(“കടുവ “കാണാത്തവർക്ക് ചെറിയ സ്പോയ്ലർ )
Thozhuthuparambil Ratheesh Trivis
വില്ലൻ, അഥവാ നെഗറ്റീവ് റോളിൽ ഉള്ള പോലീസ് കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ വെറുപ്പിച്ചത് അല്ലെങ്കിൽ ദേഷ്യം തോന്നിയ കഥാപാത്രം ഏതെന്ന് ചോദിച്ചാൽ പെട്ടെന്ന് മനസിലേക്ക് എത്തുന്നത് സ്ഫടികത്തിലെ ജോർജ് സാറിന്റെ മുഖമായിരുന്നു.സ്ഫടികത്തിന് ശേഷം വീണ്ടും മൂപ്പര് ജയറാമിന്റെ “സൂപ്പർമാൻ “സിനിമയില്‍ പോലീസ് വേഷത്തിൽ വന്നപ്പോൾ വീണ്ടും വെറുപ്പിച്ചു.ഏതാണ്ട് അതെ അളവിൽ തന്നെ പോലീസ് വേഷത്തിൽ പിന്നീട് ദേഷ്യം തോന്നിപ്പിച്ചത് ഭീമൻ രഘുചേട്ടന്റെ വകയായിരുന്നു.”വർണ്ണപ്പകിട്ട് “സിനിമയിലും “ചോട്ടാ മുംബൈ “സിനിമയിലും മൂപ്പര് അസ്സലായി വെറുപ്പിച്ചിട്ടുണ്ട്. പിന്നെ രണ്ട് പടത്തിലും നായകന്റെ വക മനസ്സിന് പിടിച്ച പോലെ തിരിച്ചടി ഉള്ളതുകൊണ്ട് ആ ദേഷ്യം അടങ്ങി! കാലങ്ങൾക്ക് ശേഷം ആ വെറുപ്പ് ഏറ്റെടുക്കാൻ ഒരു ചങ്ങായി എത്തി..
“ദൃശ്യം “എന്ന പടത്തിൽ കണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് പരമാവധി വെറുപ്പ് പടർത്തിയ “സഹദേവൻ പോലീസ് “കലാഭവൻ ഷാജോൺ ചേട്ടൻ .ദൃശ്യം കണ്ടിറങ്ങുമ്പോൾ മൂപ്പർക്ക് ഒരെണ്ണം ആരെങ്കിലും പൊട്ടിച്ചിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് ആ ചെറിയ കുട്ടിയെ അടിച്ച് വീഴ്ത്തുന്ന സീനൊക്കെ കണ്ടപ്പോൾ അത്രയ്ക്ക് ദേഷ്യം തോന്നിയിരുന്നു.ആ വിഷമം അങ്ങനെ മനസ്സിൽ കിടക്കവേ കാലങ്ങൾക്കിപ്പുറം” ഒപ്പം “ഇറങ്ങി.. അതിലും നമ്മുടെ മൊതല് വീണ്ടും!!!
ദൃശ്യത്തിലെ സഹദേവന്റെ സ്വതസിദ്ധമായ ചൊറിയൻ സ്വഭാവത്തോട് കൂടിയ പോലീസ്! ദൃശ്യത്തില്‍ കൊതിച്ചത് പക്ഷെ ഇവിടെ കിട്ടി.മൂപ്പരെ എടുത്തിട്ട് പെരുക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു! കൊടുക്കൽ വാങ്ങലുകൾ ഏറെക്കുറെ ടാലിയായി പോകുമ്പോഴതാ വീണ്ടും മൂപ്പര്!!!
“ഒരു പഴയ ബോംബ് കഥയിൽ “വീണ്ടും പോലീസ്! ഇപ്രാവശ്യവും വെറുപ്പിന് ഒരു കുറവുമില്ല.. അടിച്ച് കരണം പുകയ്ക്കാനുള്ളതൊക്കെ മൂപ്പര് അവിടെയും ചെയ്തു.തിരിച്ചടിക്കാൻ ശാരീരികമായി ബുദ്ദിമുട്ടുള്ള നായകന് ഞാനെന്ന പ്രേക്ഷകൻ മനസ്സിൽ കരുതിയ പോലെ തിരിച്ചു കൊടുക്കാൻ പറ്റുമോ എന്ന് ഒരു ചിന്ത ഉണ്ടായെങ്കിലും പറ്റുന്ന രീതിയിൽ അണിയറക്കാർ പ്രാസമൊപ്പിച്ചു തിരിച്ചടിച്ചുകൊണ്ട് മനസ്സിന് സന്തോഷം തന്നു!!
പക്ഷെ ഒന്നും എവിടെയും അവസാനിക്കുന്നില്ല! “കടുവ” കണ്ടപ്പോൾ ദാ അവിടെയും ആ മൊതല്! അതെ പോലീസ്! ചൊറിയൻ സ്വഭാവത്തിന് ഒരു മാറ്റവുമില്ലാത്ത പോലീസ്! ചുരുങ്ങിയ സമയം കൊണ്ട് കണ്ടിരിക്കുന്ന പ്രേക്ഷകനെക്കൊണ്ട് അവന്റെ മോന്തക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ ആരുമില്ലേ എന്ന് ചിന്തിപ്പിക്കുന്ന തരത്തിൽ ആ പോലീസ് റോളും അദ്ദേഹം ഭംഗിയാക്കിയിരിക്കുന്നു . ഒരേ തരത്തിലുള്ള നാല് റോളുകൾ കണ്ടിട്ടും നിങ്ങളൊരു ക്ലീഷേ ആയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ആ റോൾ ഭംഗിയാക്കിയിട്ടുണ്ട്.