Thozhuthuparambil Ratheesh Trivis
ഒരു പാട്ടിനെ പ്രേമിച്ച കഥ …
ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഒരു മൂന്ന് മാസക്കാലം ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുണ്ട് ,,വലിയ ജോലി എന്നൊന്നും പറയാൻ പറ്റില്ല ,,നാട്ടിൽ ഉണ്ടായിരുന്ന ജോലി വിട്ടിട്ട് പെട്ടെന്നൊരു ദിവസം ബാംഗ്ലൂർ ഉള്ള കൂട്ടുകാരൻ വിളിച്ചപ്പോ അങ്ങോട്ടേക്ക് വണ്ടി കയറി ..വർഷം ഒരു 2010 സമയമാണ് ,,അന്നൊക്ക ബാംഗ്ലൂർ ആണ് ഉദ്യോഗം എന്നൊക്ക ഇമ്മടെ നാട്ടിലുള്ളോരോട് അലക്കുന്നതൊക്കെ വല്യ ഗമയായിരുന്നു !!! അതോണ്ട് തന്നെ ബാംഗ്ലൂർ എന്ന് കേട്ടപ്പോ തന്നെ വച്ച് പിടിച്ചു ,,പക്ഷെ എന്നെ കാത്തിരുന്നത് ബാംഗ്ലൂരിലെ വർണ്ണക്കാഴ്ചകളായിരുന്നില്ല എന്ന് പതിയെ ഞാനറിഞ്ഞു !!!
ഡിസ്‌കവറി ചാനലുമായി ബന്ധപ്പെട്ട എന്തോ പണിയാണ് എന്നൊക്ക പറഞ്ഞാണ് കൂട്ടുകാരൻ എന്നെ ആകർഷിപ്പിച്ചത് ,,,സംഗതി അവനെ കുറ്റം പറയാൻ പറ്റില്ല ,,,അവിടെ ചെന്ന് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പണി എന്താണെന്ന് മനസ്സിലായി ,,,എൻസൈക്ളോപീഡിയയുടെ വല്യങ്ങാട്ടെ കട്ടിയുള്ള ബുക്ക് സ്കൂളുകളിലും കോളേജുകളിലും വീടുകളിലുമൊക്കെ കൊണ്ട് നടന്ന് വിൽക്കാൻ ആണ് ഇമ്മളെ വിളിച്ചിരിക്കുന്നത് !!!ഡിസ്‌കവറി ചാനലിലൊക്കെ കാണുന്ന കുറെ ജീവികളുടെ ഫോട്ടോ ഞാൻ കൊണ്ട് നടന്ന് വിൽക്കുന്ന എൻസൈക്ളോപീഡിയയിൽ ഉണ്ടെന്നത് മാത്രമായിരുന്നു കൂട്ടുകാരൻ എന്നോട് പറഞ്ഞ ഡിസ്‌കവറി ചാനൽ ബന്ധം !!!എന്തായാലും പെട്ടത് പെട്ടു !!!
കെട്ടും കെട്ടി പോന്നിട്ട് ഇനി റബ്ബർ പന്ത് ചുവരിലേക്കെറിഞ്ഞത് പോലെ തിരിച്ചു വീട്ടിലേക്ക് പോകാൻ മനസ്സ് വന്നില്ല ,,വീണിടം വിഷ്ണുലോകമാക്കാൻ തന്നെ തീരുമാനിച്ചു !!!രണ്ടര -മൂന്ന് കിലോ വലുപ്പമുള്ള അഞ്ചാറ് ബുക്കും താങ്ങിപ്പിടിച്ചുകൊണ്ട് അതിരാവിലെ ബാംഗ്ലൂരിന്റെ ഏതേലും തെരുവിലേക്ക് വണ്ടി കയറും ,,വണ്ടിയിറങ്ങി പിന്നെ ഒരു നടത്തമാണ് ,,യാതൊരു പരിചയവുമില്ലാത്ത തെരുവുകളിലൂടെ ,,,ആകെയുള്ള ധൈര്യം കുറച്ചു മുറിയൻ ഇംഗ്ലീഷും ,,പിന്നെ കന്നടയിൽ പേര് ചോദിക്കാനും പേര് പറയാനും അറിയാം എന്നത് മാത്രമാണ് !!!
വെറും മൂന്ന് മാസക്കാലം മാത്രമേ എനിക്ക് ആ ജോലി ചെയ്യേണ്ടി വന്നുള്ളൂ എങ്കിലും ആ മൂന്നുമാസക്കാലം എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ മൂന്ന് നൂറ്റാണ്ടുകൾ ആയിരുന്നു !!!അനുഭവങ്ങളുടെ നൂറ്റാണ്ട് !!!ബുക്കും താങ്ങിപ്പിടിച്ചുകൊണ്ട് ചെന്ന് കയറുന്ന ചില വീടുകളിൽ നിന്ന് മുഖമടച്ച ആട്ടിയോടിക്കലുകൾ !!!ചായയും പഴവും മിച്ചറും തന്ന് സ്നേഹത്തോടെ സ്വീകരിച്ച വീട്ടുകാർ !!!ബാംഗ്ലൂരിൽ നിന്ന് വാസ്കോയിലേക്ക് പോകുന്ന പാസഞ്ചർ ട്രയിനിലെ യാത്രകൾ !!!ദിനംതോറും ജീവിതത്തിലേക്ക് വന്ന് കയറുന്ന നിറയെ കഥാപാത്രങ്ങൾ !!!
ഒരുപാട് നടന്ന് ക്ഷീണിച്ചിരിക്കുമ്പോൾ തെരുവുകളിലെ ഏതെങ്കിലും ചെറിയ ചായക്കടയിൽ വിശ്രമിക്കാനിരിക്കും ,,പോക്കറ്റിലെ ബഡ്ജറ്റിന് ഒതുങ്ങുന്ന കർണ്ണാടകയിലെ “ചിത്രാന്ന “യും ചെറിയ ബോണ്ടയുമൊക്കെ അകത്താക്കി അറിയാവുന്ന കന്നടയിൽ ചായക്കടക്കാരനോടൊക്കെ കുശലം പറഞ്ഞുകൊണ്ട് അങ്ങനെയിരിക്കും …500 രൂപയുടെ ഒരു ബുക്ക് വിറ്റാൽ എനിക്ക് കിട്ടുക 50രൂപയാണ് ,,അതിൽ 20 രൂപയെ അപ്പോൾ നമ്മുടെ കയ്യില് തരുമായിരുന്നുള്ളൂ ,,ബാക്കിയുള്ള 30രൂപ അവരുടെ കയ്യിൽ വച്ച് നാട്ടിൽ പോകുമ്പോൾ ഒരു ശമ്പളരൂപത്തിൽ തരുന്നതാണ് രീതിയെന്ന് കൂട്ടുകാരൻ പറഞ്ഞു ,,,ചുരുങ്ങിയത് ഒരു ദിവസം പത്ത് ബുക്ക് എങ്കിലും വിറ്റാൽ ചിലവ് കാശ് ഒപ്പിക്കാം എന്ന് സാരം ,,,പക്ഷെ എന്നെക്കാൾ മുൻപ് അവിടെ വന്ന പുലികൾ വരെ മാക്സിമം ഒരു ദിവസം വിൽക്കുന്നത് അഞ്ചോ ആറോ ബുക്കാണ് !!!
അപ്പൊ പിന്നെ എന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ !!!ഒരു വീട്ടിലേക്ക് ഇടിച്ചു കേറിചെന്നിട്ട് 500 രൂപ വില വരുന്ന ആ ബുക്ക് വീട്ടുകാരെക്കൊണ്ട് വാങ്ങിപ്പിക്കുക എന്ന് പറഞ്ഞാൽ ബാലികേറാമല തന്നെ ആയിരുന്നു !!!ഒരാഴ്ചയോളം മിനക്കെട്ടിട്ടാണ് ഞാൻ എന്റേതായ പരിശ്രമം കൊണ്ട് ഒരു ബുക്ക് വിറ്റത് !!!അന്ന് ഞാൻ വളരെയധികം സന്തോഷിച്ചു !!!പലപ്പോഴും ഇത് എന്നെക്കൊണ്ട് നടക്കുമോ എന്ന എന്റെ മനസ്സിന്റെ ചോദ്യത്തെ ഞാൻ തോൽപിച്ച നിമിഷം !!!യാതൊരു പരിചയവുമില്ലാത്ത ഒരു നാട്ടിൽ ശരിക്കും ഭാഷയറിയാതെ ,,എന്നെ ഏല്പിച്ച ഒരു വസ്തു ഞാൻ കമ്പനി പറഞ്ഞ വിലയ്ക്ക് വിറ്റിരിക്കുന്നു!!!പരിശ്രമിച്ചാൽ നടക്കാത്തത് ഒന്നും തന്നെയില്ല എന്ന് സന്തോഷത്തോടെ അനുഭവിച്ചറിഞ്ഞ നാളുകൾ !!!പക്ഷെ ഒരുവശം കോൺഫിഡൻസ് കയറുമ്പോഴും ഡെയ്‌ലിയുള്ള ജീവിതത്തിലെ പട്ടിണി എന്റെ മനസ്സ് മടുപ്പിച്ചു !!!ഒന്നും രണ്ടും ബുക്ക് വിറ്റ് കിട്ടുന്ന പൈസ കൊണ്ടൊന്നും ഇമ്മടെ വണ്ടി അധികനാൾ ഓടില്ല എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു ….
കഷ്ടിച്ച് മൂന്നുമാസക്കാലത്തെ കഠിനമായ അനുഭവങ്ങൾക്ക് ശേഷം ഞാൻ ബാംഗ്ലൂരിനോട് അന്ന് യാത്ര പറയാൻ തീരുമാനിച്ചു ,,,അന്ന് ബാംഗ്ലൂരിൽ നിന്ന് പോരുമ്പോൾ അവിടത്തെ ചില നല്ല ഓർമ്മകളുടെ കൂടെ ഒരു സാധനം കൂടി ഞാൻ ഇങ്ങോട്ടേക്ക് കൊണ്ട് പോന്നു !!!വയറ് വിശന്നും മനസ്സ് മടുത്തും പല ഭാഗത്തും നിരാശയോടെ കുത്തിയിരുന്നപ്പോഴൊക്ക എന്റെ കാതുകളിലൂടെ ഇറങ്ങി മനസ്സിനെ സന്തോഷിപ്പിച്ച ഒരു പാട്ട് !!!അന്ന് ആ പാട്ട് ആരാ പാടിയത് എന്നോ ,,അത് ഏത് പടത്തിലെ ആണെന്നോ ,,ആരാ ആ പാട്ടിൽ അഭിനയിച്ചത് എന്നോ ,,ഒന്നും അറിഞ്ഞിരുന്നില്ല ,,,
കന്നഡയിലെ ഭയങ്കര ഒരു ഹിറ്റ് പാട്ട് ആണ് അതെന്ന് അവിടുത്തെ ഒരു കൂട്ടുകാരൻ പറഞ്ഞ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ !!!ഒറ്റ വരികളുടെയും അർത്ഥം അറിഞ്ഞില്ലെങ്കിലും ആ പാട്ടും ഈണവും ഒരുപാട് മനസ്സിൽ കയറി !!!നാട്ടിൽ വന്നതിന് ശേഷം പിന്നീട് ആ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് കൊതിച്ചു ,,,എന്റെ കാതിൽ മുഴങ്ങിയ ആ ഈണം മാത്രമല്ലാതെ അതേത് പാട്ടാണ് ,,ഏതു പടത്തിലെ ആണ് ,,വരികൾ എന്താ ???ഇതൊന്നുമറിയാതെ അക്കാലത്ത് എങ്ങനെ തപ്പാൻ ???
പക്ഷെ ഉള്ളിലെ ആഗ്രഹത്തിന്റെ തീവ്രത കാരണമാണെന്ന് തോന്നുന്നു ,,,ഇടയ്ക്കെപ്പോഴോ ടീവി കണ്ടോണ്ടിരിക്കുമ്പോൾ ഞാൻ കണ്ടു !!!അന്ന് കന്നഡ മണ്ണിൽ വച്ച് എന്റെ മനസ്സിൽ കേറിക്കൂടിയ കിടുക്കാച്ചി പാട്ട് മലയാളത്തിലേക്ക് മൊഴിമാറ്റി അതാ എന്റെ മുന്നിൽ !!!
“ഇഷ്ടം എനിക്കിഷ്ടം” എന്ന് മലയാളീകരിച്ച കന്നഡ പടത്തിൽ നിന്നും “എൻ നെഞ്ചിലെ “എന്ന് തുടങ്ങുന്ന കന്നഡയിലെ ആ സൂപ്പർ ഹിറ്റ് ഗാനം ഒഴുകുകയാണ് !!!
കേട്ട് കൊതി തീരാതെ പകുതിക്ക് വച്ച് മുറിഞ്ഞുപോയ ആ മെലഡി അതിർത്തി കടന്ന് വീണ്ടും അരികിലെത്തിയിരിക്കുന്നു !!!
പുനീത് രാജ്കുമാർ ,,പാർവതി തിരുവോത്ത് ,,പൂജാഗന്ധി എന്നിവർ അഭിനയിച്ച കന്നഡയിലെ മെഗാ ഹിറ്റ് മൂവി ,,,
“മിലന “യിലെ ,,,
മനോ മൂർത്തിയുടെ സംഗീതത്തിൽ പിറന്ന ,,
സോനു നിഗത്തിന്റെ മാന്ത്രികശബ്ദത്തിൽ കേട്ട ,,
“നിന്നിന്തലേ നിന്നിന്തലെ “എന്ന മാജിക് മെലഡി !!!
ഈ പാട്ട് കേട്ടതിന് ശേഷവും അത്യാവശ്യം കന്നഡ പാട്ടുകൾ കേട്ടിട്ടുണ്ട് ,,,ചിലതൊക്ക ഇഷ്ടവുമായിട്ടുണ്ട് ,,പക്ഷേങ്കില് എന്നെ സംബന്ധിച്ചിടത്തോളം മിലനയിലെ ,,
“നിന്നിന്തലെ “മനസ്സിൽ കയറിയ പോലെ ,,,ആസ്വദിച്ച പോലെ വേറൊന്നും ആ സ്ഥാനത്തേക്ക് വന്നിട്ടില്ല !!ഇതിലും മികച്ചത് അവിടെ ഉണ്ടായിരിക്കാം ,,പക്ഷെ എന്തെന്നറിയില്ല ,,എന്റെ ബാംഗ്ലൂർ നൊസ്റ്റാൾജിയയുടെ കൂടെ കൂടിയതോണ്ടാണ് എന്ന് തോന്നുന്നു അന്നും ഇന്നും എന്നും ഈ പാട്ട് വേറൊരു ലെവൽ ഹരമായി മനസ്സിലങ്ങട്ട് കിടക്കാണ് ……
NB::യുട്യൂബിൽ ഉള്ളതിൽ വച്ച് നല്ലത് എന്ന് പറയാവുന്ന ഒരു പ്രിന്റ് കിടപ്പുണ്ട് ,,,അതിന്റെ കമന്റ് ബോക്സിലും ഇമ്മളെപ്പോലെ ഈ പാട്ട് ഇഷ്ടപ്പെട്ട വേറെ ദേശക്കാരുടെ കമന്റുകൾ കൂടി കാണുമ്പോൾ വല്ലാത്തൊരു സന്തോഷം !!!ഇമ്മളെപ്പോലെ അതിർത്തി ബേധിച്ചുകൊണ്ട് ഈ പാട്ട് ഏറ്റെടുത്തവർ വേറെയുമുണ്ടല്ലോ ധാരാളം എന്ന സന്തോഷം ……