ക്യാമറയുടെ വെളിച്ചത്തെ മൈൻഡ് ചെയ്യാതെ മനസ്സിനെ പറക്കാൻ വിടണം

189

Thozhuthuparambil Ratheesh Trivis

ആനത്തല കാര്യങ്ങൾ ഒന്നൂല്ല ,,രണ്ടാള് മാമുണ്ണുന്നതാണ് അമ്പിളിമാമനെ പിടിച്ച് തരാന്നുള്ള ഓഫറിൽ ഉരുളകൾ അകത്താക്കിയിരുന്ന മുത്തുമണികളുടെ മുഖത്ത് കണ്ടിരുന്ന നിഷ്കളങ്കമായ ചില ഭാവങ്ങളും ചിരിയും സന്തോഷങ്ങളുമുണ്ട് .കണ്ട് നില്കുന്നോരുടെ ഉള്ള് നിറയ്ക്കുന്ന ഭാവങ്ങൾ !നമുക്ക് ഇഷ്ടമുള്ളവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖത്ത് നിന്ന് ഇത്തരം ഭാവങ്ങൾ !നമ്മളെ അറിയുന്നവർ മാത്രമുള്ള സമയത്ത് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം കഴിക്കാനും ഉള്ള് തുറന്ന് ചിരിക്കാനുമൊന്നും നമ്മക്ക് യാതൊരു മടിയുമില്ല. എന്നാൽ ചില കല്യാണങ്ങൾക്ക് പന്തിയിലിരുന്ന് സദ്യ കഴിക്കുന്ന നേരത്തെങ്ങാനും ക്യാമറയും പൊക്കി സൂര്യനെ തോല്പിക്കുന്ന വെളിച്ചവുമടിപ്പിച്ചുകൊണ്ട് വരുന്ന ടീമ്സിനെ കണ്ടാൽ ,പെണ്ണായിക്കോട്ടെ ,,
ആണായിക്കോട്ടെ ,ശരവേഗത്തിൽ മുഖത്ത് കൊണ്ട് വരാൻ ശ്രമിക്കുന്ന ഒരു മാന്യതയുണ്ട് !!!

“ഞാൻ പ്രകാശൻ “സിനിമയിൽ സദ്യ കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ ക്യാമറയുടെ വെളിച്ചം കാണുമ്പോൾ “ഫഹദ് ഫാസിൽ” കാണിക്കുന്ന പോലെ ,കാണാൻ തീരെ ഭംഗിയില്ലാത്ത ഒരു മാന്യത !!!
കല്യാണസദ്യക്കിടയിൽ ക്യാമറ കാണുമ്പോൾ ഞാനടക്കം പലരും പല തവണ മുഖത്ത് വരുത്തിയിരുന്ന കൃത്രിമത്വം !കല്യാണത്തിന്റെ ആൽബത്തിലും വീഡിയോയിലും അഥവാ ഇമ്മള് പെടുന്നെങ്കിൽ ലേശം കളർ ആയി ഇരുന്നോട്ടെ എന്ന് വിചാരിച്ചുള്ള പെടാപ്പാടുകൾ !പക്ഷേങ്കില് അങ്ങനെ അന്നത്തിന്റെ മുന്നില് വച്ച് ഭാവവ്യത്യാസമുണ്ടാക്കി ഭംഗി വരുത്തി ഇടംപിടിച്ച ആൽബത്തിലെ ഫോട്ടോയെക്കാൾ ഭംഗിയുള്ള ചില കാഴ്ചകളുണ്ട് ,കാതോട് കാതോരം സിനിമേല് ഇമ്മടെ മമ്മൂക്ക മാമുണ്ണുന്ന ഒരു സീനുണ്ട് ,,

ജോലിയന്വേഷിച് ഒരു മലയോരഗ്രാമത്തിലെ വീട്ടിലെത്തുന്നു ,കാര്യമായി പണിയൊന്നുമില്ലാത്തോണ്ട് ഉമ്മറത്ത് കിടന്നിരുന്ന കുറച്ച് ഉണങ്ങിയ മരക്കഷ്ണങ്ങൾ വെട്ടിക്കീറി വിറകാക്കാൻ പറയുന്നു ,വിറക് കീറുന്നതിന്റെ ഇടവേളയിൽ മൂപ്പര് ഭക്ഷണം കഴിക്കുന്ന ഒരു സീനുണ്ട് ,മൂപ്പര് കഴിക്കുന്നതിന്റെ തൊട്ടപ്പുറത്ത് തന്നെ വച്ച് വീട്ടിലെ കൊച്ചുപയ്യന്‌ അമ്മ ഭക്ഷണം വാരിക്കൊടുക്കുന്നു ,,,അവന്റെ കുസൃതിയും കളിയും ചിരിയുമൊക്ക ആസ്വദിച്ചുകൊണ്ട് ഓരോ ഉരുളയും അകത്താക്കുന്ന മമ്മൂക്കയുടെ ഭാവങ്ങൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു !!!ആ സീനിൽ കൂടെയുണ്ടായിരുന്ന പയ്യനെക്കാളേറെ നിഷ്കളങ്കമായിരുന്നു ആ മുഖം .നന്നായി വിശന്നിരിക്കുന്ന സമയത്ത് ,,,

എന്നാൽ ഞാൻ കുറച്ച് ചോറുണ്ടേച്ചും വരാം എന്നും പറഞ്ഞ് മമ്മൂക്ക പോയപ്പോൾ അകലെ ക്യാമറ വച്ച് മമ്മൂക്ക പോലും അറിയാതെ ഒപ്പിയെടുത്ത ഭാവങ്ങളാണോ ഇതെന്ന് തോന്നിപ്പോകുന്ന ദൃശ്യങ്ങൾ !!!
ചുറ്റുപാടിലെ രസകരമായ മുഹൂർത്തങ്ങളിലേക്ക് മനസ്സിനെ മുഴുവനായും ആറാടാൻ വിട്ട് സന്തോഷത്തോടെ ഓരോ ഉരുളയും ചവച്ചരക്കുന്ന ആ ദൃശ്യങ്ങൾ തരുന്ന സന്തോഷം ചെറുതൊന്നുമല്ല .പച്ചയായ ആവിഷ്കാരത്തിന്റെ പടച്ചവൻ ഭരതൻ സർ നമ്മുടെയൊക്കെ നെഞ്ചിലേക്ക് പടച്ചുവിട്ട സുന്ദരഭാവങ്ങൾ !പിന്നീട് ഇതുപോലെ സുഖമുള്ള ഒരു കാഴ്ച കണ്ടത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമേല് ഇമ്മടെ “നിമിഷ” യുടെ വകയാണ് !സൊറ പറഞ്ഞും ചിരിച്ചും ആസ്വദിക്കുന്ന ഉച്ചയൂണിന്റെ നിമിഷങ്ങൾ ,,,രാവിലെ തുടങ്ങിയാൽ പിന്നെ വൈകുന്നേരം സൂപ്പർമാർക്കറ്റ് അടയ്ക്കുന്ന വരെയുള്ള യാന്ത്രികമായ ഓട്ടത്തിനിടയിൽ ഉച്ചയൂണിനായി കിട്ടുന്നത് കേവലം അര മണിക്കൂറോ ,,മറ്റോ ആകും ,,
പക്ഷെ ആ അര മണിക്കൂറിൽ ഭക്ഷണം കഴിച്ച് തീർക്കണമല്ലോ എന്നുള്ള തിക്കും തിരക്കൊന്നും ആ മുഖത്തില്ല ,ഭക്ഷണം തീർന്ന് ഇനിയും വണ്ടിക്കാള പോലെ കിടന്ന് ഓടണമല്ലോ എന്നുള്ള നിർവികാരതയും ആ മുഖത്തില്ല !ആ മുഖത്തുള്ളത് അസ്സല് ധമ്മിട്ട സന്തോഷമാണ് !!!

നേരത്തെ “കാതോട് കാതോരത്തിൽ “മമ്മൂക്ക” യുടെ മുഖത്ത് കണ്ട അതെ സന്തോഷം !!!മമ്മൂക്ക ഇത് കാണിക്കുന്നതിന് മുൻപേ ,,നിമിഷ ഇത് കാണിക്കുന്നതിന് മുൻപേ ,,നമുക്ക് മാത്രം സ്വന്തമായിരുന്ന ,,
നമ്മള് അധികം ശ്രദ്ദിക്കാത്ത നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവങ്ങൾ !ചുമ്മാതങ്ങ് അഭിനയിച്ചാൽ ഈ ഭാവങ്ങൾ നമ്മുടേതാണെന്ന് തോന്നണമെന്നില്ല !അതിനാദ്യം ക്യാമറയുടെ വെളിച്ചത്തെ മൈൻഡ് ചെയ്യാതെ മനസ്സിനെ പറക്കാൻ വിടണം ,,തത്സമയം താൻ നിൽക്കുന്ന ചുറ്റുപാടിൽ ഒരാളാവാൻ എളുപ്പത്തിൽ കഴിയണം ,,,ചുറ്റുപാടിനനുസരിച് മനസ്സ് മാറിത്തുടങ്ങുമ്പോൾ ഭാവങ്ങളും വരികയായി ,,പച്ചയായ മനുഷ്യന്റെ ഭാവങ്ങൾ !!!

അല്ലെങ്കിലും മനസ്സ് പറയുന്നത് കേൾക്കാതെ എല്ലാം ഉള്ളിലൊതുക്കിയാൽ പിന്നെ എങ്ങനെയാണ് ഉള്ള് തുറന്ന് ചിരിക്കാൻ പറ്റുന്നത് ???ഇതുപോലെ സന്തോഷിക്കാൻ പറ്റുന്നത് ???മനസ്സിന്റെ സന്തോഷങ്ങളെ ഉള്ളിൽ തളച്ചിടാതെ ആ സന്തോഷഭാവങ്ങളൊക്കെയും ഇതുപോലെപുറത്തേക്ക് വിട്ടത് കൊണ്ട് തന്നെയാണ് ഈ നിമിഷങ്ങളൊക്കെയും അത്രമേൽ പ്രിയപ്പെട്ടതും സുന്ദരവുമായത് .