Thozhuthuparambil Ratheesh Trivis
“തീരൻ അധികാരം “ഒൻട്ര്” എന്ന തമിഴ് സിനിമ കണ്ടപ്പോൾ ആ സിനിമയിൽ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത് അതിലെ കള്ളന്മാരുടെ മോഷണരീതിയായിരുന്നു.പാതിരാത്രി വലിയ സംഘമായി ചെന്ന് ഏതെങ്കിലും വീട്ടിലേക്ക് അതിക്രമിച്ചു കയറുക !ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ യാതൊരു ദയാദാക്ഷീണ്യവുമില്ലാതെ തലയ്ക്ക് ഇരുമ്പ് കമ്പി കൊണ്ടടിച്ചും കത്തി കൊണ്ട് കഴുത്തറുത്തുമൊക്കെ കൊല്ലുക !വീട് മൊത്തം രക്തക്കളമാക്കിയതിന് ശേഷം പണവും ആഭരണങ്ങളുമെല്ലാം കൊണ്ട് പോവുക !!!
ഹോ !!!!ആലോചിക്കുമ്പോൾ തന്നെ ഒരുൾക്കിടിലം !!!എന്തൊരു ക്രൂരമായ മോഷണം !!!എന്തൊരു ക്രൂരരായ മനുഷ്യർ! കണ്ണിൽച്ചോരയില്ലാത്ത ആ കള്ളന്മാരുടെ ദുഷ്ടത്തരം വീണ്ടും കാണാൻ കെല്പില്ലാത്തതുകൊണ്ട് തന്നെ വീണ്ടും ഒരിക്കൽ കൂടി “തീരൻ അധികാരം ഒൻട്ര് ” കണ്ടിട്ടില്ല ! കാർത്തിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ കിഴങ്ങൻ കള്ളന്മാരെ കൊല്ലുന്നതിന് മുൻപ് അവന്മാർക്ക് മോഷണം എന്ന കലയുടെ പവിത്രത മനസ്സിലാക്കിക്കൊടുക്കുന്ന ഒരു സീൻ കാണിച്ചു കൊടുത്തിട്ട് കൊന്നേനെ !!!
എതിർക്കാൻ കഴിവില്ലാത്ത മനുഷ്യരെ ക്രൂരമായി കൊന്ന് അവരുടെ സമ്പാദ്യം കൈക്കലാക്കി മുങ്ങുന്ന കാട്ടുകള്ളന്മാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ സിനിമയിലെ കൊച്ചാപ്പുവിന്റെ മോഷണകല !!!
തന്റെ നാട്ടിൽ സിംഗപ്പൂർ ആന്റപ്പൻ എന്നൊരു കോടീശ്വരൻ പുതിയതായി താമസത്തിനെത്തിയതറിഞ് കാട്ടുകള്ളൻ കൊച്ചാപ്പു ആന്റപ്പന്റെ വീട്ടിലെത്തുന്നു. അസ്സല് സിൽക്ക് ജുബ്ബയും വെള്ളമുണ്ടും ധരിച്ചുകൊണ്ട് പട്ടാപ്പകൽ തന്നെ ആന്റപ്പന്റെ വീട്ടിലെത്തുന്ന കൊച്ചാപ്പു കാളിംഗ് ബെൽ അടിക്കുന്നു..
ബെൽ ശബ്ദം കേട്ട് പച്ച ട്രൗസറും പച്ച ടീഷർട്ടും ഇട്ട സാക്ഷാൽ സിംഗപ്പൂർ ആന്റപ്പൻ കതക് തുറക്കുന്നു.. ശേഷം കൊച്ചാപ്പുവിനെ നോക്കി,,,
ആന്റപ്പൻ ::ആരാ ??എന്ത് വേണം ??
കൊച്ചാപ്പു ::സിംഗപ്പൂരിൽ നിന്ന് വന്ന ആന്റപ്പൻ ??
ആന്റപ്പൻ ::ആ ഞാൻ തന്നെയാ,, നമ്മളാരാ ???
കൊച്ചാപ്പു ::ഞാൻ കൊച്ചാപ്പു,, എസ് ഐ കൊച്ചാപ്പു !!!
ആന്റപ്പൻ (പുന്നെല്ല് കണ്ട എലിയെപ്പോലെ )
ഏഹ്,, എസ് ഐ ആണോ ???
കൊച്ചാപ്പു ::ഉം
ആന്റപ്പൻ ::വരൂ !!!
കൊച്ചാപ്പുവിനെ അകത്തേക്ക് ക്ഷണിക്കുന്നു.. ശേഷം തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നു.. ശേഷം പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.. അതിനിടയിൽ വീടും പരിസരവുമെല്ലാം അടിമുടി അളന്ന കൊച്ചാപ്പു ആന്റപ്പനോട് പറഞ്ഞു..
ഇത്രയും സ്വത്തുക്കൾ ഉള്ള സ്ഥിതിക്ക് കുറച്ചൊക്കെ ശ്രദ്ദിക്കുന്നത് നല്ലതാ,, ഇഷ്ടം പോലെ കള്ളന്മാരൊക്കെ ഉള്ള നാടാണ് !!!ആന്റപ്പൻ ::കള്ളന്മാരോ,, ഈ വീട്ടീന്നോ ഹ ഹ ഹ !!
(പുച്ഛച്ചിരി )
ശേഷം തുടരുന്നു,,,
നിങ്ങൾ ഈ പോലീസുകാർ പലതും എന്നിൽ നിന്ന് പഠിക്കാനുണ്ട് !!!
സിംഗപ്പൂർ ആന്റപ്പൻ എന്ന പേര് കേട്ടാൽ സിംഗപ്പൂരിലെ സകല കള്ളന്മാരും കിടുകിടാ വിറയ്ക്കും !!!
അത് കേട്ട കൊച്ചാപ്പു ::ഹ ഹ ഹ സിംഗപ്പൂർ പോലല്ലല്ലോ നമ്മുടെ നാട്,, കുറഞ്ഞ പക്ഷം ഒരു പട്ടിയെ എങ്കിലും വളർത്താമായിരുന്നു !!!
ആന്റപ്പൻ ::ഞാനുള്ളപ്പോൾ ഇവിടെ എന്തിനാണൊരു പട്ടി ???
കൊച്ചാപ്പു ചിരിച്ചുകൊണ്ട് ::അത് ശെരി,, പക്ഷെ സ്വയരക്ഷക്കെങ്കിലും ??
ഉടൻ ആന്റപ്പൻ ::സ്വയരക്ഷയ്ക്കോ ???
(ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഒരു തോക്ക് എടുക്കുന്നു… കൊച്ചാപ്പുവിന്റെ നേരെ ചൂണ്ടുന്നു !!!കൊച്ചാപ്പു ഒന്ന് പരുങ്ങുന്നു )
ആന്റപ്പൻ തുടർന്നു,,
ഇത് കണ്ടാൽ പിന്നെ കള്ളന്മാർ അടുക്കുമോ !!സാധനം ഫോറിൻ ആണ്!!!
(കാഞ്ചി വലിക്കുന്നു )
തോക്കിന്റെ കുഴലിൽ നിന്ന് വെള്ളം ചീറ്റുന്നു !!!
അത് കണ്ട് കൊച്ചാപ്പു ഒന്ന് ഇരുത്തിമൂളി..
ആന്റപ്പൻ ::സംഗതി കളിത്തോക്കാണ്. പക്ഷെ കള്ളന്മാർക്ക് പേടിക്കാൻ ഇത് മതി !!!
കൊച്ചാപ്പു ::അതെ,, പേടിയുള്ളവർക്ക് പേടിക്കാൻ ഇത് മതി..
ആന്റപ്പൻ ::സിംഗപ്പൂര് കള്ളന്മാരെ പിടിച്ചുകൊടുക്കലായിരുന്നു എന്റെ ഹോബി,, ഇത് കൊണ്ടൊന്നും തീർന്നില്ല,, വരൂ മറ്റൊരു സംഭവം കാണിക്കാം..
ആന്റപ്പൻ കൊച്ചാപ്പുവിനെയും വിളിച്ചുകൊണ്ട് വീടിന്റെ ബാത്‌റൂമിൽ എത്തുന്നു.. കൊച്ചാപ്പുവിനോട് മൂടിവച്ച ക്ലോസറ്റ് തുറക്കാൻ പറയുന്നു.. കൊച്ചാപ്പു മൂക്ക് പൊത്തിക്കൊണ്ട് ക്ലോസറ്റിന്റെ മൂടി പൊക്കുന്നു !!!
മൂടി തുറന്ന കൊച്ചാപ്പു ആശ്ചര്യപ്പെടുന്നു !!!
ക്ലോസറ്റിന്റെ ഉൾവശം നിറയെ നോട്ടുകെട്ടുകൾ !!!
കൊച്ചാപ്പുവിന്റെ ആശ്ചര്യഭാവം അഭിമാനത്തോടെ നോക്കി നിന്ന ആന്റപ്പൻ കൊച്ചാപ്പുവിനോട് ചോദിച്ചു,,
ഇനി പറയൂ,,
ഈ സിംഗപ്പൂർ ആന്റപ്പൻ എന്ന എന്നെ കടത്തിവെട്ടാൻ തരത്തിൽ ഒരു കള്ളൻ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ ???
കൊച്ചാപ്പു ::ഉണ്ട് !!!ഒരാൾ ഉണ്ട് !!!
ആന്റപ്പൻ ::ആര് ??
കൊച്ചാപ്പു ::കായിക്കര കൊച്ചാപ്പു !!
ആന്റപ്പൻ ::അതാരാ
കൊച്ചാപ്പു ::ഈ ഞാൻ !!!
ആന്റപ്പൻ ::നിങ്ങൾ എസ് ഐ അല്ലെ ???
കൊച്ചാപ്പു ::ശവക്കോട്ടപ്പറമ്പിൽ ഇട്ടി മകൻ കൊച്ചാപ്പു !!എസ് ഐ കൊച്ചാപ്പു !!!
അമളി തിരിച്ചറിഞ്ഞ ആന്റപ്പൻ തന്റെ വെള്ളം ചീറ്റുന്ന തോക്ക് കൊച്ചാപ്പുവിന്റെ നേരെ ചൂണ്ടുന്നു !!!
ഹാൻഡ്‌സ് അപ്പ് !!
കൊച്ചാപ്പു അങ്ങേയറ്റം പുച്ഛത്തോടെ തന്റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് തന്റെ ടൂൾ എടുക്കുന്നു !!ശേഷം ആന്റപ്പനോട് പറയുന്നു..
നമ്മൾ ഇത്രയും അടുത്ത സ്ഥിതിക്ക് വളച്ചുകെട്ടില്ലാതെ കാര്യം പറയാം.. എനിക്ക് ഇതിൽ നിന്ന് ഒരു പതിനായിരം രൂപ വേണം !!!
ആന്റപ്പൻ ആദ്യം വിസമ്മതിക്കുന്നു.. കൊച്ചാപ്പു കയ്യിലെ ടൂൾ ഒന്ന് കൂടി തലോടിക്കൊണ്ട് ആന്റപ്പനെ ലൈറ്റ് ആയി ഭീഷണിപ്പെടുത്തുന്നു.. ഇനിയും കൂടുതൽ തർക്കിച്ചാൽ തടികേടായാലൊ എന്ന് പേടിച്ചു് ആന്റപ്പൻ തന്റെ നോട്ടുകെട്ടിൽ നിന്ന് ഒരു പതിനായിരം രൂപയെടുത്ത് കൊച്ചാപ്പുവിന് കൊടുക്കുന്നു !!!
തനിക്ക് ആവശ്യമുള്ള കാശ് മാത്രം വാങ്ങി കൊച്ചാപ്പു മടങ്ങുന്നു!!!
“ശുഭം ”
നടന്നത് മോഷണം തന്നെയാണോ എന്ന് പൈസ നഷ്ടപ്പെട്ട ആന്റപ്പനെക്കൊണ്ടും കണ്ടിരുന്ന കാഴ്ചക്കാരെക്കൊണ്ടും തോന്നിപ്പിക്കുന്ന തരത്തിൽ അലുവ മുറിക്കുന്ന പോലെ ഒരു നൈസ് ഐറ്റമാണ് കൊച്ചാപ്പു ഇവിടെ കാഴ്ച്ച വച്ചത് ! യാതൊരുവിധ രക്തച്ചൊരിച്ചിലുമില്ലാതെ,,ഉന്തും തള്ളുമില്ലാതെ
അങ്ങോട്ടുമിങ്ങോട്ടും അസഭ്യവർഷങ്ങൾ ചൊരിയാതെ ഒരു കൺകെട്ട് കളിക്കാരന്റെ കയ്യടക്കത്തോടെ,,
കളമറിഞ്ഞു കളിക്കുന്ന ഒരു കലാകാരന്റെ തന്മയത്വത്തോടെ,,,
എത്ര മനോഹരമായിട്ടാണ് കൊച്ചാപ്പു എന്ന മഹാൻ ഇവിടെ മോഷണകലയെ അവതരിപ്പിച്ചിരിക്കുന്നത് !!!
അടുത്തവന്റെ മൊതല് കട്ട് തിന്നാൻ ആഗ്രഹിക്കുന്നവർ യഥാർത്ഥത്തിൽ മാതൃകയാക്കേണ്ടതും കൊച്ചാപ്പുവിനെപ്പോലുള്ള ആചാര്യന്മാരെയല്ലേ ???മോഷണകല ജീവിതവഴിയായി സ്വീകരിക്കുന്നവരോടായി,,,
കൂടെ ജീവിക്കുന്ന സഹജീവികളുടെ തലമണ്ട അടിച്ചു പൊട്ടിച്ചും കുത്തിക്കൊന്നും അവരുടെ മൊതല് കക്കാൻ ഇറങ്ങിത്തിരിക്കുന്നതിന് മുൻപ് ഒരു നിമിഷം അവരുടെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ചാൽ,,,
സിംഗപ്പൂർ ആന്റപ്പൻമാരുടെ പോലെ സ്വയംപൊങ്ങികളായ മണ്ടന്മാരെ അനവധി വേറെയും കാണാം !!
കൊച്ചാപ്പു ശ്രമിച്ച പോലെ അവരുടെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ചാൽ ഈ ലോകത്ത് എല്ലാവർക്കും സന്തോഷത്തോടെ ജീവിച്ചു കൂടെ !!!!
“തീരൻ അധികാരം ഒൻട്ര് “ലെ കള്ളന്മാരുടെ കാട്ടുനീതിയല്ല
“പപ്പൻ പ്രിയപ്പെട്ട പപ്പനിലെ” കൊച്ചാപ്പുവിന്റെ കാവ്യനീതിയാണ് ഒരു മോഷ്ടാവിന് ആവശ്യം…….