നായകൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ഏത് പടം കണ്ടാലും അതിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ചില സീനുകൾ കാണാറുണ്ട്…
Thozhuthuparambil Ratheesh Trivis
1)മൃഗയ
മമ്മൂക്കയുടെ കൂടെ നിഴലായി നടന്ന കൈസർ.
ആ പടത്തിൽ ഹൃദയത്തിൽ തട്ടുന്ന ചില സീനുകൾ അവന്റേതാണ്.
2)സി ഐ ഡി മൂസ.
അതില് ബോംബ് പൊട്ടി പരിക്കേൽക്കുന്ന നായയുടെ സീനുകൾ എപ്പോൾ കണ്ടാലും മനസ്സൊന്നു നീറും.
3)റിങ് മാസ്റ്റർ
കഥയുടെ പ്രധാനഭാഗങ്ങൾ എല്ലാം തന്നെ നായയുടെ കൂടെ ആയതോണ്ട് തന്നെ ഈ സിനിമയിൽ മനസ്സിൽ തട്ടുന്ന ചില സീനുകൾ ഉണ്ട്. കണ്ണ് കാണാൻ പറ്റാത്ത നായികയെ ഉപദ്രവിക്കാൻ വരുന്ന മനുഷ്യന്റെ കയ്യിൽ കടിച്ചു നായികയെ രക്ഷിക്കുന്ന ആ “നായ സീൻ “ഒരുപാട് ഇഷ്ടമാണ്.
4)നായ്ക്കൾ ജാഗ്രതൈ (തമിഴ് )
ഈ പടത്തിന്റെ ഓപ്പണിങ് സീനിൽ തന്നെ ആർമി ഓഫീസർ ആയ സ്വന്തം യജമാനൻ കൊല്ലപ്പെട്ട് ആ മൃതദേഹത്തിന്റെ അടുത്ത് കനത്ത മഞ്ഞിനെപ്പോലും വക വെക്കാതെ മണിക്കൂറുകളോളം കാവലിരിക്കുന്ന നായയുടെ സീൻ ആണ്.. ആ സീൻ തന്നെ ധാരാളമായിരുന്നു പിന്നീട് ആ പടത്തിൽ ആ നായയോടൊപ്പം,, ആ പടത്തോടൊപ്പം സഞ്ചരിക്കാൻ.
5)പരിയേറും പെരുമാൾ(തമിഴ് )
കണ്മുന്നിൽ കണ്ട എല്ലാ മനുഷ്യരെയും സ്വന്തം യജമാനനെ പോലെ സ്നേഹിച്ചതുകൊണ്ട് റെയിൽവേ ട്രാക്കിൽ സ്വന്തം ജീവൻ അവസാനിപ്പിക്കേണ്ടി വന്ന കറുപ്പിയുടെ മുഖം എപ്പോൾ കാണുമ്പോഴും ഒരു നോവാണ്.
ഇനിയും ചിലതൊക്കെ കണ്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞതാണ് മുകളിൽ എഴുതിയത്..
നായ എന്ന ജീവിയോട് ഈ സിനിമയിലെ നായകന്മാർ കാണിക്കുന്ന അത്രത്തോളം സ്നേഹമൊന്നും ഞാൻ കാട്ടിയിട്ടില്ല.. എന്നിരുന്നാലും ഇപ്പോൾ ഇങ്ങനത്തെ ചില പടങ്ങൾ കാണുമ്പോൾ അതിലെ ചില സീനുകൾ മനസ്സിൽ തട്ടും..”നായ “എന്ന ജീവി എന്റെ ജീവിതത്തിൽ കുറച്ച് അനുഭവങ്ങൾ തന്നിട്ടുണ്ട്. ഒരുപക്ഷെ ആ അനുഭവങ്ങളാകാം ഇന്ന് ഇത്തരം സിനിമകളിൽ ചില സീനുകളിലൂടെ കാണുമ്പോൾ കണ്ണ് നനയിക്കുന്നത്..
ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന ഒരു സമയം. വീടിനടുത്ത് നിന്ന് ഒരു നായയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു. ചെന്ന് നോക്കിയപ്പോൾ അയലോക്കത്തുള്ള ഒരാളുടെ വീട്ടിലെ വേലിയിൽ വച്ച കുടുക്കിൽ പെട്ട് ഒരു കറുത്ത നായ കിടക്കുന്നത് കണ്ടു.. ആ സമയത്ത് സമീപത്തുള്ള വീടുകളിലെ ആടുകളെയും കോഴികളെയുമൊക്കെ ധാരാളം തെരുവ് നായ്ക്കൾ കൊന്നൊടുക്കിയിരുന്നു. കലി പൂണ്ട നാട്ടുകാർ ഒടുവിൽ നായകളെ പിടിക്കാൻ സ്വന്തം വേലിയിൽ കുടുക്കുകളും വച്ച് കാത്തിരുന്നു. അങ്ങനെ വച്ച കുടുക്കിൽ വന്ന് പെട്ടതാണ് ഞാൻ കണ്ട ആ കറുപ്പ് നായ..
കുടുക്കിൽ പെട്ട നായയുടെ കഴുത്തിൽ കേബിൾ കമ്പി മുറുകിയിട്ടുണ്ട്. രക്ഷപ്പെടാൻ അവൻ ആവുന്നതും നോക്കുന്നുണ്ട്. ചുറ്റും വലിയ വടികളോടെ നിൽക്കുന്ന നാട്ടുകാർ. നായയുടെ കണ്ണിൽ മരണവെപ്രാളം. എന്റെ കണ്ണിൽ മുഴുവൻ ഇപ്പോൾ എന്താ നടക്കുന്നത് എന്ന ആകാംഷയായിരുന്നു!!!
ഏതാനും സെക്കന്റുകൾക്കുള്ളിൽ തന്നെ വലിയ വടികൊണ്ടുള്ള ആദ്യത്തെ അടി അവന്റെ തലയ്ക്ക് വീണു. അവൻ ഉച്ചത്തിൽ അലറി. ചുറ്റും കൂടി നിന്നവർ അവന്റെ തലയിൽ മാറിമാറി അടിച്ചു. അവന്റെ കണ്ണ് തുറിച്ച് പുറത്തേക്ക് വരുന്നത് വരെ ഞാൻ ആ കാഴ്ച്ച കണ്ടു. ജീവൻ പോകുന്ന സമയത്തെ ആ ഞരക്കം ഭീതിപ്പെടുത്തുന്നതായിരുന്നു.. അന്ന് അത് പക്ഷെ കൂട്ടുകാരോട് പറഞ്ഞ് നടക്കാൻ പാകത്തിന് ഒരു കാഴ്ച്ച മാത്രമായിരുന്നു. അതിനുമപ്പുറം കണ്മുന്നിൽ പൊലിഞ്ഞ ആ ജീവനെപ്പറ്റി വിഷമിക്കാനുള്ള മനസ്സൊന്നും ഉണ്ടായിരുന്നില്ല..
വീണ്ടും ഇതുപോലെ കുടുക്കിൽ പെട്ട നായയെ കൊല്ലുന്നത് കണ്ടു നിന്നിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് തെരുവ് നായ്ക്കളെ പിടിക്കാൻ വന്നവർ കൊന്ന് കൂട്ടിയ നായകളെ ഒരു കൂമ്പാരമാക്കിയിട്ടത് കണ്ടിട്ടുണ്ട്!!!ആ കൂമ്പാരങ്ങളിൽ ശ്വാസമറ്റ് കിടക്കുന്ന ആ ശ്വാനന്മാർ അന്നൊരിക്കൽ പോലും മനസ്സിനെ ദുഃഖിപ്പിച്ചിട്ടില്ല..
ഒരിക്കൽ ഒരു സന്ധ്യാസമയത്ത് ഞാൻ കടയിൽ പോയി വരുന്ന വഴി കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അവന്റെ ചേച്ചിമാരും അമ്മയും എല്ലാം കൂടി കൂട്ടക്കരച്ചിൽ!!!എന്താണ് അവന്റെ വീട്ടിൽ പറ്റിയത് എന്ന് പേടിച്ച് ഞാൻ അങ്ങോട്ടേക്ക് ഓടിച്ചെന്നു. അവർ കാര്യമൊന്നും പറയാതെ ഒരേ കരച്ചിലാണ്. കരച്ചിലിനിടയിൽ അവർ മുറ്റത്ത് കിടക്കുന്ന അവരുടെ വളർത്തുനായയെയും നോക്കുന്നുണ്ട്. കുറച്ചു നേരം അവിടെ നിന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ഓമനിച്ചു വളർത്തിയ നായ ചത്തതാണ് !!! തൊട്ടപ്പുറത്ത് എവിടെയോ പോയി എന്തോ വിഷം തിന്നിട്ട് വന്നതാണ്.. അധികം ആയുസ്സുണ്ടായില്ല. പെട്ടെന്ന് തീർന്നു!!!
അന്ന് ഞാൻ ചിന്തിച്ചു,,
ഒരു നായ ചത്തതിന് ഇത്ര മാത്രം കരയണോ???
എനിക്ക് അവരുടെ ആ കൂട്ടക്കരച്ചിൽ അന്ന് തമാശയായിട്ടാണ് തോന്നിയത്!!!
അന്ന് വിഷം തിന്ന് ചത്ത ആ നായയെപ്പറ്റി കൂട്ടുകാരന്റെ വീട്ടുകാർ എപ്പോൾ പറഞ്ഞാലും അവന്റെ അവസാനത്തെ ആ നിമിഷങ്ങളെ പറ്റി പറയുമായിരുന്നു.. ഉള്ളിൽ പെട്ട വിഷത്തിന്റെ കാഠിന്യത്തിൽ അവൻ കാട്ടിക്കൂട്ടിയ മരണവെപ്രാളം ചില്ലറയൊന്നും ആയിരുന്നില്ല എന്ന്. ജീവൻ പോകുന്ന വരെയുള്ള ആ കാഴ്ച്ച കണ്ട് നിൽക്കാൻ അതുവരെ ചോറ് കൊടുത്ത് വളർത്തിയവർക്ക് പറ്റില്ല എന്നൊക്ക അവർ പറഞ്ഞു.. അന്നും അവർ പറയുന്ന ആ നിമിഷത്തിനപ്പുറം എന്റെ മനസ്സിനെ ആ അനുഭവങ്ങൾ ഒന്നും വേദനിപ്പിച്ചിട്ടില്ല..
പക്ഷെ കാലം എനിക്കായും ചില അനുഭവങ്ങൾ കാത്ത് വച്ചിരുന്നു. ഞങ്ങടെ ജീവിതത്തിലേക്കും ഒരു നായ വന്നത് തൊട്ട് ആ അനുഭവങ്ങളിലൂടെയുള്ള യാത്ര തുടങ്ങുകയായിരുന്നു.അന്നൊക്കെ വീടിനടുത്ത് ഏതെങ്കിലും പട്ടി പെറ്റു എന്നറിഞ്ഞാൽ അതിലെ നായക്കുട്ടികളെയൊക്ക പെട്ടെന്ന് ആരെങ്കിലും വന്ന് കൊണ്ടുപോകും. ബാക്കിയുള്ള പട്ടിക്കുഞ്ഞുങ്ങളെ മിക്കവാറും ആ വീട്ടുകാരൻ ഏതെങ്കിലും തോട്ടിന്റെ വക്കത്തോ, പൊന്തക്കാടിലോ കളഞ്ഞിട്ട് പോരുകയാണ് പതിവ്. അവിടെ കിടന്ന് കരഞ്ഞു കരഞ്ഞു ചിലതൊക്കെ കിട്ടിയതൊക്ക തിന്ന് ജീവിക്കും. ചിലതൊക്കെ അപ്പോൾ തന്നെ ചാവുകയും ചെയ്യും. ഈ ലോകം മനുഷ്യന്റേത് മാത്രമാണെന്ന ചിന്തയിൽ ജീവിക്കുന്നത്കൊണ്ട് തന്നെ ആരും ആ പട്ടിക്കുഞ്ഞുങ്ങളുടെ പിന്നീടുള്ള അവസ്ഥയിൽ കൂടുതൽ കണ്ണീർ പൊഴിക്കാറില്ല!!!
എന്റെ വീട്ടിലെ “നായ”സ്നേഹം തുടങ്ങിയതും അത്തരത്തിൽ ഒരു ആൺബോധത്തിൽ നിന്ന് തന്നെയായിരുന്നു. പട്ടിക്കുട്ടിയെ കൊണ്ട് വന്നാൽ അത് വലുതായാൽ എവിടെയെങ്കിലും പോയി പണിയൊപ്പിച്ചു വന്ന് പെറ്റു കൂട്ടും എന്നുള്ള പൊതുബോധം കൊണ്ട് എവിടുന്നോ പോയി ഒരു നായ്ക്കുട്ടിയെ കൊണ്ട് വന്നു.രണ്ട് മാസത്തോളം അവൻ ഉഷാറായി നിന്നു. പിന്നീട് ഞങ്ങൾ ഒരിക്കൽ അമ്മവീട്ടിൽ വിരുന്നിനു പോയി. ഒരു ദിവസത്തേക്കുള്ള ഭക്ഷണമൊക്ക നായയ്ക്ക് ഇട്ടുകൊടുത്തിട്ടാണ് പോയത്. പക്ഷെ തിരിച്ചു വന്നപ്പോഴേക്കും നായ ചത്തിരിക്കുന്നു. വെറും രണ്ട് മാസം പ്രായം ആയിട്ടുണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് വലിയ വിഷമം ഒന്നും ഉണ്ടായില്ല..ആകെ ഒരു പ്രശ്നമുണ്ടായത് എന്താന്ന് വച്ചാൽ കൂട്ടുകാർ ചിലർ കളിയാക്കാൻ തുടങ്ങി..
അവര് ആ നായയെ പട്ടിണിക്കിട്ട് കൊന്നു എന്ന്!!!
പിന്നീട് കുറെ നാളത്തേയ്ക്ക് നായയും പട്ടിയുമൊന്നും ഈ വീട്ടിൽ വേണ്ട എന്ന് അമ്മ പറഞ്ഞു..
ഞങ്ങടെ വീട്ടിൽ നായ വാഴില്ല എന്ന് ആരോ പറഞ്ഞുവത്രെ!!!തത്കാലം ഞാനും അത്തരം അന്ധവിശ്വാസത്തിൽ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോയി.. കാലങ്ങൾ പിന്നെയും കഴിഞ്ഞു. എന്റെ കോളേജ്, ജോലി കാലഘട്ടം.. അന്ധവിശ്വാസങ്ങൾ പതുക്കെ എല്ലാവരും മറന്നു തുടങ്ങിയ സമയം..
ആ സമയത്താണ് അവൻ വരുന്നത്.. രണ്ട് മാസം പ്രായമുള്ള ഒരുത്തൻ.
അവൻ പേര് തത്കാലം ഞങ്ങൾ കുഞ്ഞൻ എന്നിട്ടു. അവൻ ജീവിക്കാൻ തുടങ്ങി!!!നായ വാഴില്ല എന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കിക്കൊണ്ട്!!!ഇടയ്ക്ക് കൂട്ടുകാർ ചോദിക്കും,,
ഇനിയിപ്പോ ഇതിനെയും തിന്നാൻ കൊടുക്കാതെ കൊല്ലുമോടാ???
പക്ഷെ അതൊന്നും മൈൻഡ് ചെയ്തില്ല. അവൻ ഞങ്ങടെ വീട്ടിലെ ഒരംഗമായി. അനിയത്തി പഠിക്കാൻ പോകുമ്പോൾ അവളെ ബസ്സ് കയറ്റാൻ ബസ്റ്റോപ്പ് വരെയും തിരിച്ചു വൈകുന്നേരം ബസ്സ് വരുന്ന സമയത്ത് അവിടെ നിന്ന് അവളെയും കൂട്ടി വീട്ടിലേക്കും അവനുണ്ടായിരുന്നു.
ഞാൻ നേരം വൈകി വരുന്ന ദിവസങ്ങളിൽ ഞാൻ എത്തുന്നത് വരെ റോഡിലേക്ക് നോക്കി കിടക്കും. ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ കമ്പനി കൂടി ക്ഷമിക്കാവുന്നതിലും അപ്പുറം സമയം പോവുമ്പോൾ അന്നത്തെ ഉറക്കം ഉമ്മറത്തായിരിക്കും. അന്ന് എന്റെ തലയണ അവനായിരുന്നു. വൈകുന്നേരങ്ങളിലും ഞായറാഴ്ച ദിവസങ്ങളിലും കൂട്ടുകാരുടെ കൂടെ വർത്താനം പറഞ്ഞിരിക്കാൻ പോകുമ്പോ മുൻപേ അവനുണ്ടാകും.
സദാസമയവും എന്റെ കൂടെ അവൻ നടക്കുന്നത് കണ്ട് എന്റെ കൂട്ടുകാർ അവനൊരു പേരിട്ടു.
അന്ന് “കുംകി “എന്ന തമിഴ്പടം ഇറങ്ങിയ സമയമായിരുന്നു. അങ്ങനെ ആ പടത്തിലെ ആനയുടെ പേര് അവന് വീണു..
കുഞ്ഞൻ ‘കുംകി’യായി.. അവനെപ്പറ്റിയുള്ള ഓർമ്മകൾ പലതുണ്ടെങ്കിലും ഒരു ടെറർ ഓർമ്മ എന്താണെന്ന് വച്ചാൽ,,,
ഒരു ദിവസം രാത്രി,,
“കുംകി “ക്ക് ആയിടെയായി ഒരു പുതിയ സ്വഭാവം തുടങ്ങിയിരുന്നു. വീട്ടിലെ കിണറിന്റെ ആൾമറയിൽ കിടന്ന് ഉറങ്ങുന്ന ശീലം. ഞങ്ങൾ എല്ലാവരും ഉറങ്ങുന്ന സമയമായതുകൊണ്ട് അവൻ അത് ഉഷാറായി തുടർന്നു പോന്നു.. ഒരു ദിവസം എന്തോ സ്വപ്നം കണ്ടിട്ടാണോ,, അതോ ഒന്ന് തിരിഞ്ഞു കിടന്നതാണോ എന്നറിയില്ല, മൂപ്പര് ഒരു പുലർച്ചെ കിണറ്റിലേക്ക്!!!
ബ്ലും ശബ്ദം!!!
ഞെട്ടിയെഴുന്നേറ്റ് ഞങ്ങൾ കിണറിന്റെ കരയിൽ. താഴേക്ക് നോക്കി. ചോട്ടിൽ ദയനീയ ഭാവത്തിൽ കുംകി. അധികം വെള്ളം ഇല്ലാത്തത് കൊണ്ട് ഉള്ളിലെ ഒരു ചെറിയ പാറയിൽ കയറി നിൽക്കുന്നു.. ഒടുവിൽ ഞാൻ ഇറങ്ങി കൊട്ടയിൽ ഇരുത്തി മൂപ്പരെ പുറത്തേക്ക് എത്തിച്ചു.. കുറച്ചു പരിക്കുകൾ പറ്റിയെങ്കിലും നാളുകൾ കൊണ്ട് മൂപ്പര് ഉഷാറായി.കൊല്ലങ്ങൾ കഴിഞ്ഞു.എന്റെയും അനിയത്തിയുടെയും പഠനകാലങ്ങളും ശേഷം അവളുടെ കല്യാണവും എല്ലാം കഴിഞ്ഞുപോയി. കുംകി ഞങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്ക് ചേരാൻ വന്നിട്ട് എഴോ, എട്ടോ വർഷങ്ങൾ കഴിഞ്ഞു. നായ വാഴില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ തന്റെ ഒരു ശരാശരി ആയുസ്സ് ജീവിച്ചുകാട്ടിയിരിക്കുന്നു..
തീരെ പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് കുംകിയുടെ മരണം നടന്നത്. തൊട്ടപ്പുറത്തെ ഒരു തോട്ടത്തിൽ നിന്ന് എന്തോ വിഷം തിന്ന് അവൻ വിട പറഞ്ഞു.. മുൻപ് കൂട്ടുകാരന്റെ വീട്ടിൽ നായ ചത്തപ്പോൾ ഇത്രയ്ക്കൊക്ക ഇവർക്ക് വിഷമിക്കേണ്ട കാര്യമുണ്ടോ എന്ന് ചിന്തിച്ച എനിക്ക് അവരുടെ ആ വിഷമം എന്തായിരുന്നു എന്ന് തിരിച്ചറിയാൻ ജീവിതം തന്ന ഒരനുഭവമായിരുന്നു അത്!!!
ജീവിതത്തിൽ ഒരു മനുഷ്യൻ തിരിച്ചു വരവില്ലാത്ത ലോകത്തേക്ക് പോയാലുണ്ടാകുന്ന അത്ര തന്നെ ശൂന്യത കുറച്ച് ദിവസത്തേയ്ക്ക് അവനുണ്ടാക്കി..
ഇനി നമുക്ക് ഒരു നായയും വേണ്ട എന്ന് അമ്മ വീണ്ടും പറഞ്ഞു. കുറെ നാൾ അങ്ങനെ പോയെങ്കിലും ഞാൻ ജോലിസംബന്ധമായി പുറത്ത് നിൽക്കേണ്ട സാഹചര്യം വന്നപ്പോൾ, പലപ്പോഴും ഒറ്റയ്ക്കായപ്പോൾ അമ്മ വീണ്ടും പോയി ഒരു പട്ടിക്കുട്ടിയെ വാങ്ങി.. അവൾ അമ്മയുമായി നന്നായി അടുത്തു.. ഒരു വർഷം കൊണ്ട് അവളും അവളുടേതായി കുറെ ഓർമ്മകൾ ഉണ്ടാക്കി. ആ ഓർമ്മകൾ കൂടുതലും അമ്മയുമായിട്ടായിരുന്നു. പക്ഷെ ആ ഓർമ്മകൾ അധികം നീണ്ടില്ല.
തലയ്ക്ക് എന്തോ അസുഖം വന്ന് അവൾ കിടപ്പിലായി. ഡോക്ടറെ കൊണ്ടു വന്ന് നോക്കിപ്പിച്ചു. ഡോക്ടർ കൊടുത്ത ഇൻജെക്ഷൻ കൊണ്ടൊന്നും കാര്യമുണ്ടായില്ല.. അപ്പോഴേക്കും ഏറെക്കുറെ അവളുടെ അസുഖം കൂടിയിരുന്നു. ഒടുവിൽ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം തന്നെയേ ഉണ്ടാകൂ എന്ന് ഡോക്ടർ പറഞ്ഞപ്പോഴും അമ്മ പ്രതീക്ഷയിൽ ആയിരുന്നു.. കുറെ നേരം അവളുടെ അടുത്തിരുന്നു. മരുന്നും ഭക്ഷണമായിട്ടൊക്കെ കുറെ കൊടുത്ത് നോക്കി. അമ്മയെ കണ്ണ് തുറന്നു നോക്കിയതല്ലാതെ മറ്റൊരു ചലനവും ഉണ്ടാക്കാൻ അവൾക്ക് സാധിച്ചില്ല…
അവസാനസമയം അടുത്തു എന്നായപ്പോൾ എനിക്കിത് കാണണ്ട എന്നുള്ള മട്ടിൽ അമ്മ അകത്തേയ്ക്ക് പോയി. പിന്നീടുള്ള ഏതാനും മണിക്കൂറുകൾ അവളുടെ ആ അവസാനയാത്രയ്ക്ക് കൂട്ടിരുന്നത് ഞാനായിരുന്നു.. ഇടയ്ക്കൊരു മിടിപ്പ് മാത്രം. വല്ലാതെ വേദനിക്കുമ്പോഴോ എന്തോ, കൈകാൽ ഇട്ട് നന്നായി അടിച്ചുകൊണ്ടിരുന്നു. വീണ്ടും ജീവിതം ഒന്നുകൂടി അനുഭവിപ്പിക്കുകയായിരുന്നു. പണ്ടൊരിക്കൽ കൂട്ടുകാരന്റെ വീട്ടിൽ വിഷം തിന്ന് മരിച്ച നായയുടെ അവസാനനിമിഷങ്ങൾ അവര് സങ്കടത്തോടെ ഉള്ളിൽ തട്ടി പറഞ്ഞത് എന്റെ മനസ്സിലേക്ക് ഓടി വന്നു.. അന്ന് തോന്നാത്ത എന്തോ ഒന്ന് കൂടി ഒരു മരവിപ്പായി മനസ്സിലേക്ക് വന്നു !!!
ഒരു നായ ചത്തതിന് ഇത്ര കരയേണ്ട കാര്യമുണ്ടോ എന്ന് പണ്ട് ചിന്തിച്ച ഞാൻ ഉള്ളിൽ ഒരുപാട് കരഞ്ഞു. ജീവിതത്തിൽ അടുത്തറിഞ്ഞ,, സ്നേഹിച്ച പല മനുഷ്യരോളം തന്നെ ഓർമ്മകൾ എന്റെ ജീവിതത്തിലെ ചില സമയങ്ങളിൽ മാത്രം വന്നു പോയ “നായ” എന്ന ജീവി ഉണ്ടാക്കി എന്നത് ആ മരവിപ്പിൽ നിന്നും ഞാനറിഞ്ഞു..
“777 ചാർളി “എന്ന ചിത്രം എന്റെ കണ്ണ് നനയിക്കുന്നുണ്ടെങ്കിൽ അത് ഈ പല ഓർമ്മകളിലേക്കും തിരിച്ചു നടത്തിയത് കാരണമാണ്!!!
“777 ചാർളി “❤️❤️❤️