൻ ..ഒരു സ്ഥാപനം / ഒരു ഭക്ഷണം / അല്ലേൽ ഒരു വ്യക്തിക്ക് എതിരെ പറയുന്ന പോലെയാകില്ല അത് ! ഒരു ഫുഡ് ബ്ലോഗർക്ക് അത്യാവശ്യം വേണ്ട ഒന്നാണ് വിവേകപൂർവ്വമായ പെരുമാറ്റം.

അതിഥി ദേവോ ഭവ : എന്നത് ആപ്തവാക്യമായി സ്വീകരിച്ചവരാണ് ഞങ്ങൾ.ഭക്ഷണം വിഭവ സമൃദ്ധമായി അതിഥികൾക്കു സൽക്കരിച്ചേ ശീലമുള്ളൂ തിരുവനന്തപുരത്തുകാർക്ക്.തിരുവനന്തപുരവും തിരോന്തരത്തുകാരേയും ഒക്കെ കാണുമ്പോൾ ചിലർക്ക് തോന്നുന്ന ഒരു പ്രത്യേക തരം ചൊറിച്ചിലിനു പേര് വെറെയാ!
കാക്ക കുളിച്ചാൽ കൊക്കാകില്ല ദാസാ ! ‘ അസൂയയ്ക്കും ,കുശുമ്പിനും ചികിത്സയും ഇല്ല ,സ്വയം നന്നാകണം ! പപ്പനാവൻ ഈ പയലിനെ രക്ഷിക്കട്ടെ! അല്ലാതെന്തര് പറയാൻ!!

______

Sreejith Divakaran
ഓൺ ലൈനിലും ഓഫ് ലൈനിലും ധാരാളം കേട്ടിട്ടുള്ളതാണ് തിരുവനന്തപുരത്തുകാരുടെ കുറ്റങ്ങൾ. ഭാഷ മുതൽ ഭക്ഷണം മുതൽ മാനേഴ്സ് വരെ വടക്കോട്ടുള്ളോർക്കെല്ലാം പുച്ഛമാണെന്ന്.
കാസർഗോഡുകാർക്ക് പയ്യന്നൂര് പോലും തെക്ക് ദേശമാണെന്നത് പോലെ കൊല്ലങ്കാർക്ക് പോലും തിരുവനന്തപുരം തെക്കുള്ള,, പോരായ്മകളുള്ള ദേശമാണ്. പലപ്പോഴും പലരിൽ നിന്നും കേട്ടിട്ടുണ്ട്.
1998 ജനുവരിയിലോ മറ്റോ ആണ് എർണാകുളത്ത് നിന്ന്, അന്ന് 22 വയസുള്ള, ഞാൻ തിരുവന്തപുരത്തെത്തുന്നത്. ആദ്യത്തെ രണ്ട് മാസം ഞാനും പുച്ഛത്തോടെയായിരുന്നു ജീവിതം. എല്ലാം കുറ്റമായി കണ്ടു. എല്ലാം കുറവായി കണ്ടു.
എപ്പോഴാണ് ആ സ്ഥലവുമായി സ്നേഹത്തിലായത് എന്നറിയില്ല. പൂവാറ് മുതൽ നെടുമങ്ങാട് വരെയും ആറ്റിങ്ങൽ മുതൽ മാർത്താണ്ഡം വരെയും രണ്ടര കൊല്ലം കണ്ട ബസിലൊക്കെ കേറിയിറങ്ങി സഞ്ചരിച്ചു. ഒറ്റയ്ക്കും ചങ്ങാതിമാരൊപ്പവും നടന്നും സൈക്കിൾ ചവിട്ടിയും ഊടു വഴികൾ – മുടുക്കുകൾ – കറങ്ങി. വഴിയിലെ ചെറിയ കടകളിൽ നിന്നെല്ലാം സന്തോഷത്തോടെ കഴിച്ചു. ചെറിയ പാത്രങ്ങൾ അടയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ തട്ടു പോലത്തെ പരന്ന പാത്രത്തിൽ ചോറിന് മുകളിലേയ്ക്കൊഴിക്കുന്ന മീൻ കറി മുതലിങ്ങോട്ട് തിരുവനന്തപുരത്തെ ഭക്ഷണമെല്ലാം എനിക്ക് പ്രിയങ്കരമാണ്.
തിരുവല്ലത്തെ അമ്മത്ക്കായുടെ പുട്ടും മുട്ടയും രാവിലെ കഴിക്കാനുള്ള കൊതി കൊണ്ടുറങ്ങിയ രാത്രികളുണ്ട്. സ്റ്റാച്ചൂവിലെ പീപീസ് ചോറുണ്ണാൻ വേണ്ടി മാത്രം നഗരത്തിലേക്കിറങ്ങിയ ദിവസങ്ങളുണ്ട്. സാഗറിലെ വിശാലതയ്ക്ക് വേണ്ടി സമ്പാദിച്ച ആഴ്ചകളുണ്ട്. മീങ്കടയിലെല്ലാം പരീക്ഷിച്ചിട്ടും ഇനിയും ബാല്യമുണ്ടന്നോർത്ത യൗവ്വനമായിരുന്നു. രസവടയിലെ വട ദാനം ചെയ്ത് രസവും മുളക് കറിയും കൂട്ടി കണക്കില്ലാതെ ദോശ തിന്ന തട്ടു ദോശ – സിനിമ രാത്രികൾ. അതിനെല്ലാം അപ്പുറം പേരറിയാത്ത/പേരില്ലാത്ത എത്ര എത്ര ചെറിയ കടകൾ.
തുടർന്നുള്ള നാല് നാലര കൊല്ലം ജീവിച്ചത് കോഴിക്കോടാണ്. വിഖ്യാതമായ പല ഭക്ഷണങ്ങളും കഴിച്ചിട്ടുണ്ട്. കടകളും രുചികളുണ്ട്. റഹ്മത്തിലെ ബീഫ് ബിരിയാണി പോലെ സമാനതകളില്ലാത്ത രുചികൾ കൊണ്ട് ‘ലോകമേ, ലോകമേ’ എന്നാന്ദിച്ചിട്ടുണ്ട്. പക്ഷേ ആകെ നോക്കിയാൽ രുചിയുടെ തിരുവനന്തപുരം തട്ട് ലേശം താഴ്ന്ന് തന്നെയിരിക്കും; സ്നേഹം കൊണ്ടും തുറസ് കൊണ്ടും അത്ഭുതപ്പെടുത്തിയ മനുഷ്യരുടെ തട്ടും.
സ്വയമൊന്ന് തള്ളി പറഞ്ഞാൽ ഇന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഒരു ദിവസമെങ്കിലും താമസിക്കുകയും പ്രദേശിക ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്തിട്ടുണ്ട്. (നാഗലാൻ്റിൽ നിന്ന് പ്രാദേശിക ഭക്ഷണം പച്ചക്കറിയിലൊതുക്കിയിരുന്നു) കേരളത്തിലെല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു മാസമെങ്കിലും. അതു കൊണ്ട് കൂടി പറയട്ടേ, തിരുവനന്തപുരത്തെ ആരേലും പുച്ഛിക്കുന്നത് കണ്ടാൽ അവരോടൊരു പുച്ഛം തോന്നും.
—————-
Shanu Madavoor
” തിരുവനന്തപുരത്തെ ആൾക്കാർക്ക് ചീപ്പ് ആയിട്ടുള്ള ഫുഡ്‌ എത്ര വൃത്തികെട്ട സ്ഥലത്ത് നിന്നായാലും വലിയ അളവിൽ കിട്ടുന്നതാണ് കാര്യം “
ഫേസ്ബുക്കിൽ കുറേ നാളുകൾ കൊണ്ട് ഞാൻ ഫോളോ ചെയ്യുന്ന, സെർച്ച്‌ ചെയ്ത് വീഡിയോകൾ കാണുമായിരുന്ന, എനിക്ക് ഒരുപാടെറെ ഇഷ്ടമുള്ള ഒരു ഫുഡ്‌ ബ്ലോഗ്ഗറുടെ വകയാണ് ഈ ഡയലോഗ്.
മലരേ മൗനമാ.. എന്ന ഗാനം അങ്ങേക്ക് ഡെഡിക്കേറ്റ് ചെയ്ത്കൊണ്ട് തന്നെ പറയട്ടെ,
ഫുഡിന്റെയും ഹോട്ടലുകളുടെയും കാര്യത്തിൽ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് ഞങ്ങളുടെ തിരുവനന്തപുരം.തമിഴ്നാട്ടിലെയും, കേരളത്തിലെയും ഒട്ടുമിക്ക എല്ലാ ജില്ലകളിലെയും ഫേവെറൈറ്റ് ഫുഡ്‌ ഉൾപ്പെടെ എന്തും എക്സ്പ്ലോറ് ചെയ്യാൻ പറ്റുന്ന ഫുഡിന്റെ ഒരു ഹബ്ബ് ആണ് തിരുവനന്തപുരം.അത്രത്തോളം ഹോട്ടലുകൾ ഉണ്ടിവിടെ.അവരൊക്കെ ഇവിടെ നിലനിൽക്കുന്നത് ഞങ്ങൾ തിരുവനന്തപുരത്തുകാരും, ഇവിടെ വന്നു താമസിക്കുന്നവരും അവിടെ പോയി കഴിക്കുകയും അത് ആസ്വദിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.അതിൽ 5 സ്റ്റാർ എന്നോ തട്ടുകടയെന്നോ ഞങ്ങൾക്കില്ല.
അല്ലെങ്കിൽ തന്നെ ഞങ്ങളെ വിലയിരുത്താൻ നീയാര് ?? ഫുഡ്‌ കഴിച്ചോ..അതിന്റെ റിവ്യൂ ഇട്ടോ..ഹോട്ടലിന്റെ റിവ്യൂവും ഇടാം. അവിടെ തീരണം. അല്ലാതെ ഞങ്ങള് തിരുവനന്തപുരത്തുകാരുടെ തന്ത ചമയാൻ തന്നെ ആരും ഏല്പിച്ചിട്ടില്ല.ഇനി പഴമക്കാർ പറയുംപോലെ തിന്നിട്ടു എല്ലിന്റെഇടയിൽ കേറിയതാണെങ്കിൽ അത് മാറ്റാനും ഞങ്ങൾക്ക് അറിയാം.
ഒന്നുമല്ലേലും കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ലോഡ് കണക്കിന് ഭക്ഷണസാധനങ്ങൾ ഈ പദ്മനാഭന്റെ മണ്ണിൽ നിന്നും കയറ്റി കേരളത്തിന്റെ അങ്ങറ്റം വരെ കൊടുത്ത് വിട്ടവരാടാ ഞങ്ങൾ തിരുവനന്തപുരത്തുകാര്.. ആ ഞങ്ങളെ നീ സ്നേഹിക്കുകയൊന്നും വേണ്ട; പക്ഷെ പുച്ഛിക്കരുത്.
അതിനി മൃണാൾ ആയാലും കൃപാണം ആയാലും !!
________
Trivandrum Insight
പ്രിയപ്പെട്ട മൃണാൾ ബ്രോ,
നാലഞ്ച്‌ ഇടങ്ങളിലെ അനുഭവം വച്ച്‌ ഒരു നഗരത്തേയും ജനതയേയും അധിക്ഷേപിക്കുന്നത്‌ അംഗീകരിക്കാനാവില്ല!
എന്നും ഫൈവ് സ്റ്റാർ ഹോട്ടലിൽ കഴിക്കാനുള്ള പണവും പ്രതാപവും ഒന്നും എല്ലാവർക്കും ഒന്നും ഇല്ലേ !! പാവത്തുങ്ങളും ജീവിച്ചു പോവണ്ടേ ? താങ്കളുടെ ഭക്ഷണ വ്‌ളോഗുകൾ വളരെയധികം ഫോള്ളോവെർസ് ഉണ്ടെന്നറിയാം, ഞങ്ങളുൾപ്പെടെ … പക്ഷേ, ഒരു നഗരത്തെ മൊത്തത്തിൽ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതിനോട്‌ ഒട്ടും തന്നെ യോജിക്കാനാവില്ല…
താങ്കൾ പറഞ്ഞ ഓരോ കാര്യങ്ങളിലേക്ക് വരാം …
1. ഉച്ചക്ക് 1 മണിക്ക് ഒരു ഹോട്ടലിൽ ആരും ഇല്ലെങ്കിൽ, ആ ഹോട്ടലിലെ ആഹാരം മോശമാണ് എന്നുള്ളതും ആവാമല്ലോ കാര്യം ?? അല്ലെങ്കിൽ, പ്രവർത്തിദിവസം ആയതിനാൽ ആയിരിക്കാം, പൊതുവായുള്ള ഓഫീസുകളിൽ നിന്നും ദൂരത്തു ആയതു കൊണ്ടായിരിക്കാം, ഒന്നും അല്ലെങ്കിൽ കത്തി റേറ്റ് ആയതു കൊണ്ടും ആയിരിക്കാം… ഇത്രെയും സാധ്യതകൾ ഉള്ളപ്പോൾ ഒരു ജനതയെ മുഴുവൻ അവഹേളിക്കുന്നത്‌ ശരിയാണോ ?
2.തിരോന്തോരത്തെ ആൾക്കാർക്ക് ചീപ്പ് ആയിട്ടുള്ള ഫുഡ് കഴിക്കാൻ ആണ് ഇഷ്‌ടം – അതെന്താ, വിലയിൽ മൂന്ന് അക്കം ഉണ്ടെങ്കിലേ ഫുഡിന് ടേസ്റ്റ് വരുള്ളൂ?? മസാലക്കു പകരം കറൻസി നോട്ട് പൊടി ആണോ ചേർക്കുന്നത് 5 സ്റ്റാർ ഹോട്ടലിൽ ? ചേട്ടൻ വാ, ഞങ്ങൾ കാണിച്ചു തരാം, ക്വാളിറ്റി ഫുഡ് മിതമായ നിരക്കിൽ കിട്ടുന്ന ഹോട്ടലുകൾ. സ്വന്തം കീശയിൽ നിന്ന് കാശു ഇട്ടു കഴിക്കുമ്പോൾ, ബഡ്‌ജറ് നോക്കുന്നത് എല്ലാ മിഡിൽ ക്ളാസ്സുകാരും ചെയ്യുന്നത് തന്നെയാണ്.
3. എത്ര വൃത്തികെട്ട സ്ഥലം ആയാലും കഴിക്കും എന്ന നിങ്ങളുടെ വാദം. Hygeine ന്റെ കാര്യത്തിൽ പേടിയാവുന്നോ ? – പലയിടത്തും വൃത്തി ഇല്ല എന്നത് ഞങ്ങളും സമ്മതിക്കുന്നു. അതിനു എതിരെ ഞങ്ങൾ തന്നെ പ്രതിഷേധിക്കാറുമുണ്ട്, ഫുഡ് സേഫ്റ്റിയെ കൊണ്ട് പൂട്ടിക്കാറുമുണ്ട്. വേണമെന്ന് വച്ച് ആരും പോയി വൃത്തിഹീനമായ ഫുഡ് ചോദിച്ചു മേടിച്ചു കഴിക്കാറില്ല., താങ്കൾ വൃത്തിയില്ല എന്ന് പറഞ്ഞ ഇതേ തിരുവനന്തപുരത്തെ പല കടകളിലും പോയി ബ്രോ തന്നെ തട്ടുദോശയും മട്ടനും പറോട്ടയും ഒക്കെ കഴിച്ച്‌, സ്വാദിനെപ്പറ്റി പുകഴ്ത്തി പാടിയത് ഞങ്ങളും മറന്നിട്ടില്ല. അന്നൊന്നും ഈ വൃത്തിഹീനത കണ്ണിൽപെട്ടില്ലേ ? അതോ ആ സ്വാദിൽ മതിമയങ്ങി അതൊക്കെ മറന്നുപോയോ?
ദിവസവും നല്ല തിരക്കുള്ള, movement ഉള്ള ഹോട്ടലുകളിൽ നിന്ന് കഴിക്കുമ്പോൾ, ഫുഡ്/ സാമഗ്രികൾ ഫ്രഷ് ആയിരിക്കും എന്ന ഒരു ആശ്വാസം എങ്കിലും ഞങ്ങൾക്കുണ്ട്. ആളൊഴിഞ്ഞ ഹോട്ടലിൽ കഴിക്കുന്ന ബ്രോ അത് എത്ര ദിവസം പഴകിയ സാധനം ആണെന്നും കൂടി അന്വേഷിച്ചാൽ കൊള്ളാം , just to be safe !
സാധാരണക്കാരായ ജനങ്ങൾ അങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുന്നതിന് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവില്ലേ ? വേറെ ഓപ്ഷനുകൾ ഇല്ലാത്തതു കൊണ്ടാവാം – ഉദാഹരണം, നിങ്ങൾ ഈ പറഞ്ഞ ബുഹാരി, മാത്രമാണ് രാവിലെ 4 മണി വരെ തുറന്നിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് വർക്ക് ചെയ്യുന്നവരും, അതിരാവിലെ നഗരത്തിൽ എത്തുന്നവരും ആഹാരം കഴിക്കാൻ ആശ്രയിക്കുന്നത് ഈ ഹോട്ടൽ തന്നെ. വിശപ്പ് കാരണം കുറച്ചൊക്കെ അഡ്‌ജസ്‌റ് ചെയ്യേണ്ടി വരുന്ന അവസ്ഥയാവാം.
നബി: കുറഞ്ഞ നിരക്കിൽ 5 സ്‌റ്റാറിനെ വെല്ലുന്ന ഭക്ഷണം കിട്ടിയാൽ ഏത്‌ നാട്ടുകാരനും പോകും. പൊതുവായ ഒരു ജഡ്‌ജ്‌മെൻറ്‌ ഇറക്കുമ്പോൾ ശരിയായി research ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ഉറപ്പാക്കുക.
_______________
കെ ജി സൂരജ്
തിരുവനന്തപുരം നഗരത്തിന്റെ പ്രത്യേകതകളിലൊന്ന്, അവിചാരിതമായ കാരണങ്ങൾ ഒഴിവാക്കിയാൽ, ഭാഗമായവർ പൊതുവിൽ വിട്ടുപോകാറില്ല എന്നതാണ്. Accommodation, Accessibility, Activities, Amenities, Attractions തുടങ്ങി നഗര സൗകര്യങ്ങൾ / ജനസംഖ്യാനുപാതികമായി ക്രമാനുഗതം വർദ്ധിയ്ക്കുമ്പോഴും ഇതര നഗരങ്ങളിൽ നിന്നും വിഭിന്നമായി മനുഷ്യരെയാകെ ശ്രേണീബദ്ധരാക്കുന്ന ലാളിത്യത്തിന്റേയും മിതവേഗത്തിന്റേയും രസതാളം ഈ നഗരത്തിന്റെ സവിശേഷതകളിലൊന്നാണ്.
സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനം സാധിതപ്രായമാക്കുന്നതിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ദൃഡനിശ്ചയവും നഗര വികസനത്തിന്റെ / സേവനങ്ങളുടെ ഗുണനിലവാരങ്ങളെ സ്വാധീനിയ്ക്കുന്നതിൽ സുപ്രധാമായിട്ടുണ്ട്.
പറഞ്ഞുവന്നത് ഭക്ഷണത്തെക്കുറിച്ചാണ്… Hyacinth നും തട്ടുകടകൾക്കുമിടയിലെ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻഗണനകളെക്കുറിച്ചാണ്… വിശപ്പും വരുമാനവും മാനദണ്ഡമാകുന്ന തികച്ചും ആപേഷികമായ ‘അളവ് x ഗുണം’ സിദ്ധാന്തങ്ങളുടെ യുക്തിരാഹിത്യ ങ്ങളെ ക്കുറിച്ചാണ് … പ്രിവിലെജുകൾ ഭക്ഷണ വ്യാകരണങ്ങളെ നിശ്ചയിച്ചുറപ്പിയ്ക്കുന്നതെങ്ങിനെയെന്നതിനെക്കുറിച്ചാണ്. മുപ്പത് രൂപയിൽ പശിയടങ്ങിയിരുന്ന പാളയത്തെ എരുമത്തട്ടിലെ അരുമകളായ ദോശകളെക്കുറിച്ചാണ്.. അതുക്കും മീതേ ‘തോനെ’ ഒഴിച്ചു തന്ന ചമ്മന്തി – മുളകുകറി – രസവട – പപ്പടം – ഡബിൾ ഓംലെറ്റുകളെക്കുറിച്ചാണ്.. പോക്കറ്റിന്റെ കനമനുസരണം തിഞ്ഞെടുക്കാനാകുന്ന പൊതിച്ചോറുമുതലുള്ള ഭക്ഷണത്തിന്റെ വൈവിധ്യങ്ങളെ/ choice നെക്കുറിച്ചാണ്.
അപ്പോൾ ഗഡീസ്‌, ഇത് ഹൃസ്വ – ദീർഘ മൊണോപ്പൊളികൾ അശേഷം അംഗീകരിയ്ക്കാത്ത ഒരു പ്രത്യേക തരം നഗരമാണ്. അതിനുകാണം വൈവിദ്ധ്യങ്ങളുടെ സങ്കലനമല്ലാതെ മറ്റൊന്നല്ല.
ഇവിടെ നല്ലതു കൊടുത്താൽ ബോർഡില്ലെങ്കിലും എത്ര കാതം താണ്ടിയും ആളു തള്ളിക്കയറും; തേയ്‌ച്ചാലോ ആദ്യ ഡെയ്സിലെ കച്ചവട നൊസ്റ്റുവിലയവെട്ടി ഈച്ചകളോട് കിന്നരിച്ചിരിയ്ക്കാം. ഭക്ഷണം അതാതിടങ്ങളുടെ സംസ്ക്കാരത്തെയാണ് വീശിയടിയ്ക്കുന്നത്. നമ്മള ഫുഡ് പൊളപ്പനാണ്.. പൊപ്പൊളപ്പൻ.