കഞ്ഞി പ്രതീക്ഷിച്ചു ബിരിയാണി കിട്ടുന്ന ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.. എന്നാൽ ഈ വർഷം ഇത്പോലെ ഞെട്ടിച്ച ഒരു ചിത്രമില്ല.. പ്രതീക്ഷയൊന്നും ഇല്ലാതെ കണ്ട് തുടങ്ങിയ ചിത്രം.. ക്‌ളീഷേ റൊമാൻസും.. അതിലും ക്ളീഷേ ആയ ത്രില്ലെർ എലമെന്റ്സും..അന്വേഷണത്തിൽ വരുന്ന ലൂപ്പ്ഹോളുകളുടെ അയ്യര് കളിയും .. നായിക കൂടിയായ ഐശ്വര്യ രാജേഷും ഇടക്ക് ബോറായി തോന്നി ( പക്ഷെ ആകെമൊത്തം നന്നായിരുന്നു )..
അങ്ങനെ യാതൊരു അമ്പരപ്പുമില്ലാതെ പോകുന്ന ചിത്രം..ഇടക്ക് അവസനതോടടുക്കുമ്പോൾ ഒരു ട്വിസ്റ്റ്.. ആ കൊള്ളാം ഇതെങ്കിലും ഉണ്ടല്ലോ എന്ന മൈൻഡിൽ അവസാന 20 മിനിറ്റിലേക്ക് കേറിയ എന്നെ ശരിക്കും ഞെട്ടിച്ചൊരു ക്ലൈമാക്സ്.. കിളിയെതാ കിളിക്കൂടേതാ എന്നറിയാത്ത രീതിയിൽ അമ്പരിപ്പിച്ച ക്ലൈമാക്സ്.. ക്ലൈമാക്‌സിലെ ഞെട്ടലിനെക്കാൾ അവസാനം ചിത്രം സംസാരിക്കുന്ന വിഷയം തന്നെയാണ് ചർച്ച ചെയ്യപെടേണ്ടത്.. അത്രമാത്രം പ്രാധാന്യമുള്ള വിഷയമാണ് വിഗ്നേഷ് കാർത്തിക്ക് ചിത്രത്തിൽ പറഞ്ഞുവെക്കുന്നത്.
ഏറ്റവും ഒടുവിലായി ചിത്രം ഏൻഡ് ചെയുന്ന രീതി എന്നിലെ പ്രേക്ഷകനെ പൂർണമായി തൃപ്തിപ്പെടുത്തി.. ഇടക്ക് വരുന്ന ബിജിഎം നന്നായി തോന്നിയെങ്കിലും അധികം ഉപയോഗിച്ചതായി കണ്ടില്ല .. ചില ഫ്രെയിംസ് കൊള്ളായിരുന്നു .. മേക്കിങ് കുറെ കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിയെങ്കിലും തരക്കേടില്ലാത്ത അരങ്ങേറ്റം തന്നെയായിരുന്നു.. മലയാളത്തിൽ ഈ ഇടക്ക് സംഭവിക്കുന്ന ത്രില്ലെർ ഒഴുക്കുകളിൽ ഇല്ലാതെ പോകുന്ന ആ വൗ ഫാക്ടർ കൃത്യമായി പ്ലെസ് ചെയ്തതിലാണ് വിഗ്നേഷ് കാർത്തിക് എന്ന എഴുത്തുകാരൻ വിജയിച്ചത്.. കുറച്ച് നാളുകളുടെ ഇടവേളക്ക് ശേഷം ഒരു ത്രില്ലെർ പടത്തിലെ കഥാപാത്രത്തോട് അടുപ്പവും ബഹുമാനവും തോന്നിയ ചിത്രം കൂടിയായിരുന്നു ഇത്..
സന്ദീപ് സന്തോഷ് എഴുതിയ റിവ്യു വായിക്കാം
‘തിട്ടം ഇരണ്ട്’; പ്ലാൻ ബി അഥവാ വളഞ്ഞ വഴി!
ത്രില്ലറിൽ നിന്നും ഡ്രാമയിലേക്കെത്തിയ ചിത്രം
ഐശ്വര്യ രാജേഷ് നായികയായ തമിഴ് ത്രില്ലർ ചിത്രം തിട്ടം ഇരണ്ട് പ്ലാൻ ബി സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുകയാണ്. വിഘ്നേഷ് കാർത്തിക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സുഭാഷ് സെൽവം, അനന്യ രാംപ്രസാദ്, ഗോകുൽ ആനന്ദ്, ജീവ രവി തുടങ്ങിയവരാണ് മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
“കടൽ കണ്ടിട്ടുണ്ടെന്ന് പറയുന്നവരെല്ലാം കണ്ടത് തിരയും തീരവും മാത്രമാണ്” – വാട്സാപ്പിലെ സ്റ്റാറ്റസുകളിൽ എവിടെയോ കണ്ടിട്ടുള്ള ഈ വാചകമാണ് തിട്ടം ഇരണ്ട് എന്ന ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ഓർമ്മ വന്നത്. വളരെ പരിചയമുള്ളവർക്കും നമ്മൾ അറിയാത്ത മറ്റൊരു മുഖം ഉണ്ടായിരിക്കാം. എത്ര അടുത്ത സുഹൃത്തുക്കളായാലും നമ്മൾ തിരിച്ചറിയാത്ത ചില രഹസ്യങ്ങൾ അവർക്കുണ്ടാകാം.
തിട്ടം ഇരണ്ട് എന്ന ചിത്രത്തിലും കഥാനായികയുടെ അന്വേഷണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ഇത്തരം ചില കാര്യങ്ങളാണ് ബോധ്യപ്പെടുന്നത്. ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ആതിരയെന്ന കഥാപാത്രം ഒരു പോലീസ് ഉദ്യോഗസ്ഥയാണ്. നഗരത്തിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള ആതിരയുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
തൻ്റെ കൂട്ടുകാരി കൂടിയായ സൂര്യയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്ന ആതിര ആ കേസ് സോൾവ് ചെയ്യാനായി വിശ്രമമില്ലാതെ പരിശ്രമിക്കുന്നു. സൂര്യയുടെ മരണത്തിന് പിന്നിലെ നിഗൂഡതകൾ കണ്ടെത്താൻ ആതിരയ്ക്ക് കഴിയുമോ എന്നറിയാനായി ചിത്രം കാണാവുന്നതാണ്.
സാധാരണ കണ്ടുവരുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്നും തിട്ടം ഇരണ്ട് അൽപ്പം വ്യത്യസ്തമാണ്. ചിത്രത്തിൻ്റെ കഥ വളരെ പ്രസക്തിയുള്ളതും, പ്രേക്ഷകരുടെ ശ്രദ്ധ അർഹിക്കുന്നതുമാണ്. ത്രില്ലർ എന്ന ഴോണറിനൊപ്പം റൊമാൻസും, ഡ്രാമയും ഇടകലർത്തിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. സംവിധായകനായ വിഘ്നേഷ് കാർത്തിക്കാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. മുഖ്യ വേഷത്തിലെത്തിയ മൂന്ന് കഥാപാത്രങ്ങളൊഴികെയുള്ളവരെ സംവിധായകൻ വേണ്ടവിധത്തിൽ എഴുതിയെടുത്തിട്ടില്ല.
ഇതുകൂടാതെ ജോണറുകളിലെ ചാഞ്ചാട്ടവും ഇടയ്ക്കൊക്കെ പ്രേക്ഷകർക്ക് രസക്കേടുണ്ടാക്കുമെങ്കിലും അതൊരു കുറവായി കണക്കാക്കാൻ കഴിയില്ല. ഒരു കംപ്ലീറ്റ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ പ്രതീക്ഷിച്ചെത്തുന്നവർ ഒരുപക്ഷേ നിരാശരായേക്കാം. കാരണം ക്ലൈമാക്സിലേക്കെത്തുമ്പോൾ പ്രതീക്ഷിക്കാത്ത മറ്റൊരു തരത്തിലെ ലെയറാണ് വെളിവാകുന്നത്.
ഒരേസമയം തിരക്കഥയുടെ പോസിറ്റീവായും നെഗറ്റീവായും തോന്നാവുന്ന തരത്തിലാണ് ക്ലൈമാക്സ്. അതുവരെയുണ്ടായിരുന്ന ധാരണകളെ തെറ്റിച്ചു കൊണ്ട് ക്ലൈമാക്സിലെ ട്വിസ്റ്റ് എത്തുന്നത് ലോജിക്കിൻ്റെ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ്. തിട്ടം ഇരണ്ട് അഥവാ പ്ലാൻ ബി എന്ന തലക്കെട്ട് ഉചിതമാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നതും അവിടെയാണ്. നമ്മുടെ സമൂഹത്തിൻ്റെ അവസ്ഥയാണ് ഒരു ‘പ്ലാൻ എ’ -യ്ക്കുള്ള അവസരം നൽകാഞ്ഞത്.
ഇതിന് ഇത്രയും വളഞ്ഞ വഴി വേണമായിരുന്നോ എന്നു ചിലരെങ്കിലും ചിന്തിക്കാം. അങ്ങനെ ചിന്തിക്കുന്നവർക്കായി ചിത്രത്തിൽ കൃത്യമായ ന്യായീകരണങ്ങൾ സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിൻ്റെ അവസാനം സാധാരണ കണ്ടുവരുന്ന രീതിയിലുള്ള ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സിനായി കാത്തിരുന്നവർക്ക് ചിത്രത്തിൻ്റെ ഡ്രാമയിലേക്കുള്ള മാറ്റം ഇഷ്ടപ്പെട്ടേക്കില്ല.
ചിത്രത്തിൽ ഐശ്വര്യ രാജേഷ്, സുഭാഷ് സെൽവം, അനന്യ രാംപ്രസാദ് എന്നിവർ നന്നായി തിളങ്ങിയിട്ടുണ്ട്. ഐശ്വര്യ-സുഭാഷ് റൊമാൻ്റിക് രംഗങ്ങളൊക്കെ ആകർഷകമായിരുന്നു. പലപ്പോഴും ഒരു ഗൗതം മേനോൻ എഫക്ട് ഫീൽ ചെയ്തു. ചിത്രത്തിൻ്റെ കഥയ്ക്ക് എന്തായിരുന്നോ ആവശ്യമായിരുന്നത്, അത് കൃത്യമായി നൽകാൻ സുഭാഷിനും അനന്യയ്ക്കും സാധിച്ചിട്ടുണ്ട്.
പോലീസിൻ്റെ യൂണിഫോമിനകത്തും തുടിക്കുന്ന ഒരു പെൺ ഹൃദയമുണ്ടെന്ന സംഭാഷണത്തെ അന്വർത്ഥമാക്കുന്ന അഭിനയമാണ് ഐശ്വര്യ കാഴ്ചവെച്ചത്. ആതിരയെന്ന കഥാപാത്രത്തോട് ഐശ്വര്യ നീതി പുലർത്തിയെങ്കിലും, പോലീസായുള്ള വേഷത്തിൽ ന്യൂനതകൾ അനുഭവപ്പെട്ടു.
നടിയുടെ മുൻപുള്ള വേഷങ്ങളിൽ നിന്നും പോലീസ് യൂണിഫോം ഇട്ടശേഷവും കാര്യമായ വ്യത്യാസങ്ങൾ കാണാൻ കഴിയുന്നില്ല.അന്യ കഥാപാത്രങ്ങൾക്ക് തിരക്കഥയിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും, ലഭിച്ചതിനനുസരിച്ച് അഭിനേതാക്കൾ അവയെല്ലാം ഭംഗിയാക്കിയിട്ടുണ്ട്.
ആദിമധ്യാന്തം ത്രില്ലടിപ്പിക്കുന്ന ചിത്രമായല്ല സംവിധായകൻ തിട്ടം ഇരണ്ട് ഒരുക്കിയിരിക്കുന്നത്. സതീഷ് രഘുനാഥൻ ഈണമേകിയ ഗാനങ്ങളും, അതിലെ വരികളും ചിത്രത്തോട് ചേർന്നുപോകുന്നതായിരുന്നു. ചിത്രത്തിൻ്റെ ജോണറിലെ മാറ്റത്തിനനുസരിച്ച് പഞ്ചാത്തല സംഗീതം ഒരുക്കാനും സതീഷ് രഘുനാഥന് കഴിഞ്ഞിട്ടുണ്ട്.
ആരംഭത്തിൽ കാണിക്കുന്ന ഷോട്ടുകളിലും, പീന്നീടുള്ള ഒരു കൊലപാതകത്തിൻ്റെ രംഗത്തിലും നൽകിയിരിക്കുന്ന ബിജിഎം ഒരു സൈക്കോ ചിത്രത്തിൻ്റെ പ്രതീതി കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. റൊമാൻ്റിക്ക് രംഗങ്ങൾ, ഫ്ലാഷ്ബാക്ക് രംഗങ്ങൾ എന്നിങ്ങനെ ഓരോ ഭാഗത്തും സന്ദർഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് നൽകിയിരിക്കുന്നത്.
കുറഞ്ഞ ബജറ്റിൽ വളരെപ്പെട്ടെന്ന് ചിത്രീകരിച്ച ചിത്രമാണെന്ന് മനസ്സിലാകുന്നുണ്ടെങ്കിലും, സിനിമയുടെ ദൃശ്യങ്ങളിലും ക്വാളിറ്റി നിലനിർത്തിയിട്ടുണ്ട്. പ്രേക്ഷകരെ ചിത്രത്തിനൊപ്പം കൊണ്ടുപോകുന്നതിൽ ഗോകുൽ ബിനോയിയുടെ ഛായാഗ്രഹണം നിർണ്ണായക പങ്ക് വഹിച്ചു.
രണ്ട് മണിക്കൂറുകൾ കൊണ്ട് അവസാനിക്കുന്ന ചിത്രത്തിൽ ദൈർഘ്യം ഒരു പ്രശ്നമായി വരുന്നില്ലെങ്കിലും, എഡിറ്റിംഗ് കുറച്ചുകൂടി ഷാർപ്പാക്കിയിരുന്നെങ്കിൽ ശരിയായ വേഗത ചിത്രത്തിന് ലഭിക്കുമായിരുന്നു. വലിയൊരു സാമൂഹ്യ പ്രശ്നമാണ് സംവിധായകൻ ചിത്രത്തിലൂടെ കൈകാര്യം ചെയ്തിരിക്കുന്നത്. വിഷയത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ക്ലൈമാക്സിലേക്ക് മാത്രമായി അതിനെ ചുരുക്കിയത് ശരിയായില്ല.
ത്രില്ലറിനേക്കാളും നൂറ് ശതമാനം ഡ്രാമയായി ഈ വിഷയം അവതരിപ്പിക്കുന്നതായിരുന്നു നല്ലത്. എങ്കിലും, കണ്ടുപരിചയിച്ച തമിഴ് ചിത്രങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന അവതരണമെന്ന നിലയിൽ അത് സ്വീകരിക്കപ്പെടേണ്ടത് തന്നെയാണ്.
ചിത്രത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളൊക്കെ നേരിട്ട് പോലീസിൻ്റെ കൈപ്പിടിയിലേക്ക് എത്തുകയായിരുന്നു, മൂന്നാം മുറയ്ക്കൊന്നും കാത്തു നിൽക്കാതെ മണി മണിയായി അയാൾ ഉത്തരങ്ങൾ നൽകുകയും ചെയ്തു.
പ്രേക്ഷകരുടെ ആവേശം ചോരാതെ അന്വേഷണ രംഗങ്ങൾ കൊണ്ടുപോകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടില്ല. പക്ഷേ സംശയങ്ങൾ ബാക്കിവെയ്ക്കാത്ത, യോജിക്കാൻ പ്രയാസമില്ലാത്ത ഒരു ക്ലൈമാക്സ് ഒരുക്കാൻ സംവിധായകനായി. ക്ലൈമാക്സിലെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിക്കാൻ കഴിയാത്തതാണെന്നും പറയാനാകില്ല, ഹോളിവുഡ് അടക്കമുള്ള ചില ചിത്രങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുള്ള കാര്യം തന്നെയാണിത്.
ക്ലൈമാക്സുമായി പ്രേക്ഷകരെ കണക്റ്റ് ചെയ്യാൻ സുപ്രധാന കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് വളരെ സഹായിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ സൂചിപ്പിച്ച ഫിംഗർപ്രിൻ്റ് എന്ന ഘടകത്തെ സമർത്ഥമായി ഉപയോഗിച്ചതടക്കം സംവിധായകൻ തൻ്റെ കൈയ്യൊപ്പുകൾ ചിത്രത്തിൻ്റെ പല ഭാഗത്തും ചാർത്തിയിരിക്കുന്നതും കാണാം. ത്രില്ലറിൽ നിന്നും വഴിമാറിയിട്ടുണ്ടെങ്കിലും ചിത്രം കാണുന്നതിൽ പ്രേക്ഷകർക്കൊട്ടും നഷ്ടമില്ല എന്ന് ചുരുക്കിപ്പറയാം.