Featured
ചരിത്ര സത്യങ്ങളെ വെല്ലുവിളിക്കുന്ന അയുദിലെ ലോഹക്കഷണം എവിടെ നിന്നുവന്നു ?
നമ്മൾ പഠിച്ച ചരിത്രസത്യങ്ങളെ വെല്ലുവിളിക്കുന്ന, അല്ലെങ്കിൽ ചരിത്രപുസ്തകത്തിൻ്റെ അധ്യായങ്ങളിൽ എവിടെയും ഉൾക്കൊള്ളിക്കാനാകാത്ത
232 total views

അയുദിലെ ലോഹക്കഷണം
തോമസ് ചാലാമനമേൽ
നമ്മൾ പഠിച്ച ചരിത്രസത്യങ്ങളെ വെല്ലുവിളിക്കുന്ന, അല്ലെങ്കിൽ ചരിത്രപുസ്തകത്തിൻ്റെ അധ്യായങ്ങളിൽ എവിടെയും ഉൾക്കൊള്ളിക്കാനാകാത്ത ചില വസ്തുക്കൾ ലോകത്തിൻ്റെ പല ഭാഗത്തുനിന്നും പുരാവസ്തുഗവേഷകർക്കു ലഭിച്ചിട്ടുണ്ട്. പരമ്പരാഗത ചരിത്രത്തിൻ്റെ കാലഗണനകളെ സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം ശേഷിപ്പുകളെ ചരിത്രകാരന്മാർ OOPArt (Out-of-Place Artifact) എന്നാണ് വിളിക്കുന്നത്. അത്തരത്തിൽ ശ്രദ്ധേയമായ ഒരു വസ്തുവാണ് വെഡ്ജ് ഓഫ് അയുദ് (Wedge of Aiud).
1974-ൽ മധ്യ റൊമേനിയയിലെ അയുദ് (Aiud) ഗ്രാമത്തിൽ മ്യുറിസ് നദിയുടെ തീരത്ത് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് മാറ്റിക്കൊണ്ടിരിക്കെ, ഏതാണ്ട് 35 അടി താഴ്ചയിൽ നിന്നും വളരെ അസാധാരണമായ രണ്ടു വസ്തുക്കൾ തൊഴിലാളികൾക്കു കിട്ടി. ആനയുടെതുപോലുള്ള ഒരു ജീവിയുടെ അസ്ഥികൂടത്തിൻ്റെ ചില ഭാഗങ്ങളും അതിനോടു ചേർന്നു കിടന്നിരുന്ന ഒരു ലോഹക്കഷണവുമായിരുന്നു ആ രണ്ടു വസ്തുക്കൾ. ആ തൊഴിലാളികൾ അവ ട്രാൻസിൽവേനിയയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഏൽപ്പിച്ചു. അവ വിശദമായി പരിശോധിച്ച മ്യൂസിയം വിദഗ്ദർക്ക് ആ അസ്ഥികൂടം ഏതാണ്ട് 11,000 വർഷങ്ങൾക്കു മുൻപേ മണ്മറഞ്ഞുപോയ മാസ്റ്റഡോൺ എന്ന അസാധാരണ വലുപ്പമുള്ള ആനയുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ, ആ ലോഹക്കഷണം പരിശോധിച്ച ഗവേഷകർക്കു പക്ഷേ അത് ഉത്തരങ്ങളില്ലാത്ത ഒരു സമസ്യയായി മാറി. കാരണം, ഏകദേശം 11,000 വർഷങ്ങൾ പഴക്കമുണ്ട് എന്നു കരുതപ്പെടുന്ന ആ ലോഹക്കഷണത്തിൽ അടങ്ങിയിരുന്നത് 89 ശതമാനം അലൂമിനിയവും, 6 ശതമാനം ചെമ്പും, ബാക്കിയുള്ള അഞ്ചു ശതമാനം സിലിക്കോൺ, ലെഡ്, നിക്കൽ, കൊബാൾട്ട് പോലുള്ള പദാർത്ഥങ്ങളുമായിരുന്നു.
അലൂമിനിയം സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്ന ഒരു ലോഹമല്ലെന്നും ശുദ്ധമായ അലൂമിനിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത് 1825-ൽ ഡെന്മാർക്കിലെ ഹാൻസ് ക്രിസ്റ്റ്യൻ (Hans-Christian) എന്ന രസതന്ത്രജ്ഞനായിരുന്നു എന്നും നമ്മൾ പഠിച്ചിട്ടുണ്ട്. പിന്നെയും ഏതാണ്ട് നൂറു വർഷങ്ങൾക്കു ശേഷമാണ് അലൂമിനിയം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ, യുക്തിസഹമായ വിശദീകരങ്ങൾക്കൊന്നും പിടികൊടുക്കാതെ ഏതാണ്ട് 20 സെൻറ്റിമീറ്റർ നീളവും, 12.5 സെൻറ്റിമീറ്റർ വീതിയും. 7 സെൻറ്റിമീറ്റർ കനവുമുള്ള ആ ലോഹക്കഷണം വർഷങ്ങളോളം ആ മ്യൂസിയത്തിലെ അലമാരയിൽ ആരും അറിയാതെ ഇരുന്നു. എന്തുകൊണ്ട് ഇത് പൊതുജനങ്ങളിൽ നിന്നും മറച്ചുവച്ചു എന്ന ചോദ്യത്തിന്, നാഷണൽ ഹിസ്റ്ററി മ്യൂസിയം ഓഫ് ട്രാൻസിൽവേനിയയിലെ കുറേറ്ററായ അന ഗ്രൂയ (Ana Gruia) യുടെ മറുപടി ശ്രദ്ധേയമാണ്. ചരിത്രകാരന്മാരെന്ന നിലയിൽ തങ്ങൾക്ക് ഇതിനെ വിശദീകരിക്കാൻ ആകുന്നില്ലെന്നും ഒരു രീതിയിലും ഔദ്യോഗീക ചരിത്രത്തിൻ്റെ ഭാഗമായി ഈ വസ്തുവിനെ പരിഗണിക്കാനാവില്ലെന്നുമായിരുന്നു അവരുടെ മറുപടി.
ഒറ്റ നോട്ടത്തിൽ ഏതോ മണ്ണുമാന്തി യന്ത്രത്തിൻ്റെ ബക്കറ്റിൻ്റെ ഒടിഞ്ഞുപോയ പല്ലാണ് ഇതെന്നു പലരും സംശയം പ്രകടിപ്പിച്ചെങ്കിലും അലൂമിനിയം പോലെ ദുർബ്ബലമായ ലോഹം കൊണ്ട് ഇത്തരം യന്ത്രഭാഗങ്ങൾ ഉണ്ടാക്കാറില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നു. കൂടാതെ, ഒരു വസ്തുവിൻ്റെ മേൽ 35 അടി ഉയരത്തിൽ മണ്ണ് വന്നു മൂടാൻ എടുക്കുന്ന കാലം ഒന്ന് ഓർത്തുനോക്കൂ. അതിനേക്കാളുപരി, ഈ ലോഹക്കഷണത്തിന്മേൽ പൊതിഞ്ഞിരിക്കുന്ന ക്ലാവിൻ്റെ (Alumininum Oxide) സാന്ദ്രതയാണ് ഇത് ഒരിക്കലും ഒരു ആധുനീക കാലത്തെ വസ്തുവല്ല എന്ന് തെളിയിക്കുന്നത്. ഇതിനു പുറത്തുള്ള ഓക്സൈഡ് പാളി രൂപപ്പെടാൻ നൂറുകണക്കിനു വർഷങ്ങൾ വേണ്ടിവന്നിട്ടുണ്ട് എന്നാണ് വിദഗ്ദർ കണക്കാക്കുന്നത്. വസ്തുവിൻ്റെ പ്രായം കൂടുന്തോറും കനവും കൂടിവരുന്ന ഈ ഓക്സൈഡ് പാളിയെ ഒരിക്കലും നമുക്ക് വ്യാജമായി ഉണ്ടാക്കാനുമാവില്ല.
അങ്ങനെയാണെങ്കിൽ ഇത് എവിടെ നിന്നും വന്നു?
നമ്മൾ ഇന്നു കരുതുന്നതിനേക്കാൾ വളരെ സാങ്കേതീകമായി ഉയർന്ന നിലവാരമുള്ള ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നുവെന്നും എന്നോ മണ്ണടിഞ്ഞുപോയ അതിൻ്റെ അവശിഷ്ടങ്ങളിൽ ഒന്നാകാം ഇതെന്ന് ചിലർ വാദിക്കുമ്പോൾ, അതല്ല, മെസൊപ്പൊട്ടോമിയ പോലുള്ള പുരാതന സംസ്കാരങ്ങളിൽ ലോഹസംസ്കരണവിദ്യ പ്രചാരത്തിലുണ്ടായിരുന്നെന്നും അത്തരത്തിലുള്ള ഏതോ സംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന ഏതോ ആയുധത്തിൻ്റെ ഭാഗമാകാം ഇതെന്നും ചിലർ വാദിക്കുന്നു. എന്നാൽ മറ്റു ചിലർ പറയുന്നത് ഭൂമിയെ സന്ദർശിക്കാൻ വന്ന ഏതോ അന്യഗ്രഹജീവികളുടെ പേടകത്തിൻ്റെ ഭാഗമായിരിക്കാം ഇതെന്നാണ്. ആ വാദത്തിനു ശക്തി പകരുന്ന ഒരു കാര്യമായി അവർ ചൂണ്ടിക്കാട്ടുന്നത് അയുദിൽ നിന്നും 75 കിലോമീറ്ററുകൾ അകലെയുള്ള സിഗിസോറ (Sighisoara) എന്ന സ്ഥലത്തെ മധ്യകാലഘട്ടത്തിലെ ഒരു ആശ്രമത്തിൻ്റെ ഭിത്തിയിൽ വരച്ചുവച്ചിരിക്കുന്ന ഒരു ചിത്രമാണ്. മേഘപാളികൾക്കിടയിലൂടെ ഭൂമിയിലേക്ക് താഴ്നിറങ്ങുന്ന ഒരു പറക്കുംതളികയുടെ ആ ചിത്രം വരച്ചവർക്ക് ഒരു പക്ഷെ, ഈ ലോഹക്കഷണം എവിടെ നിന്നു വന്ന് എന്ന് അറിയാൻ കഴിഞ്ഞേക്കാം എന്നാണ് അവരുടെ വാദം.
എന്തുതന്നെയായാലും ഇന്നും യുക്തിസഹമായ ഒരു ഉത്തരമില്ലാത്ത സമസ്യയായി വെഡ്ജ് ഓഫ് അയുദ് എന്ന ഈ ലോഹക്കഷണം ട്രാൻസിൽവേനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടുന്നു.
233 total views, 1 views today