രമ്യ ബിനോയ് ഫേസ്ബുക്കിൽ കുറിച്ചത്

“ഇത് കുടുംബമാണ്, കച്ചവടമല്ല…”

അടുത്തിടെ സൺഡേ ടൈംസ് മാഗസിനിൽ വന്ന ജാനറ്റ് ജാക്സന്റെ (ഗായിക, മൈക്കൽ ജാക്സന്റെ സഹോദരി) അഭിമുഖം വായിക്കുകയായിരുന്നു. അതിൽ അവർ പറയുന്നു, കുട്ടിക്കാലത്ത് അവർ ഗായികയാകണമെന്ന് ആഗ്രഹിച്ചിട്ടേയില്ലെന്ന്. ജിംനാസ്റ്റിക്സ് പഠിക്കണമെന്നും ബിസിനസ് ലോ പഠിക്കണമെന്നും മോഹിച്ചപ്പോൾ ഡാഡ് അവരോട് ഒരു ‘ബിഗ് നോ’ പറഞ്ഞു. (തന്നെ ഡാഡ് എന്നു വിളിക്കേണ്ട, ജോസഫ് എന്നു വിളിച്ചാൽ മതി എന്നു മക്കളോടു പറഞ്ഞ അതേ ജോ ജാക്സൻ).

ജാനറ്റ് ലോകമറിയുന്ന ഗായികയായി. പക്ഷേ അവർ കടന്നുവന്ന വഴികളോ… മൂന്നു തവണ വിവാഹമോചനം… കടുത്ത വിഷാദങ്ങൾ… സഹോദരന്റെ മരണം… വിവാദങ്ങൾ… ഷോയ്ക്കിടെ വസ്ത്രം തെന്നിമാറി നിപ്പിൾ പുറത്തുകണ്ടതിനെ ചൊല്ലിയുണ്ടായ സദാചാര ക്രൂശിക്കലുകൾ, കുടുംബം നേരിട്ട ആരോപണങ്ങൾ… അഭിമുഖത്തിന് ഒടുവിൽ അവർ പറയുന്ന ഒരു കാര്യമുണ്ട്, ഈസ എന്ന അവരുടെ കുഞ്ഞുമകനെ കരിയറിന്റെ കാര്യത്തിൽ അവന്റെ ഇഷ്ടങ്ങളുടെ വഴിയേ വിടുമെന്ന്.

നമ്മളിൽ എത്ര പേരുണ്ട് ആഗ്രഹിച്ച തൊഴിൽ തിരഞ്ഞെടുക്കാൻ കഴിഞ്ഞവർ… വീട്ടുകാരുടെയോ സാഹചര്യങ്ങളുടെയോ സമ്മർദം മൂലം മറ്റാരെങ്കിലും നമുക്കായി ഡിസൈൻ ചെയ്യുന്ന ഒരു തൊഴിൽ ജീവിതവും വ്യക്തിജീവിതവും നയിക്കുകയാണ് നമ്മളിൽ പലരും. ഇത്തവണ പ്ലസ്ടു ഫലം വന്നപ്പോൾ പരിചയത്തിലുള്ള ഒരു കുട്ടിക്ക് പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞുപോയി. കെമിസ്ട്രിയിൽ എംഎസ് സി എടുത്ത് അധ്യാപികയാകണമെന്ന സ്വപ്നം എപ്പോഴും പങ്കുവച്ചിരുന്നവളാണ്. ഏതോ ചില വിഷയങ്ങളിൽ എ പ്ലസ് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് അച്ഛനമ്മമാർ അവളെ ബിഎസ് സി നഴ്സിങ്ങിനു വിടാൻ തീരുമാനിച്ചിരിക്കുന്നു. നഴ്സിങ് മഹത്തായ ഒരു തൊഴിലാണ്. പക്ഷേ അതിനോടു താത്പര്യമില്ലാത്തവർ അവിടെ എത്തിയാലോ…

ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് പത്രപ്രവർത്തനം എന്ന മോഹം തലയ്ക്കുപിടിച്ചത്. അന്ന് വനിതയിൽ വന്ന അനിതാ പ്രതാപിന്റെ ഒരു അഭിമുഖമാണ് അതിലേക്ക് എത്തിച്ചത്. മനോരമയിൽ ജോലി കിട്ടിയ ശേഷമാണ് സ്ഥിരം രാത്രി ഡ്യൂട്ടി ചെയ്യേണ്ടിവരുമെന്ന് അമ്മ മനസ്സിലാക്കിയത്. അന്നുവരെ “എന്റച്ഛനും ജേർണലിസ്റ്റ് ആരുന്നു. ആ കഴിവാ അവൾക്കെ”ന്നു തെല്ല് പൊങ്ങച്ചത്തോടെ പറഞ്ഞിരുന്നയാൾ കാലുമാറി. ഈ ജോലി വേണ്ട, ബിഎഡ് എടുത്ത് അധ്യാപികയായാൽ മതിയെന്നായി. മരിക്കുവോളം അമ്മ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഏറ്റവും കുറവ് അവധിദിനങ്ങളുള്ള, പ്രഭാതവും സായാഹ്നങ്ങളും കാണാത്ത ഈ ജോലി വിട്ടുപോകാൻ എന്തോ അന്നുമിന്നും മനസ്സ് അനുവദിക്കുന്നില്ല. അക്ഷരങ്ങളോടോ, ചെയ്യുന്ന വിഷയങ്ങളുടെ അനുദിന പുതുമയോടോ ഉള്ള ഇഷ്ടമാകണം ആ തീരുമാനത്തിനു പിന്നിൽ.

മക്കളുടെ ഭാവിയെ കരുതിയോ സുരക്ഷിതത്വത്തെ കരുതിയോ ഒക്കെയാകണം കുട്ടികളുടെ കരിയർ രക്ഷിതാക്കൾ തന്നെ തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇഷ്ടമില്ലാത്ത ഒന്നിൽ ജീവിതത്തിന്റെ സിംഹഭാഗം കുരുങ്ങിക്കിടക്കേണ്ടി വരുന്നതിലും വലിയൊരു സങ്കടമില്ലെന്ന് അവരോട് ആരു പറഞ്ഞുകൊടുക്കും…
എട്ടാം ക്ലാസ് ഒക്കെ മുതൽ കുട്ടികളോട് വിവിധ കരിയറുകളെ കുറിച്ച് സംസാരിക്കാം. അവർക്ക് താത്പര്യമുള്ള പാഠ്യവിഷയങ്ങളേതൊക്കെയെന്നു ചോദിച്ചുമനസ്സിലാക്കാം. പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കേണ്ട വിഷയം ഏതെന്ന് അവർ സ്വയം തീരുമാനിക്കട്ടെ. എനിക്കോർമയുണ്ട് ഞാൻ പത്താം ക്ലാസ് കഴിഞ്ഞ കാലം. തേഡ് ഗ്രൂപ്പ് (ഇന്നത്തെ ഹ്യുമാനിറ്റീസ്) എടുത്തു പഠിക്കണമെന്നായിരുന്നു മോഹം. പക്ഷേ സ്കൂൾ ഫസ്റ്റും ഫുൾ എപ്ലസുകാരിയുമായ എനിക്ക് ആ ചോയ്സ് എടുക്കാൻ സ്കൂളിലെ അധ്യാപകരോ വീട്ടുകാരോ സമ്മതം തന്നില്ല. ചെന്നുപെട്ടതോ അതിമിടുക്കർ മാത്രമുള്ള ഒരു ക്ലാസിലും. നമ്മളെയൊക്കെ ആവറേജ് എന്നു കരുതി പുച്ഛിക്കുന്ന ചില അധ്യാപകർ. അതിലൊരാൾ ഇപ്പോൾ കോളജ് പ്രിൻസിപ്പലായി, കുട്ടികളെ നന്നായി മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് അധ്യാപകർക്ക് ഉപദേശം കൊടുത്തതായി ഒരു അധ്യാപികയുടെ പോസ്റ്റ് വായിച്ചപ്പോൾ ചിരിക്കണോ കരയണോ എന്നായിപ്പോയി.

എസ്എഫ്ഐക്കാരനായിപ്പോയി എന്ന ഒറ്റ കാരണത്താൽ എന്റെയൊരു സുഹൃത്തിനെ ഒരു വർഷം മുഴുവൻ ക്ലാസിലിരിക്കാൻ അനുവദിക്കാതിരുന്നയാളാണ് ആ മഹാൻ എന്നതു കൂടി ചേർത്തുവായിക്കണം. ടെസ്റ്റ് പേപ്പറിൽ മാർക്ക് കുറഞ്ഞതിനു നൽകിയ ഇംപോസിഷൻ വയ്ക്കാൻ ഒരു ദിവസം വൈകിയതിനായിരുന്നു അവന്റെ പഠനം മുഴുവൻ തുലയ്ക്കാൻ കഴിയുന്ന ആ ശിക്ഷ. അവൻ പിന്നീട് പഠിച്ചുമിടുക്കനായി നൂറുകണക്കിനു പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായത് കാവ്യനീതി.

പറഞ്ഞുവന്നത് അതല്ല… അന്നു ഫസ്റ്റ് ഗ്രൂപ്പിൽ ഇരുന്ന പഠിച്ച കണക്കിലെ സമവാക്യങ്ങളോ ഫിസിക്സിലെ നിയമങ്ങളോ കെമിസ്ട്രിയുടെ പീരിയോഡിക് ടേബിളോ ഒന്നും എന്റെ ഓർമയിലില്ല. നിറങ്ങളുടെ നൃത്തമായിരുന്ന കെമിസ്ട്രി ലാബിലെ പ്ലേ ഓഫ് കളേഴ്സ് മാത്രമാണ് സുന്ദരമായ ഒരോർമ. പിന്നെ കുറെ നല്ല സൌഹൃദങ്ങളും… എന്തിനാണ് അന്ന് അങ്ങനെയൊരു മോശം തീരുമാനമെടുത്തത് എന്നോർത്ത് ഇപ്പോഴും എനിക്ക് ദുഖമുണ്ട്. ഡിഗ്രിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചർ മതിയെന്ന തീരുമാനമെടുത്തത് ആ അനുഭവം ഓർമയുള്ളതുകൊണ്ടാണ്. കുടുംബത്തിലെ ആദ്യ ബിഎ ബിരുദക്കാരി എന്നത് അത്ര സുഖമുള്ള പദവി ആയിരുന്നില്ല. പക്ഷേ പലരും എതിർപ്പുമായി വന്നെങ്കിലും ഞാൻ പിന്മാറിയില്ല. ആ ‘തന്നിഷ്ടം’ ആണ് ഇപ്പോൾ സന്തോഷമായി ജീവിക്കാൻ എനിക്ക് കരുത്തു തരുന്നത്. അതുകൊണ്ടു തന്നെ മക്കളെ അവരുടെ ഇഷ്ടങ്ങളുടെ വഴിയേ വിടണമെന്ന് ഞാനും ബിനോയിയും ചേർന്ന് തീരുമാനമെടുത്തിട്ടുമുണ്ട്. വിവിധ കോഴ്സുകളെ കുറിച്ചും അതിൽ പഠിക്കേണ്ടുന്ന വിഷയങ്ങളെ കുറിച്ചും മാത്രമേ അവരോട് ഞങ്ങൾ പറയാറുള്ളു.

ഇനി ഇതൊന്നുമല്ല, നല്ലൊരു കൃഷിക്കാരനാകാം എന്നാണ് തീരുമാനമെങ്കിൽ ഏറെ സന്തോഷം. സുഭാഷ് പലക്കേറുടെ സീറോ ബജറ്റ് ഫാമിങ്ങും വെച്ചൂർ പശുക്കളെയുമൊക്കെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കാമല്ലോ. എന്തായാലും ഞാൻ പരാജയപ്പെട്ടിടത്ത് വിജയിക്കാനുള്ള കരുക്കളാണ് മക്കൾ എന്ന ചിന്ത അശേഷം ഇല്ല. ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കേണ്ട ട്രോഫിയും അല്ല അവർ. എന്നിൽ നിന്നു വേറിട്ട നിമിഷം മുതൽ മകൻ / മകൾ മറ്റൊരു വ്യക്തിയാണെന്ന ധാരണ നന്നായുണ്ട്.

ജാനറ്റ് ജാക്സന്റെ അഭിമുഖം തയ്യാറക്കിയ ആൾ ജാക്സൻ കുടുംബത്തെ കുറിച്ച് എഴുതിയ ഒരു വാചകമുണ്ട്, “ദിസ് വോസ് എ ബിസിനസ്, നോട്ട് എ ഫാമിലി” എന്ന്. എനിക്കതു തിരിച്ചിടാനേ അറിയൂ… “ദിസ് ഈസ് എ ഫാമിലി, നോട്ട് എ ബിസിനസ്…”
*രമ്യ ബിനോയ്
(Repost ആണ്. ചിത്രത്തിൽ ജാനറ്റും അച്ഛൻ ജോ ജാക്സനും. കടപ്പാട്: ഗൂഗിൾ)

You May Also Like

ഈ എൺപതാം വയസിൽ ഇങ്ങനെയൊരു സമൂഹ തിന്മ, മനസിലെ പല വിഗ്രഹങ്ങളും ഉടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

റോബിൻ കെ മാത്യു (Behavioural Psychologist/Cyber Psychology Consultant) കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) എന്നത്…

ഈ ചിത്രത്തിലെ സ്ത്രീകളെ കണ്ടുവോ ? അവർ ആരുടേയും മെക്കിട്ടു കേറുന്നില്ല… അവർ ആരെയും മൈൻഡ് ചെയ്യുന്നുമില്ല

Renjith P Thankappan ആർഷ ഭാരത സംസ്കാരം എന്നൊക്കെ പുലമ്പിക്കൊണ്ട് പ്രണയം പങ്കുവെക്കുന്ന , കാമം…

കാറിൽ ചാരിയതിന് തൊഴിക്കുന്ന ഷിഹാദും ഷൂസിൽ ചവിട്ടിയതിന് തൊഴിക്കുന്ന വസീമും(തല്ലുമാല) തമ്മിൽ വലിയ വ്യത്യാസമില്ല

ആ ചവിട്ട് ശരിക്കും എന്തിൻ്റെ ലക്ഷണമാണ് എന്ന് ആലോചിക്കുകയായിരുന്നു. ഒരൊറ്റച്ച വിട്ടിന്…… എന്ന തുടക്കങ്ങളെ അനുസരിച്ചും…

സ്വാമിജിയെ വെട്ടിലാക്കിയത് താന്ത്രിക്ക് സെക്സ് പരിശീലനമെന്ന പേരിലെ പീഡനങ്ങൾ

സേലം വിഷ്ണു 2014 ഡിസംബർ മാസം കർണ്ണാടകയിലെ രാം നഗർ ജില്ലയിലെ ബിഡാദി എന്ന സ്ഥലത്ത്…