Thozhuthuparambil Ratheesh Trivis
(വർഷം 2018)
ഒടുക്കത്തെ മഞ്ഞാണല്ലോ മോളെ!!!
മഹിയുടെ കമന്റ് കേട്ട് വീണ മുന്നിലേക്ക് നോക്കി, അവളും പറഞ്ഞു,,
ഉം,, ശ്രദ്ധിക്ക്,,
ഈ വിജയ്ക്ക് വട്ട് തന്നെയാണ്!!!
ഈ മൊട്ടക്കുന്നത്ത് ആളും മനുഷ്യനും ഒന്നും ഇല്ലാത്ത ഭാഗത്ത് വന്ന് ഇങ്ങനെയൊരു വീട് വയ്ക്കാൻ!!!
മര്യാദക്ക് ഒരു റോഡ് പോലുമില്ല!!
മഹി ::അവന്റെ വട്ട് ചെറുതൊക്കെ നിനക്കും ഉണ്ടല്ലോ??
പണ്ടത്തെ മാജിക് വാൾ പോലെ
വീണ ::ഉം,, കൂട്ടുകാരനെ പറഞ്ഞപ്പോ പിടിച്ചില്ല
വലിയ ഇരമ്പക്കത്തോടെ ജീപ്പ് ഒരു കയറ്റം കയറുകയാണ്.. കുട്ടികൾ പുറകിൽ നല്ല ഉറക്കത്തിലാണ്.. വീണ പുറകിലേക്ക് തിരിഞ്ഞ് മക്കളെ നോക്കി.. കൈ നീട്ടി മൂത്ത മകന്റെ കാലിൽ തൊട്ട് കൊണ്ട് അവൾ പറഞ്ഞു,,
നിവേദിന്റെ പ്രായമായി ഇപ്പൊ വിജയിനെ കണ്ടിട്ട്!!!
ലോങ്ങ് 19 ഇയേഴ്സ്!!!
ഇതിനിടയിൽ വല്ലപ്പോഴുമുള്ള കാൾ, മെസ്സേജിൽ മാത്രമായിരുന്നു വിജയുമായുള്ള അവരുടെ ബന്ധം!!!ജീപ്പ് ആ വലിയ കയറ്റം കയറി ഒരു ഗേറ്റിന്റെ മുൻപിലെത്തി.. ഗേറ്റ് തുറന്ന് കിടപ്പുണ്ട്.. മഹി ജീപ്പ് അകത്തേക്ക് എടുത്തു.. ഇരുവശങ്ങളും ചെറിയ പുല്ല് നിറഞ്ഞ വഴിയിലൂടെ ജീപ്പ് കഷ്ടി അര കിലോമീറ്റർ പോയി.. അകലെയായി ചെറിയ ഒരു വിളക്ക്കാൽ കണ്ടു.. അതിനടുത്ത് ഒരാൾ നിൽപ്പുണ്ട്..
ജീപ്പ് അയാൾക്കരികിലേക്ക് അടുക്കുകയാണ്!!
ഇനിയുള്ള ഏതാനും സെക്കന്റുകൾ!!!
നീണ്ട 19 വർഷത്തിന്റെ ഇടവേള ബേധിക്കാൻ പോവുകയാണ്.. മഞ്ഞു തുളച്ചുകൊണ്ട് ജീപ്പിന്റെ വെട്ടം അയാളിൽ പതിഞ്ഞു!!!
വിജയ്!!!വിജയ് കൃഷ്ണൻ
ജീപ്പ് വിജയുടെ അരികിലെത്തി.. സൈഡിൽ ഇരുന്ന് വീണ അയാളെ നോക്കി പഴയ വായാടിയെ ഓർമ്മിപ്പിക്കുന്ന പോലെ ചോദിച്ചു??
ഈ കവി വിജയനാശാന്റെ വീട് ഇവിടെ അടുത്താണോ??
വിജയ് മഹിയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..
ഒരു മാറ്റവും ഇല്ലല്ലോ??
ശേഷം വീണ്ടും മഹിയോട് പറഞ്ഞു…
ഡാ കുറച്ചു കൂടി മുൻപോട്ട് എടുക്ക്.. ഞാൻ കാർ ഷെഡ് തുറന്നിട്ടിട്ടുണ്ട്.. നിന്റെ ബാഗും സാധനങ്ങളും എല്ലാം ഇവിടെ ഇറക്കിക്കോ.. ഞാൻ കൊണ്ട് വയ്ക്കാം..
അപ്പൊ വീണ ഇടയ്ക്ക് കയറി..
അങ്ങനെയാണെങ്കിൽ ഞാൻ ഇവിടെ ഇറങ്ങാം.. ഞാനും വിജയും ബാഗൊക്കെ എടുത്ത് വീട്ടിലേക്ക് കേറാം. മഹി വണ്ടി കൊണ്ട് പോയിട്ട് വാ,, പിള്ളേരെ എണീപ്പിച്ചോ.
ബാഗുകളും ചെറിയ രണ്ട് കവറും എടുത്ത് വീണയും വിജയും ഇടതുവശത്തെ കരിങ്കൽ ചുവരുള്ള വീട്ടിലേക്ക് നടന്നു.. മൊത്തം മഞ്ഞു വീണുകൊണ്ടിരിക്കാണെങ്കിലും ലൈറ്റിന്റെ വെളിച്ചത്തിൽ ആ വീട് തെളിഞ്ഞു കാണുന്നുണ്ട്.. വീണ വീട് നോക്കി പറഞ്ഞു..
നൈസ് ആണല്ലോ മാഷേ!!!
വിജയ് ::അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ കൂടിയത്..
വീണ ::ഒറ്റയ്ക്കാണോ???
വിജയ് ::ഈ ജീവിതം ഒറ്റയ്ക്കാണ് നല്ലത് എന്ന് തോന്നി
വീണ ::അതല്ല,, അത് എനിക്കറിയാലോ കൂട്ട് ഈ ജന്മത്തിൽ ഉണ്ടാവില്ല എന്ന്,, ഞാൻ ചോദിച്ചത് ഇവിടെ സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നാണ്???
വിജയ് ::ആ അങ്ങനെ സ്ഥിരമായിട്ട് ആരും ഇല്ല,, മിക്ക പണിയും ഞാൻ തന്നെ ചെയ്യും,, ആരെയെങ്കിലും വിളിക്കേണ്ട പണിയുള്ളപ്പോ ഏതെങ്കിലും പണിക്കാരെ വിളിക്കും.
അവർ വീടിന്റെ സിറ്റൗട്ടിൽ കയറി. വിജയ് വാതിൽ തുറന്ന് ബാഗ് സെറ്റിയിൽ വച്ചു. അവളുടെ കയ്യിലെ ബാഗും അവിടെ വാങ്ങി വച്ചു..ശേഷം സിറ്റൗട്ടിൽ വന്ന് കാർ ഷെഡ്ഡിലേക്ക് നോക്കി.. മഹിയുടെ ശബ്ദം കേൾക്കാം..
വിജയ് ഉറക്കെ വിളിച്ചു ചോദിച്ചു….
ഡാ ടോർച് കൊണ്ട് വരണോ???
അവിടെ ചില ഭാഗത്ത് വെളിച്ചം കുറവാണ്
മഹി ::വേണ്ട ഞാൻ നോക്കിക്കോളാം.. ദാ വരുന്നു..
വിജയ് അവരെ നോക്കി സിറ്റൗട്ടിലെ സ്റ്റെപ്പിൽ ഇരുന്നു.. വീണയും അപ്പുറത്ത് വന്നിരുന്നു..
വിജയ് ::തണുപ്പ് എങ്ങനെയുണ്ട്
വീണ ::തണുപ്പിനെ ഞങ്ങക്ക് പേടി പണ്ടേ ഇല്ലല്ലോ
വിജയ് ::ഓ.. ഞാൻ പെട്ടെന്ന് മറന്നു..ഐസിൽ കിടന്നുറങ്ങാൻ ശീലിച്ചവര് മഞ്ഞു പെയ്യുമ്പോ പേടിക്കില്ലല്ലോ!!
മഹിയും കുട്ടികളും എത്തിക്കഴിഞ്ഞു.. മൂത്ത മകൻ നിവേദും മകൾ ഇതളും വിജയിയെ വന്ന് കെട്ടിപ്പിടിച്ചു.. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെയുള്ള ബന്ധം കൊണ്ട് അവർക്ക് വിജയ് അങ്കിൾ സുപരിചിതനാണ്..
ഭക്ഷണവും കുറച്ചു നേരത്തെ വിശേഷം പറച്ചിലും കഴിഞ്ഞപ്പോൾ നേരം വൈകി.കാലത്ത് നേരത്തെ ഇല്ലിമലയിലെ അമ്പലത്തിൽ പോകാനുള്ളത് കൊണ്ട് അവർ ഉറങ്ങാൻ കിടന്നു….
“ഇല്ലിമല ”
കാടിന് നടുവിൽ വലിയ മലയുടെ മുകളിലെ അമ്പലമാണ്.. പോകുന്ന വഴിയിലെയും ആ അമ്പലത്തിലെയും കാഴ്ചകൾ ഒരിക്കൽ ആസ്വദിച്ചാൽ പിന്നീട് സമയം കിട്ടുമ്പോഴൊക്കെ അങ്ങോട്ടേക്ക് പോകാൻ മനസ്സിനെ പ്രേരിപ്പിക്കും..ഇല്ലിമലയിലെ യാത്ര കഴിഞ്ഞ് ഏതാണ്ട് ഉച്ചയാകുമ്പോൾ അവർ തിരിച്ചെത്തി.. ഉച്ചയ്ക്ക് ശേഷം അടുത്തുള്ള ചെറിയ പുഴയിൽ മീൻ പിടിക്കാൻ പോകാമെന്ന് അവർ പ്ലാനിട്ടു..വിജയ് സ്ഥലം പറഞ്ഞു കൊടുത്തതിനു ശേഷം പറഞ്ഞു..
ഞാൻ കൂടെ വരുന്നില്ല,
തത്കാലം നിങ്ങള് ചെല്ല്,, ഇവിടെ കുറച്ചു കാര്യങ്ങൾ കൂടി ഒന്ന് അറേഞ്ച് ചെയ്യാൻ ഉണ്ട്, ഞാൻ അത് കഴിഞ്ഞിട്ട് അങ്ങോട്ട് എത്തിക്കോളാം
ഉടനെ വീണ ::അങ്ങനെയാണെങ്കിൽ ഞാനും വിജയുടെ കൂടെ ഇവിടെ നിക്കാം,, വിജയ് വരുമ്പോ അങ്ങോട്ടേക്ക് വരാം
മഹി ::ആ അതാ നല്ലത്,, നിങ്ങള് രണ്ടാളും ആവുമ്പോ ഇവിടെ സെറ്റായി നിന്നോളും,,കുറച്ചു നേരം പഴയ പ്രാന്തൊക്ക അയവിറക്കാം.. വാടാ മക്കളെ നമുക്ക് ഇറങ്ങാം
മഹി മക്കളെയും കൂട്ടി ജീപ്പിൽ പുഴ ലക്ഷ്യമാക്കി നീങ്ങി..
19 വർഷങ്ങൾക്ക് ശേഷം ഒരു ദിവസം വീണയും വിജയും മാത്രമായ ഏതാനും മണിക്കൂറുകൾ വീണ്ടും
ആവർത്തിക്കുകയാണ്!!!
വീണയെ ആദ്യമായി കണ്ടപ്പോഴുള്ള അതെ പരിഭ്രമം വിജയിൽ ഇപ്പോഴുമുള്ള പോലെ തോന്നി.. വീണയ്ക്ക് യാതൊരു മാറ്റവും ഇല്ലാത്ത പോലെയും.. അവൾ അവളുടെ സ്വതസിദ്ധമായ വായാടിത്തരം തുടങ്ങി..
വീണ ::അപ്പൊ എന്തൊക്കെയാ പണികൾ???ഓരോന്നായി തുടങ്ങാം
വിജയ് ::അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല,, രണ്ട് മുറികൾ ഒന്ന് സെറ്റാക്കി എടുക്കണം.. ഇന്നലെ എല്ലാവരും കൂടി ഒരു റൂമിൽ അല്ലായിരുന്നോ,, ആ മുറികൾ കൂടി വൃത്തിയാക്കിയാൽ പിന്നെ പിള്ളേർക്കൊക്ക കംഫർട്ട് ആയി നിക്കാലോ
വീണ ::എന്നാ തുടങ്ങാം
റൂമുകൾ വൃത്തിയാക്കൽ തുടങ്ങി.. കാലങ്ങൾക്ക് ശേഷമുള്ള വിശേഷങ്ങൾ ഓരോന്നും അവർ പറഞ്ഞുകൊണ്ടിരുന്നു.. വീണയാണ് എന്നത്തേയും പോലെ കൂടുതൽ സംസാരിച്ചത്.. വിജയ് കൂടുതലും അവൾ പറഞ്ഞത് കേട്ട് കൊണ്ടിരുന്നു.. ഇടയ്ക്ക് വച്ച് അവൾ ചോദിച്ചു…
വീണ ::അല്ല വിജയ്,, കല്യാണം വേണ്ട എന്ന് വച്ചതിൽ ഒരു വിഷമവും തോന്നിയിട്ടില്ലേ???
വിജയ് ::ചില സമയം ഒറ്റയ്ക്കാവുമ്പോഴൊക്കെ തോന്നും. പക്ഷെ എന്തോ തോന്നിയില്ല!!!
വീണ ::ഇപ്പോഴും നീനയെ ഓർക്കാറുണ്ടോ??
വിജയ് ::നീനയെ മറന്നിട്ടില്ല,, പക്ഷെ അതുകൊണ്ടൊന്നും അല്ല കല്യാണം വേണ്ട എന്ന് വച്ചത്,, നീനയ്ക്ക് ശേഷം ചില ഇഷ്ടങ്ങളും മനസ്സിൽ തോന്നിയിട്ടുണ്ട്.. പക്ഷെ ആ ഇഷ്ടങ്ങളൊക്ക ഒരിക്കലും നടക്കാത്തത് ആയത്കൊണ്ടും നടന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആലോചിച്ചും സ്വയം മനസ്സിൽ തന്നെ മൂടി!!ആ ആഗ്രഹങ്ങൾ നടക്കാത്ത സ്വപ്നങ്ങളായി വച്ച് ജീവിക്കാൻ തുടങ്ങി.. അതിന് വല്ലാത്തൊരു കിക്ക് ആയിരുന്നു!!!
വീണ ::ഉം.. വട്ട് അറ്റ് പീക്ക്!!!ആട്ടെ പിന്നെ ആരോടൊക്കെയാ ഇഷ്ടം തോന്നിയത്?? എന്നോട് പറയുമോ??
വിജയ് ::പറയാം.. തോന്നിയ എല്ലാവരെയും കുറിച്ചല്ല,, ഒരാളെ കുറിച്ച് പറയാം.. അന്ന് ഞാൻ വീണയുടെ വീട്ടിൽ വന്നപ്പോ എനിക്കായിട്ട് ഒരു റൂം തുറന്നു തന്നില്ലേ?? ആ മാജിക് വാൾ ഉള്ള??
വീണ ::ഉം??
വിജയ് ::അതുപോലൊരു റൂം ഞാൻ ഇവിടെ തുറക്കുന്നുണ്ട്,, അത് തുറന്നിട്ട് ആ ഒരാളെ കുറിച്ച് പറയാം!!
അത് കേട്ട വഴി അവൾ ചെയ്തോണ്ടിരുന്ന പണി പകുതിക്ക് നിർത്തി വേഗം വിജയുടെ അടുത്ത് വന്നു..
വീണ ::വാ വാ,, ആദ്യം ഇനി ആ റൂം തുറന്നിട്ട് മതി ബാക്കി പണികൾ… എനിക്ക് സസ്പെൻസ് ഇഷ്ടമല്ല!!
അവൾ വിജയുടെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി.. വിജയ് അവളെയും കൊണ്ട് പൂട്ടിയിട്ട ഒരു മുറിയുടെ മുന്നിലെത്തി.. ആ മുറി തുറന്നു..
വളരെ വൃത്തിയുള്ള,,
സാധനസാമഗ്രികളൊക്കെ നന്നായി ഒതുക്കി വച്ചിരിക്കുന്ന ഒരു മുറി.. ചുവരിൽ നിറയെ അങ്ങിങ്ങായി മനോഹരചിത്രങ്ങൾ.. ഒരു വശത്തെ ഷെൽഫിൽ നിറയെ പുസ്തകങ്ങൾ. അതിൽ വിജയ് എഴുതിയ പുസ്തകങ്ങളും.. ടേബിളിൽ വിജയ്ക്ക് കിട്ടിയ അവാർഡുകൾ.. അങ്ങനെ എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ച ഒരു മുറി…
വീണ മുറിയൊക്ക നന്നായി നോക്കി കണ്ടതിനു ശേഷം,,
“സസ്പെൻസ് പറയ് വിജയ് ”
വിജയ് ::(ചിരിച്ചുകൊണ്ട് )തിരക്ക് കൂട്ടല്ലേ,,വർഷം കുറച്ചു പുറകിലോട്ട് പോകാനുള്ളതാണ്..കൃത്യമായി പറഞ്ഞാൽ 19 കൊല്ലം പുറകിലോട്ട്!!
അങ്ങനെ പറഞ്ഞുകൊണ്ട് വിജയ് ഷെൽഫിൽ നിന്നും ഒരു ഡയറി എടുത്തു.. അത് തുറക്കാൻ പറഞ്ഞു.. അവൾ അത് തുറന്നു.. അവൾ ആദ്യത്തെ എഴുത്ത് വായിച്ചു..
“പൊതുബോധം ഭ്രഷ്ട് കല്പിച്ചിരിക്കുന്ന ഒരിഷ്ടം എന്നിൽ ജനിച്ചിരിക്കുന്നു.. അത് എന്നെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നവരെയും സങ്കടത്തിലാക്കുന്നതിന് മുൻപ് ഞാൻ ഈ ലോകം വിടുന്നു”
വീണ ::ഇത് സസ്പെൻസ് കൂട്ടുകയാണല്ലോ വിജയ്?? ഇത് വിജയ്ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയാണ്!!!
അവൾ അടുത്ത പേജ് മറിച്ചു..ആ എഴുത്ത് വായിച്ചു..
“അവളോടൊപ്പം നിറയെ നിമിഷങ്ങൾ പങ്കിട്ടു..ഞാൻ ആഗ്രഹിക്കുന്ന എന്നാൽ എനിക്ക് അർഹമല്ലാത്ത അവളുടെ ഒരുപാട് ഭാവങ്ങൾ ഞാൻ അകലെ നിന്ന് ആസ്വദിച്ചു. അത് ആസ്വദിക്കുന്തോറും എന്റെയുള്ളിൽ ഞാൻ തന്നെ വെറുക്കുന്ന ഒരു മനുഷ്യൻ ജനിച്ചു തുടങ്ങിയിരിക്കുന്നു ”
വീണയ്ക്ക് വീണ്ടും ഒരെത്തും പിടിയും കിട്ടിയില്ല.. അവൾ വിജയിനെ നോക്കി.. ഇതെന്ത് എന്ന ഭാവത്തിൽ ആംഗ്യം കാട്ടി..അടുത്ത പേജ് മറിച്ചു..
“നാളെ ഞാൻ ഇവിടം വിടുകയാണ്… മനസ്സ് പറയുന്നത് നിൽക്കാൻ ആണെങ്കിലും പ്രകൃതി ആഗ്രഹിക്കുന്നത് ഞാൻ പോകണമെന്നാണ്.. അതുകൊണ്ട് വലിയ ക്ഷോഭങ്ങൾക്ക് കാത്ത് നിൽക്കുന്നില്ല ”
അവൾ തലയ്ക്കു നേരെ വിരല് കൊണ്ട് വട്ടം വരച്ചുകൊണ്ട് അടുത്ത പേജ് മറിച്ചു.
“ഈ യാത്ര തത്കാലം ഇവിടെ തീരുകയാണ്… ഇനിയെന്ന് കാണുമെന്ന് അറിയില്ല.. ദൂരങ്ങൾ താണ്ടി,, ദിവസങ്ങൾ താണ്ടി മനസ്സിനെ നിയന്ത്രിക്കുന്ന ഒരു ദിവസം വരുമ്പോ അവൾക്കായി ഒരു സമ്മാനം വാങ്ങണം.. വീണ്ടും വർഷങ്ങൾ കഴിഞ്ഞ് ആ സമ്മാനം അവൾക്ക് കൊടുക്കണം ”
അവൾ അടുത്ത പേജ് മറിച്ചു.. വീണ്ടും മറിച്ചു.. വീണ്ടും.. വീണ്ടും.. പിന്നെ എഴുത്തുകൾ കണ്ടില്ല.. അവൾ വിജയിനെ നോക്കി!!!
വിജയ് അവിടെയുള്ള ഷെൽഫിലേക്ക് കൈ ചൂണ്ടി..
വിജയ് ::അതിന്റെ മൂന്നാമത്തെ നിരയിൽ ചുവന്ന പേപ്പർ കൊണ്ട് പൊതിഞ്ഞൊരു ഫോട്ടോ ഇരിപ്പുണ്ട്.. അതാണ് അവൾക്ക് ഞാൻ വാങ്ങിയ ഗിഫ്റ്റ്.. ഇത് വരെ കൊടുക്കാൻ പറ്റിയിട്ടില്ല.. വീണ അതൊന്ന് എടുക്കുമോ???
വീണ ആ ഷെൽഫിനടുത്തേക്ക് നടന്നു.. വിജയ് പുറകിൽ നിന്നും പറഞ്ഞു..
നീയും മഹിയും കൂടി എന്നെ ടൂറിനു വിളിച്ചത് ഓർമ്മയുണ്ടോ വീണയ്ക്ക്,,
ഉം??
അവൾ നടക്കുന്നതിനിടയിൽ മൂളി..
വിജയ് ::അന്ന് ഞാൻ വരാതിരുന്നതാണ് ഈ ജന്മത്തിൽ ഞാനെടുത്ത ഏറ്റവും മനോഹരമായ തീരുമാനം!!!
നിന്റെ ഒരു തെറ്റുകൊണ്ടുമല്ല
എന്റെ കുറെ കുറവുകൾ കൊണ്ട്
പണ്ടെപ്പോഴോ നീനയിൽ നിന്ന് എനിക്ക് നഷ്ടപ്പെട്ടുപോയ മനോഹരനിമിഷങ്ങൾ പലതും എന്നിലേക്ക് വരുന്ന പോലെ തോന്നി!!അവകാശമില്ലാത്തത്തിന്റെ പിന്നാലെ മനസ്സ് സഞ്ചരിക്കാൻ പോകുന്നതിന്റെ മുൻപായി തിരിച്ചു നടക്കാൻ ഞാൻ തീരുമാനിച്ചു.. മനസ്സിൽ ആഗ്രഹിച്ചതിന്റെ പിന്നാലെ നടന്നാൽ നെഞ്ചോട് ചേർത്തത് പലതും നഷ്ടപ്പെടും.. ആ നഷ്ടങ്ങളെ അത്രയേറെ ഞാൻ ഭയപ്പെട്ടിരുന്നു..മനപ്പൂർവം ആ വഴി ഞാൻ തിരിച്ചു നടന്നു..19 വർഷം!!!
വീണ ആ ചുവപ്പ് പേപ്പർ കൊണ്ട് പൊതിഞ്ഞ ഗിഫ്റ്റ് എടുത്തു.. വിജയ് അവളോട് അത് തുറക്കാൻ പറഞ്ഞു.. അവൾ അത് തുറന്നു.. ഏതാനും വാചകങ്ങൾ മനോഹരമായ ഒരു പെയിന്റിംഗിൽ എഴുതി വച്ചിട്ടുണ്ട് അതിൽ. അവൾ അതിലേക്ക് കണ്ണോടിച്ചു…
“നിന്നെ ഞാൻ പ്രണയിക്കുന്നു
എന്നതിനേക്കാൾ
നിന്നെ അന്ന് പ്രണയിച്ചിരുന്നു
എന്ന് പറയുന്നതാണെനിക്കിഷ്ടം
വർഷങ്ങൾക്ക് ശേഷം അത് കേൾക്കുമ്പോൾ
അത്ഭുതത്തോടെ പുഞ്ചിരിക്കും
എനിക്കത് കാണണം
അത്രയും മതി ”
“പദ്മരാജൻ ”
വാചകങ്ങൾ വായിച്ച് കണ്ണെടുക്കുന്നതിനു മുൻപേ വിജയ് അവളെ വിളിച്ചു..
വിജയ് ::വീണാ??
വീണ ::ഉം
വിജയ് ::നാളെ എനിക്ക് ഈ ഡയറിയിൽ ഒരെഴുത്ത് കൂടി എഴുതണം..
വീണ ::എന്ത്??
വിജയ് ::19 വർഷം ഞാൻ സൂക്ഷിച്ച ആ സമ്മാനം ഞാൻ അവൾക്ക് കൊടുത്തു..പദ്മരാജൻ സാർ പറഞ്ഞ പോലെ പുഞ്ചിരി കാണാൻ ശ്രമിച്ചില്ല. പക്ഷെ അവളുടെ മുന്നിൽ ധൈര്യത്തോടെ തന്നെ നിന്നു..19 വർഷം മുൻപേ ഉപേക്ഷിച്ച ആ വഴി വീണ്ടും നടക്കാൻ വേണ്ടിയല്ല..ഇനിയൊരു കാഴ്ചയെന്നെന്നറിയാതെ അവൾ തിരിച്ചു പോകുമ്പോൾ ആ സത്യം അവൾ അറിയണം എന്ന ആഗ്രഹം മാത്രം..
വീണയിൽ അതുവരെ കാണാത്ത ചില ഭാവങ്ങൾ കണ്ടപ്പോ വിജയ് അവളുടെ അടുത്തേക്ക് ചെന്നു…
ഡോ,, ഇതെന്താ വീണക്ക് പൂച്ചഭാവമോ,, ഡോ ഇത് നീനയ്ക്ക് ശേഷം എനിക്ക് പ്രണയം തോന്നിയ ഒരാളെ കുറിച്ച് മാത്രമാണ്.. ഈ ഷെൽഫിന്റെ പല ഭാഗത്തും ഇനിയും വേറെ സമ്മാനങ്ങളുണ്ട്!!!
അത് കേട്ടപ്പോ വീണ തലയുയർത്തി അവനെ നോക്കി പതുക്കെ പറഞ്ഞു..
കോഴി….
വിജയ് ചിരിച്ചു.. കൂടെ അവളും
________💓💓💓________
മഴവില്ല് എന്ന സിനിമ കണ്ടവർക്കെല്ലാം വിനീതിന്റെ കഥാപാത്രമായ വിജയ്നെ ഒരുപാട് ദേഷ്യമായിരിക്കും.. യുട്യൂബിൽ സിനിമയുടെ പ്രിന്റ്ന് താഴെയുള്ള കമന്റിൽ ആ കഥാപാത്രത്തിനോടുള്ള ദേഷ്യം പലരും കമന്റ് ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ ഒരു പ്രധാനഭാഗത്ത് മഹിയും വീണയും കൂടി വിജയിനെ ഒരു ടൂറിനു ക്ഷണിക്കുന്നുണ്ട്.. ആ ടൂറിനു മുൻപ് താൻ തിരിച്ചുപോവുകയാണ് എന്ന് വിജയ് പറയുന്നുണ്ട്.. പക്ഷെ അവർ നിർബന്ധം പിടിക്കുന്നു.. വിജയ് അവരോടൊപ്പം ചേരുന്നു.. ആ ടൂർ അവരുടെ ജീവിതം തന്നെ മാറ്റിമറയ്ക്കുന്നു!!!
ഞാൻ പിന്നീട് മഴവില്ല് കാണുമ്പോഴൊക്കെ ആലോചിക്കും.. ഒരാൾക്ക് മറ്റൊരാളോട് മനസ്സിൽ പ്രണയം തോന്നുന്നത് വലിയ തെറ്റൊന്നുമായി തോന്നിയിട്ടില്ല..ആ പ്രണയത്തിനു വേണ്ടി സ്വാർത്ഥനാകുമ്പോഴും വേണ്ടപ്പെട്ടവരെ ഇല്ലാതാക്കിയാണെങ്കിലും ആ പ്രണയം തട്ടിയെടുക്കാൻ ആഗ്രഹിക്കുമ്പോഴുമാണ് അയാൾ നികൃഷ്ടനാകുന്നത്.. മഴവില്ലിലെ വിജയ് അത്തരത്തിൽ നികൃഷ്ടനാകുന്നതാണ് നമ്മൾ കണ്ടത്…
വീണയോടുള്ള പ്രണയം ആരോരുമറിയാതെ ഉള്ളിലൊളിപ്പിച്ച് എന്റെ പ്രണയം കാരണം താൻ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരന്റെയും അവന്റെ പെണ്ണിന്റെയും ജീവിതം തകരരുത് എന്ന് കരുതി പെട്ടെന്നൊരു ദിവസം അവരോട് യാത്ര പറഞ്ഞിറങ്ങുന്ന വിജയിനെയും ഒരുപാട് ദൂരെയിരുന്നുകൊണ്ട് ആ പ്രണയത്തെ സ്വയം ആസ്വദിക്കുന്ന വിജയിനെയും പറ്റി ഒന്നാലോചിച്ചപ്പോൾ എഴുതാൻ തോന്നിയത്…
വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ കണ്ടു മുട്ടലിന് ഒരു പ്രത്യേകഭംഗിയുണ്ടായേനെ എന്നൊരു തോന്നൽ…….