പലരുടെയും ചൈൽഡ്ഹുഡ് എക്സ്‌പീരിയെൻസ് കേൾക്കേണ്ടി വരുമ്പോൾ ഉള്ള് വേദനിക്കാറുണ്ട്

27

ഏതാണ് ശരിയായ രീതിയിലുള്ള പേരന്റിംഗ് സ്റ്റൈൽ?

Written by തോമസ് റാഹേൽ മത്തായി

കുട്ടികളിലെ സ്വഭാവദൂഷ്യങ്ങളെ കുറിച്ചാണല്ലോ ചർച്ച. ഫെമിനിസ്റ്റുകളും സിനിമാ നടികളും ‘തുണി ഉടുക്കാതെ നടക്കുന്നത്’ കൊണ്ട് കുട്ടികൾ വഴി തെറ്റിപ്പോവുന്നു എന്ന് വാദിക്കുന്ന കുറെ പേരെ കണ്ടു. അല്ലെങ്കിൽ ചെറുപ്രായത്തിലേ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് കൊണ്ട്. എന്താ പുറംനാടുകളിൽ സ്കൂൾ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലേ, അവിടെ സ്ത്രീകൾ തങ്ങൾക്കിഷ്ടമുള്ള വസ്‌ത്രം ധരിച്ച് സമാധാനമായി നടക്കുന്നില്ലേ. അപ്പോൾ അതൊന്നുമല്ലാ കോർ പ്രോബ്ലം. കുട്ടികളെ എങ്ങനെ വളർത്തണം എന്ന് യാതൊരു ധാരണയും ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്.

തികച്ചും ക്ലൂലെസ്സ് ആയിട്ട്, ഓരോരുത്തനും തോന്നുംപോലെ നടത്തുന്ന ഒന്നാണിവിടെ പേരന്റിങ്. പല കാര്യങ്ങളും പഠിക്കുന്നത് തന്നെ ട്രയൽ ആൻഡ് എറർ മേതേഡിലാണ്. ആദ്യത്തെ കുട്ടിയിൽ പരീക്ഷിച്ച് ജയിച്ചാൽ, പിന്നെ അങ്ങോട്ട് അത് തുടരുക. അല്ലെങ്കിൽ, ‘എന്റെ തന്ത എന്നെ തല്ലിത്തല്ലിയാണ് വളർത്തിയത്, അത് കൊണ്ട് ഞാനും അടിച്ചേ വളർത്തൂ’, ‘ഞങ്ങൾ വളരെ കഷ്ടപ്പാടിലാണ് വളർന്നത്, അതോണ്ട് എന്റെ മക്കൾ എന്ത് ചോദിച്ചാലും ഞാൻ മേടിച്ച് കൊടുക്കും’ തുടങ്ങിയ മണ്ടൻ ഗൈഡ്ലൈൻസ് ഫോളോ ചെയ്യുന്ന മജോറിറ്റി.

ഇതിന്റെയൊക്കെ ഫലം ഏറ്റ് വാങ്ങുന്നതോ, പാവം കുഞ്ഞുങ്ങളും. ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ പലരുടെയും ചൈൽഡ്ഹുഡ് എക്സ്‌പീരിയെൻസ് കേൾക്കേണ്ടി വരുമ്പോൾ ഉള്ള് വേദനിക്കാറുണ്ട്. പല കഥകളും അറിയുമ്പോൾ, ആ സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളെ ഓർത്ത് ആശങ്ക തോന്നും. അവരുടെ ഭാവി ജീവിതത്തെയും വ്യക്തിത്വ വികസനത്തെയും ഈ അനുഭവങ്ങൾ പ്രതികൂലമായി ബാധിക്കുമല്ലോ എന്നോർത്ത് നിരാശയും നിസ്സഹായതയും അനുഭവപ്പെടും.

ഒരു കേസ് പറയട്ടേ. കുറച്ച് നാൾ മുൻപ് ഒപിയിൽ ഒരു യങ് കപ്പിൾ കാണാൻ വന്നു. ഭർത്താവിന് ഭാര്യയെ സംശയവും, അതിനെ ചുറ്റിപ്പറ്റിയുള്ള ഭീകര വയലൻസും ആയിരുന്നു ഇഷ്യൂ. സ്വാഭാവികമായും ഞാൻ കുട്ടികളെ കുറിച്ച് ചോദിച്ചു. അവരാണല്ലോ ഇതിന്റെ ഇടയിൽ പെടുന്നത്. അവർക്ക് കുട്ടികൾ ഇല്ലെന്നും, ഭാര്യയുടെ ആദ്യ ബന്ധത്തിലെ ഒരു പെൺകുട്ടി അവരുടെ കൂടെ ഇടയ്ക്ക് നിൽക്കാറുണ്ടെന്നും അയാൾ പറഞ്ഞു. അപ്പോൾ ബാക്കി സമയം. ആ കുട്ടിയെ സ്വന്തം അച്ഛന്റെ അടുത്താക്കും പോലും.
“ഡോക്ടറെ.. ഇവളുടെ ആദ്യത്തെ കെട്ടിയോൻ വൻ വെള്ളമാ. അവൻ തനിച്ചാ താമസം, ഒരു പൈൻറ് മേടിച്ച് അവന് കൊടുത്താൽ, പിന്നെ കുറച്ച് ദിവസം അവൻ നോക്കിക്കോളും കൊച്ചിനെ.”

ഇതും പറഞ്ഞ് അയാൾ ചിരിച്ചു. ഭാര്യയുടെ മുഖത്താണേൽ ഇത് തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലാ എന്ന ഭാവം. എട്ടോ പത്തോ വയസ്സുള്ള പെൺകുഞ്ഞ്, ആ കുഞ്ഞ് അബ്യൂസീവ് ആയ രണ്ടാനച്ഛന്റെയും മുഴുക്കുടിയനായ സ്വന്തം അച്ഛന്റെയും ഇടയ്ക്ക് ഷട്ടിൽ അടിക്കേണ്ട അവസ്ഥ, കേട്ടിട്ട് തന്നെ പേടിയായി. ആ കുട്ടി sexual abuse നേരിട്ടാൽ പോലും ആരറിയാൻ. Neglectful parenting എന്നതിന്റെ എക്സ്‌ട്രീം എക്സാംപ്‌ൾ. പുറംനാടുകളിൽ സമാനമായ അവസ്ഥകൾ തടയാൻ, സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഇടയ്ക്കിടെ വീടുകളിൽ പരിശോധന നടത്തുകയും, കുട്ടികൾക്ക് വളരാൻ ഫേവ്റബിൾ അല്ലാത്ത സാഹചര്യം ആണെങ്കിൽ കുട്ടിയെ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യും. നമ്മുടെ നാട്ടിലാണേലോ, കെട്ടുക കുട്ടികളെ ഉണ്ടാക്കുക എന്നല്ലാതെ, ഗവണ്മെന്റിന് എന്തെങ്കിലും ശ്രദ്ധ ഉണ്ടോ കുട്ടികൾ വളരുന്ന ജീവിതസാഹചര്യങ്ങൾ ഓക്കെ ആണോ എന്ന് നോക്കാൻ. ആ കുഞ്ഞിന്റെ വിങ്ങലുകളും മുറിവുകളും ആരും കാണാതെ, ജീവിതകാലം മുഴുവനും അവളെ വേട്ടയാടും, അതല്ലേ സംഭവിക്കൂ.

ഇനി ചാക്കോ മാഷ് സ്റ്റൈൽ പേരന്റിങ്ങിലേക്ക് വരാം. Authoritarian parenting. കുട്ടികളെ പറ്റി വൻ സ്വപ്നങ്ങളാണ് ഇക്കൂട്ടർക്ക്. തനിക്ക് ജീവിതത്തിൽ അച്ചീവ് ചെയ്യാൻ പറ്റാത്തതെല്ലാം മക്കൾ നേടണമെന്ന് ആഗ്രഹം. നല്ലത് തന്നെ, പക്ഷേ അതിന് വേണ്ടി അവർ പ്രയോഗിക്കുന്ന മൂന്നാം മുറകളാണ് പ്രശ്‌നം. കുട്ടികളുടെ വികാരങ്ങളും താല്പര്യങ്ങളും തീർത്തും അവഗണിച്ച്, അവർ പഠിക്കുന്നതും നടക്കുന്നതും തിന്നുന്നതും എല്ലാം കണ്ട്രോൾ ചെയ്യുക. വഴങ്ങിയില്ലെങ്കിൽ അടി ഇടി ചീത്ത പറയൽ, അല്ലെങ്കിൽ വീടിന് പുറത്ത്. പ്ലസ് ടുവിന് പഠിക്കുന്ന ഒരു കുട്ടിയും അവളുടെ അമ്മയും എന്നോട് കരഞ്ഞ് പറഞ്ഞത് ഓർമ്മ വരുന്നു. അവളുടെ അച്ഛൻ സ്നേഹമുള്ള ആളാണ്, ചുറ്റുമുള്ളവർക്കെല്ലാം ഉപകാരിയും നല്ല ഇമേജ് ഉള്ള വ്യക്തിത്വവുമാണ്. പക്ഷേ മോൾക്ക് മെഡിക്കൽ എൻട്രൻസ് കിട്ടണമെന്നാണ് പുള്ളിയുടെ അൾട്ടിമേറ്റ് ആഗ്രഹം, അതിന് വേണ്ടി നിരന്തരം വഴക്കും ബഹളവും. എപ്പോഴും കംപയർ ചെയ്ത് സംസാരിക്കുക, നീ ലൈഫ് വേസ്റ്റ് ചെയ്യുകയാണെന്ന് പറയുക. ഒരിക്കൽ പഠിച്ച് ക്ഷീണിച്ച കുട്ടി 10 മിനിറ്റ് ഇരുന്ന് ടിവി കണ്ടതിന്, അത് തല്ലിപ്പൊട്ടിച്ചു. മൊത്തത്തിൽ ടെറർ. അയാളോട് സംസാരിക്കുക നല്ല ടാസ്‌ക് ആയിരുന്നു. ഇതൊന്നും പ്രയോജനം ചെയ്യില്ലെന്നും, കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനും, anxiety പ്രശ്നങ്ങൾ ഉണ്ടാവാനുമേ സഹായിക്കൂ എന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാൻ ആവത് ശ്രമിച്ചു. പക്ഷേ ആ മനുഷ്യൻ കേൾക്കുന്നുണ്ടായിരുന്നില്ലാ, താൻ ചെയ്യുന്നതാണ് ശരിയായ രീതി എന്ന് ഉറച്ച് വിശ്വസിച്ചു. കുട്ടിയുടെ നല്ലതിന് വേണ്ടിയാണത്രേ, അവൾ ഭാവിയിൽ അത്‌ തിരിച്ചറിയും പോലും.

മൂന്നാമത്തെ കൂട്ടരാണ് Permissive parenting. അവരെ കുട്ടികളാണ് കണ്ട്രോൾ ചെയ്യുന്നത്. മക്കൾ പറയുന്നതെല്ലാം അവർ കണ്ണടച്ച് വിശ്വസിക്കുകയും, എന്ത് ചോദിച്ചാലും മുൻ പിൻ നോക്കാതെ മേടിച്ച് കൊടുക്കുകയും ചെയ്യുക. മകൻ ആരേലും തല്ലീട്ട് വന്നാൽ പോലും, അവന്റെ സൈഡ് പറയുന്നവർ. ബെസ്റ്റ് അല്ലേ. Authoritarian, neglectful പോലെ തന്നെ നെഗറ്റീവ് എഫക്ടാണ് permissive parentingഉം കുട്ടികളുടെ ലൈഫിൽ ഉണ്ടാക്കുക. അവർ ലോ അച്ചീവേഴ്‌സ് ആവാനും, ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ പകച്ച് പോവാനും ഇത് കാരണമായേക്കാം.

ശരിയായ രീതിയിൽ കുട്ടികളിൽ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന പേരന്റിങ് സ്റ്റൈലാണ് ‘Authoritative’ parenting (not to be confused with Authoritarian). ഇവർക്കും കുട്ടികളെ പറ്റി സ്വപ്നങ്ങളും കണക്ക്കൂട്ടലുകളുമുണ്ട്. പക്ഷേ ഇവർ മക്കളെ സ്വന്തമായി വികാരങ്ങളും വിചാരങ്ങളും ഉള്ള മനുഷ്യരായി പരിഗണിക്കുന്നു എന്നതാണ് വ്യത്യാസം. പേരന്റ്‌സ് അതോറിറ്റിയായി നിന്ന് സൂപ്പർവൈസ് ചെയ്ത് കൊണ്ട് തന്നെ, കുട്ടികളുടെ ഓട്ടോണമി ഒരു പരിധി വരെ അംഗീകരിച്ച് കൊടുക്കുന്നു. അവർ തെറ്റ് ചെയ്യുമ്പോൾ അവരെ വ്യക്തമായി നിരുത്സാഹപ്പെടുത്തുകയും, ശരി ചെയ്യുമ്പോൾ അനുമോദിക്കുകയും ചെയ്യുന്നു. ഓരോ നിയമം വീട്ടിൽ ഉണ്ടാക്കുമ്പോളും, ഓരോ dos and donts കാര്യകാരണസഹിതം അവർക്ക് വിശദീകരിച്ച് കൊടുക്കുന്നു. ഇനി അറിയാതെ പിടി വിട്ട് കുട്ടികളോട് ദേഷ്യപ്പെട്ടാൽ, അല്ലെങ്കിൽ പപ്പയും മമ്മിയും അങ്ങോട്ടും ഇങ്ങോട്ടും ഷൗട്ട് ചെയ്ത് വഴക്കിട്ടാൽ, അതിൽ നിന്ന് ഒളിച്ചോടാതെ, ഇന്ന കാരണം കൊണ്ടാണ് ഷൗട്ട് ചെയ്തത്, അത് മോശമായി പോയി, but it’s human, മുതിർന്നവരും പലപ്പോഴും വൾനെറബ്ൾ ആയി കണ്ട്രോൾ പോവാറുണ്ട് എന്നെല്ലാം അവരെ പിന്നീട്‌ ഡീറ്റൈലായി പറഞ്ഞ് മനസ്സിലാക്കും. അങ്ങനെ വളർത്തുന്ന കുട്ടികൾ തങ്ങളുടെ ഏത് പ്രശ്നത്തിനും ആദ്യം അപ്പ്രോച്ച് ചെയ്യുക, മനസ്സ് തുറക്കുക തങ്ങളുടെ മാതാപിതാക്കളുടെ അടുത്താവും. എത്ര ബ്യൂട്ടിഫുൾ ആണല്ലേ. പക്ഷേ നല്ല പാടുമാണ്. ആ പാട് പെടാൻ റെഡി ആണെങ്കിൽ മാത്രം കുട്ടികളെ ഉണ്ടാക്കിയാൽ മതിയാവും.