ചേട്ടച്ഛൻ എന്ന മണ്ടൻ പഠിപ്പിക്കുന്ന വലിയ പാഠം

65

Thozhuthuparambil Ratheesh Trivis

കടപ്പാട് : MOVIE STREET

ചേട്ടച്ഛൻ എന്ന മണ്ടൻ..!!
അതല്ലെങ്കിൽ ഉണ്ണികൃഷ്ണൻ എന്ന മണ്ടൻ. ആ മണ്ടൻ പഠിപ്പിക്കുന്ന വലിയ പാഠം.. പവിത്രം..!!

ഭ്രാന്തമായ സ്നേഹം കൊണ്ട് അനിയത്തിയെ വീർപ്പുമുട്ടിക്കുമ്പോഴും അയാൾ പലയാവർത്തി സ്വന്തം മനസാക്ഷിയെ കബളിപ്പിക്കുകയായിരുന്നു. തുടരെ തുടരെ അയാളുടെ മനസ്സ് അയാളോട് ചോദിച്ചോണ്ടിരുന്നു, സ്വന്തം സന്തോഷങ്ങൾ എവിടെ??
മീരയെ ഉപേക്ഷിച്ച നിമിഷം മുതൽ ഈ നിമിഷം വരെയും അയാൾ സന്തോഷിക്കുകയായിരുന്നില്ല. തന്റെ മുന്നിൽ അല്ലെങ്കിൽ തന്റെ കുഞ്ഞനുജത്തിയുടെ മുന്നിൽ നീണ്ട് കിടക്കുന്ന ആ വലിയ കാലത്തെ സമയത്തെ കൊന്നൊടുക്കുക മാത്രമായിരുന്നു അയാൾ ചെയ്തോണ്ടിരുന്നത്.

കൂടെയുള്ളവരുടെ സന്തോഷത്തിനായി സ്വന്തം മനസ്സിന്റെ സന്തോഷങ്ങളൊക്കെയും മൂടിവച്ച്, ഉപേക്ഷിച്ച് ഒരു മരം പോലെ അയാൾ ജീവിച്ചു. പക്ഷെ ഒരിക്കൽ പോലും സ്വന്തം മനസ്സിന് പിടികൊടുക്കാതെ വ്യക്തിപരമായ സന്തോഷത്തേക്കാൾ വലുത് സ്വന്തം അനിയത്തിയുടെ ജീവിതമാണെന്ന് അയാൾ തന്റെ മനസാക്ഷിയോട് തർക്കിച്ചുകൊണ്ടേയിരുന്നു.
അനിയത്തിയെ ജീവന് തുല്യം സ്‌നേഹിക്കുമ്പോൾ മുഴുവനും അയാൾ സ്വന്തം മനസാക്ഷിയോട് തർക്കിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ആ തർക്കത്തിനിടയ്ക്ക് അവളുടെ വളർച്ച പോലും അയാൾ അറിഞ്ഞില്ല. അവളുടെ മനസ്സ് വളരുന്നതും അവളുടെ ഇഷ്ടങ്ങൾ വളരുന്നതുമൊക്ക ആ തർക്കത്തിനിടയിൽ മൂടപ്പെട്ടു.

തന്റെ മടിയിലിരുത്തി ചോറ് കൊടുത്തിരുന്ന, താൻ എണ്ണ തേച്ചു കുളിപ്പിച്ചിരുന്ന, താൻ കൊഞ്ചിച്ചിരുന്ന തന്റെ കുഞ്ഞനുജത്തിക്കുട്ടിയുടെ മനസ്സിന്റെ കാലാനുസൃതമായ മനസ്സിന്റെ ഇഷ്ടങ്ങളെ എല്ലാം തന്നെ അയാൾ നോക്കിക്കണ്ടത് തന്റെ ഉള്ളിൽ നടക്കുന്ന വലിയ സംഘർഷത്തിന്റെ ബാക്കിപത്രമായി മാത്രമായിരുന്നു.അവൾക്ക്‌ നേരെ പൊട്ടിത്തെറിച്ചുള്ള മനസ്സിന്റെ ചില സമയത്തെ പ്രതികരണങ്ങളിൽ സ്വയം നീറുന്ന ചേട്ടച്ഛനെ പല ഭാഗത്തും നമ്മക്ക് കാണാം. ശാന്തതയോട് കൂടി സമീപിക്കാമായിരുന്ന പല കാര്യങ്ങളിലും അളവിൽ കൂടുതൽ താൻ ദേഷ്യപ്പെട്ടുപോയോ എന്നോർത്ത് ദുഃഖിച്ചിരിക്കുന്ന അയാളുടെ മുഖം നമ്മൾ കണ്ടു.

തന്റെ സന്തോഷങ്ങൾ എല്ലാം തന്നെ ഉപേക്ഷിച്ച്‌ ഈ നാളുകൾ അത്രയും തന്റെ അനിയത്തിക്കുട്ടിയുടെ നേരെ അയാൾ നീട്ടിയ സ്നേഹം അയാളുടെ മനോനില തെറ്റിക്കുന്ന ഒന്നാണെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. പക്ഷെ ഒരുനാൾ തന്റെ സ്നേഹം അവളെ വീർപ്പുമുട്ടിക്കുന്ന ഒന്നായി മാറിയെന്ന് അയാൾ തിരിച്ചറിഞ്ഞു, അന്നാദ്യമായി അവൾ അവളുടെ ചേട്ടച്ഛന് നേരെ പൊട്ടിത്തെറിച്ചു.
ചേട്ടച്ഛൻ ആർക്കും വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ല.. ചേട്ടച്ഛൻ ജീവിച്ചത് ചേട്ടച്ഛന് വേണ്ടി തന്നെയാ.. എണ്ണിയെണ്ണി ഞാൻ പറഞ്ഞു തരാം.. അവനവന്റെ അന്തസ്സിന്റേം അഭിമാനത്തിന്റേം പേര് പറഞ്ഞല്ലേ എന്റെ അച്ഛനെ ഇവിടുന്ന് ഇറക്കി വിട്ടത്?? ഒരു പെണ്ണിനെ മോഹിപ്പിച്ചിട്ട്..!! ചേട്ടച്ഛന് വല്യ ത്യാഗി ആണെന്ന് മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കണമായിരുന്നു.. അതിന് എന്റെ പേര് പറഞ്ഞുകൊണ്ട് അവരെ കയ്യൊഴിഞ്ഞു.. ഇന്നേ വരെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ?? ചേട്ടച്ഛൻ അവരെപ്പറ്റി ഓർത്തിട്ടുണ്ടോ?? ചേട്ടച്ഛന് അറിയില്ലെങ്കിലും എനിക്കറിയാം, അവരിപ്പഴും കല്യാണം കഴിച്ചിട്ടില്ല.. വല്യേട്ടനേം ചേട്ടത്തിയേം മോശക്കാരാക്കിയിട്ട് ചേട്ടന് നാട്ടാരുടെ മൊത്തം സിമ്പതിയും നേടണമായിരുന്നു.. അതിനാ ചേട്ടച്ഛൻ എന്നെ വളർത്തിയത്..!!

പവിത്രത്തിന്റെ പണ്ടത്തെ കാഴ്ചകളിൽ ഈ ഡയലോഗ് പറഞ്ഞ ആ പെൺകുട്ടിയോട് ഒരുപാട് ദേഷ്യവും അത് കേട്ട ചേട്ടച്ഛന്റെ അവസ്ഥയിൽ ഒരുപാട് സങ്കടവുമാണ് തോന്നിയിരുന്നത്. പക്ഷെ, കാലങ്ങൾക്ക് ശേഷമുള്ള പവിത്രത്തിന്റെ കാഴ്ചയിൽ മറ്റൊന്ന് കൂടി തെളിയുന്നുണ്ട്.ചേട്ടച്ഛന്റെ മുഖത്ത് നോക്കി അവൾ ഈ ഡയലോഗ് പറയുന്നതിന്റെ തൊട്ട് മുൻപിലത്തെ കുറച്ചു നിമിഷങ്ങൾ. ചേട്ടച്ഛനുമായി ദേഷ്യപ്പെട്ടിരിക്കുന്ന അവളുടെ അടുത്തേക്ക് അവളുടെ പോറ്റമ്മയുടെ പോലെയുള്ള സ്ത്രീ (ലളിത ചേച്ചി) കടന്നു വരുന്നു. അവളോട് വന്ന് ഭക്ഷണം കഴിക്കാൻ പറയുന്നു. അവൾ വരാൻ കൂട്ടാക്കാതെ ഇരിക്കുമ്പോൾ അവർ നിർബന്ധിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നു, അവൾ അവരെ തട്ടിമാറ്റുന്നു. അത് കണ്ടു വരുന്ന ചേട്ടച്ഛൻ അവളുടെ നേരെ പൊട്ടിത്തെറിക്കുന്നു, അതിന്റെ അനന്തരമായുള്ള ചേട്ടച്ഛന്റെ ഡയലോഗിലെ ഒരു വരി ഇപ്രകാരം ആയിരുന്നു:
“പെറ്റ തള്ളയെ കൊന്നില്ലേ.. ഇനി പാല് തന്നവരെക്കൂടി കൊല്ല്..!!”

എത്ര സങ്കടം സഹിക്കാൻ പറ്റാത്ത വേളയിൽ ആണെങ്കിൽ പോലും ചേട്ടച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോ അവളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിക്ക് എത്രത്തോളം നെഞ്ച് തകർന്നിരിക്കും എന്നൊന്ന് ചിന്തിച്ചു നോക്കാൻ പോലും ആ സമയം അയാൾക്കായില്ല.. പ്രസവത്തോടെ തന്റെ അമ്മ മരിച്ചത് തന്റെ തെറ്റുകൊണ്ടാണ് എന്നത് പോലെ “പെറ്റ തള്ളയെ കൊന്നവൾ” എന്ന് താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ചേട്ടച്ഛൻ തന്നെ തന്റെ മുഖത്ത് നോക്കിപ്പറഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി അതുവരെ അറിയാത്ത ഒരാനഥത്വം അവളുടെ നെഞ്ച് തകർത്തിരിക്കാം. ഇങ്ങനെയൊരു ജീവിതം വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരിക്കാം. പാല് തന്നവരെക്കൂടി ഇനി കൊല്ല് എന്ന് പറഞ്ഞപ്പോൾ ഈ നിമിഷം അങ്ങ് മരിച്ചെങ്കിൽ എന്ന് തോന്നിയിരിക്കാം.

സ്കൂളിൽ നിന്നും എസ്‌കർഷന് പോകണം എന്ന് അവൾ പറയുമ്പോൾ ചേട്ടച്ഛൻ അതിന് സമ്മതിക്കാതെ അവളോട് പറയും, മോൾക്ക് കാണേണ്ട സ്ഥലങ്ങൾ ഒക്കെ ചേട്ടച്ഛൻ മോൾക്ക് കാണിച്ചു തരും. തന്റെ കൂടെ അവളെ കൊണ്ടുപോയാൽ സ്കൂളിലെ ഫ്രണ്ട്‌സിന്റെ കൂടെ പോകുമ്പോൾ അവൾക്ക് കിട്ടേണ്ടുന്ന സന്തോഷം കിട്ടുമോ എന്ന് പോലും അയാൾ ചിന്തിച്ചില്ല. സ്വന്തം സന്തോഷം അനുഭവിക്കാതെ നിരന്തരം സംഘർഷഭരിതമായ മനസ്സുമായി ജീവിക്കുന്ന അയാൾ അവളുടെ അത്തരം സന്തോഷങ്ങൾ കാണാൻ മിനക്കെട്ടില്ല.
അവളുടെ ശരീരത്തോടൊപ്പം വളരുന്ന മനസ്സിന്റെ ഓരോ ചെറിയ ഇഷ്ടങ്ങളെയും സ്നേഹത്തിന്റെ പേരിൽ തടുത്ത് വഴി തിരിച്ചു വിടുമ്പോൾ അയാൾ ഓർത്തില്ല നാളെയൊരുപക്ഷേ അവൾ തന്റെ എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞുകൊണ്ട് തനിക്ക് തടുക്കാൻ പറ്റാത്ത വിധം അവളുടെ ഇഷ്ടങ്ങൾ തേടിപ്പോകുമെന്ന്. അങ്ങനെ അവൾ അവളുടെ ഇഷ്ടങ്ങളിലേക്ക് പറക്കുമ്പോൾ അയാൾ അത് നോക്കിക്കണ്ടത് സ്വന്തം ജീവിതം തീർത്ത നഷ്ടബോധത്തിന്റെ കണ്ണുകളിലൂടെ ആയിരുന്നു.

ചേട്ടച്ഛന് ഒരു പാന്റ് ഒക്കെ ഇട്ടു നടന്നൂടെ എന്ന് അവൾ ചോദിക്കുമ്പോൾ പോലും അയാളിലെ ആ നഷ്ടബോധം ഒരുപാട് ഉയരത്തിൽ തെളിയുന്നുണ്ട്. താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച തന്റെ മീര തന്നോടൊപ്പമില്ലാത്തതിന്റെ കാരണം തന്റെ അനിയത്തിയാണ്. തന്റെ ജീവിതവും സന്തോഷവും എല്ലാം അവൾക്ക്‌ വേണ്ടിയാണ് മാറ്റിവെച്ചത് എന്ന ചിന്ത കൂടിക്കൂടി വരവേ ഉള്ളിലെ അപകർഷതയും വളർന്നു. അതുകൊണ്ട് തന്നെ ആ പ്രായത്തിലുള്ള ഒരു കുട്ടിയുടെ നിർദോഷങ്ങളായ ചിരിച്ചു തള്ളേണ്ട പല വാക്കുകളിലും അയാൾ അപകർഷത കണ്ടെത്തി. ആ അപകർഷത കൊണ്ട് താൻ വില കുറഞ്ഞവനായോ, അവൾക്കിപ്പോ തന്നെ വേണ്ടാതായി എന്നിങ്ങനെയുള്ള ചിന്തയാൽ അയാൾ തന്റെയുള്ളിൽ മുൾവേലി കെട്ടി.

ആ അപകർഷത മൂലം ഒരു കല്യാണ വീട്ടിൽ വച്ച് അവളുടെ കൂട്ടുകാരികളോടൊപ്പം അവളെ കാണേണ്ടി വരുമ്പോൾ താൻ ഇവിടെ സദ്യ വയ്ക്കാൻ വന്നതാണ് എന്ന് പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്ന ചേട്ടച്ഛനെ കാണാം. പക്ഷെ, ചേട്ടച്ഛൻ പോയതിന് ശേഷം ആ പെൺകുട്ടി സ്വന്തം കൂട്ടുകാരികളോട് പറയുന്നുണ്ട്; ഇപ്പൊ പോയത് എന്റെ ചേട്ടച്ഛൻ ആണെന്ന്..!!

ആ സമയങ്ങളിലൊക്കെയും ചേട്ടച്ഛൻ അവളെ നോക്കിക്കണ്ടത് അവൾ തന്റെയടുത്ത് നിന്നും ഒരുപാട് കൈവിട്ടുപോയി എന്ന കണ്ണോടെ ആയിരുന്നു. പക്ഷെ ആ ഒറ്റ സീനിൽ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ട് ആ കുട്ടി എവിടെയും പോയിട്ടില്ല. ആ ഉള്ളം നിറയെ ഇപ്പോഴും ചേട്ടച്ഛനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ. ചേട്ടച്ഛൻ ഒന്ന് ചേർത്ത് നിർത്തിയാൽ അവളുടെ കണ്ണുകളിൽ കൂടി ഒന്ന് ലോകം കാണാൻ തുടങ്ങിയാൽ സുന്ദരമായ ഒരുപാട് നിമിഷങ്ങൾ അവർക്ക് ആസ്വദിക്കാൻ പറ്റിയേനെ. പക്ഷെ സ്വന്തം സന്തോഷവും ജീവിതവും അവൾക്ക് വേണ്ടി നഷ്ടപ്പെടുത്തി എന്ന നിരന്തര ചിന്തയാൽ സംഘർഷഭരിതമായ മനസ്സ് അതിനൊരുക്കമല്ലായിരുന്നു.

അതുകൊണ്ട് തന്നെ സ്വന്തം മനസ്സ് വേണം എന്ന് പറഞ്ഞതിനെയൊക്ക ഉപേക്ഷിച്ചുകൊണ്ട്, തന്റെ സന്തോഷത്തെ ഉപേക്ഷിച്ചുകൊണ്ട്, താൻ കൊടുത്ത സ്നേഹം ഇന്ന് അയാൾക്ക്‌ നേരെ തിരിഞ്ഞു നിന്ന് അയാളുടെ മനസ്സിന്റെ ഭ്രമണപഥം തെറ്റിക്കുമാറ് കൊഞ്ഞനംകുത്തുകയാണ്.. മണ്ടൻ എന്ന് വിളിച്ചു കളിയാക്കുകയാണ്..!!