ഈ വിധിയെയും സമയത്തെയും പഴിക്കുന്നില്ല, സാറിന്റെ തിരിച്ചുപോക്ക് ഗംഭീരമായിത്തന്നെയാണ്…

50

Thozhuthuparambil Ratheesh Trivis

2009 ലെ ഒരു ഞായറാഴ്ച്ച ,,,സൂര്യയുടെ ഒരു പടം റിലീസ് ആയി എന്നറിഞ്ഞ ഞാൻ എറണാകുളം സരിത തിയേറ്ററിന്റെ മുന്നിലെത്തി ,,,ഉച്ചക്ക് മാറ്റിനി ഷോ ഉന്നം വച്ച് ചെന്ന ഞാൻ അങ്ങനെ തിരക്കുള്ള വരിയിൽ സ്ഥാനം പിടിച്ചു ,,,,തിയേറ്ററിൽ മൊത്തം ആളും ബഹളവും പടത്തിനെ പറ്റി ഗംഭീരൻ അഭിപ്രായങ്ങളും എല്ലാം കൂടി ആയപ്പോൾ എന്റെയുള്ളിൽ എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടണേ എന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നു ,,പക്ഷെ ആ ആഗ്രഹം പോലെ തന്നെ നിര്ഭാഗ്യവും കൂടെയുള്ളത് കൊണ്ട് എന്റെ തൊട്ട് മുന്നിൽ വച്ച് മാറ്റിനിയുടെ ടിക്കറ്റ് കഴിഞ്ഞു !!!!

വലിയ നിരാശയോടെ ഇനിയിപ്പോ എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചു നിന്നപ്പോൾ ഒരു ഐഡിയ തോന്നി ,,അത് മൊത്തം സരിത ,,സവിത ,,സംഗീത എന്നിങ്ങനെ മൂന്ന് തീയേറ്റർ ആണ് ,,,മറ്റ് തീയേറ്ററുകളിൽ യഥാസമയം സുരേഷ് ഗോപിയുടെ ഐ ജി ,,,പ്രിത്വിരാജ് ന്റെ നമ്മൾ തമ്മിൽ എന്നീ പടങ്ങൾ ആണ് കളിക്കുന്നത് ..

എന്റെ ഓർമ്മ ശരിയാണെങ്കിൽ” നമ്മൾ തമ്മിൽ” “എന്ന പടം ആ സമയം ടീവിയിൽ വന്നതിന് ശേഷം ആണെന്ന് തോന്നുന്നു തിയേറ്ററിൽ കളിക്കുന്നത് ,,ടീവിയിൽ വന്ന പടം ആയതോണ്ട് ഏതായാലും അത് തീയേറ്ററിന്ന് ഇപ്പൊ കാണണ്ട എന്ന് കരുതി ഞാൻ “ഐജി “ക്ക് ടിക്കറ്റ് എടുക്കാൻ ചെന്നു ,,,പക്ഷെ നല്ല ഭാഗ്യം ഉള്ള സമയം ആയതോണ്ട് ഞാൻ ടിക്കറ്റ് കൗണ്ടറിൽ എത്തുന്നതിന് മുൻപേ കുറെ പേർ അവിടെ നിന്ന് കഴിഞ്ഞു ,,ടിക്കറ്റ് കഴിഞ്ഞു എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുന്നത് കണ്ടു !!അങ്ങനെ ആ പ്രതീക്ഷയും നശിച്ചു !!!ഒടുക്കം ഇനിയിപ്പോ യോഗം നമ്മൾ തമ്മിൽ കാണാൻ ആയിരിക്കും എന്ന് മനസ്സിനെ പറഞ്ഞ് സെറ്റാക്കി ഞാൻ ആ പടത്തിനു കയറി ,,പക്ഷേ എന്റെയുള്ളിലെ മനസ്സ് സന്തോഷിക്കാൻ തയ്യാറല്ലായിരുന്നു !!!

ആ മനസ്സിൽ മുഴുവൻ സൂര്യയുടെ പടം കാണാൻ പറ്റാത്തതിന്റെ സങ്കടം ആയിരുന്നു !!!അങ്ങനെ നമ്മൾ തമ്മിൽ സ്‌ക്രീനിൽ കളിക്കുന്ന സമയം മുഴുവനും പൂർണ്ണതൃപ്തിയില്ലാതെ ഇഞ്ചി കടിച്ച കുരങ്ങന്റെ ഭാവത്തോടെ ഞാൻ ഇരുന്നു !!!പക്ഷെ ആ പടം തീരുന്നതിനു മുൻപേ എന്റെ മനസ്സ് ഒരു തീരുമാനമെടുത്തു ,,,ഈ പടം കഴിഞ്ഞിട്ട് ഫസ്റ്റ് ഷോക്ക് ആഗ്രഹിച്ച പടത്തിനു കയറുക ,,,അങ്ങനെ ആസ്വാദനസുഖം കിട്ടാതെ ആ ഷോ കഴിഞ്ഞു ,,പുറത്തിറങ്ങി ….പുറത്തെ കാഴ്ച കണ്ട് വീണ്ടും മനസ്സ്മട്ടി !!!വീണ്ടും സൂര്യയുടെ പടത്തിന് ഗംഭീരതിരക്ക് !!!വീണ്ടും മിനക്കെട്ടാലും നിരാശ മാത്രമാകും ഫലം എന്ന് ഏതാണ്ടുറപ്പായി ,,,ഇനിയിപ്പോ പിന്നെയാകാം എന്ന ചിന്ത ഉള്ളിൽ പിടിമുറുക്കാൻ തുടങ്ങി ,,,തിരിച്ചു തിയേറ്ററിന്റെ ഗേറ്റ് കടക്കാൻ നേരം ഒന്ന് കൂടി ചിന്തിച്ചു ,,,

ടിക്കറ്റ് എടുക്കാനുള്ള വരിയിൽ കുറച്ച് ലേഡീസ് നിൽക്കുന്നുണ്ട് ,,അവരോട് പറഞ്ഞാലോ എന്ന് ആലോചിച്ചു ,,,സാധാരണ ഗതിയിൽ അന്നത്തെ എന്റെ ചിന്താഗതി വച്ച് ഇങ്ങനെ പോയി ചോദിക്കാൻ ഒരു ജാള്യതയാണ് ,,,അഥവാ പറ്റില്ല എന്ന് പറഞ്ഞാൽ ഉള്ള മൂഡും പോവും ,,പക്ഷെ എന്താന്നറിയില്ല ഇപ്രാവശ്യം അങ്ങനെ നാണംകെട്ടാലും സാരമില്ല എന്ന് തീരുമാനിച്ചു ,,,നേരെ വരിയുടെ മുൻഭാഗത്ത് നിന്നിരുന്ന ഒരു ചേച്ചിയോട് ഒരു ടിക്കറ്റ് എടുത്ത് തരുമോ എന്ന് ചോദിച്ചു ,,,അവർ തമിഴ് ഫാമിലി ആയിരുന്നു ,,അവർക്ക് മൊത്തം അഞ്ച് ടിക്കറ്റ് വേറെ എടുക്കാനുണ്ടായിരുന്നത് കൊണ്ട് കിട്ടാണെങ്കിൽ എടുക്കാം എന്ന് പറഞ്ഞു ,,,അങ്ങനെ അവരിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് ഞാൻ വരിക്കു പുറത്ത് കാത്തു നിന്നു,,,

എന്തായാലും ഇത്തവണ ഭാഗ്യം എന്റെ കൂടെ നിന്നു !!!ടിക്കറ്റ് ഒരെണ്ണം ആ ചേച്ചി എടുത്ത് തന്നു ,,,അവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ വേഗം ടിക്കറ്റുമായി തിയേറ്ററിന്റെ മുന്നിലേക്കോടി !!!ആർത്തിരമ്പുന്ന ഒരുകൂട്ടം ജനങ്ങൾക്കിടയിൽ ഞാൻ ഇരുപ്പുറപ്പിച്ചു ,,,അധികം താമസമില്ലാതെ സ്‌ക്രീനിൽ ആ പേര് തെളിഞ്ഞു !!!!”സൺ പിക്ചർസ് “കലാനിധി മാരൻ അവതരിപ്പിക്കുന്ന *അയൻ *

പേരെഴുതി കാണിക്കുന്നത് മുതൽ തുടങ്ങിയ കയ്യടിയുടെയും ആരവത്തിന്റെയും ഫ്ലോ ഒരുഭാഗത്തും നഷ്ടപ്പെടാതെയുള്ള ഒരൊന്നാന്തരം തീപ്പൊരി ഐറ്റം !!!പടത്തിലുടനീളം സൂര്യയുടെ എനെർജെറ്റിക് പെർഫോമൻസ് ,,,കട്ടയ്ക്ക് “തമന്ന “,,,കൂടെ പ്രഭൂ മുതൽ പേർ ….നിറയെ കേട്ട കയ്യടികൾക്കിടയിലൂടെ ,,,ആർപ്പുവിളികൾക്കിടയിലൂടെ നിറഞ്ഞ സന്തോഷത്തോടെ തിയേറ്ററിൽ നിന്നും ഇറങ്ങി ,,,
അന്നാദ്യമായി ആ പേരും മനസ്സിൽ കയറി ,,,”കെ .വി ആനന്ദ് ”

അതിനും മുൻപേ മൂപ്പര് “കനാ കണ്ടേൻ “എന്ന പടം സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിനുമപ്പുറം ഗംഭീരൻ ക്യാമറമാൻ ആണെന്നും മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്തിൽ ദൃശ്യവിരുന്ന് ഒരുക്കിയതിന് ദേശീയ അവാർഡ് കിട്ടിയ മൊതലാണ് എന്നുമൊക്ക പിന്നെയാണ് മനസ്സിലാകുന്നത് !!!

കാലം കഴിഞ്ഞു ,,,വീണ്ടുമൊരു കെ വി ആനന്ദ് വിസ്മയം സ്‌ക്രീനിൽ തെളിഞ്ഞു ,,,ജീവയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ല് എന്ന് പറയാൻ പറ്റുന്ന ,,,*കോ *അയനിൽ സൂര്യയിൽ കണ്ട അതെ എനർജിലെവൽ “കോ “യിൽ ജീവയിലും കണ്ടു !!!ഗംഭീരൻ പാട്ടുകളും ആക്ഷനുമൊക്കെയായി യൂത്തിനെ ഇളക്കി മരിക്കാൻ പോന്ന മറ്റൊരു കെ വി ആനന്ദ് വെറൈറ്റി !!!അവിടുന്നങ്ങോട്ട് മനസ്സിന്റെ ഒരുഭാഗത്ത് മൂപ്പർക്ക് ഒരു സ്പേസ് ഉണ്ടായിരുന്നു ,,,മൂപ്പരുടെ പടങ്ങളെ വിശ്വാസത്തോടെ കാത്തിരിക്കാൻ അയൻ ,,കോ എന്ന പടങ്ങൾ തന്ന ഉറപ്പ് അത്രയ്ക്ക് വലുതായിരുന്നു ,,,ശേഷം ഇറങ്ങിയ “മാട്രാൻ “വീണ്ടും സൂര്യ !!!എനെർജെറ്റിക് പെർഫോമൻസ് ന്റെ കാര്യത്തിൽ ഇത്തവണയും വിട്ടുവീഴ്ചയില്ലാത്ത അവതരണശൈലി അദ്ദേഹം കൈവിടാതെ സ്‌ക്രീനിൽ എത്തിച്ചെങ്കിലും എന്തോ മൊത്തത്തിൽ ഈ സിനിമ എന്റെയുള്ളിൽ വിചാരിച്ച ഇമ്പാക്ട് ഉണ്ടാക്കിയില്ല !!!!പക്ഷെ ഞാൻ പ്രതീക്ഷ കൈവിട്ടില്ല ,,,

ശേഷം “അനേകൻ” വന്നു ,,അവിടെയും കെ വി ആനന്ദ് എനർജി എന്ന ഘടകം ഒഴിച്ച് നിർത്തിയാൽ പ്രതീക്ഷക്കൊത്ത മനസ്സ് നിറഞ്ഞ ഒരു കാഴ്ച്ചാനുഭവം എന്നെ സംബന്ധിച്ചിടത്തോളം അകലെയായി !!!അങ്ങനെയിരിക്കെ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് വലിയ ആളും ബഹളവുമില്ലാതെ ,,”കവൻ “എത്തി ….ഇത്തവണ കെ വി ആനന്ദ് സ്പെഷ്യൽ എനർജി സെർവ് ചെയ്തത് വിജയ് സേതുപതി ,,മഡോണ സെബാസ്റ്റ്യൻ എന്നിവരിലൂടെ ആയിരുന്നു ,,,അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം അയൻ ,,കോ എന്നീ പടങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ ആ ഫീലിന്റെ ഏകദേശം ഒപ്പം ഫീൽ കിട്ടിയ ഒരൈറ്റമായി കവൻ എന്റെ മനസ്സിൽ കയറി ..വീണ്ടും പഴയ ഉത്സാഹത്തോടെ മറ്റൊരു കെ വി ആനന്ദ് എനർജിക്കായി പ്രതീക്ഷയോടെ കാത്തിരുന്നു ,,,

ഇത്തവണ ആ എനർജി വിളമ്പാൻ നമ്മുടെ ലാലേട്ടനും കൂടി ഉണ്ട് എന്നറിഞ്ഞപ്പോൾ കാത്തിരിപ്പിനും പ്രതീക്ഷയ്‌ക്കും ശക്തി കൂടി !!!മോഹൻലാൽ ,,സൂര്യ ,,,ആര്യ ,,സമുദ്രക്കനി എന്നിവരടങ്ങുന്ന ഹെവി ടീം !വാനോളം പ്രതീക്ഷയിൽ” കാപ്പാനും “എത്തി ,,,അയൻ,,കോ ,,കവൻ എന്നീ പടങ്ങൾ തന്ന സംതൃപ്തി വ്യക്തിപരമായി ഈ സിനിമയിൽ നിന്നും കിട്ടിയില്ലെങ്കിലും മുഷിപ്പില്ലാതെ ഇരുന്നു എന്ന് പറയാം ,,,അന്ന് ആ തിയേറ്ററിൽ നിന്ന് ഇറങ്ങിയതും മറ്റൊരു കെ വി ആനന്ദ് എനർജി സ്‌ക്രീനിൽ തെളിയുന്ന ദിവസത്തെ പ്രതീക്ഷിച്ചായിരുന്നു ,,,മാട്രാൻ ഇറങ്ങിയപ്പോഴും അനേകൻ ഇറങ്ങിയപ്പോഴും കാപ്പാൻ ഇറങ്ങിയപ്പോഴും പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല എന്ന അഭിപ്രായം പരക്കെ പരന്നപ്പോഴും ഞാൻ പ്രതീക്ഷയിൽ തന്നെ ആയിരുന്നു ,,,

അയനിലും ,,”കോ”യിലും ,,കവനിലും അനുഭവിച്ചറിഞ്ഞ ആ എനർജിയിൽ എനിക്കത്രയേറെ പ്രതീക്ഷയുണ്ടായിരുന്നു !!!എതിരഭിപ്രായങ്ങൾ എല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് മറ്റൊരു കെ വി ആനന്ദ് മാജിക്കിനായി കാത്തിരിക്കുന്ന എന്നെപ്പോലെയുള്ള നിരവധി ഫാൻസിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങാൻ തക്ക എനർജിയുള്ള ഒരു കിണ്ണംകാച്ചി ഐറ്റം വരുന്ന ഒരു ദിവസത്തിനായി !പക്ഷേ !!!!!ആദരാഞ്ജലികൾ കെ വി ആനന്ദ് സർ ……ഈ വിധിയെയും സമയത്തെയും പഴിക്കുന്നില്ല !!!സാറിന്റെ തിരിച്ചുപോക്ക് ഗംഭീരമായിത്തന്നെയാണ് എന്ന് മാത്രം മനസ്സിനോട് പറഞ്ഞുറപ്പിക്കുന്നു ….

സിനിമയെ ഇഷ്ടപ്പെടുന്ന സിനിമയെ ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് ഇനിയും എത്രയോ കാലം മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ പറ്റുന്ന വേറിട്ട ദൃശ്യഭംഗിയുള്ളതും അങ്ങയുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ക്ലാസ്സ്‌ സൃഷ്ടികളും സിനിമാലോകത്തിന് തന്നിട്ട് തന്നെയാണ് അങ്ങയുടെ മടക്കം.