നറാച്ചിയും റോക്കിയും നീലഗിരിയും ശിവനും

0
248

Thozhuthuparambil Ratheesh Trivis

രാത്രി നേരത്ത് ഈ വീട് തേടി വരുന്നവർക്കെല്ലാം ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ !നിങ്ങളും അതിന് വേണ്ടി വന്നതാണെന്ന് കരുതി !!!അവളുടെ വാക്കുകൾ അയാളിൽ എന്തെന്നില്ലാത്ത നിർവികാരമുണർത്തി !!!ശരിക്കും കഴിഞ്ഞ കുറെ നിമിഷങ്ങൾ അയാളെ പോലും അത്ഭുതപ്പെടുത്തുമാറ് നിർവികാരമായ അവസ്ഥയിലൂടെ തന്നെയാണ് കടന്ന് പോകുന്നത് !!!ലേശം ചാരായം മോന്താനാണ് രാജപ്പന്റെ കൂടെ അയാൾ രാജപ്പന്റെ വീട്ടിലെത്തിയത് ,,,ചാരായം ഏറെക്കുറെ തലയ്ക്ക് പിടിച്ചപ്പോൾ രാജപ്പൻ ഞാൻ തൊട്ടുകൂട്ടാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം എന്നും പറഞ്ഞു പുറത്തേക്ക് പോയി ,,സ്വന്തം പെങ്ങളെ അയാളുടെ കൂടെ ആ മുറിയിൽ തനിച്ചാക്കിയിട്ടാണ് അയാൾ പോയത് !!!

സമയം നീങ്ങി ,,രാജപ്പനെ കാണാനില്ല ,,അയാൾ രാജപ്പനെ അന്വേഷിക്കുന്നതിനിടയിൽ രാജപ്പന്റെ പെങ്ങൾ അയാൾക്കരികിലിരുന്നു ,,തന്റെ സാരി അഴിക്കാനുള്ള ശ്രമം തുടങ്ങി ,,ശേഷം അയാളോട് ചേർന്നിരിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവൾ ചോദിച്ചു ,,,
വാതിൽ അടയ്ക്കട്ടെ ???
തന്റെ ചുറ്റുമിരുന്ന ആ മനുഷ്യരുടെ പെട്ടെന്നുള്ള മാറ്റം അയാൾക്ക് ഉൾക്കൊള്ളാനായില്ല !!അയാൾ അവളെ തട്ടിമാറ്റി ,,വാതിൽ തള്ളിത്തുറന്നുകൊണ്ട് പുറത്തേക്കിറങ്ങി ,പുറത്തേക്കിറങ്ങിയതും മുറിക്ക് പുറത്ത് ബീഡിയും പുകച്ചിരിക്കുന്ന രാജപ്പനെ കണ്ടു ,രാജപ്പനെ കണ്ടതും അയാൾ രാജപ്പന്റെ ചെകിടത്ത് ആഞ്ഞടിച്ചുകൊണ്ട് ചോദിച്ചു ,,,
“പെങ്ങളെ കൂട്ടിക്കൊടുക്കുന്നോടാ പട്ടി ”

രാജപ്പനെ അയാൾ ദേഷ്യത്തോടെ വീണ്ടും തല്ലി ,,പെട്ടെന്ന് രാജപ്പന്റെ പെങ്ങൾ അയാളെ തടഞ്ഞു ,,ഇനി തല്ലരുതെന്ന് പറഞ്ഞു ,,എല്ലാവരും അവളെ ആകെ ഒരുദ്ദേശത്തോടെ മാത്രമേ അവിടേയ്ക്ക് വരാറുള്ളൂ എന്നും മുൻപും ഒരുപാട് തവണ തന്റെ അനിയത്തിയുടെ ശരീരം മറ്റുള്ളവർ അനുഭവിക്കുന്നതിന് കാവലിരിക്കേണ്ടിയും വന്നിട്ടുണ്ട് എന്ന് അയാൾ അറിയുന്നു !!!

എന്തിന് ???എന്താവശ്യത്തിന് ??ജീവിക്കാൻ വേണ്ടി എന്ന് മാത്രം പറയരുത് !!!
അയാൾ രാജപ്പനോടും പെങ്ങളോടും ദേഷ്യത്തോടെ തന്നെ പറഞ്ഞു ,,,

രാജപ്പൻ പറഞ്ഞു തുടങ്ങി ,,

സ്വന്തം പെങ്ങളുടെ വേശ്യാവൃത്തിക്ക് കാവലിരിക്കേണ്ടി വന്ന കഥ !!!ആ കഥ എത്തി നിൽക്കുന്നത് അയാളിലാണ് !!!ആ ഗ്രാമത്തിലെ നിരവധി പേരുടെ ജീവിതം ചതച്ചരച്ച അയാളിൽ !!കോടമഞ്ഞു മരവിപ്പിച്ച നീലഗിരിക്കുന്നുകളിൽ വികാരങ്ങളും ആഗ്രഹങ്ങളും മരവിച്ചു ജീവിക്കേണ്ടി വന്ന ഏതാനും മനുഷ്യജന്മങ്ങൾ !!!അവരുടെയെല്ലാം ആഗ്രഹങ്ങൾക്ക് മീതെ നിരന്തരം വട്ടമിട്ട് പറക്കാൻ ഒരു കഴുകൻ ഉണ്ടായിരുന്നു ,,,
“രംഗൻ ”
ആ ഗ്രാമം നിറയെ രംഗന്റെ അടിമകളായിരുന്നു ..അളവിൽ കൂടുതൽ സ്വപ്‌നങ്ങൾ കാണാൻ അവകാശമില്ലാത്ത അടിമകൾ ..

“നീലഗിരി “ക്കുന്നുകളുടെ മനോഹാര്യത ആവോളം നിറഞ്ഞ ഊട്ടിയിലേക്ക് ഒരു വാടക പോകുമ്പോൾ ശിവന് ആകെ ഒരുദ്ദേശമേ ഉണ്ടായിരുന്നുള്ളൂ ,,
“ലോങ്ങ് ട്രിപ്പ് പോയി വന്നാൽ കിട്ടുന്ന വാടക ,,പിന്നെ കയ്യീന്ന് വല്യ ചിലവില്ലാതെ ഒരു ദിവസം ഊട്ടിയൊക്കെ ഒന്ന് കറങ്ങാം ”
പക്ഷെ പല മനുഷ്യരുടെ ജീവിതത്തിലും കടന്ന് വരുന്ന അപ്രതീക്ഷിതമുഹൂർത്തങ്ങൾ പോലെ ചിലത് ശിവന്റെ ജീവിതത്തിലും കടന്നു വരുന്നു …നീലഗിരിക്കുന്നുകളിലെ ആ അടിമകളുടെ ജീവിതത്തിലേക്ക് കാലം ശിവനെ നടത്തിച്ചു !!!

ശിവൻ എന്ന ടാക്സി ഡ്രൈവറുടെ ഊട്ടിയിലേക്കുള്ള ഒരു വാടകയോട്ടത്തിൽ നിന്നാണ് “നീലഗിരി “തുടങ്ങുന്നത് ,,മനോഹരമായ നീലഗിരിക്കുന്നുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള സമാധാനപരമായ യാത്ര !!!പക്ഷെ സാധാരണ വിനോദസഞ്ചാരികളെ പോലെ രണ്ടോ മൂന്നോ ദിവസത്തെ ആസ്വാദനത്തിന് ശേഷം തിരിച്ചു പോകാനുള്ള ഒരു യാത്രയല്ല അതെന്ന് ശിവൻ അറിഞ്ഞില്ല !!!

നീലഗിരിക്കുന്നുകളിലെ തണുത്ത കാറ്റിൽ തന്റെ മരണത്തിന്റെ ഗന്ധം അലയടിക്കുന്നുണ്ടെന്ന് അയാൾ അറിഞ്ഞില്ല !!!അതറിഞ്ഞ നിമിഷം മുതൽ അയാൾ കണ്ടത് മറ്റൊരു നീലഗിരിയായിരുന്നു !!!ചോര മണക്കുന്ന ഭീകരതയുടെ മേലെ സൗന്ദര്യത്തിന്റെ മേലങ്കിയണിഞ്ഞ നീലഗിരി !!!
“രംഗന്റെ നീലഗിരി ”

തണുത്തുറഞ്ഞ മലനിരകളിൽ മുഴുവൻ മരണത്തിന്റെ ചൂട് പടർത്താൻ കെല്പുള്ള കഴുകന്റെ നീലഗിരി ! നീലഗിരി എന്ന സിനിമയെപ്പറ്റി കൂടുതലും കേട്ടിരിക്കുന്നത് പരാജയവർത്തകളാണ് ..ചിത്രം വേണ്ടത്ര വിജയം ആയിരുന്നില്ല പോലും ..പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം നീലഗിരി എന്ന ചിത്രത്തിന്റെ ആദ്യകാഴ്ച്ച തന്നെ മനസ്സിൽ കയറിപ്പറ്റി ,,പ്രധാനമായും രംഗൻ എന്ന വില്ലൻ പടർത്തിയ ഭീകരത !!!

സാധാരണഗതിയിൽ ഒരു സിനിമ കണ്ടോണ്ടിരിക്കുമ്പോൾ മനസ്സിൽ ഒരു തോന്നലുണ്ടാകും ,,,നായകൻ എത്രയൊക്കെ ബുദ്ദിമുട്ടിയാലും അവസാനം വില്ലനെ തോൽപിക്കും !!!പക്ഷെ നീലഗിരിയിലെ രംഗൻ എന്ന വില്ലൻ വരുന്ന സീനുകളൊക്കെയും ഒരു ഭയമായിരുന്നു !!!നായകന് ഇയാളെ തോൽപിക്കാൻ സാധിക്കില്ല എന്ന ചിന്ത പടത്തിന്റെ അവസാനനിമിഷം വരെയും തോന്നിപ്പിക്കുന്നിടത്ത് രംഗൻ വിജയിച്ചു ….

ജോണിവാക്കറിലെ സ്വാമിയേ പോലെ ,,വിയറ്റ്നാം കോളനിയിലെ റാവുത്തറിനെ പോലെ ,,ആകെ മൊത്തം ഒരു ഭീകരത സൃഷ്ടിക്കുന്നതിൽ നീലഗിരിയിലെ രംഗനും കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം …നീലഗിരിയിലെ ഒരു ഗ്രാമത്തെ മുഴുവനും തന്റെ വരുതിയിൽ നിർത്തിയിരിക്കുന്ന ഭീമാകാരനായ രംഗനും ,,
നിത്യവൃത്തിക്ക് നിവർത്തിയില്ലാതെ വന്ന സമയത്ത് നീലഗിരിയിൽ വന്ന് പെട്ട ശിവനും തമ്മിൽ ആനയും പേനും തമ്മിലുള്ള അന്തരമുണ്ടായിരുന്നു ,,പക്ഷെ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ,,മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥയിൽ നടക്കുന്ന ശിവൻ ആകെ കൈമുതലായുള്ള ചങ്കൂറ്റം മാത്രം വച്ച് രംഗനെ നേരിടാൻ തീരുമാനിക്കുന്നിടത്ത് നീലഗിരിയുടെ ട്രാക്ക് മാറുന്നു !!!

രഞ്ജിത്ത് സാറിന്റെ എഴുത്തിൽ പിറന്ന മാസ്സ് നായകന്മാരിൽ ഒരു പ്രത്യേക ഇഷ്ടം നീലഗിരിയിലെ ശിവനോടുണ്ട് ,,അവകാശപ്പെടാൻ ആഢ്യത്തമുള്ള തറവാട്ട് മഹിമയില്ലാത്ത,,ചവിട്ടി നിൽക്കുന്ന മണ്ണല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലാത്ത പച്ചയായൊരു മനുഷ്യൻ ,,ഒരുപക്ഷെ കാലങ്ങളോളം ആവർത്തിച്ചാവർത്തിച്ചു കേൾക്കാനുള്ള മാസ്സ് ഡയലോഗൊ ,,വില്ലനെ ഒറ്റയാൾപോരാട്ടത്തിലൂടെ തറ പറ്റിച്ച വീരചരിത്രമോ ശിവന് അവകാശപ്പെടാൻ ഇല്ലായിരിക്കും !!

പക്ഷെ എല്ലാ പ്രിവിലേജുകൾക്കും പുറത്ത് നിന്നുകൊണ്ട് ഭൂമിയോളം ക്ഷമിച്ചു ജീവിക്കാൻ ശീലിച്ച ആ മനുഷ്യർക്ക് കാണിച്ചുകൊടുത്ത ധൈര്യം ഒന്ന് വേറെ തന്നെയാണ് …..അയാൾക്ക്‌ ചുറ്റും സ്തുതി പാടാനോ ,,കവചമൊരുക്കാനോ ആരുമില്ലായിരുന്നു !!!പക്ഷെ ആ നീലഗിരിക്കുന്നിൽ വികാരങ്ങൾ മരിച്ചു ജീവിക്കുന്ന മനുഷ്യരിൽ അയാളൊരു സൈന്യത്തെയുണ്ടാക്കാൻ ശ്രമിച്ചു ,,രംഗനെതിരെ കയ്യുയർത്താനുള്ള പോരാട്ടവീര്യം അവർക്കുണ്ടെന്ന് മനസ്സിലാക്കിക്കൊടുത്തു .

കാലങ്ങളോളം അടിച്ചമർത്തപ്പെട്ടു പോയവന്റെ കൂട്ടത്തിലെ ഒരു ചെറുബാല്യത്തിന്റെ കയ്യിൽ നിന്നും രംഗന്റെ മേലെ വന്ന് പതിച്ച തീപ്പന്തം അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു .രംഗന്റെ കാൽക്കീഴിൽ അടിമത്വമനുഭവിക്കുന്നവർക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തി വിജയിക്കുന്നതിനേക്കാളേറെ അയാൾ ശ്രമിച്ചത് അവരിൽ പോരാട്ടവീര്യവും ധൈര്യവും വളർത്താനായിരുന്നു ….ഇനിയും മറ്റൊരു രംഗന് മുന്നിൽ മുതുക് വളയ്ക്കാൻ തയ്യാറല്ലാത്ത ഒരു ജനതയെ വാർത്തെടുക്കാനായിരുന്നു …

2018 ൽ നറാച്ചിയിൽ അടിമകളെ പോലെ ജീവിച്ച മനുഷ്യരെ രക്ഷിക്കാൻ റോക്കി ഭായ് വന്നപ്പോൾ ,,അയാൾ കൂടെ നിൽക്കുന്നവർക്ക് ധൈര്യമായപ്പോൾ ,,ആ ധൈര്യത്താൽ അയാൾക്ക് വേണ്ടി ഒരു പട തന്നെ ഒരുങ്ങിയപ്പോൾ അത്ഭുതപ്പെട്ടെങ്കിൽ ,,,രോമാഞ്ചമുണ്ടായെങ്കിൽ ,,,1991ൽ ,,കെ ജി എഫ് നും 27 കൊല്ലം മുൻപ് അതെ പോലെ അടിമത്വം അനുഭവിക്കുന്ന ഏതാനും മനുഷ്യരിൽ ധൈര്യം പടർത്താനും പോരാട്ടവീര്യമുണ്ടാക്കാനും ശ്രമിച്ച “ശിവൻ” എന്ന സാധാരണക്കാരൻ ഒരുപാട് അത്ഭുതപ്പെടുത്തുകയാണ് !!!

ഇടിമുഴക്കത്തിന്റെ ഭീകരത പോലെ ശിവൻ -രംഗൻ പോര് പക്കാ ആക്ഷൻ മൂഡ് നിലനിർത്തുമ്പോൾ കീരവാണിയുടെ സംഗീതവും മമ്മൂക്ക-മധുബാല പ്രണയവും ഊട്ടിയുടെ ദൃശ്യഭംഗിയും “നീലഗിരിയെ” വേറിട്ടൊരു കാഴ്ച്ചാനുഭവത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത് ……


അനുബന്ധം :

ഈ പടം പ്രത്യക അനുഭവം സമ്മാനിക്കുന്നു..കൈരളി,കൈരളി വീ ചാനലുകളുടെ.സ്ഥിരം വേട്ടമൃഗമാണ്,പക്ഷേ കണ്ടാൽ ഉടൻ ഇരുന്ന് കാണും..അന്ന് പരാജയം രുചിച്ച സിനിമയാണെങ്കിലും ഈ സിനിമക്ക് എന്തൊക്കെയോ പ്രത്യേകതകൾ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്…ഊട്ടിയുടെ പശ്ചാത്തലം..ബാഹുബലിയൊക്കെ ചെയ്ത കീരവാണിയുടെ അതിമനോഹരമായ പാട്ടുകൾ..മമ്മൂട്ടി-മധുബാല റൊമാൻസ്..എല്ലാം അസാധ്യാഫീൽ ആണ്

ഇറങ്ങിയ സമയത്ത് അതായത് 1991ൽ ഈ സിനിമ കലാപരമായും സാമ്പത്തികമായും വൻ പരാജയമായതാണ്..ഈ പടത്തിന് മുൻപ് വരെയും തുടർച്ചയായി സിനിമകൾ ചെയ്തു വന്നിരുന്ന മമ്മൂട്ടി-ഐ.വി.ശശി കൂട്ടുകെട്ടിന്റെ വേർപിരിയലിന് വരെ ഈ സിനിമയുടെ പരാജയം വഴിയൊരുക്കി എന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ,ഈ സിനിമയുടെ ബോക്‌സ് ഓഫീസ് ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന്..അതിന് ശേഷം ഏതാണ്ട് 15 വർഷം കഴിഞ്ഞാണ് പിന്നീട് മമ്മൂട്ടി-ഐ.വി.ശശി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത് പോലും(ബൽറാം Vs താരാദാസിലൂടെ)ആ സിനിമയും ബോക്‌സോഫീസിൽ ശ്രദ്ധിക്കപ്പെടാതെ കടന്ന് പോയി എന്നത് മറ്റൊരു കൗതുകം. നീലഗിരിയുടെ പരാജയത്തിന് ശേഷമാണ് രഞ്ജിത്തും ഐ.വി.ശശിയും മലയാള സിനിമയിലെ വലിയ നാഴികകല്ലുകളിൽ ഒന്നായ ദേവാസുരം സമ്മാനിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം