✍️ Raju Vatanappally

പൂർവ പിതാവിന്‌ നമസ്‌കാരം

ഈ ചിത്രം കണ്ടാല് എന്ത്‌ തോന്നും?.

ഓ, ഒരു തലയോട്ടി, അല്ലാതെന്താ!. അങ്ങനെ ചിന്തിക്കാതെ സുഹൃത്തെ, അതൊരു വിശിഷ്‌ടമായ തലയോട്ടിയാണ്‌; നമ്മുടെ പരിണാമപരമ്പരയിലെ ഒരു പൂർവപിതാവിന്റെ, പരിണാമത്തിന്‌ നേർസാക്ഷ്യമായ ഫോസിലാണത്‌. മനീസി സ്‌കള് 5. (ഹോമോ ഇറക്‌ടസ്‌) ജോർജിയായില് നിന്നും കണ്ടെത്തി. 17 ലക്ഷം വർഷം പ്രായം. തലച്ചോറിന്റെ അളവ്‌, 600 ക്യുബിക്ക്‌ സെന്റീമീറ്ററിനടുത്ത്‌. (നമ്മുടേത്‌ 1350 സി സി).

അധികം വൈദഗ്‌ദ്ധ്യം ഇല്ലതെതന്നെ ഈ തലയോട്ടി, നമ്മില് നിന്നും വ്യത്യസ്‌തമാണെന്ന്‌ ഒറ്റ നോട്ടത്തില് തന്നെ തിരിച്ചറിയാം. അതിന്‌ നമ്മെപ്പോലെ കുത്തനെയുള്ള നെറ്റിയില്ലാ എന്നതാണ്‌ ഒന്ന്‌. മറ്റൊന്ന്‌, പുരികത്തിന്റെ ഭാഗത്ത്‌ കനത്തതും തള്ളിനില്ക്കുന്നതുമായ അസ്ഥി, പുരികത്തിട്ട്‌; അത്‌ നമുക്കില്ലാത്തതാണ്‌. ഇത്‌ മനുഷ്യപരിണാമത്തിലെ ഒരു കണ്ണിയാണ്‌. നമ്മുടെ പരിണാമ വൃക്ഷത്തിലെ ഒരു ശാഖ. നമ്മുടെ പരിണാമശൃംഘലയിലെ ഒട്ടനവധി ഫോസിലുകളെ പരിശോധിച്ചാല് ഇത്തരം സവിശേഷതകള് കാണാവുന്നതാണ്‌. നാം ഈ പൂർവിക മനുഷ്യപരമ്പരകളിലൂടെ ലക്ഷകണക്കിന്‌ വർഷങ്ങളെടുത്ത്‌ ഇന്നത്തെ അവസ്ഥയിലേക്ക്‌ ആയിതീർന്നതാണ്‌.

ഹോമോ ഇറക്‌ടസ്‌ കഴിഞ്ഞ 18 ലക്ഷം വർഷംതൊട്ടേ നമ്മുടെയെല്ലാം ജന്മഭൂമിയായ ആഫ്രിക്കന് ഭൂഖണ്ഡത്തില് നിന്നും വെളിയിലേക്ക്‌, യുറേഷ്യയിലേക്ക്‌ കടക്കുന്നു. അങ്ങനെയാണ്‌ അത്‌ ജോർജിയായിലെത്തുന്നത്‌. ഇറക്‌ടസിന്റെ ഈ ഭൂഖണ്ഡാന്തരഗമനത്തിന്റെ പില്ക്കാല പതിപ്പ്‌ എന്നനിലയിലാണ്‌, ആഫ്രിക്കയില് നാം പരിണമിച്ചു വന്നതിന്‌ ശേഷം കഴിഞ്ഞ 65,000 വർഷത്തിന്‌ ശേഷം യുറേഷ്യയിലേക്ക്‌ കടക്കുന്നത്‌. ആ യാത്രയുടെ ഭാഗമായാണ്‌ നാം ഇന്ത്യയിലെത്തുന്നത്‌. അല്ലാതെ ഇന്ത്യയിലുള്ളവരെ ഏതെങ്കിലും ലുട്ടാപ്പി സൃഷ്‌ടിച്ചതല്ല.

നോക്കു സുഹൃത്തേ, മനുഷ്യ പരിണാമം തുടങ്ങി പിന്നെയും 70 ലക്ഷം വർഷങ്ങള് കഴിഞ്ഞതിന്‌ ശേഷമാണ്‌ നാമെല്ലാം രൂപപ്പെടുന്നത്‌. അപ്പോള് ആ 70 ലക്ഷം മുമ്പത്തെ പൂർവികരെ നിർമ്മിച്ച ജീനുകള് എങ്ങനെയുണ്ടായി. അത്‌ ലുട്ടാപ്പി ഉണ്ടാക്കിയതാണോ?. അല്ലേയല്ല. ആ ജീനുകളുടെ ആരംഭം കഴിഞ്ഞ 400 കോടിവർഷം തൊട്ട്‌ തുടങ്ങുന്നു. ഇതിനെ മറ്റൊരു രൂപത്തില് പറഞ്ഞാല്; ആദിമ ജൈവരൂപമുണ്ടായി, അതിന്റെ പരിണാമത്തില് 400 കോടി വർഷം കഴിഞ്ഞപ്പോഴുണ്ടായ പുതിയ പതിപ്പുകളാണ്‌ നമെല്ലാവരും.

പറഞ്ഞുവരുന്നത്‌ വളരെ വ്യക്‌തമാണ്‌ ഭൂമിയിലെ ജീവികളൊന്നും തന്നെ ലുട്ടാപ്പികളായ ദൈവങ്ങളുടെ സൃഷ്‌ടിയല്ല. മറിച്ച്‌ അവയെല്ലാം പരിണാമപ്രക്രിയയിലൂടെ രൂപപ്പെട്ടുവന്നതാണ്‌. ചോദ്യമിതാണ്‌, പരിണാമപ്രക്രിയ എന്ന അനസ്യൂതമായ പൊന്നുരുക്കുന്നിടത്ത്‌ ലുട്ടാപ്പികള്ക്ക്‌ എന്ത്‌ കാര്യം. ചിന്തിക്കു ചിന്തിക്കു ചിന്തിക്കു, തലച്ചോറിന്‌ പണികൊടുക്കു..

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.