ഡോക്ടറായിട്ടും വലിയ കാര്യോന്നും ഇല്ല മക്കളേ

0
696

Thomas Ranjit എഴുതുന്നു

MBBSനു സീറ്റ് കിട്ടിയപ്പോൾ 35 ലക്ഷം രൂപയുടെ (അന്ന് മണിപ്പാൽ MBBS വില 1 ലക്ഷം ഡോളർ. 1 ഡോളർ = 35 രൂപ) ലോട്ടറി അടിച്ചല്ലോ എന്ന് ചോദിച്ചവരോട് ഡാഡി പറഞ്ഞത്, അത് അത്രയും കാശ് കൊടുക്കാൻ എടുത്ത് വെച്ചിരുന്നവർക്ക് മാത്രമാണ്, എനിക്കല്ല എന്നായിരുന്നു.
MBBS കഴിയുന്നത്‌ വരെയുള്ള ചിലവ് സ്വാഭാവികമായും വീട്ടുകാരുടെ ഉത്തരവാദിത്വമായിരുന്നു. ഒരു പക്ഷെ government കോളേജിൽ ആയത് കൊണ്ട് മാത്രം വലിയ അല്ലലും അലച്ചിലുമില്ലാതെ അവർക്ക് നിർവഹിക്കാൻ കഴിഞ്ഞ ഒന്ന്.

ചിലർ ഹൗസ് സർജൻസി തുടങ്ങുമ്പോഴേക്കും വീട്ടുകാരുടെ കാശൊന്നും ഇനി വേണ്ട എന്ന് പറഞ്ഞു കളയും. ഞാനത് പറഞ്ഞില്ല. ഞങ്ങൾക്കന്ന് കിട്ടിയിരുന്നു എന്ന് പറയപ്പെടുന്ന stipend പുറത്ത് പറയാൻ കൊള്ളാത്തതായിരുന്നു. Convocation നടത്താനുള്ള പിരിവും അതിനുള്ള ഡ്രസ്സിന്റെ ചിലവും ഞാൻ തന്നെ എടുത്തു. ചിലർ അന്നേ GP അടിച്ച് പ്രരാബ്ധങ്ങൾ തീർത്തിരുന്നു. മറ്റ് ചിലർ ജീവിത നിലവാരം ഉയർത്തിയിരുന്നു. ചുരുക്കം ചിലർ പേടി കൊണ്ടോ ആദർശം കൊണ്ടോ GP അടിച്ചിരുന്നില്ല. ഞാൻ അക്കൂട്ടത്തിലായിരുന്നു. അക്ഷരമാലയുടെ അറ്റത്തെ മുത്തുകളിലൊന്നിൽ പേര് തുടങ്ങുന്നത് കാരണം GP അടിക്കുവാൻ അത്യാവശ്യമായ Medicine/ Surgery experience എനിക്ക് ഏറ്റവും ഒടുവിലായിരുന്നു. അത് കൊണ്ട് തന്നെ പേടി മൂലമുള്ള ഒരു ആദർശം ഉടലെടുത്തിരുന്നു ഉടലിനുള്ളിൽ!

അതിനു ശേഷം ഒരു PHC യിൽ കുറച്ച് കാലം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു. ചെറിയ ഒരു തുക കയ്യിൽ തടഞ്ഞിരുന്നു. മൂന്നാമത്തെ അവസരത്തിലാണ് PG ക്ക് കയറിയത്. St. ജോൺസിൽ. Education loan എടുത്ത് ഫീസ് അടച്ചെങ്കിലും ബാക്കി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനുള്ള അവസരം വീട്ടുകാർക്കില്ലായിരുന്നു. അതിനിടയിൽ കല്യാണം കഴിച്ചു. കുഞ്ഞിന് diaper വാങ്ങാനുള്ള പൈസ പോലും stipend ആയി കിട്ടാതിരുന്നതിനാൽ അതും എൻ്റെ തലയിൽ നിന്നും ഒഴിവായി. ഭാര്യ അപ്പോഴേക്കും government collegeൽ PG ക്ക് കയറിയിരുന്നു. അതുകൊണ്ട് തന്നെ അല്പം മാന്യമായ stipend കിട്ടിയിരുന്നു. എന്ന് വെച്ച് വീട്ടുകാർക്ക് ജാമ്യം ഒന്നുമില്ലായിരുന്നു.

ആറക്ക ശമ്പളവും കറങ്ങുന്ന കസേരയും സ്വപ്നം കണ്ട് മുപ്പതാം വയസ്സിൽ PG തീർത്തിറങ്ങിയ ഞാൻ നേരിട്ട യഥാർത്ഥ്യം ചങ്ക് പിളർക്കുന്നതായിരുന്നു. ഭാര്യ പഠിച്ചിരുന്നത് മൈസൂർ ആയിരുന്നു. അത് കൊണ്ട് അവിടെ തന്നെയാണ് ജോലിക്ക് ശ്രമിച്ചത്. Private medical college വർഷാവർഷം അടവെച്ച് വിരിയിക്കുന്ന സ്‌നോബുകൾ നിറഞ്ഞ കർണാടക ആയതോണ്ടാവും എന്നാശ്വസിച്ചു. കുറച്ച് കാലം അവിടെ നിൽക്കാം. നാട്ടിൽ വന്നാൽ എല്ലാം ശരിയാവും എന്ന് വിചാരിച്ചു. ഏതായാലും ജോലി തുടർന്നിട്ട് സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലാത്തതിനാൽ അധികം വൈകാതെ ഒരു കൊല്ലത്തെ fellowship ചെയ്യാൻ പോയി.

Fellowship തീർത്ത് നേരെ കോഴിക്കോട്ടേക്ക് വെച്ച് പിടിച്ചു. പഠിച്ചിറങ്ങിയ സ്ഥലത്ത് തന്നെ പച്ച പിടിക്കാല്ലോ. മുപ്പതാം വയസ്സിൽ സ്വപ്നം കണ്ടതിന്റെ പകുതി സാലറിയിൽ മുപ്പത്തിരണ്ടാം വയസ്സിൽ കയറി, കയ്യിൽ ഒരു extra fellowship സർട്ടിഫിക്കറ്റുമായി. പക്ഷേ വീട്ടിലെ ചില സാഹചര്യങ്ങൾ മൂലം രണ്ടാഴ്ചയ്ക്കുള്ളിൽ തൃശ്ശൂർക്ക് പോന്നു. കിട്ടിയിരുന്നതിലും 10% കുറവ് ശമ്പളത്തിന്! ഒരു കൊല്ലം അവിടെ. ആ സമയത്ത് naukri.com ഒക്കെയെടുത്ത് CV upload ചെയ്തു. പക്ഷേ വിളിയൊന്നുമുടനെ വന്നില്ല.

ഒടുവിൽ കോഴിക്കോട് നിന്ന് വീണ്ടും വിളി വന്നു. പഴയ സ്ഥലത്ത് നിന്ന് തന്നെ. മുൻപ് തന്നിരുന്നതിന്റെ ഇരട്ടി തരുമത്രെ. ആദ്യമായി ഇങ്ങോട്ട് വന്ന ഓഫർ. അതും, അല്പം വൈകിയെങ്കിലും മുൻപ് പ്രതീക്ഷിച്ച തുകക്ക്. അതിനിടക്ക് ബഹ്റൈനിൽ നിന്നും ഒരു ഓഫർ വന്നു. കൊച്ചിയിൽ നിന്നും വന്നു. ഒടുവിൽ കൊച്ചി തിരഞ്ഞെടുത്തു. അങ്ങനെ മുപ്പതാം വയസ്സിൽ പ്രതീക്ഷിച്ച ആറക്ക ശമ്പളവും കറങ്ങുന്ന കസേരയും മുപ്പത്തി മൂന്നാം വയസ്സിൽ ലഭിച്ചു. എന്നെങ്കിലും സ്വന്തമായി op കിട്ടുമ്പോൾ മേശപ്പുറത്ത് വെക്കുവാനായി വാങ്ങിയ കുഞ്ഞുങ്ങളുടെ രൂപങ്ങൾ 5 വർഷങ്ങളോളം ഇരുട്ടിൽ ഇരുന്ന ശേഷം ഒടുവിൽ പുറത്തിറങ്ങി.

മുപ്പത്തഞ്ച് വയസ്സ് തികഞ്ഞപ്പോൾ ആദ്യമായി സ്വന്തം കാർ വാങ്ങി. രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ education loan അടച്ച് തീർത്തു. നാൽപ്പത് തികയുന്നതിന് മുൻപായി ഭാര്യയുമായി കൂട്ടു കൃഷി നടത്തി വീട് പണിതു. അതിൻ്റെ അടവ് അമ്പത് തികയുന്നതോടെ തീരേണ്ടതാണ്.

ഭക്ഷണം വാങ്ങാനാകാതെ പട്ടിണി കിടന്നതോ, തല ചായ്ക്കാൻ ഇടമില്ലാതെ മഴ കൊണ്ടതോ ഒന്നുമില്ല എഴുതാൻ. പക്ഷേ നിറപ്പകിട്ടുള്ള ജീവിതം മാത്രം സ്വപ്നം കണ്ട് ഇൗ വഴി തിരഞ്ഞെടുക്കുന്നവർക്ക് ഒരു സൂചന തന്നു എന്ന് മാത്രം. ഇതെൻ്റെ മാത്രം timeline അല്ല. ഒരു വിധം എല്ലാ ഡോക്ടർമാരുടെയും സ്ഥിതി ഇത് തന്നെയാണ്. ഒന്നോ രണ്ടോ കൊല്ലം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം. ഇനിയുള്ള കാലത്ത് അവസ്ഥ കൂടുതൽ മോശമാവാനാണ് സാധ്യത. Private colleges ഒരറ്റത്ത് നിന്ന് പൂട്ടി തുടങ്ങുന്നത് മാത്രമാണ് ഒരു പ്രതീക്ഷ. പക്ഷേ കൂട്ടത്തിൽ ചില ആശുപത്രികളും പൂട്ടി പോകുന്നുണ്ട്. ജോലിസ്ഥലത്തുള്ള അപകടങ്ങൾ വേറെ. Not that I regret for taking up this profession. I enjoy my job. But be informed. Choose wisely!

ശുഭാന്ത്യ വാലറ്റം:
Naukri.com കാലഘട്ടം.

9-5 job
Villa by the Meadows
Chauffer driven car
10000 Australian dollars per month
One month paid vacation per year
One year renewable contract

Australiaയിൽ നിന്ന് വന്ന mail ആണ്. ജോലി കുഞ്ഞിനെ നോട്ടം. പക്ഷേ ആശുപത്രിയിൽ അല്ല. ഒരു കോടീശ്വരന്റെ വീട്ടിലെ രണ്ട് കുഞ്ഞുങ്ങളെ! വികാരം വ്രണപ്പെട്ട ഞാൻ തിരിച്ചൊരു mail അയച്ചു. ഞാൻ ഒരു ഡോക്ടർ ആണെന്ന കാര്യം ഓർമിപ്പിച്ചു കൊണ്ട്. മറുപടി വന്നു. അത് കൊണ്ടാണത്രെ ഇത്രയും നല്ല offer.

അതൊരു haux ആയിരിക്കണെ എന്ന് ഇപ്പോഴും ആഗ്രഹിക്കും. അന്നത് എടുത്തിരുന്നെങ്കിൽ ഇന്ന് retire ആയി വീട്ടിലിരിക്കാമായിരുന്നു എന്ന ചിന്ത കുറച്ചൊന്നുമല്ല എന്നെ അസ്വസ്ഥനാക്കുന്നത്!