വനിതാദിനത്തിനു ഒരു പണിയുമെടുക്കാതെ ചിൽ ചെയ്ത് വെറുതെ ഇരിക്കുന്ന പെണ്ണിന്റെ ചിത്രമാകും ഉചിതം

93

എല്ലാ വനിതാ ദിനത്തിനും പാരമ്പര്യ സ്വഭാവത്തിൽ നിന്നുകൊണ്ടുള്ള സ്ത്രീ പ്രതീകങ്ങളെയാണ് പലരും വർണ്ണിച്ചുവയ്ക്കുന്നതു. ചിലതൊക്കെ സ്ത്രീകൾക്ക് മാത്രം റിസർവേഷൻ ചെയ്തുകൊണ്ടുള്ള ഒരുതരം പാട്രിയാർക്കി പോസ്റ്റുകൾ. സ്വന്തം പ്രൊഫഷനിൽ വിജയിച്ച സ്ത്രീകളെയോ പുരുഷനെപോലെയോ അതിനും മേലെയോ സ്വന്തം ആർജ്ജവത്തോടെ നടക്കുന്ന പെണ്ണുങ്ങളെയോ ആരും പോസ്റ്റുകൾക്കു മാതൃകയാക്കാറില്ല . തോമസ് റാഹേൽ മത്തായിയുടെ കുറിപ്പ് വായിക്കാം .

 

തോമസ് റാഹേൽ മത്തായി

എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീരൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തിപ്പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്‌ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ, മൂന്നാലെണ്ണത്തിൽ കുഞ്ഞുങ്ങൾ, ഒന്നിൽ ഭർത്താവിന്റെ കോണാൻ തിരുമ്മുന്നു, കുട്ടികളുടെ ഹോംവർക്ക്, ഭർത്താവിന്റെ വീട്ടിലെ മുഴുവൻ തുണി കഴുകൽ, പറമ്പിലെ പണി, പിന്നെ പുതുതായിട്ട് തെങ്ങ് കേറ്റം, പ്ലെയിൻ പറത്തൽ, അങ്ങനെ ഫുൾ ടാസ്‌കോട് ടാസ്‌കായി പത്ത് നാൽപത് കൈകൾ. ഇവയെല്ലാം ഒരു ജിംനാസ്റ്റിന്റെ മെയ് വഴക്കത്തോടെ, ഗ്രാൻഡ് മാസ്റ്ററുടെ കൂർമ്മ ബുദ്ധിയും പ്ലാനിങോടും കൂടെ ചെയ്യുന്ന സ്ത്രീരത്നം ഒരു ദേവീമാതാവിന് (ഇന്ത്യൻ ഗോഡ്ഡെസ്സ്!!) തുല്യയത്രേ. അതാണാ പടത്തിന്റെ സിംബോളിക് മീനിങ്. എന്താല്ലേ. ഇങ്ങനെ മൾട്ടിടാസ്‌കിങ്നെ ഗ്ലോറിഫൈ ചെയ്യുന്നത് പോലെ സുന്ദരമായൊരു പ്രോപഗാണ്ട വേറെ ഉണ്ടാവില്ലാ. സ്ത്രീത്വം എന്നാൽ ചക്രശ്വാസം വലിച്ച് എല്ലാ പണിയും എടുക്കലാണെന്നത് എത്ര സ്മൂത്ത് ആയിട്ടാണ് പാട്രിയാർക്കി പറഞ്ഞ് വയ്ക്കുന്നത്.

ഇതൊന്നും ചെയ്യാൻ താൽപര്യമില്ലാത്ത സ്ത്രീകളില്ലേ. ഒരു പെണ്ണിന് ചിലപ്പോൾ തന്റെ കരിയറിൽ ഫോക്കസ് ചെയ്യാനാവും ഇഷ്ടം. അല്ലേൽ സ്പോർട്സ്. അല്ലേൽ വേറെന്തെങ്കിലും ഒരു പാഷൻ. മുഴുവൻ സമയവും എനർജിയും അവിടെ. അല്ലെങ്കിൽ കുറച്ച് നാൾ വീട്ടിൽ ചുമ്മാ ഇരിക്കാനാവും അവൾ പ്രിഫർ ചെയ്യുന്നത്. അങ്ങനെ ഒരുവൾ കുക്കിങ് അറിഞ്ഞിരിക്കണം എന്ന് നിർബന്ധമുണ്ടോ. തുണി അലക്കണോ. വീട് വൃത്തിയാക്കണോ. എന്തിന്?? അതെങ്ങനെയാണ് ഒരു പെണ്ണിന് മാത്രം മാണ്ടേറ്ററി ആവുന്നത്. ഒരു പുരുഷനാണ് തന്റെ പാഷന് പുറകെ പായുന്നതെങ്കിൽ നമ്മൾ ഇത്‌ വല്ലോം നോക്കുവോ. അവൻ ജീനിയസാണ്, വേറൊന്നും അവന് അറിയില്ലാ എന്ന് വാഴ്ത്തിപ്പാടും എല്ലാവരും. പെണ്ണായിപ്പോയോ, അവൾ എല്ലാം കൂടെ ബാലൻസ് ചെയ്തേ പറ്റൂ. വർക്കിങ് ആയ ഒരു സ്ത്രീ, ബാക്കി സമയം വീട്ടിൽ വന്ന് റെസ്റ്റ് എടുക്കുകയല്ലേ വേണ്ടത്. അവൾക്ക് കുട്ടികളെ ഉണ്ടാക്കണമെന്നില്ലെങ്കിൽ വേണ്ടാ, വിവാഹം താല്പര്യം ഇല്ലെങ്കിൽ അങ്ങനെ. അതൊക്കെ അവളുടെ തീരുമാനങ്ങൾ. തനിച്ചോ ഡേറ്റ് ചെയ്തോ, സുഖമായി റിലാക്‌സ്ഡായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവൾക്കില്ലേ. എല്ലാം മാനേജ് ചെയ്ത് ചെയ്ത് തേഞ്ഞൊട്ടുന്ന ദേവിയാക്കണോ അവളെ.

പെണ്ണ് പുറത്തിറങ്ങരുത്, അതവളുടെ സുരക്ഷയ്ക്കാണ്. പെണ്ണിനെ പൂട്ടിക്കെട്ടി ഇടണം. അവളുടെ നന്മക്ക്. അവളെ കൊണ്ട് എല്ലാ പണിയും എടുപ്പിക്കണം. കാരണം അവൾ ദേവിയാണ്, അമ്മയാണ്, ദേവതയാണ്. പ്ലീസ് ഗിവ് ദിസ് ബുൾഷിറ്റ് എ ബ്രേക്ക് ഗുയ്‌സ്.. പെണ്ണിനെ സല്യൂട്ട് അടിക്കുകയും കുനിഞ്ഞ് കുമ്പിടുവൊന്നും വേണ്ടാ നിങ്ങൾ. അവളെ ആണിനോട് ചേർത്ത് നിർത്താൻ വേണ്ടി മുക്കുകയും മരം കയറ്റുകയും വേണ്ടാ. അവളെ അവളായി കണ്ട് ഒന്ന് വെറുതെ വിട്ടാൽ മതിയാവും. ഒന്നാലോചിച്ചാൽ, വിമൻസ് ഡേയ്ക്ക് ഇന്നാട്ടിൽ സ്ത്രീകൾ മൾട്ടി ടാസ്‌കിങ് ചെയ്യുന്നതിനെ ഗ്ലോറിഫൈ ചെയ്യുകയല്ലാ വേണ്ടത്. മറിച്ച്, ഒരു പണീമെടുക്കാതെ ചിൽ ചെയ്ത് വെറുതെ ഇരിക്കുന്നതാവും, ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം കുറച്ച് കൂടെ അപ്പ്രോപ്രിയേറ്റായ ആക്റ്റ് ഓഫ് റിബെല്ല്യൻ എന്ന് തോന്നുന്നു.