Prakash Nair Melila

നമ്മുടെ രാജ്യം ..
*മക്കളെപ്പോറ്റാൻ സ്വന്തം മുടിവിറ്റ അമ്മ !
വിഗ്ഗുണ്ടാക്കുന്ന വ്യക്തിക്ക് 150 രൂപയ്ക്കു തന്റെ നീളൻതലമുടി മുഴുവൻ മുറിച്ചു നൽകിയ പ്രേമ എന്ന തമിഴ് യുവതി ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. കടം കയറിയതുമൂലം പ്രേമയുടെ ഭർത്താവ് 7 മാസം മുൻപാണ് ആത്മഹത്യ ചെയ്തത്. അന്നുമുതൽ പലപ്പോഴും വീട് പട്ടിണിയാണ്. വിധവയെ കാണുന്നതുപോലും അശുഭമാണെന്നു വിശ്വസിക്കുന്ന ഗ്രാമത്തിൽ കുടി വെള്ളം പോലും ബുദ്ധിമുട്ടായി. ഒരു ചെറു കുടിലിൽ ആരും സഹായത്തിനില്ലാത്ത അവസ്ഥയിൽ ഒടുവിൽ ആത്മഹത്യചെയ്യാൻ തന്നെ അവർ തീരുമാനിച്ചു.

തമിഴ്നാട്ടിലെ സേലം സ്വദേശിനിയാണ് പ്രേമ. ഭർത്താവ് ആത്മഹത്യ ചെയ്തശേഷം 5 ഉം ,3 ഉം, രണ്ടും വയസ്സുള്ള കുട്ടികളുടെ വിശപ്പടക്കാനാവാതെ അവർ ഏറെ ബുദ്ധിമുട്ടി. വിശപ്പു സഹിക്കാതെയുള്ള ഇളയകുട്ടിയുടെ കരച്ചിലായിരുന്നു ദയനീയം. ആർക്കും ഒരാൾക്കും മനസ്സലിവുണ്ടായില്ല. അപ്പോഴാണ് ‘തലമുടി വിൽക്കാനുണ്ടോ’ എന്ന വിളിച്ചുചോദിച്ചു കൊണ്ടൊരാൾ തെരുവിലൂടെ വന്നത് പ്രേമ ശ്രദ്ധിക്കാനിടയായത്. പ്രേമ ഓടി അയാൾക്കരികിലെത്തി. 150 രൂപയ്ക്ക് തന്റെ സമൃദ്ധമായ മുടി അവൾ വിറ്റശേഷം അതിൽനിന്നു 100 രൂപയ്ക്കു കുഞ്ഞുങ്ങൾക്കാഹാരസാധനങ്ങൾ വാങ്ങി. ബാക്കി 50 രൂപയ്ക്കു വിഷം വാങ്ങാൻ കടയിൽച്ചെന്നപ്പോൾ കടക്കാരന് സംശയമായി. അയാൾ വിഷം നൽകിയില്ല.

മറ്റു മാർഗ്ഗമില്ലാതെ മരത്തിലെ വിഷക്കായ പറിച്ചുതിന്നു ജീവനൊടുക്കാൻ ശ്രമിച്ചത് ആകസ്മികമായി വീട്ടിൽ വന്ന സഹോദരിയാണ് കണ്ടുപിടിച്ചത്.അതും പാളിപ്പോയി. പ്രേമയുടെ ദുരന്തകഥയറിഞ്ഞ ഗ്രാഫിക് ഡിസൈനർ ജി.ബാല എന്ന യുവാവാണ് പ്രേമയുടെ വിവരം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത്‌ വൈറലാക്കിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായി ക്രൗഡ് ഫണ്ടിംഗ് വഴി 1.45 ലക്ഷം രൂപ സമാഹരിച്ചു പ്രേമയ്ക്കു നൽകുകയും ചെയ്തു.

ഇതേത്തുടർന്ന് സർക്കാർ സംവിധാനവും ഉണർന്നു. പ്രേമയ്ക്ക് വിധവാ പെൻഷനും വീടും ഉചിതമായ തൊഴിലും നൽകാൻ തമിഴ് നാട് സർക്കാർ ഉത്തരവാകുകയും ചെയ്തു. ഇനിയേതായാലും ആത്മഹത്യക്കില്ലെന്നും ജോലി ചെയ്തു മക്കളെ നല്ലനിലയിൽ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രസന്നവതിയായ പ്രേമ പറഞ്ഞു. ഇനിയും എത്രയോ പ്രേമമാർ.. ആരാലും രക്ഷയില്ലാതെ !

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.