ഈ നിശ്ശബ്ദത പ്രശ്നകരമാണ്

122

kk Babu Raj

ഡോസ്റ്റോഫ്സ്കിയുടെ” കരമസോവ് ബ്രെതെർസ് ”എന്ന നോവലിലാണെന്നു തോന്നുന്നു ,കുട്ടികൾക്ക് നടത്താൻ കഴിയുന്ന ഹിംസയെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട് .കുട്ടികൾ എല്ലാവർക്കും കൗതുകമാണ് .ഓമനത്തം തുളുമ്പുന്നവരാണ് .എന്നാൽ ഇവരുടെ കയ്യിൽ സമൂഹത്തെ ഭരിക്കാനോ നിയന്ത്രിക്കാനോ പറ്റുന്ന അധികാരം കൊടുക്കുകയാണെങ്കിൽ ആർക്കും സങ്കൽപിക്കാൻ കഴിയാത്ത ഹിംസയായിരിക്കും സംഭവിക്കാൻ ഇടയുള്ളതെന്നു അദ്ദേഹം എഴുതുന്നു .

ഇന്ത്യയിലെ നവഹൈന്ദവ ഭരണാധികാരികൾ , ഡോസ്റ്റോഫ്സ്കി പ്രവചിച്ച കുട്ടികളെ പോലെ തങ്ങൾക്കു കിട്ടിയ അധികാരത്തെ ശൈശവ ചാപല്യമായി മാറ്റുകയാണെന്നു തോന്നുന്നു .ഇവരുടെ രാഷ്ട്രീയ -സാമ്പത്തിക നയങ്ങളും സാംസ്‌കാരിക വീക്ഷണങ്ങളുമെല്ലാം പാപ്പരായ വെറും പ്രോപ്പഗണ്ടിസ്‌റ്റു ഇടപാടുകളാണെന്നു ആർക്കും മനസ്സിലാവുന്നതാണ് .അതു പ്രയോഗിക്കുമ്പോൾ ഇന്ത്യയിലെ ഓരോരുത്തരും ദുരന്തം അനുഭവിക്കുകയാണ് .എങ്കിലും നവഹൈന്ദവത എന്ന ശൈശവ കൗതുകത്തിൽ അതെല്ലാം മാഞ്ഞുപോവുന്നു .

കുടിയേറ്റവും ,പ്രവാസി ജീവിതവും ,വംശപരവും വർഗ്ഗപരവും ദേശപരവുമായ കലർപ്പുകളും എല്ലാം എതെങ്കിലും വിധത്തിലുളള കുറ്റമോ കുറവോ അല്ല .യഥാത്ഥത്തിൽ നാഗരികതയെ നിരന്തരം പുതുക്കുന്ന ഒഴുക്കുകൾ ആണ് അവ .അസം മാതൃകയിലുള്ള കുടിയേറ്റ നിയന്ത്രണ പട്ടികകൾ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കുമെന്നും അതിൽ മുസ്ലിം ജനതയുടെ സുരക്ഷ ഉറപ്പാക്കില്ലെന്നും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം പറയുമ്പോൾ ;അവർ ആധുനിക പൗരത്വ സങ്കൽപ്പങ്ങൾക്ക് എതിരെ മാത്രമല്ല ,നാഗരികതയോടുമാണ് യുദ്ധം പ്രഖ്യാപിക്കുന്നത് .

ഹിന്ദുത്വ ഭരണാധികാരികൾ മാതൃ ലാളന പോലുള്ള അനുഭൂതിയായി ദേശത്തെ ഉൾകൊള്ളുന്നവരാണത്രെ .അവരുടെ ദേശത്തെപ്പറ്റിയുള്ള ശൈശവ ഭാവനകളുടെ മറുപുറം മുസ്ലിങ്ങളോടുള്ള വെറുപ്പാണ് .അതിനെ എല്ലാവിഭാഗം ഹൈന്ദവരിലേക്കും വ്യാപിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം .എന്നാൽ, എല്ലാവരേയും പോലെ ഇന്ത്യയിലെ മുസ്ലിംകളും നാഗരികതയുടെ ,അതിന്റെ ഒഴുക്കിന്റെ ഭാഗമാണ് .അതുകൊണ്ടുതന്നെ അവരെ പൗരത്വ പട്ടികകൾ കാട്ടി ഭീതിപ്പെടുത്താനോ ഒറ്റപ്പെടുത്താനോ കഴിയുമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹം മാത്രമാണ് .

ഇന്ത്യയിലെ ഭരണവർഗ്ഗത്തിന്റെ സാമ്പത്തിക നയങ്ങളെ പ്രതിരോധിക്കാൻ വിവിധ തൊഴിലാളി സംഘടനകളും പ്രതിപക്ഷ കക്ഷികളും എത്രയോ തവണ ഭാരത് ബന്ദ് പോലുള്ള വലിയ പ്രതിഷേധ സമരങ്ങളാണ് നടത്തിയിട്ടുള്ളത് .ഇവരാരും എന്തുകൊണ്ടാണ് ഹിന്ദുത്വ ഭരണകൂടത്തിന്റെ സമൂഹ്യ വിഭജന നയങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധ സമരങ്ങൾ നടത്താത്തത് ?.ഈ നിശ്ശബ്ദതതയും പ്രശ്നകരമാണ്