തൊടുപുഴയിലെ ദാരുണമായ സംഭവം ചിലത് ചിന്തിപ്പിക്കേണ്ടതുണ്ട്

791

തൊടുപുഴയിലെ ദാരുണമായ സംഭവം ചിലത് ചിന്തിപ്പിക്കേണ്ടതുണ്ട്

സനൂപ് നരേന്ദ്രൻ (Sanoop Narendran)എഴുതുന്നു

ഒന്ന്, മദ്യവും ലഹരി മരുന്നുകളും അത്തരം സാമൂഹ്യ ചുറ്റുപാടുകളും ഒരു മനുഷ്യന്റെ തലച്ചോറിനെ, അതിന്റെ ജൈവരസതന്ത്രത്തെ എത്രത്തോളം മാറ്റിമറിക്കാമെന്ന കാര്യം.( ഇതേ രീതിയിൽ തലച്ചോറിന്റെ സന്തുലനം മാറ്റിമറിക്കുന്ന ഒന്നാണ് പല കാരണങ്ങളാൽ ഒരാളിൽ വികലമായി രൂപപ്പെടുന്ന ലൈംഗികത്വര. മദ്യവും ഡ്രഗ്സും ഇതിനെ ആളിക്കത്തിക്കുകയും ചെയ്യും)
ഇതേ വഴിയിൽ കടന്നു പോകുന്ന നിരവധി മനുഷ്യരും, അതിനിടയാക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങളും നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം മറന്ന് പോകരുത്. അത് കൊണ്ട് ഒരു മനുഷ്യനെ തെറി പറഞ്ഞ്, വെട്ടിക്കൊല്ലാൻ ആഹ്വാനം ചെയ്ത്, സ്വന്തം വികാരം തീർത്ത്, ഒടുവിൽ ഇത്തരം സംഭവം, മറ്റൊരു ദാരുണ സംഭവം ഉണ്ടാകുന്നത് വരെ മറന്നു പോകുന്ന അവസ്ഥ ഉണ്ടാകരുത്.
[സ്വാഭാവിക ബോധത്തിൽ ഒരു മനുഷ്യന് ചെയ്യാൻ കഴിയാത്ത കാര്യമാണ് അയാൾ ആ കുട്ടിയോട് ചെയ്തത് – തലയോട്ടി പൊട്ടുന്ന തരത്തിൽ ഒരു കൊച്ചു കുട്ടിയിൽ ഏൽപിച്ച ആഘാതം. കൊച്ചു കുട്ടികളോട് സഹജമായി വാത്സല്യം തോന്നുന്ന തരത്തിലാണ് നമ്മുടെ ജനിതകപ്രോഗ്രാം. ]

ആർട്ടിക്കിൾ എഴുതിയത് സനൂപ് നരേന്ദ്രൻ

രണ്ട്, ഭീകരമായ പീഢനങ്ങളും ക്രൂരതയും വളരെ മുമ്പ് തന്നെ, നിരന്തരം സ്വന്തം കുട്ടികൾക്കും തനിക്കും നേരിടേണ്ടി വന്നിട്ടും, ആ പുരുഷന്റെ ഒപ്പം തന്നെ ജീവിതം തുടരാനും, ഒടുവിൽ അതിഭീകരമായ പീഢനത്തിനിടയിലും അതിനെ തടയാൻ ശ്രമിക്കാതെ, കണ്ടു നിൽക്കാനുള്ള,ഒടുവിൽ സ്വന്തം കുട്ടി മരണത്തിന്റെ വാതിലിൽ എത്തി നിൽക്കുമ്പോഴും ആ പുരുഷനെ രക്ഷിക്കാൻ വേണ്ടി കള്ളം പറയാനുള്ള, ഭാവഭേദങ്ങളില്ലാതെ ആ ആംബുലൻസിനു മുന്നിൽ നിൽക്കാനുള്ള, സ്വന്തം കാറെടുക്കാൻ പോകാൻ തോന്നുന്ന മാനസികാവസ്ഥയിലേക്ക്, ഒപ്പം സ്വന്തം ജീവിതത്തെ എന്തും സഹിച്ച് മുന്നോട്ട് കൊണ്ടു പോകാൻ വേണ്ടി എന്തും ചെയ്യുന്ന (ധാർമ്മികതയുടെ എല്ലാ സീമകളും ലംഘിച്ചും) അരക്ഷിതാവസ്ഥയിലേക്കും ഒരു സ്ത്രീ എത്തിച്ചേരാൻ ഇടയായ എല്ലാ സാഹചര്യങ്ങളെക്കുറിച്ചും.

ഒരു സ്ത്രീ ഭർത്താവിന്റെ അകാല മരണശേഷം മറ്റാരു പുരുഷന്റെ ഒപ്പം പോയതും, തുടർന്ന് ഇങ്ങനെയൊക്കെ സംഭവിച്ചതും വിശകലനം ചെയ്യുമ്പോൾ, സ്ത്രീയെ ഒരു പടിമേലെ പ്രതിക്കൂട്ടിലാക്കാൻ വെമ്പുന്ന, അശ്ശീല പദപ്രയോഗങ്ങളാൽ ആക്രമിക്കാൻ വെമ്പുന്ന ( പുരുഷനെ വിളിച്ചു കയറ്റുമ്പോൾ ശ്രദ്ധിക്കണമെന്ന ഉപദേശം ഉൾപ്പടെ) സമൂഹത്തിന്റെ പൊതുബോധം കൂടി പരിശോധിക്കപ്പെടേണ്ടതാണ്.

ഭാര്യയുടെ അകാലമരണശേഷം ഒരു പുരുഷൻ മറ്റൊരു സ്ത്രീയോടൊപ്പം സഹവസിച്ചാൽ, അതിനെ തുടർന്ന് കുട്ടികൾക്ക് ഇത്തരം പീഢനങ്ങൾ ഉണ്ടായി, വാർത്ത പുറത്ത് വന്നാൽ പുരുഷന് ഇങ്ങനെയുള്ള വെർബൽ ആക്രമണം നേരിടേണ്ടി വരില്ല എന്നതും അവിടെയും സ്ത്രീ കൂടുതൽ ആക്രമിക്കപ്പെടുമെന്നുള്ളതും ഈ പുരുഷാധികാര സാമൂഹത്തിൽ നിരന്തരം സംഭവിക്കുന്ന ഒന്നാണ്.

[NB: ഇവിടെ ആ കുട്ടിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ മനുഷ്യരുടെ ചെയ്തികൾ മാപ്പർഹിക്കാത്തതാണ്. ഇന്നലെ ഉറങ്ങാൻ പോലും കഴിഞ്ഞില്ല. പക്ഷേ, ഈ പ്രശ്നത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ചാനൽ പരിപാടികളും, സോഷ്യൽ മീഡിയയിലെ വികാരപ്രകടനങ്ങളും വളരെ അപക്വമായി അനുഭവപ്പെട്ടതിനാൽ എന്റെ അഭിപ്രായം എഴുതിച്ചേർക്കുന്നു എന്ന് മാത്രം. ആ സ്ത്രീയെയോ അരുൺ ആനന്ദ് എന്ന മനുഷ്യനെയോ ഏതെങ്കിലും തരത്തിൽ ഈ പോസ്റ്റ് ന്യായീകരിക്കുന്നതായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ ചിന്താശേഷിയുടെ, സാമൂഹ്യ കാഴ്ച്ചപ്പാടിന്റെ പ്രശ്നമായിരിക്കും. അത്തരം കമന്റുകൾക്ക് മറുപടി പറയുക എന്ന പാഴ്‌വേല ഞാൻ ചെയ്യുന്നതല്ല.
– സനൂപ് നരേന്ദ്രൻ

Advertisements