പോളിയോ വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം

109
രവിചന്ദ്രൻ. സി
ലോകത്തിലെ ഏറ്റവും ആധികാരികമായ മെഡിക്കൽ ജേർണലുകളിൽ ഒന്നാണ് ലാൻസെറ്റ്.
ലാൻസെറ്റിൽ 1998 ൽ വന്ന ഒരു വാർത്ത ഞെട്ടിക്കുന്നതായിരുന്നു. MMR വാക്സിൻ എടുത്ത കുട്ടികളിൽ ഓട്ടിസ്റ്റിക് എന്ററോ കോളിറ്റിസ് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നായിരുന്നു അതിൽ വന്ന വാർത്ത. ഈ പഠനം നടത്തിയത് ബ്രിട്ടനിലെ പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ആയ ഡോക്ടർ ആൻഡ്രൂ വൈക്ക്ഫീൽഡ് ആയിരുന്നു.
ഈ റിപ്പോർട്ടിനെ തുടർന്ന് എം എം ആർ വാക്സിൻ നൽകുന്നത് നിർത്തിവെച്ചു. പല കുട്ടികൾക്കും മീസൽസ്, മംസ്, റൂബെല്ലാ എന്നീ രോഗങ്ങൾ ബാധിച്ചു.
വർഷങ്ങൾക്കുശേഷം 2004 ൽ ബ്രയാൻ ഡിയർ എന്ന പത്രപ്രവർത്തകനാണ് വാക്സിൻ എടുത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി ലീഗൽ കൗൺസിലിൽ നിന്നും അഭിഭാഷകർ മുഖേന വൻതോതിൽ പണം കൈപ്പറ്റുന്നു എന്ന വിവരം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
വർഷങ്ങൾക്ക് നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കോടതി ആൻഡ്രുവിന് പിഴശിക്ഷ വിധിക്കുകയും
ഡോക്ടറെന്ന രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു.”സത്യം ചെരുപ്പ് ധരിച്ച് വരുമ്പോഴേക്കും അസത്യം ലോകം ചുറ്റി കഴിഞ്ഞിരിക്കും.”അതുതന്നെയാണ് സംഭവിച്ചത്!  ഇത് ഒരു തട്ടിപ്പാണ് എന്ന് വ്യക്തമായി എങ്കിലും അതിനോടകം വാക്സിന് എതിരെയുള്ള പ്രചരണം നടന്നുകഴിഞ്ഞിരുന്നു. സ്വയംപ്രഖ്യാപിത ഡോക്ടർമാരായ ജേക്കബ് വടക്കാഞ്ചേരി, മോഹനൻ എന്നിവർ ഇപ്പോഴും കേരളത്തിൽ അങ്ങോളമിങ്ങോളം വാക്സിന് എതിരെ പ്രസംഗിച്ചുകൊണ്ട് നടക്കുന്നു.
പോളിയോ നിർമാർജന പദ്ധതി നടപ്പാക്കിയപ്പോൾ പോലും അഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാത്തതിന് കാരണം ഈ ഭീതി വ്യാപാരികൾ അഴിച്ചുവിട്ട വ്യാജപ്രചരണങ്ങൾ ആണ്. ശാസ്ത്ര ബോധം ഇല്ലാത്ത ഒരു തലമുറയെ വഴി തെറ്റിക്കാൻ എളുപ്പമാണ്.