ഈ വ്യാജ ചാര്‍ജര്‍ സത്യത്തില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഓരോ കാര്യവും ഹാക്ക് ചെയ്യുകയാണ് !

0
522

“ആരുടെ ചാര്‍ജര്‍ ആണ് ഓഫീസില്‍ മറന്നു വെച്ച് പോയിരിക്കുന്നത് ?” “ഹോ അത് സതീഷിന്റെയാണ്, അവന്‍ മറന്നതാണ്.. പാവം” എന്ന് പറയാന്‍ വരട്ടെ. സത്യത്തില്‍ സതീഷ്‌ ആള് പാവമല്ല. ഓഫീസില്‍ നിങ്ങള്‍ നിങ്ങളുടെ വയര്‍ലസ് കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും എന്തിനേറെ ബാങ്ക് വിവരങ്ങള്‍ വരെ കക്ഷി ഹാക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന സത്യം ആര്‍ക്കൊക്കെ അറിയാം ?

സത്യത്തില്‍ അതൊരു ചാര്‍ജര്‍ പോലും ആയിരിക്കില്ല. ഇനി ആയാല്‍ തന്നെ അത്ഭുതപ്പെടേണ്ട. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഓരോ വാക്കും ഓര്‍മിച്ചു വെക്കാന്‍ അതിനു കഴിയും എന്നതാണ് ഭീകരമായ കാര്യം. അത് അവിടെ വെച്ച ആളുടെ മൊബൈലിലേക്ക് ഈ കാര്യങ്ങള്‍ ഓരോന്നായി അയച്ചു കൊണ്ടേ ഇരിക്കും.

ഹോ, അങ്ങിനെ ആണല്ലേ. ഓഫാക്കിക്കളയാം എന്ന് വിചാരിച്ചാലും നിങ്ങള്‍ക്ക് തെറ്റി. ഓഫാക്കുമ്പോള്‍ അതിന്റെ ചുവന്ന ലൈറ്റ് ഓഫാകും എന്നല്ലാതെ സംഭവം അപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ആള് പുലിയാണെന്ന്‍ ചുരുക്കം.

മുന്‍പ് മൈസ്പേസ് ഹാക്ക് ചെയ്ത അതെ സാമി കംകാര്‍ ആണ് ഈ ഉപകരണത്തിന് പിന്നില്‍. അദേഹം തന്നെ ഇതിനു പേരും ഇട്ടിട്ടുണ്ട്, കീസ്വീപ്പര്‍. ആകെ ഭ്രാന്ത് പിടിച്ച് നിങ്ങളുടെ ഇപ്പോഴത്തെ വയര്‍ലസ് കീബോര്‍ഡ്‌ കുപ്പത്തൊട്ടിയില്‍ ഇടും മുന്‍പ് ഒരു സന്തോഷ വാര്‍ത്ത‍. ഈ ഉപകരണം ചില വയര്‍ലസ് കീബോര്‍ഡുകളെ മാത്രമാണ് ബാധിക്കുന്നത്. പ്രധാനമായും മൈക്രോസോഫ്റ്റ് വയര്‍ലസ് കീബോര്‍ഡുകള്‍ ആണ് ഇതിന്റെ ഇര. കൂടുതല്‍ കമ്പനികളുടെ കീബോര്‍ഡുകള്‍ ഈ ലിസ്റ്റില്‍ പെടുത്താമെങ്കിലും ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുള്ളത് മൈക്രോസോഫ്റ്റ് കീബോര്‍ഡുകള്‍ ആണ്.

03

എന്നാല്‍ ഒരു പ്രസ്താവനയിലൂടെ മൈക്രോസോഫ്റ്റ് ഇതിനു മറുപടി നല്‍കുന്നുണ്ട്. ബ്ലൂടൂത്ത് കീബോര്‍ഡുകള്‍ അല്ലാത്ത 2011 ജൂലൈക്ക് മുന്‍പ് വിപണിയില്‍ എത്തിയ 2.4 Ghz വയര്‍ലസ് കീബോര്‍ഡുകള്‍ ആണ് ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് അവരുടെ വാദം.

ഇനി ഈ കീസ്വീപ്പര്‍ ഹാക്കിംഗ് ഉപകരണത്തിന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയേണ്ടേ ?

  1. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഓരോ കീയും അത് മൂക്കില്‍ വലിച്ചു കയറ്റുന്ന പോലെ ഹാക്ക് ചെയ്യും.
  2. വെബ്സൈറ്റ് ലിങ്കുകള്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അതും അവ മനസ്സിലാക്കും. കൂടാതെ അതിനു ശേഷം നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഒരു സംശയവും ഉണ്ടാകാത്ത വിധത്തില്‍ ഹാക്കര്‍ക്ക് എസ്എംഎസ്സായി അയച്ചു കൊടുക്കുകയും ചെയ്യും.
  3. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ ഉപകരണം തന്നെ സ്റ്റോര്‍ ചെയ്യും. ഈ ലോഗുകള്‍ ഹാക്കര്‍ക്ക് യുഎസ്ബി കേബിള്‍ വഴിയോ അല്ലെങ്കില്‍ അല്പം അകലെ വെച്ച മറ്റൊരു കീസ്വീപ്പര്‍ ഉപകരണം വഴിയോ കോപ്പി ചെയ്യാം. അത് ചുമരിന്റെ മറ്റേ സൈഡില്‍ ആണെങ്കില്‍ കൂടി രഹസ്യ വിവരങ്ങള്‍ വലിച്ചെടുക്കും.
  4. സംശയം തോന്നുന്ന ആരെങ്കിലും അത് പ്ലഗില്‍ നിന്നും വലിച്ചൂരുകയാണെങ്കില്‍ ചാര്‍ജര്‍ ഓഫാകുന്ന പോലെ ലൈറ്റ് ഓഫാകും. എന്നാല്‍ സത്യത്തില്‍ അത് വൈദ്യുതിയില്‍ നിന്നും ബാറ്ററി പവറിലേക്ക് മാറി എന്നത് മാത്രമാണ് സംഭവിക്കുക. അടിച്ചെടുക്കലും അയച്ചു കൊടുക്കലും തുടര്‍ന്ന് കൊണ്ടേയിരിക്കും.

എന്നാല്‍ ഇതിന്റെ മറ്റൊരു വശം നോക്കുകയാണെങ്കില്‍ ഇപ്പോള്‍ വിപണിയില്‍ ഉപ്പ മിക്ക വയര്‍ലസ് ബ്രാന്‍ഡുകളും ഡാറ്റ എന്ക്രിപ്റ്റ് ചെയ്താണ് അയക്കുന്നത്. ഉദാഹരണമായി ലോജിടെക് 128 ബിറ്റ് AES ആണ് അവരുടെ എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ഉപകരണം നിര്‍മ്മിച്ച സാമി പറയുന്നത് 10 ഡോളര്‍ മുതല്‍ 80 ഡോളര്‍ വരെ നല്‍കിയാല്‍ ഏതൊരു വയര്‍ലസ് ഉപകരണവും ഹാക്ക് ചെയ്യാന്‍ ഇതിനു സാധ്യമാകും എന്നാണ്. എന്നാല്‍ കക്ഷിക്ക് ഇത് വില്‍ക്കാന്‍ ഉദ്ദേശമില്ല. സാമിയുടെ പ്രോജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും അറിയാം.