ഒരു ‘പ്രേതകഥ’ യെക്കുറിച്ചാണ് ഈ കുറിപ്പ്, അതോടൊപ്പം ഒരു ചരിത്ര സംഭവത്തെക്കുറിച്ചും

നെല്ലിക്കുത്ത് ഹനീഫ.
കടപ്പാട് : ചരിത്രാന്വേഷികൾ

കണ്ണൂര്‍-വളപട്ടണം പോലീസ് സ്റ്റേഷന്‍ വളപ്പിന് തെക്ക് ഭാഗത്തായി ഒരു ‘ശവക്കല്ലറ’യുണ്ട്. അതിന്റെ പിന്നാമ്പുറ ചരിത്രം ഇവിടുത്തെ പോലീസുകാരില്‍ അധികമാര്‍ക്കും അറിയില്ലെങ്കിലും, അവരെല്ലാം തന്നെ ഈ ശവക്കല്ലറയെ ഭയപ്പെടുന്നു.! ഒരു തരം ‘അന്ധവിശ്വാസം’ എന്ന് വിമര്‍ശിക്കാമെങ്കിലും, ഇവിടുത്തെ പോലീസുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ആശങ്കയുടെ കാരണം തീര്‍ത്തും ‘റീസണബിള്‍’തന്നെ ആണ്.

വെയിലും, മഴയും ഏല്‍ക്കാത്ത വിധം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കല്ലറ സദാ പുതച്ചിട്ടിരിക്കുന്നു. ഇതെങ്ങാനും എടുത്ത് മാറ്റിയാല്‍, തുടര്‍ ദിവസങ്ങളില്‍ സ്റ്റേഷന്‍ പരിധിയില്‍ അസ്വഭാവിക മരണങ്ങളുടെ നീണ്ട പരമ്പര തന്നെ ഉണ്ടാകുമെന്ന് പോലീസുകാര്‍ ഉറച്ച് വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ, കല്ലറയ്ക്ക് മീതെയുള്ള പ്ലാസ്റ്റിക് മൂടുപടം അതേ പടി നില നിര്‍ത്താന്‍ പോലീസുകാര്‍ സദാ ജാഗരൂകരാണ്. ഈ ശവക്കല്ലറയുടെ പിന്നാമ്പുറ കഥകള്‍ പഠിച്ച ശേഷം, 2005-ല്‍ അതിന്റെ ഫോട്ടോ എടുക്കുന്നതിനായി ചെന്നപ്പോള്‍, സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ എന്റെ ആവശ്യം നിര്‍ദ്ദാക്ഷണ്യം നിരാകരിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് അനുമതി നേടിയ ശേഷമാണ് എനിയ്ക്ക് കല്ലറയുടെ ഫോട്ടോ എടുക്കാനായത്.

കല്ലറയുടെ തല ഭാഗത്ത് ക്ലാവ് പിടിച്ച് നിറം മങ്ങിയ കറുത്ത ശിലാഫലകത്തില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ വാക്കുകള്‍ ഇങ്ങനെ മൊഴി മാറ്റം നടത്താം. ”മൊറാഴ സംഭവത്തില്‍ കൊല്ലപ്പെട്ട സബ്ബ്ഇന്‍സ്‌പെക്ടര്‍ എം.കെ കുട്ടികൃഷ്ണ മേനോന്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. മരണം സെപ്റ്റംബര്‍ 15, 1940.”

-മുന്‍ മുഖ്യമന്ത്രി ഇ.കെ നയനായരുടെ അമ്മാവനും, പ്രമുഖ വിപ്ലവകാരിയുമായിരുന്ന ‘കുന്നത്ത് പുതിയ വീട്ടില്‍ രാമപുരത്ത് ഗോപാലന്‍’ എന്ന ‘കെ.പി.ആര്‍’ ഗോപാലനെ അഖിലേന്ത്യാ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ സംഭവമാണ് മൊറാഴ സമരം. ‘പിരിച്ച് വിട്ട 150-ഓളം തൊഴിലാളികളെ തിരിച്ചെടുക്കുക, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം അനുവദിക്കുക’ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ‘കണ്ണൂര്‍ ആറോണ്‍ മില്‍’ തൊഴിലാളികള്‍ 1940 ഏപ്രിലില്‍ സമരം ആരംഭിച്ചു. 110 ദിവസം നീണ്ട് നിന്ന ഈ സമരത്തെ, സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് മാനേജ്‌മെന്റ് അടിച്ചമര്‍ത്തി. ഈ കാലയളവിലാണ് ‘രണ്ടാം ലോക മഹായുദ്ധം’ പൊട്ടിപ്പുറപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധത്തില്‍, ബ്രിട്ടീഷ് ഇന്ത്യ പങ്കാളിയാവുകയും, അതിന്റെ പേരില്‍ ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങള്‍ നടപ്പാക്കാനും തുടങ്ങിയതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. 1940 സെപ്റ്റംബര്‍ 15-ന് തിരുവോണ ദിനത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധ ദിനമായി ആചരിച്ചു. അതോടൊപ്പം ചേര്‍ന്ന് കൊണ്ട് സഖാക്കള്‍ കീച്ചേരി പ്രദേശത്ത് നടത്താന്‍ തീരുമാനിച്ച പ്രതിഷേധ യോഗം തുടങ്ങാനിരിക്കെ, കണ്ണൂര്‍ മജിസ്‌ട്രേറ്റുമായി വളപട്ടണം സ്റ്റേഷന്റെ അധികച്ചുമതല ഉണ്ടായിരുന്ന എസ്.ഐ കുട്ടികൃഷ്ണ മേനോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ എത്തുകയും, 144-ാം വകുപ്പ് നിരോധനാജ്ഞ പ്രകാരം സമരക്കാരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ള ‘മൊറാഴ വില്ലേജി’ലെ ‘അഞ്ചാംപീടിക’ യിലേക്ക് പ്രകടനമായി നീങ്ങുകയും, വിഷ്ണുഭാരതീയന്റെ അദ്ധ്യക്ഷതയില്‍ അവിടെ യോഗം ചേരുകയുമയിരുന്നു.

തളിപ്പറമ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ബീരാന്‍ മൊയ്തീന്റേയും, കുട്ടികൃഷ്ണ മേനോന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘവും, തളിപ്പമ്പ് സബ്ബ് മജിസ്‌ട്രേറ്റ് എം.വി വെങ്കട്ടരാമനും അഞ്ചാപീടിക പ്രദേശത്തെത്തി വീണ്ടും നിരോധനം പ്രഖ്യാപിച്ചു. ജനങ്ങള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല, പോലീസ് ലാത്തി വീശി. ജനം ചെറുത്ത് നിന്നു. നാല് ദിക്കില്‍ നിന്നും രൂക്ഷമായ കല്ലേറുണ്ടായി. പലര്‍ക്കും ഗുരുതരമായ പരുക്കേറ്റു. എസ്.ഐ കുട്ടികൃഷ്ണ മേനോനും, ഗോപാലന്‍ നമ്പ്യാര്‍ എന്ന കോണ്‍സ്റ്റബിളും ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.

-വളപട്ടണം പോലീസ് സ്റ്റേഷന് മുന്നിലെ വിശാലമായ മുറ്റം. സ്റ്റേഷന് അകത്തും പുറത്തുമായി ഉയര്‍ന്ന റാങ്കില്‍ ഉള്‍പ്പെടുന്ന കുറേ പോലീസ് ഉദ്യോഗസ്ഥര്‍. വീതികൂടിയ രണ്ട് ബെഞ്ചുകള്‍ അടുത്തടുത്തായിട്ട് അതിന് മീതെ, തലേ ദിവസത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എസ്.ഐ കുട്ടികൃഷ്ണ മേനോന്റേയും, കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാരുടേയും ജഡങ്ങള്‍ വെള്ള പുതച്ചിട്ടിരിക്കുകയാണ്. ഒരു മാസം മാത്രം പ്രായമായ പേരിടാത്ത പെണ്‍കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞെടുത്ത് കൊണ്ട് ജാനകി എന്ന വിധവ അവിടെ പ്രതിമ പോലെ നില്‍ക്കുന്നു. അവരുടെ സാരിത്തലപ്പില്‍ പിടിച്ച് കൊണ്ട് ഒന്നര വയസ്സുകാരി ഭവാനിയും, തൊട്ടരികില്‍ 10 വയസ്സുകാരി സരോജിനി എന്ന കുട്ടിയും. 13-കാരനായ വാസുദേവന്‍ നിറമിഴികളോടെ ജഡത്തിലേക്ക് തന്നെ നോക്കി നില്‍പ്പാണ്.

നമ്പ്യാരുടെ ജഡം അല്‍പ്പം കഴിഞ്ഞ് ബന്ധുക്കള്‍ ചുമന്ന് കൊണ്ട് പോയി. ഒരു വിധവയേയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും കൊണ്ട് കുട്ടികൃഷ്ണമേനോന്‍ എന്ന ഇന്‍സ്‌പെക്ടരുടെ ജഡം സ്വദേശമായ ഒറ്റപ്പാലത്ത് എത്തിക്കുക എന്നത് തീര്‍ത്തും വിഷമം തന്നെയായിരുന്നു. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജഡം വളപട്ടണം സ്റ്റേഷന്‍ വളപ്പില്‍ തന്നെ സംസ്‌കാരിക്കുവാന്‍ തീരുമാനമായി. സ്റ്റേഷന്‍ വളപ്പിന് തെക്ക് ഭാഗത്തായി ഒരുക്കിയ കുഴിമാടത്തില്‍ ആ ജഡം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

-ഒറ്റപ്പാലം-പാലക്കാട് റൂട്ടില്‍ ലക്കിടി കൂട്ടുപാതയില്‍ നിന്ന് ഉള്ളിലേക്ക് മാറി വീതികുറഞ്ഞ നാട്ടു പാതയിലൂടെ അല്‍പ്പ ദൂരം മുന്നോട്ട് പോയാല്‍ പഴമയുടെ ഗാംഭീര്യം സ്ഫുരിക്കുന്ന ഓടിട്ട പഴയ വീടിന് മുന്നില്‍ ചെന്നെത്താം. ആകാരത്തിലും, പെരുമാറ്റത്തിലും, സംസാരത്തിലുമെല്ലാം ഉത്തംഗ ഗംഭീരനായ ഒരു മനുഷ്യനുണ്ട് ഇവിടെ. റിട്ട. പോലീസ് സൂപ്രണ്ട് എം.കെ വാസുദേവ മേനോന്‍. (പിതാവ് കുട്ടികൃഷ്ണ മേനോന്റെ കൂടയുള്ള 10 വയസ്സുകാരനായ അദ്ദേഹത്തിന്റെ ബാല്യകാല ഫോട്ടോയും, സര്‍വ്വീസിലിരിക്കെയുള്ള അദ്ദേഹത്തിന്റെ ഫോട്ടോയും മുകളില്‍ കാണാം.)

ഗതകാല ഓര്‍മ്മകളുടെ ഭൂഗോളം പതുക്കെ തിരിച്ച് കൊണ്ട് വാസുദേവമേനോന്‍ ലേഖകനുമായി അക്കഥകളെല്ലാം വിവരിക്കുമ്പോള്‍, ആ മുഖത്ത് പ്രകടമായ ഭാവഹാദികള്‍ക്ക് അര്‍ത്ഥ തലങ്ങള്‍ ഏറെയുണ്ടായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി 40 ദിവസം വളപട്ടത്ത് തങ്ങിയ ശേഷം ജാനകിയും, മക്കളും ഒറ്റപ്പാലത്തെ തറവാട്ടിലക്ക് മടങ്ങി. അന്ന്, വളപട്ടണം ചിറക്കല്‍ രാജാസ് ഹൈസ്‌കൂളിലെ തേര്‍ഡ് ഫോം വിദ്യാര്‍ത്ഥിയായിരുന്ന വാസുദേവന്‍. പിന്നീട് പാലക്കാടാണ് വിദ്യാഭ്യാസം തുടര്‍ന്നത്.

-മൊറാഴ കേസ്സില്‍ ഒന്നാംപ്രതി കെ.പി.ആര്‍ അടക്കം 34 പ്രതികളുണ്ടായിരുന്നു. വടക്കെ മലബാര്‍ സെഷന്‍സ് ജഡ്ജ് എം രങ്കനാഥന്‍ ആചാരിയാണ് കേസ്സില്‍ വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി കെ.പി.ആറിന് ജീവപര്യന്തം തടവും, മറ്റുള്ള പ്രതികള്‍ക്ക് 3 മുതല്‍ 7 വര്‍ഷം വരെ കഠിന തടവും കോടതി വിധിച്ചു. സംശയത്തിന്റെ ആനുകൂല്യത്തില്‍ 26 പ്രതികളെ വിട്ടയച്ചു. ഈ വിധിക്കെതിരെ മദ്രാസ്സ് ഹൈകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 1942-ല്‍ മദ്രാസ്സ് ഹൈകോടതി വിധി വന്നു. കെ.പി ആറിനെ മരണം വരെ തൂക്കിലേറ്റനും, മറ്റ് പ്രതകളുടെ ശിക്ഷ ജീവപര്യന്ത്യമാക്കിയും ഉയര്‍ത്തി. ഇതിനെതിരെ പ്രതികള്‍ ലണ്ടന്‍ പ്രിവികൗണ്‍സിലില്‍ ഹരജി നല്‍കിയെങ്കിലും, ഹൈകോടതി വിധി ശരി വയ്ക്കുകയാണുണ്ടായത്. കെ.പി.ആറിനെ തൂക്ക് മരത്തില്‍ നിന്ന് രക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭം നടന്നു. 1942 മാര്‍ച്ച് 15-ന് പുറത്തിറങ്ങിയ ‘ഹരിജനി’ല്‍ ‘ഗോപാലന്‍ നമ്പ്യാര്‍’ എന്ന തലക്കെട്ടില്‍ മഹാത്മാഗാന്ധി എഴുതിയ ലേഖനം ബ്രീട്ടീഷ് സര്‍ക്കാറിന് അവഗണിയ്ക്കാന്‍ കഴിയാതെ വന്നു. മദിരാശി മന്ത്രിസഭ കെ.പി.ആറിന്റെ വധശിക്ഷ റദ്ദക്കി.

1947 സെപ്റ്റംബര്‍ മാസത്തിലെ ഒരു സായാഹ്നം. തൂക്ക് മരത്തില്‍ നിന്നും ഇറങ്ങിപ്പോന്ന കെ.പി.ആറിന് ഒറ്റപ്പാലം ടൗണില്‍ സഖാക്കല്‍ ഏര്‍പ്പാടാക്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത്, റെയില്‍വ്വേ സ്റ്റേഷനിലേക്ക് തിരിച്ച് നടക്കവെ, കെ.പി.ആറിനെ ഒരു യുവാവ് വഴിയില്‍ തടഞ്ഞ് നര്‍ത്തി. എന്തെങ്കിലും ഉരിയാടുന്നതിന് മുമ്പായി യുവാവിന്റെ ബലിഷ്ടമായ കൈപ്പത്തി കെ.പി ആറിന്റെ മുഖത്ത് ആഞ്ഞ് പതിച്ചു. കാലിടറി വീണ കെ.പി.ആറിനെ മിന്നല്‍ വേഗത്തില്‍ യുവാവ് കാല് കൊണ്ട് തൊഴിക്കുകയും ചെയ്തു.
”ഇയാളെ പിടിക്കൂ”

തറയില്‍ വീണ കെ.പി.ആര്‍ അലറി പറഞ്ഞു. സഖാക്കള്‍ പിടിച്ച് മാറ്റുമ്പോള്‍ വര്‍ദ്ധിച്ച രോഷത്തോടെ യുവാവ് അലറി.
”ഞാന്‍ വാസുദേവന്‍. നീ കൊന്ന കുട്ടികൃഷ്ണ മേനോന്റെ മകന്‍”.
ഒരു നിമിഷം അന്ധാളിച്ച സഖാക്കളുടെ പിടി അയഞ്ഞു. യുവാവ് നടന്ന് നീങ്ങി.
ലോക്കപ്പിലും, കോടതി മുറികളിലും തൂക്ക് മരത്തിന്റെ നിഴലില്‍ കണ്ടം സെല്ലിലും വീറോടെ നില കൊണ്ട കെ.പി.ആര്‍ അടിയേറ്റ് വീണതും, ഭയന്ന് നിലവിളിച്ചതുമെല്ലാം ചരിത്രം എവിടേയും രേഖപ്പെടുത്തിയിട്ടില്ല. ഈ സംഭവത്തെക്കുറിച്ച് വന്ന മാതൃഭൂമി പത്രവാര്‍ത്ത ഇങ്ങനെയായിരുന്നു. ‘ഒറ്റപ്പാലത്തെ സ്വീകരണം കഴിഞ്ഞ് മടങ്ങവെ, കെ.പി.ആറിനെ ഒരു കോണ്‍ഗ്രസ്സ് ഗുണ്ട ആക്രമിക്കാന്‍ ശ്രമം നടത്തി’ എന്ന്. ആ പഴയ പത്രമെടുത്ത് നീട്ടി ഒരു ജേതാവിനെ പോലെ മേനോന്‍ ഉറക്കെ ചിരിച്ചു. (മേനോന്‍ ഇന്ന് ജീവിച്ചിരിപ്പില്ല.)
മൊറാഴ സമരം ഒരര്‍ത്ഥത്തില്‍ പരാജയമായിരുന്നുവെങ്കിലും, പിന്നീടത് ഒട്ടനവധി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഹേതുവായി. ആ കാലഘട്ടത്തില്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളാ ഘടകം രൂപീകൃതമാകുന്നതും. കേരളത്തില്‍ ഒരേയൊരു പോലീസ് സ്റ്റേഷനില്‍ മാത്രമാണ് ഒരു ശവക്കല്ലറയുള്ളത്. 1940 ഡിസംബര്‍ അഞ്ചിന് പണിത ഈ കല്ലറ, പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പോലീസുകാര്‍ക്ക് ഒരു ഭയപ്പാട് ഉളവാക്കുന്നു. ഒരു പ്രേത ഭയപ്പാട്. വളപട്ടണം സ്റ്റേഷനില്‍ ഈ സംഭവുമായി ബന്ധപ്പെട്ട ഒരു രേഖയും ഇല്ല എന്നത് മറ്റൊരു കാതുകം.

You May Also Like

അത്ഭുതം ! ഉരുളൻ കല്ലുകളെ പ്രസവിക്കുന്ന പാറകൾ

ജന്മം നൽകുന്ന പാറകൾ Sreekala Prasad വടക്കൻ പോർച്ചുഗലിലെ ഫ്രീറ്റ പർവതനിര, കാസ്റ്റൻ‌ഹൈറ എന്ന ഗ്രാമത്തിനടുത്ത്,…

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സംഭവിച്ച ‘മണ്ണിരച്ചുഴലി ‘ എന്ന വിചിത്ര പ്രതിഭാസത്തിന് പിന്നിലുള്ള കാരണം എന്ത്?

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സംഭവിച്ച ‘മണ്ണിരച്ചുഴലി ‘ എന്ന വിചിത്ര പ്രതിഭാസത്തിന് പിന്നിലുള്ള കാരണം എന്ത്? അറിവ്…

ബ്ളാക്ക് നൈറ്റ്, ഒരു അന്യഗ്രഹ നിർമിത കൃത്രിമ ഉപഗ്രഹം, പരസ്യമായ അതിലേറെ രഹസ്യമായ ഒരു കണ്ടുപിടുത്തം

ബ്ളാക്ക് നൈറ്റ് എന്നു പേരിട്ട ഈ സാറ്റലൈറ്റിന് ഏകദേശം 13000 വർഷം പഴക്കമുണ്ട്..ഭൂമിയെ നിരീക്ഷിച്ചു വലം വെച്ചുകൊണ്ടിരിക്കുന്ന ഇവനാണ് നാസയുടെ ഏറ്റവും പ്രധാനിയായ നോട്ടപ്പുള്ളി..

ഇന്ത്യയുടെ ബർമുഡ ട്രയാംഗിൾ, ‘അവിടെ പോയവർ ഒരിക്കലും അവിടെ പോയിട്ടില്ല’ !

ഇന്ത്യ – മ്യാൻമർ അതിർത്തിയിലുള്ള തടാകത്തിന് അമേരിക്കക്കാർ ‘ലേക് ഓഫ് നോ റിട്ടേൺ’ എന്നു പേരിട്ടു. ഇന്ത്യയിലെ ഏറ്റവും നിഗൂഡ സ്ഥലങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു