‘ഭാര്യ’, ‘ഭർത്താവ്’, ഈ പ്രയോഗങ്ങൾ പോലും എടുത്ത് കളയുന്നതാവില്ലേ നല്ലത് ?

75

Thomas Mathayi Kayyanikkal

‘ഭാര്യ’, ‘ഭർത്താവ്’, ഈ പ്രയോഗങ്ങൾ പോലും എടുത്ത് കളയുന്നതാവില്ലേ നല്ലത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. വേറൊന്നും കൊണ്ടല്ലാ, കാലാകാലങ്ങളായി ഉപയോഗിച്ച്, പഴകി ദ്രവിച്ച്, വികലമായ അനേകം അർത്ഥതലങ്ങൾ രണ്ട് വാക്കുകൾക്കും വന്ന് ചേർന്നിട്ടുണ്ട്. പാർട്ണേഴ്സ് എന്നതിലുപരി, ഭർത്താവ് എന്നാൽ ഇന്നത്, ഭാര്യ എന്നാൽ ഇന്നത്, അങ്ങനെ സമൂഹം റിജിഡായി പറഞ്ഞ് വച്ചിട്ടുള്ളത് പോലെ. അത് മൊത്തത്തിൽ ആ പാർട്ണർഷിപ്പിന്റെ ബ്യൂട്ടി തല്ലിക്കെടുത്തുന്നു.

മാത്രവുമല്ലാ, അതിൽ പണി കിട്ടുന്നതോ മുഴുവൻ പെണ്ണുങ്ങൾക്കും! സ്വന്തം വീട് വിട്ട് നില്ക്കേണ്ടി വരുന്നത് അവർക്കല്ലേ. തുണി അലക്കൽ, കുക്കിംഗ്, അടിച്ചു വാരൽ എന്നിങ്ങനെ ഭാരിച്ച (പക്ഷേ വില തരാത്ത) എല്ലാ ടാസ്കുകളും ‘ഭാര്യ’ക്ക് സമൂഹം അങ്ങനേ പതിച്ച് കൊടുത്തിരിക്കുവാണല്ലോ. ഭർത്താവ് ഇതിൽ ഏതെങ്കിലുമൊന്നിൽ അറിയാതെ കൈ വച്ചാലോ, വീട്ടുകാരുടെയും നാട്ടുകാരുടെയും വക പുച്ഛവും പരിഹാസച്ചിരികളും ഉറപ്പാണ് താനും.

ചില കാർന്നോന്മാരൊക്കെ മുറ്റത്ത് വന്ന് നിന്ന്, ‘ഈ വീട്ടിൽ ആണുങ്ങളൊന്നുമില്ലേ കാര്യം പറയാൻ’ എന്ന മട്ടിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ, കാലിൽ തൂക്കിയെടുത്ത് ആ കിണറ്റിലേക്ക് ഇടാനാണ് തോന്നാറ്. ഭാര്യക്ക്, അവൾ സ്ത്രീ ആയത് കൊണ്ട് തന്നെ, കാര്യം പറയാനുള്ള ബുദ്ധിയോ വിവേകമോ ഇല്ലാ എന്നല്ലേ അതിന്റെ implied meaning. എന്തൊരു ഹ്യൂമിലിയേറ്റിങ് ആണത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം. ഭർത്താവിന്റെ പേര് സ്വന്തം പേരിന്റെ കൂടെ ചേർക്കുന്ന ഭാര്യമാർ ഉണ്ടല്ലോ, എന്നാൽ തിരിച്ച് ചെയ്യുന്ന ഭർത്താക്കന്മാർ ഉണ്ടോ. ഭർത്താവില്ലാതെ തനിക്ക് അസ്തിത്വം ഇല്ലാ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് തിരിച്ചും ബാധകമല്ലേ. പറഞ്ഞോണ്ട് അങ്ങോട്ട് ചെന്ന് നോക്കൂ, മിക്കവാറും ആണുങ്ങളും തന്റെ ഭാര്യയുടെ പേര് കൂടെ ചേർക്കാൻ താല്പര്യം കാണിക്കില്ലാ, ചേർത്താൽ ആ നിമിഷം എല്ലാവരുടേയും മുൻപിൽ അവൻ ‘വ്യക്തിത്വം’ ഇല്ലാത്തവനായി കരുതപ്പെടുമോ എന്ന പേടി ഉണ്ടാവും, അത്ര ഫ്രജൈൽ ആണല്ലോ സമൂഹ നിർമ്മിത മെയ്ൽ ഈഗോ. ഇതേ ‘വ്യക്തിത്വം’ എന്താ പെണ്ണുങ്ങൾക്ക് ഇല്ലെന്നാണോ.

ഇതെല്ലാം സന്തോഷത്തോടെ ചെയ്യുന്ന ഭാര്യമാരില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ‘കാര്യം പറയാൻ ഞാൻ ചേട്ടനെ വിളിക്കാം’ എന്ന് പറയുന്നവർ, ഭർത്താവിലും ഒരു പടി താഴെയാണ് തങ്ങൾ എന്ന് ഒരു കോൺഫ്ളിക്ടും കൂടാതെ പൂർണ്ണ മനസ്സോടെ വിശ്വസിക്കുന്നവർ. ഉണ്ട്, ഡെഫിനിറ്റ്ലി ഉണ്ട്. അവിടെയാണല്ലോ പാട്രിയാർക്കിയുടെ വിജയം. ചെറുപ്രായത്തിലേ കല്യാണം നടത്തണം എന്ന് വാശി പിടിക്കുന്നത് ചുമ്മാതാണോ. സ്വന്തം സെൽഫ് എന്താണെന്ന് തിരിച്ചറിയുന്നതിന് മുൻപേ കല്യാണം കഴിച്ച് വിട്ട്, അത് വഴി ഭർത്താവ് എന്ന മറ്റൊരു വ്യക്തിയുടെ ജീവിതത്തിനും കരിയറിനുമായി, അയാളുടെ വീട്ടുകാരുടെ വെൽബീങ്ങിനായി, സ്വന്തം കരിയറും ഇഷ്‍ടങ്ങളും താല്പര്യങ്ങളും പാഷൻസും പൂർണ്ണമായും ത്യജിക്കാൻ തയ്യാറാവുന്ന ചാവേറുകളായി പെൺകുട്ടികളെ വാർത്തെടുക്കുന്നത് അതിനല്ലേ. ഒരാളുടെ പേഴ്സണാലിറ്റി സ്റ്റേബിളായി രൂപപ്പെട്ട് കഴിഞ്ഞാൽ, സ്വന്തം വഴിയെ കുറിച്ച് വ്യക്തമായ ധാരണ വന്നാൽ, പിന്നെ ആരും ഇങ്ങനൊരു സെൽഫ് ലെസ്സ് അടിമപ്പണിക്ക് നിന്ന് കൊടുക്കില്ലല്ലോ. പക്ഷേ ഇവിടെ, ആ ഒരു ചിന്ത വരുമ്പോഴേക്കും, ധാരാളം opportunities അവരുടെ കൺമുന്നിൽ തന്നെ നഷ്ടമായിട്ടുണ്ടാവും.

എല്ലാക്കാലത്തും പ്രണയത്തിൽ പരസ്പരം ഇണ ചേർന്ന്, തുല്യ പങ്കാളിത്തത്തിൽ പാർട്ണേഴ്സായി ജീവിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അങ്ങനൊരു ബന്ധത്തിൽ സമൂഹവും നിങ്ങളുടെ വീട്ടുകാരുമെല്ലാം സെക്കൻഡറി ആണ്, പുറത്ത് നിൽക്കുന്നവർ മാത്രമാണ്. അങ്ങോട്ടുമിങ്ങോട്ടും ‘പോസ്സെസ്സ്’ ചെയ്ത് ഞെരുക്കുന്നതല്ലാ പ്രണയമെന്ന് തിരിച്ചറിഞ്ഞ്, സ്വതന്ത്രരായ രണ്ട് വ്യക്തികളായി തന്നെ നിലകൊണ്ട്, ആ സ്പേസ് ഇട്ട് കൊണ്ട് തന്നെ കോ എക്സിസ്റ്റ് ചെയ്യുന്ന അതി സുന്ദരമായ ഒരു പാർട്ണർഷിപ്പ്. രണ്ട് പേരും പരസ്പരം nourish ചെയ്ത്, സ്വന്തം പാതയിൽ വളരാനും മുന്നോട്ട് പോവാനും അന്യോന്യം സഹായിക്കുന്ന ഒരു ബന്ധം. അല്ലാതെ ഭാര്യ ചീഞ്ഞ് ഭർത്താവിനും വീട്ടുകാർക്കും വളമാവുകയല്ലാ വേണ്ടത്.