തോമസ് ആൽവ എഡിസന്റെ ആയിരം സിനിമകൾ
എഴുതിയത് : Alvin Chris Antony
കടപ്പാട് : Malayalam Movie & Music DataBase (m3db)
ചലച്ചിത്രം കണ്ടെത്തിയത് ആര് എന്ന ചോദ്യത്തിന് നിങ്ങൾ പലരും നൽകുന്ന ഉത്തരം ‘ലൂമിയർ സഹോദരന്മാർ’ എന്നാവും. യഥാർത്ഥത്തിൽ അവർ കണ്ടെത്തിയത് മോഷൺപിക്ച്ചർ അല്ല, അത് പ്രോജക്റ്റ് ചെയ്യാനുള്ള സംവിധാനമാണ്. എന്നാൽ അവർക്ക് ഈ ആശയം ലഭിച്ചതുതന്നെ മറ്റൊരിടത്തുനിന്നാണ്. ഫോട്ടോഗ്രാഫ് എന്ന മഹത്തായ എഡിസന്റെ കണ്ടെത്തലിനുശേഷം (1877) അതിലും മികച്ച വിനോദോപാധിയായ ചലിക്കുന്ന ചിത്രങ്ങൾ ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു ലോകം മുഴുവൻ. അവിടെയും എഡിസൺ തന്നെ വിജയിച്ചു. കൈനെറ്റോഗ്രാഫ് എന്ന് വിളിക്കപ്പെട്ട മോഷൻ ക്യാമറയും കൈനെറ്റോസ്കോപ്പ് എന്നറിയപ്പെട്ട പ്രദർശനയന്ത്രവും 1891-ഓടെ എഡിസൺ (അതായത് അദ്ദേഹത്തിന്റെ കമ്പനി) വികസിപ്പിച്ചു. നാണയമിട്ട് ഒര് ഓട്ടയിലൂടെ സിനിമകാണുന്ന സംവിധാനമായിരുന്നു അത്. എഡിസന്റെ ഈ സാങ്കേതികവിദ്യ പാരീസിൽ പ്രദർശിപ്പിച്ചതിൽ നിന്നാണ് ലൂമിയർ സഹോദരന്മാർക്ക് ഇത്തരമൊരു ആശയം തോന്നിയത് തന്നെ. അവരതിനെ സിനിമാറ്റോഗ്രാഫ് എന്ന് വിളിച്ചു. യൂറോപ്പിൽ മറ്റു പലരും എഡിസന്റെ സാങ്കേതികവിദ്യ കോപ്പിയടിച്ചിരുന്നു.
എഡിസന്റെ കൈനെറ്റോസ്കോപ്പ് അമേരിക്കയിൽ മിക്ക വ്യവസായസ്ഥാപനങ്ങളിലെയും പ്രധാന വിനോദോപാധിയായി, കേവലം മാസങ്ങൾക്കൊണ്ട്. വൻതുകയ്ക്ക് ആ യന്ത്രം ചൂടപ്പം പോലെ വിറ്റുപോയി. കൈനെറ്റോസ്കോപ്പ് പാർലറുകൾ തുറക്കപ്പെട്ടു. അങ്ങനെ ആദ്യമായി സിനിമയെ എഡിസൺ കമേർഷ്യലൈസ് ചെയ്തു. ലൂമിയറിന്റെ വിദ്യയോട് മത്സരിച്ച് പ്രോജക്റ്റ് ചെയ്യാനുള്ള സാങ്കേതികവിദ്യയും വൈകാതെ അവർ വികസിപ്പിച്ചു. അമേരിക്കയിലെ (ലോകത്തിലെ തന്നെ) ആദ്യത്തെ സിനിമാസ്റ്റുഡിയോ തന്റെ ന്യു ജേഴ്‌സിയിലെ ലാബിനോടു ചേർന്ന് എഡിസൺ ആരംഭിച്ചു – ‘ബ്ലാക്ക് മരിയ’. പിന്നീട് അദ്ദേഹം ന്യു യോർക്കിൽ ‘എഡിസൺ സ്റ്റുഡിയോ’ സ്ഥാപിച്ച് തന്റെ പ്രസ്ഥാനത്തെ അങ്ങോട്ട് പറിച്ചുനട്ടു. ധാരാളം സിനിമകൾ എഡിസൺ സ്റ്റുഡിയോ നിർമിച്ചു. ധാരാളം. ലോകമഹായുദ്ധം, വിവിധ നിയമപോരാട്ടങ്ങളിലേറ്റ തോൽവി, വിദേശനിർമ്മിത ചിത്രങ്ങളുടെ കടന്നുകയറ്റം എന്നിവമൂലം 1918-ൽ എഡിസൺ തന്റെ സിനിമാവ്യവസായം പൂർണ്ണമായി വിൽക്കുന്നതിന് മുൻപ് 54 ഫീച്ചർപടങ്ങളടക്കം 1200-ഓളം സിനിമകൾ നിർമിച്ചു. പ്രസിദ്ധമായ ദി കിസ്, ദി ഗ്രേറ്റ് ട്രെയിൻ റോബറി, ഫ്രാങ്കൻസ്റ്റൈൻ, ആലീസെസ് അഡ്‌വെഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ് തുടങ്ങിയവയൊക്കെ എഡിസൺ ചിത്രങ്ങളായിരുന്നു. സംഭവബഹുലമായിരുന്നു ആ കുറച്ചുവർഷങ്ങൾ.
യൂറോപ്പിലെ ആളുകൾ തന്റെ സാങ്കേതികവിദ്യ സൗജന്യമായി ഉപയോഗിക്കുന്നതിൽ എഡിസണ് എതിർപ്പുണ്ടായിരുന്നില്ലെങ്കിലും, തന്റെ വിപണിയായ അമേരിക്കയിൽ സ്ഥിതി മറിച്ചായിരുന്നു. കൈനെറ്റോഗ്രാഫ് ഉപയോഗിക്കുന്ന എല്ലാ ചെറുകിട സ്റ്റുഡിയോകളെയും അദ്ദേഹം കോടതികയറ്റി. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ‘ബയോഗ്രാഫ്’ എന്ന കമ്പനി പുതിയ ക്യാമറ വികസിപ്പിക്കുകയും എഡിസന്റെതിനേക്കാൾ വലിയ സ്റ്റുഡിയോ ആവുകയും ചെയ്തു. അങ്ങനെ 1908-ൽ എഡിസൺ ആ തന്ത്രപരമായ നീക്കം നടത്തി, സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യയും ഒരു കുടക്കീഴിൽ കൊണ്ടുവരിക. തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു closed ecosystem. മോഷൺ പിക്ച്ചേഴ്സ് പേറ്റന്റ്സ് കമ്പനി (MPPC) എന്ന ആ പ്രസ്ഥാനത്തിൽ വിപണിയിലെ എല്ലാ പ്രമുഖ അമേരിക്കൻ-അന്താരാഷ്ട്ര സിനിമനിർമാതാക്കളും (ബയോഗ്രാഫ്, വീറ്റാഗ്രാഫ്, സ്റ്റാർ ഫിലിം പാരീസ് etc) പ്രമുഖ വിതരണക്കാരും ഏറ്റവും പ്രധാനമായി ലോകത്തെ ഏറ്റവും വലിയ ഫിലിം നിർമാതാക്കളായ ഈസ്റ്റ്മാൻ കോഡാക്കും ഉണ്ടായിരുന്നു. ഫിലിം ട്രസ്റ്റ് അഥവാ “എഡിസൺ ട്രസ്റ്റ്” എന്നറിയപ്പെട്ട MPPC ഒരു മാഫിയ പോലെയായിരുന്നു.
തങ്ങളുടെ പേറ്റന്റ്‌സും ബന്ധങ്ങളും അവർ ചെറുകിട നിർമാതാക്കളെ തടയാൻ ഉപയോഗിച്ചു. തങ്ങളുടെ സേവനങ്ങൾ അവർ ട്രസ്റ്റിന് പുറത്തുള്ള ആളുകൾക്ക് നൽകിയതേയില്ല. ആരെങ്കിലും തങ്ങളുടെ അനുവാദമില്ലാതെ ഇൻഡസ്ട്രിയിൽ കാലുകുത്തിയാൽ ഉടൻതന്നെ തങ്ങളുടെ പേറ്റന്റ്‌സിന്റെയും പണത്തിന്റെയും ബലത്തിൽ നിയമനടപടികളുമായി ട്രസ്റ്റ് വരും. പുതിയ പ്ലേയേഴ്സ് പത്തിമടക്കും. ചില സാഹചര്യങ്ങളിൽ MPPC ഗുണ്ടകളെ തന്നെ വാടകയ്ക്ക് എടുത്തിരുന്നു, ഇത്തരം “സ്വതന്ത്ര സിനിമാക്കാരെ” ഒതുക്കാനായി. അവരതിൽ വലിയ വിജയവുമായിരുന്നു. ന്യുയോർക്ക് കേന്ദ്രമാക്കി അമേരിക്കയുടെ ഏറ്റവും സമ്പന്നവും വികസിതവുമായ കിഴക്കൻ തീരം മുഴുവൻ അവർ അടക്കി വാണു.
സ്വതന്ത്രസിനിമാക്കാർക്ക് മുന്നിൽ ഒരേയൊരു മാർഗമേ ഉണ്ടായിരുന്നുള്ളു – സ്ഥലം വിടുക. യാത്രാച്ചെലവുമൂലം ദൂരെയുള്ള ഒരു സ്ഥലത്ത് ഉള്ള പടംപിടുത്തങ്ങൾ എഡിസന്റെ പേറ്റന്റുകളിൽ നിന്നും അല്പം സുരക്ഷിതമായിരുന്നു. ലോസ് ആഞ്ചലോസിലെ കോടതികൾക്ക് ഈ പേറ്റന്റിന്റെ പേരിലുള്ള അക്രമങ്ങൾ അത്ര രസിക്കുന്നതുമായിരുന്നില്ല. അങ്ങനെ പല സിനിമാക്കാരും പടിഞ്ഞാറൻമേഖലയിലേക്ക് . ചേക്കേറി, പ്രത്യേകിച്ച് ലോസാഞ്ചലോസിലേക്ക്. അധികം മഴയില്ലാത്ത അവിടുത്തെ കാലാവസ്ഥ വർഷം മുഴുവൻ ഉള്ള പ്രൊഡക്ഷന് അനുകൂലവുമായിരുന്നു. എന്നാൽ മിക്കവർക്കും നഗരത്തിൽ തന്നെ സ്ഥലം വാങ്ങാനും മാത്രം പണമുണ്ടായിരുന്നില്ല. നഗരത്തിന്റെ പരിസരത്തുള്ള നാരകങ്ങൾ ധാരാളമായി കൃഷി ചെയ്തിരുന്ന ഒരു കൊച്ചുഗ്രാമത്തിൽ അവർ ചെറിയ സ്റ്റുഡിയോകൾ തുടങ്ങി. ആ ഗ്രാമത്തിന്റെ പേര് ‘ഹോളിവുഡ്’ എന്നായിരുന്നു.
curiouscases ofalvinchris
PS: ബ്ലാക്ക് മരിയ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് അമേരിക്കൻ സർക്കാർ “എഡിസൺ നാഷണൽ ഹിസ്റ്റോറിക് സൈറ്റ്” പിന്നീട് നിർമിച്ചത്. കൈനെട്ടോഗ്രാഫിന്റെയും കൈനെറ്റോസ്കോപ്പിന്റെയും കണ്ടെത്തലിലും സ്റ്റുഡിയോയുടെ നടത്തിപ്പിലും പ്രധാനപങ്ക് വഹിച്ചത് എഡിസന്റെ ലാബ് അസിസ്റ്റന്റ് ആയിരുന്ന WK ഡിക്‌സൺ ആയിരുന്നു. Surprise…? No, I don’t think so… ഡിക്‌സൺ പിന്നീട് ബയോഗ്രാഫ് കമ്പനിയിലേക്ക് പോവുകയും ചെയ്തു