ഇതാണ് യഥാർത്ഥ മലയാളിയുടെ മനസ്സലിവ്

50

ദുരന്ത ഭൂവിൽ നിന്ന് സെൽഫിയെടുത്തവരെ ആക്ഷേപിക്കാനല്ല. ഇതാണ് യഥാർത്ഥ മലയാളിയുടെ മനസ്സലിവ് എന്ന് സൂചിപ്പിക്കുന്നതാണ് ഇൻസ്പെക്ടർ PS ഷിജുവിൻ്റെ കുറിപ്പ്.

കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാർക്ക് എത്തിച്ച പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞു 100 രൂപ നോട്ട്!. ഇടതു കൈകൊണ്ടു കൊടുക്കുന്നതു വലതു കൈ പോലും അറിയരുതെന്നു നിർബന്ധമുള്ള ആരോ കരുതിയതാകണം ഇത്. കണ്ണമാലി ഇൻസ്‌പെക്‌ടർ പി എസ് ഷിജുവിന്റെ നേതൃത്വത്തിൽ അയൽ ഗ്രാമമായ കുമ്പളങ്ങിയിൽ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവർത്തകരുടെയും സഹായത്തോടെയാണു ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനിൽ ആന്റണി പൊതിച്ചോറിൽ എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്.

ഇൻസ്‌പെക്‌ടർ പി എസ് ഷിജു ഫെയ്‌സ്ബുക്കിൽ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടിൽ ഇതേപ്പറ്റി കുറിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസ്സിനു മുന്നിൽ നമിക്കുന്നു എന്നായിരുന്നു പോസ്റ്റ്. കിട്ടുന്നയാൾക്കു മാത്രമല്ല, സ്നേഹത്തിന്റെയും കരുതലിന്റെയും പൊതിച്ചോറുകൾ ശേഖരിച്ചു ചെല്ലാനം മേഖലയിൽ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്കും പൊലീസിനും ഊർജം പകർന്നു നൽകുന്നതായി ഒരു കോടി രൂപ മൂല്യമുള്ള ആ നൂറിന്റെ നോട്ട്!